You are Here : Home / USA News

വീഡിയോ കോണ്‍ഫ്രന്‍സിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദേശം നല്‍കി; ഒ.ഐ.സി.സി. യു.കെ റിപ്പബ്ലിക്ക് ദിനാഘോഷം ആവേശഭരിതം

Text Size  

Story Dated: Monday, January 27, 2014 09:17 hrs UTC

Johnson K S

 

 

ഒ.ഐ.സി.സി യു.കെ നാഷണല്‍ കമ്മറ്റി കവന്‍ട്രിയില്‍ സംഘടിപ്പിച്ച ദേശീയ തല റിപ്പബ്ലിക്ക് ദിനാഘോഷപരിപാടികള്‍ ആവേശഭരിതമായി മാറി. മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി ലൈവ് വീഡിയോ കോണ്‍ഫ്രന്‍സിലൂടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് റിപ്പബ്ലിക്ക് ദിന സന്ദേശം നല്‍കി. അതേ സമയം തന്നെ ഒ.ഐ.സി.സിയ്ക്ക് വേണ്ടി ദേശീയ സെക്രട്ടറി ബിനു കുര്യാക്കോസ് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയ്ക്ക് ബൊക്കെ കൈമാറി ഒ.ഐ.സി.സി യു.കെയുടെ പിന്തുണയും ആശംസകളും അറിയിച്ചു.

രാജ്യം 65-ം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്ന അവസരത്തില്‍ കോണ്‍ഗ്രസ് മാത്രമാണ് ജനങ്ങളുടെ പ്രതീക്ഷയെന്ന് തെളിഞ്ഞിരിക്കുകയാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇത്രയും കാലം ഇന്ത്യയെ ഒരു ജനാധിപത്യ മതേതര റിപ്പബ്ലിക്ക് ആയി കാത്തു സൂക്ഷിക്കുന്നതിനു നിര്‍ണ്ണായക പങ്ക് വഹിച്ച നാഷണല്‍ കോണ്‍ഗ്രസ് ജനങ്ങളോടൊപ്പം നിന്നുകൊണ്ട് രാജ്യത്തെ ഇനിയും ഉയര്‍ച്ചയുടെ പടവുകളിലേയ്ക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവാസജീവിതം നയിക്കുന്നതിനിടയിലും മലയാളി സമൂഹത്തെ അണിനിരത്തി റിപ്പബ്ലിക്ക് ദിനം ഉള്‍പ്പെടെയുള്ള  ദേശീയ ആഘോഷങ്ങള്‍ പ്രാധാന്യത്തോടെ സംഘടിപ്പിക്കുന്ന ഒ.ഐ.സി.സിയെ അദ്ദേഹം അഭിനന്ദിച്ചു. യു.കെയിലെ എല്ലാ മലയാളികള്‍ക്കും അദ്ദേഹം റിപ്പബ്ലിക്ക് ദിനാശംസകള്‍ അറിയിച്ചു.

ഒ.ഐ.സി.സി യു.കെ ദേശീയ ജനറല്‍ സെക്രട്ടറി എബി സെബാസ്റ്റ്യന്‍ പതാക ഉയര്‍ത്തിയതോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്നു സ്വാഗതസംഘം കണ്‍വീനര്‍ ജോമോന്‍ ജേക്കബ് സത്യപ്രതിഞ്ജ ചൊല്ലിക്കൊടുത്തത് എല്ലാവരും ഏറ്റുചൊല്ലി.  

