ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ കൊച്ചുകുട്ടികള്‍ വിദ്യാരംഭം കുറിച്ചു. പെന്തക്കുസ്താ തിരുനാള്‍ ദിവസമായ ഞായറാഴ്ചയായിരുന്നു കുട്ടികളെ എഴുത്തിനിരുത്തിയത്.
ദിവ്യബലിക്കുശേഷം ദേവാലയത്തിലെ പരിശുദ്ധമായ അള്‍ത്താരയ്ക്കു മുന്നില്‍ വെച്ചായിരുന്നു വിദ്യാരംഭം നിര്‍വഹിച്ചത്. ഇടവക വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി ആദ്യാക്ഷരപൂജയ്ക്ക് ഗുരുവായി. മാതാപിതാക്കളുടേയും ബന്ധുമിത്രാദികളുടേയും പ്രാര്‍ത്ഥനാനിരതനായ സാന്നിധ്യത്തില്‍, പരിശുദ്ധാത്മാവിന്റെ നിറവില്‍, അക്ഷരലോകത്തിലേക്കുള്ള വാതായനങ്ങള്‍ ഇമ്മാനുവേലച്ചന് കുട്ടികള്‍ക്കായി തുറന്നുകൊടുത്തു.
കുട്ടികളുടെ കൈവിരലില്‍ പിടിച്ച് അരിയില്‍ `ഈശോ, ജീസസ്' എന്ന് മലയാളത്തിലും ഇംഗ്ലീഷിലും എഴുതിപ്പിച്ചുകൊണ്ടാണ് വിദ്യാരംഭത്തിന് തുടക്കംകുറിച്ചത്.
ഇടവക ഗായകസംഘാംഗങ്ങള്‍ പരിശുദ്ധാത്മാവിന്റെ ഗാനം ആലപിച്ച് പരിപാടികള്‍ ഭക്തിസാന്ദ്രമാക്കി. സാക്രിസ്റ്റിന്‍ ജോവി തുണ്ടിയില്‍, ട്രസ്റ്റി ജോണ്സണ് വണ്ടനാംതടത്തില്‍, സി.സി.ഡി പ്രിന്‍സിപ്പല്‍ ടോമി പുല്ലാപ്പള്ളില്‍, മതപഠന സ്കൂള്‍ അധ്യാപകര്‍ എന്നിവരാണ് എഴുത്തിനിരുത്തിന് നേതൃത്വം നല്‍കിയത്. ജോര്‍ജുകുട്ടി പുല്ലാപ്പള്ളി അറിയിച്ചതാണിത്.
Comments