You are Here : Home / USA News

ഫീനിക്‌സില്‍ ഉണര്‍ത്തുപാട്ടായി ലൈഫ്‌ സണ്‍ഡേ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, January 31, 2014 04:43 hrs UTC

ഫീനിക്‌സ്‌: അരിസോണയിലെ പ്രോ-ലൈഫ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മുഖ്യ നേതൃത്വം നല്‍കുന്ന ഫീനിക്‌സ്‌ സീറോ മലബാര്‍ ഹോളി ഫാമിലി ഇടവകയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലൈഫ്‌ സണ്‍ഡേ ആചരണ പരിപാടികള്‍ ആഗോളതലത്തില്‍ ജീവസംസ്‌കാരം പടുത്തുയര്‍ത്താന്‍ പോരാടുന്ന ജനകോടികളുടെ മുന്നേറ്റത്തിനുള്ള ആവേശകരമായ പിന്തുണയായി.

മരണസംസ്‌കാരത്തില്‍ നിന്ന്‌ മോചിതരാകാന്‍ ആഹ്വാനം ചെയ്‌ത്‌ ജീവന്റെ സുവിശേഷം പ്രഘോഷിച്ച്‌ പ്രോ-ലൈഫ്‌ പ്രവര്‍ത്തനങ്ങളുടെ മുഖ്യധാരയിലേക്ക്‌ കടന്നുവരുവാന്‍ യുവതീ-യുവാക്കാള്‍ മുന്നിട്ടിറങ്ങുന്നത്‌ മൂവ്‌മെന്റിന്റെ പ്രവര്‍ത്തനങ്ങളെ ചൈതന്യവത്താക്കുകയാണ്‌.

ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ആഹ്വാനമനുസരിച്ച്‌ വിവിധ പരിപാടികളാണ്‌ ഫീനിക്‌സ്‌ ഹോളിഫാമിലി ഇടവക ആവിഷ്‌കരിച്ചത്‌. ദിവ്യബലി മധ്യേ പ്രോ-ലൈഫ്‌ പ്രവര്‍ത്തനങ്ങളുടെ വിജയത്തിനായി പ്രത്യേക പ്രാര്‍ത്ഥനകളും മറ്റ്‌ തിരുകര്‍മ്മങ്ങളും നടന്നു. ഫാ. തോമസ്‌ ചിറയില്‍ എം.എസ്‌.ടി ദിവ്യബലിയര്‍പ്പിച്ച്‌ സന്ദേശം നല്‍കി.

പ്രോ-ലൈഫ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അനുകൂലമായ ബൗദ്ധിക-സാംസ്‌കാരിക മുന്നേറ്റം സൃഷ്‌ടിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പോസ്റ്റര്‍ രചനാമത്സരം, ചര്‍ച്ചാക്ലാസുകള്‍ എന്നിവയിലും വിശ്വാസികളുടെ വന്‍ പങ്കാളിത്തമാണുണ്ടായത്‌. ഹോളിഫാമിലി സണ്‍ഡേ സ്‌കൂളിലെ പതിനൊന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ ചര്‍ച്ചകള്‍ക്കും ക്ലാസുകള്‍ക്കും നേതൃത്വം നല്‍കിയത്‌ പുതിയ തലമുറയില്‍ പ്രോ-ലൈഫ്‌ മൂവ്‌മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ക്രിയാത്മകമാകുമെന്നതിന്റെ ശക്തമായ തെളിവുകളായിരുന്നു.

ഷിക്കാഗോ സീറോ മലബാര്‍ രൂപതയിലെ മുന്‍നിര പ്രോ-ലൈഫ്‌ പ്രവര്‍ത്തകയായ നിഷാ ജോര്‍ജ്‌ ഈവര്‍ഷത്തെ ലൈഫ്‌ സണ്‍ഡേ ആചരണത്തിന്റെ മുഖ്യ സന്ദേശം വിശദീകരിച്ചുകൊണ്ട്‌ വിഷയാവതരണം നടത്തി ചര്‍ച്ചകളെ സജീവമാക്കി. ജോസുകുട്ടി നടയ്‌ക്കപ്പാടം, സാജന്‍ മാത്യു എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. ആഗോളതലത്തിലെ പ്രോ-ലൈഫ്‌ പ്രവര്‍ത്തനങ്ങളോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ഫീനിക്‌സിലെ പ്രവര്‍ത്തകരുടെ അതിശയിപ്പിക്കുന്ന മുന്നേറ്റം ഏറെ പ്രതീക്ഷാനിര്‍ഭരമെന്ന്‌ സംഘാടകര്‍ അഭിപ്രായപ്പെട്ടു. പോസ്റ്റര്‍ രചനാ മത്സര വിജയികള്‍ക്കുള്ള ക്യാഷ്‌ അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കുന്നതാണ്‌. മാത്യു ജോസ്‌ കുര്യംപറമ്പില്‍ അറിയിച്ചതാണിത്‌. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.