You are Here : Home / USA News

ചെണ്ടമേളത്തിലൂടെ കാരുണ്യ പ്രവര്‍ത്തനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, July 21, 2014 08:00 hrs UTC



ഷിക്കാഗോ: വാദ്യമേളങ്ങളില്‍ പ്രഥമ സ്ഥാനം അലങ്കരിക്കുന്ന ചെണ്ടമേളം അമേരിക്കന്‍ മലയാളികളുടെ സാംസ്‌കാരികവും, സാമൂഹികവും മതപരവുമായ ആഘോഷങ്ങളിലെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. അമേരിക്കന്‍ സമൂഹത്തിനും ആകര്‍ഷകമായി അനുഭവപ്പെട്ട ചെണ്ടമേളത്തിന്റെ വര്‍ദ്ധിച്ചുവരുന്ന പ്രചാരം അനേകം യുവാക്കള്‍ക്ക്‌ ഈ കല അഭ്യസിക്കുവാന്‍ പ്രചോദനമായി. സാമൂഹിക പ്രതിബദ്ധതയുള്ള ഏതാനും യുവാക്കള്‍ തങ്ങള്‍ അഭ്യസിച്ച ചെണ്ടകൊട്ട്‌ കലാവിരുത്‌ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനുള്ള ശ്രമത്തിലാണ്‌.

വാദ്യമേള വിദഗ്‌ധരുടെ കീഴില്‍ നാലുവര്‍ഷത്തെ തീവ്ര പരിശീലനം നേടിയ 15 ചെണ്ടമേള കലാകാരന്മാര്‍ ചേര്‍ന്ന്‌ രൂപീകരിച്ച സംഘടനയാണ്‌ `ചിക്കാഗോ ചെണ്ട ക്ലബ്‌' പ്രമുഖ ടാക്‌സ്‌ കണ്‍സള്‍ട്ടന്റായ കുര്യന്‍ പി. ജോര്‍ജ്‌ നേതൃത്വം നല്‍കുന്ന ഈ സംഘടനയാണ്‌ കാരുണ്യ പ്രവര്‍ത്തനത്തിനായി നൂതന മാര്‍ഗ്ഗം പരീക്ഷിക്കുവാന്‍ മുന്നോട്ടുവന്നിട്ടുള്ളത്‌.

സമൂഹത്തിന്റെ വിവിധ മേഖലകളില്‍പ്പെട്ട 15 യുവാക്കള്‍ വെറുമൊരു വിനോദത്തിനായി അഭ്യസിച്ചതാണ്‌ ചെണ്ടമേളം. കലയില്‍ ത്വരിതഗതിയില്‍ നേടിയ പ്രാവീണ്യവും, സ്വാതന്ത്ര്യദിന പരേഡ്‌ ഉള്‍പ്പടെയുള്ള ഷിക്കാഗോയിലെ ഇന്ത്യന്‍ സമൂഹത്തിലെ നിരവധി ആഘോഷങ്ങളില്‍ ചെണ്ടമേളം അവതരിപ്പിക്കുവാന്‍ ലഭിച്ച അവസരവുമാണ്‌ `ഷിക്കാഗോ ചെണ്ട ക്ലബിന്റെ' രൂപീകരണത്തിന്‌ വഴിയൊരുക്കിയത്‌. സംഘാടകരില്‍ നിന്നും കാണികളില്‍ നിന്നും ലഭിച്ച പ്രോത്സാഹനവും ഇതര സംസ്ഥാനങ്ങളില്‍ നിന്ന്‌ ലഭിച്ച ക്ഷണവുമാണ്‌ അംഗങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചതും ഒരു ധനസമാഹരണ മാര്‍ഗ്ഗമായി ഇ കല വിനിയോഗിക്കുവാന്‍ സംഘടനയെ പ്രേരിപ്പിച്ചതും.

ചെണ്ടമേളത്തില്‍ക്കൂടി സ്വരൂപിക്കുന്ന മുഴുവന്‍ തുകയും കേരളത്തിലേയും അമേരിക്കയിലേയും ദുരിതമനുഭവിക്കുന്ന സഹോദരങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കുവാന്‍ ഷിക്കാഗോ ചെണ്ട ക്ലബ്‌ പ്രതിജ്ഞാബദ്ധരാണ്‌. ഞങ്ങളുടെ ഈ എളിയ ഉദ്യമത്തിന്‌ ഷിക്കാഗോയിലേയും അമേരിക്കയിലെ ഇതര നഗരങ്ങളിലുള്ള ആരാധനാലയങ്ങളുടേയും, സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടേയും സഹകരണവും പിന്തുണയും അപേക്ഷിക്കുന്നു. നിങ്ങളുടെ ആഘോഷങ്ങള്‍ക്ക്‌ മോടിപിടിപ്പിക്കുവാന്‍ ഞങ്ങളുടെ സേവനം വിനിയോഗിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: കുര്യന്‍ പി. ജോര്‍ജ്‌ (847 489 1400), റെജിമോന്‍ ജേക്കബ്‌ (847 877 6898).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.