സ്വാഗതസംഘം ചെയര്‍മാന്‍ ടാജ് തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ദേശീയ വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് ആമുഖപ്രഭാഷണം നടത്തി. യു.കെയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരുമിച്ച് അണിനിരത്തുന്നതിനു ഒ.ഐ.സി.സി യു.കെ പ്രതിജ്ഞാബദ്ധമാണെന്നു അദ്ദേഹം പറഞ്ഞു. ദേശീയ ആക്ടിങ് പ്രസിഡന്റ് ജെയ്സണ്‍ ജോര്‍ജ്ജ് യോഗം ഉദ്ഘാടനം ചെയ്തു. ഇന്ത്യയെ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്ക് ആക്കി മാറ്റുന്നതിനു നമുക്ക് മുന്‍പുള്ള  തലമുറകള്‍ സഹിച്ച മഹത്തായ ത്യാഗത്തിന്റെ ചരിത്രം വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിനുള്ള അവസരങ്ങളാണ് ദേശീയബോധം നിറഞ്ഞു നില്‍ക്കുന്ന ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ ഒ.ഐ.സി.സി യു.കെ ലക്ഷ്യമിടുന്നതെന്നു അദ്ദേഹം പ്രത്യേകം പറഞ്ഞു. ഇന്ത്യന്‍ ദേശീയ ബോധം വരും തലമുറയിലേയ്ക്ക് പകര്‍ന്നു നല്‍കുവാന്‍ ഒ.ഐ.സി.സി യു.കെ സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ക്ക് സാധിക്കട്ടെയെന്നു മുഖ്യപ്രഭാഷകനായിരുന്ന യുക്മ പ്രസിഡന്റ് കെ.പി വിജി ആശംസിച്ചു. യഥാര്‍ത്ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ രാജ്യസ്നേഹമെന്ന  വികാരത്തെ തളര്‍ത്താന്‍ ഒരു ശക്തിയ്ക്കും സാധിക്കില്ലെന്നു ഈ പരിപാടിയിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും വിജി കൂട്ടിച്ചേര്‍ത്തു. ഒ.ഐ.സി.സി ദേശീയ നേതാക്കളായ തോമസ് പുളിക്കല്‍ , അനു കെ. ജോസഫ്, അബ്രാഹം ജോര്‍ജ്, അഡ്വ. ജെയ്സണ്‍ ഇരിങ്ങാലക്കുട, റീജണല്‍ ഭാരവാഹികളായ ജോണ്‍സണ്‍ യോഹന്നാന്‍ , സജീവ് സെബാസ്റ്റ്യന്‍ , ജഗ്ഗി ജോസഫ്, സജിമോന്‍ സേതു, ടോബി സ്ക്കറിയ, ടോജോ പെട്ടയ്ക്കാട്ട്, തോമസ് ജോസ് എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം ഭാരവാഹികളുടെ ക്ഷണപ്രകാരം  സി.കെ.സി പ്രസിഡന്റ് അബ്രാഹം കുര്യന്‍ , യു.കെ.കെസി.എ മുന്‍ ട്രഷറര്‍ ജോബി ഐത്തില്‍ , യുക്മ മുന്‍ റീജണല്‍ സെക്രട്ടറി ജിനു കുര്യാക്കോസ്, കവന്‍ട്രി ക്നാനായ യൂണിറ്റ് മുന്‍പ്രസിഡന്റ് ബാബു എബ്രാഹം   എന്നിവര്‍ പരിപാടിയില്‍ വിശിഷ്ടാതിഥികളായി എത്തിയിരുന്നു.

കഴിഞ്ഞ ജി.സി.എസ്.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ റോണി രാജുവിന് യുക്മ പ്രസിഡന്റ് വിജി കെ.പി മൊമെന്റോ നല്‍കി. റിപ്പബ്ലിക്ക് ദിന സമ്മേളനത്തിനു ശേഷം കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ലാലു സ്ക്കറിയയുടെ നേതൃത്വത്തിലാണ് കലാപരിപാടികള്‍ ഒരുക്കിയിരുന്നത്. അനു മാത്യു, ജിനു മാത്യു എന്നിവരുടെ ബോളിവുഡ് ഫ്യൂഷന്‍ ഡാന്‍സ്, ആഷ്​ലി എബ്രാഹത്തിന്റെ ഭരതനാട്യം, മെല്‍വിന്‍ പോള്‍സണ്‍ , ആരോണ്‍ ടാജ്, അക്​സ എബ്രാഹം, അനലിന്‍ വല്ലൂര്‍  എന്നിവരുടെ പാട്ടുകള്‍ എന്നിവ സാംസ്ക്കാരിക പരിപാടികള്‍ക്ക്  കൊഴുപ്പേകി.  പരിപാടികള്‍ അവതരിപ്പിച്ച കുട്ടികള്‍ക്ക് ഒ.ഐ.സി.സി യു.കെ മൊമെന്റോ നല്‍കി അനുമോദിച്ചു. അലൈഡ് ഫിനാന്‍ഷ്യല്‍ സ​ര്‍വീസസ് ഡയറക്ടര്‍ ജോയ് തോമസ്, മനു സഖറിയ,  ലിയോ ഇമ്മാനുവല്‍ , ജോണ്‍ വടക്കേമുറി, ആശീര്‍വാദ് ഫിലിംസ് യു.കെ ഡയറക്ടര്‍ സാം ജോണ്‍ , സുരേഷ് നോര്‍ത്താംപ്ടണ്‍ , പാഷന്‍ ഹെല്‍ത്ത് ഡയറക്ടര്‍ ഷിജോ എബ്രാഹം  എന്നിവരാണ് സമ്മാനദാനം നിര്‍വഹിച്ചത്. ദേശീയഗാനാലാപനത്തോടെ പരിപാടികള്‍ക്ക് സമാപനമായി. പരിപാടികള്‍ക്ക് ശബ്ദവും വെളിച്ചവും നല്‍കിയ നോട്ടിങ്ഹാം ബോയ്സ് സിജുവിന്റെ നേതൃത്വത്തില്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു.  തുടര്‍ന്നു മാതാ കേറ്ററിങ് ഒരുക്കിയ അത്താഴവിരുന്നും ഉണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More
More From Trending
View More