You are Here : Home / USA News

കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി ഫാമിലി നൈറ്റും റിപ്പബ്ലിക് ദിനാഘോഷവും അവിസ്മരണീയമായി

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, February 11, 2014 10:30 hrs UTC

ന്യൂജെഴ്‌സി: കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി (KANJ) യുടെ ഫാമിലി നൈറ്റും റിപ്പബ്ലിക് ദിനാഘോഷവും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ ഡേ അനുസ്മരണവും അവിസ്മരണീയമായി.

ജനുവരി 25 ശനിയാഴ്ച സെന്റ് ഡിമിട്രിയസ് ബാങ്ക്വറ്റ് ഹാളില്‍ (645 റൂസ്‌വെല്‍റ്റ് അവന്യൂ, കാര്‍ട്ടററ്റ്, ന്യൂജെഴ്സി) വൈകീട്ട് 5 മണി മുതല്‍ രാത്രി 11:30 വരെയായിരുന്നു ആഘോഷങ്ങള്‍. പ്രതികൂല കാലാവസ്ഥയായിരുന്നിട്ടുപോലും ഹാള്‍ നിറയെ ജനക്കൂട്ടമായിരുന്നു എന്ന് പ്രസിഡന്റ് ജിബി തോമസ് പറഞ്ഞു. തന്നെയുമല്ല, പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിച്ചിട്ടും അവസാന ദിവസത്തിനു മുന്‍‌പുതന്നെ എല്ലാ ടിക്കറ്റുകളും വിറ്റഴിച്ചതും കെ.എ.എന്‍.ജി.യുടെ വിജയമായി കണക്കാക്കുന്നുഎന്നും ജിബി പറഞ്ഞു. പഴയ രീതികളില്‍ നിന്ന് വിഭിന്നമായി വ്യത്യസ്ഥതയോടെയും പൊതുഭാവനയോടെയും പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതുകൊണ്ടാണ് കെ.എ.എന്‍.ജി.യുടെ എല്ലാ പരിപാടികളും വിജയിക്കുന്നതെന്നും ജിബി പറഞ്ഞു.

ആഘോഷ വേദിയില്‍ ഒരുക്കിയ "തട്ടുകട"യാണ് എല്ലാവരേയും ആകര്‍ഷിച്ചത്. സ്വാദേറും വിവിധ തരം ദോശകളും, ചട്ണിയും, ചിക്കന്‍ 65-ഉം, ഓം‌ലറ്റുമെല്ലാം ചൂടോടെ അപ്പപ്പോള്‍ ഉണ്ടാക്കി വിളമ്പിയത് ഏറ്റവും കൗതുകകരമായി. ഇത്രയും വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചത് അസ്സോസിയേഷന്റെ ചരിത്രത്തില്‍ ആദ്യമായാണെന്ന് സംഘാടകര്‍ വിലയിരുത്തി.

വൈകീട്ട് 6 മണിക്ക് സെക്രട്ടറി സ്വപ്ന രാജേഷിന്റെ സ്വാഗതപ്രസംഗത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. കെ.എ.എന്‍.ജി.യുടെ പ്രവര്‍ത്തന ശൈലിയെക്കുറിച്ചും, ഗുണഗണങ്ങളെക്കുറിച്ചും പ്രസിഡന്റ് ജിബി തോമസ് തന്റെ ആമുഖ പ്രസംഗത്തില്‍ സദസ്യരുമായി പങ്കുവെച്ചു. സംഘടനയുടെ കെട്ടുറപ്പും ഭാവിയും ഓരോ അംഗങ്ങളിലും നിക്ഷിപ്തമായിരിക്കുന്നു എന്നും, ഏതൊരു സംഘടനയുടേയും വിജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നത് സംഘടനയുടെ അംഗബലത്തേയും പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥതയേയും ആശ്രയിച്ചിരിക്കും എന്ന് ജിബി ഓര്‍മ്മിപ്പിച്ചു. കെ.എ.എന്‍.ജി.യെ സംബന്ധിച്ചിടത്തോളം, മേല്പറഞ്ഞവയെല്ലാം ഒത്തിണങ്ങിയ, നൂറു ശതമാനവും ഉല്‍കൃഷ്ടതയുള്ള സംഘടനയാണെന്നതില്‍ അഭിമാനിക്കുന്നു എന്നും ജിബി കൂട്ടിച്ചേര്‍ത്തു. അസ്സോസിയേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സഹകരിക്കുന്ന എല്ലാവര്‍ക്കും ജിബി നന്ദി പറഞ്ഞു.

ന്യൂജെഴ്സിയില്‍ അറിയപ്പെടുന്ന മുഖ്യധാരാ രാഷ്‌ട്രീയ-സാംസ്ക്കാരിക പ്രതിഭകളായ രാജ് മുഖര്‍ജി (അസംബ്ലിമാന്‍), ഉപേന്ദ്ര ചിവുക്കുള (അസംബ്ലിമാന്‍), ബ്രയന്‍ ലെവിന്‍ (ഫ്രാങ്ക്ലിന്‍ ടൗണ്‍ഷിപ് മേയര്‍), വിന്‍ ഗോപാല്‍ (മോന്‍‌മൗത്ത് കൗണ്ടി ഡമോക്രാറ്റിക് ചെയര്‍മാന്‍), ഡാനിയേല്‍ ക്രോസന്‍ ജൂനിയര്‍ (ഡയറക്ടര്‍, കമ്മ്യൂണിറ്റി ഡവലപ്മെന്റ്, കാര്‍ട്ടററ്റ്), ഓന്‍‌ഡ്രിയ ബ്രൗണ്‍ (ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റ്)എന്നിവര്‍ ഭദ്രദീപം കൊളുത്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ന്യൂജെഴ്സിയിലെ മലയാളി കമ്മ്യൂണിറ്റിയില്‍ ശക്തമായ നേതൃത്വത്തോടെ കെ.എ.എന്‍.ജി.യെ നയിക്കുന്ന പ്രസിഡന്റ് ജിബി തോമസിന് രാജ് മുഖര്‍ജിയും ഉപേന്ദ്ര ചിവുക്കുളയും ചേര്‍ന്ന് ഔദ്യോഗികാംഗീകരണ പത്രം നല്‍കി. 1979 മുതല്‍ ഈ അസ്സോസിയേഷന്‍ മലയാളികള്‍ക്ക് നല്‍കിവരുന്ന സേവനങ്ങളെ ഇരുവരും പ്രകീര്‍ത്തിച്ചു. കേരളത്തിന്റെ സാംസ്ക്കാരികത്വവും പൈതൃകവും കാത്തുസൂക്ഷിക്കുന്നതോടൊപ്പം, മലയാളികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുവാന്‍ കെ.എ.എന്‍.ജെ. ചെയ്യുന്ന സേവനങ്ങള്‍ മഹത്തരമാണെന്നും ഇരുവരും പ്രസ്താവിച്ചു.

മാജിക് ഷോ, യുവജനങ്ങളുടെ ഫാഷന്‍ ഷോ, വിവിധയിനം കലാപരിപാടികള്‍ എല്ലാം ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ബെസ്റ്റ് കപ്പിള്‍, ബെസ്റ്റ് ഡ്രസ്ഡ് മെയില്‍ ആന്റ് ഫിമെയില്‍, ക്യൂട്ട് കിഡ്സ്, മുതലായ വ്യത്യസ്ഥ മത്സരങ്ങളും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

മത്സരാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തത് രാജു പള്ളത്ത്, ഏഷ്യാനെറ്റ്, മധു രാജന്‍, അശ്വമേധം ഡോട്ട് കോം, ജോണ്‍ മാര്‍ട്ടിന്‍ & സോബിന്‍ ചാക്കോ, ടൈംലൈന്‍ ഫോട്ടോഗ്രാഫി & വീഡിയോഗ്രാഫി, നന്ദിനി മേനോന്‍, സീഡര്‍ ഹില്‍ പ്രപ്പ് സ്‌കൂള്‍ എന്നിവരായിരുന്നു. ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റി ആയിരുന്നു ഗ്രാന്റ് സ്പോണ്‍സര്‍. കെ.എ.എന്‍.ജെ. യുടെ ആഭിമുഖ്യത്തില്‍ നിരവധി വിദ്യാര്‍ത്ഥികളെ ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം ലഭിക്കുവാന്‍ സഹായിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kanj.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ജെസ്സിക്ക തോമസും റോഷി ജോര്‍ജ്ജും എം.സി.മാരായി പരിപാടികള്‍ നിയന്ത്രിച്ചു. നീനാ ഫിലിപ്പും ജയന്‍ ജോസഫും കോ-ഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു. ട്രഷറര്‍ സണ്ണി വാലിപ്ലാക്കലിന്റെ നന്ദിപ്രകടനത്തോടെ ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.