You are Here : Home / USA News

ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ ക്രിസ്‌മസ് പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി

Text Size  

Story Dated: Friday, January 17, 2014 11:03 hrs UTC

 
 
ജയപ്രകാശ് നായര്‍
 
ന്യൂയോര്‍ക്ക്‌: ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ  ക്രിസ്‌മസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 12ന്  വെസ്റ്റ്‌ നയാക്കിലുള്ള ക്ലാര്‍ക്‌സ്‌ടൗണ്‍ റിഫോംഡ് ചര്‍ച്ച്  ഓഡിറ്റോറിയത്തില്‍ വെച്ച് അതിവിപുലമായി ആഘോഷിച്ചു. 
 
അന്നേദിവസം വൈകീട്ട് 6 മണിക്ക് വിഭവസമൃദ്ധമായ ക്രിസ്‌മസ് ഡിന്നറിനു ശേഷം ആഘോഷങ്ങള്‍ക്ക് തുടക്കമായി. കാതറിന്‍ മാത്യു അമേരിക്കന്‍ ദേശീയഗാനവും,  നേഹ ജ്യോ പ്രാര്‍ത്ഥനാഗാനവും ആലപിച്ചു. പരിപാടികളുടെ കോ-ഓര്‍ഡിനേറ്റര്‍ ജെയിംസ്‌ ഇളംപുരയിടത്തിലിന്റെ ആമുഖ പ്രസംഗത്തിനു ശേഷം പ്രസിഡന്റ്  ബോസ് കുരുവിള എല്ലാവര്‍ക്കും സ്വാഗതം ആശംസിക്കുകയും ക്രിസ്മസ്സിന്റെയും നവവത്സരത്തിന്റെയും ആശംസകള്‍ നേരുകയും ചെയ്തു. 
 
അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാജ്യോതി മലയാളം സ്കൂളിലെ കുട്ടികളുടെ നേറ്റിവിറ്റി ഷോയെ തുടര്‍ന്ന്, മുഖ്യാതിഥി റവ. ഫാ. ഡോ. രാജു വര്‍ഗീസ്‌ ക്രിസ്‌മസിന്റേയും പുതുവര്‍ഷത്തിന്റെയും സര്‍വ്വ മംഗളങ്ങളും നേര്‍ന്നു. അതോടൊപ്പം അദ്ദേഹം നടത്തിയ പ്രസംഗം വിജ്ഞാനപ്രദമായിരുന്നു. ട്രസ്‌ടീ ബോര്‍ഡ് ചെയര്‍മാന്‍ ഇന്നസന്റ് ഉലഹന്നാന്‍, ഫൊക്കാന എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് വര്‍ഗീസ്‌ ഒലഹന്നാന്‍, റോക്ക്‌ലാന്റ് കൗണ്ടി ലജിസ്ലേറ്റര്‍ ഡോ. ആനി പോള്‍, ട്രഷറര്‍ വിശ്വനാഥന്‍ കുഞ്ഞുപിള്ള എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. 
 
അസോസിയേഷന്റെ മുന്‍കാല പ്രവര്‍ത്തകനും യു എന്‍ ഉദ്യോഗസ്ഥനുമായിരുന്ന രാമചന്ദ്രക്കുറുപ്പിന്റെ അകാല നിര്യാണത്തില്‍ അനുശോചിക്കുകയും അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നതിനു മൗനപ്രാര്‍ത്ഥന നടത്തുകയും ചെയ്തു.    
           
അസോസിയേഷന്റെ മുഖപത്രമായ കേരള ജ്യോതിയുടെ ക്രിസ്മസ് പതിപ്പിന്റെ പ്രകാശന കര്‍മ്മം മുഖ്യാതിഥി റവ ഫാ ഡോ രാജു വര്‍ഗീസ്‌ പ്രസിഡന്റ് ബോസ് കുരുവിളയ്ക്ക് ഒരു കോപ്പി നല്‍കിക്കൊണ്ട് നിര്‍‌വ്വഹിച്ചു. ചീഫ് എഡിറ്റര്‍ മത്തായി ചാക്കോ, ജോര്‍ജ് താമരവേലില്‍, പോള്‍ കറുകപ്പിള്ളില്‍, ഫിലിപ്പോസ് ഫിലിപ്പ് എന്നിവരാണ് കേരള ജ്യോതിയുടെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ പ്രവര്‍ത്തിക്കുന്നത്. കേരള ജ്യോതിയുടെ പ്രസിദ്ധീകരണത്തിന് സഹകരിച്ചവര്‍ക്കും സാമ്പത്തിക സഹായം നല്‍കിയ എല്ലാവര്‍ക്കും ചീഫ് എഡിറ്റര്‍ മത്തായി ചാക്കോ പ്രത്യേകം നന്ദി രേഖപ്പെടുത്തി.   
 
റോക്ക്‌ലാന്റ് സ്കൂളുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ച രണ്ടു കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്‌ വിതരണവും നടന്നു. SAT-യിലും GPA-യിലും ടോപ്പ് സ്കോറര്‍ റോസ് മേരി ജേക്കബ്‌ അര്‍ഹയായി. ജെയിന്‍ ജേക്കബിന്റെയും (CPA), ഡോ. റീന ജേക്കന്റെയും പുത്രിയാണ് റോസ് മേരി ജേക്കബ്.  രണ്ടാം സ്ഥാനത്തിന് അര്‍ഹയായ എലിസബത്ത്‌ കുരിയാക്കോസ്, അസോസിയേഷന്റെ മുന്‍ പ്രസിഡന്റും സാമൂഹ്യപ്രവര്‍ത്തകനുമായ കുരിയാക്കോസ് തര്യന്റെയും സുജാ കുര്യാക്കോസിന്റെയും മകളാണ്. 
 
എലിസബത്ത്‌ കളപ്പുര, അഷിത അലക്സ്, സാന്ദ്രാ ജ്യോ, അലീന മുണ്ടക്കല്‍, അഞ്ജലി വെട്ടം, ഇവാനിയ, ക്രിസ്റ്റീന്‍, ഒളിവിയ, നേഹ, സവാനാ എന്നിവര്‍ അവതരിപ്പിച്ച നൃത്തങ്ങള്‍ അതിമനോഹരങ്ങളായിരുന്നു. ശില്പാ ഷാജി, ജോയ്,  ലൗലി എന്നിവരുടെ ഗാനങ്ങളും സദസ്യര്‍ ആസ്വദിച്ചു. മത്തായി പി ദാസ്‌ മൌത്ത് ഓര്‍ഗനിലൂടെ ആലപിച്ച ഗാനം ഏവരുടെയും  മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി. അസോസിയേഷന്റെ കമ്മിറ്റി അംഗങ്ങള്‍ ആലപിച്ച ക്രിസ്‌മസ് കരോള്‍ ഗാനങ്ങള്‍ ഭക്തിസാന്ദ്രമായിരുന്നു. തോമസ്‌ മാത്യു, ആല്‍ബര്‍ട്ട് പറമ്പില്‍, അലോഷ് അലക്സ് എന്നിവര്‍ എം സി മാരായി പ്രവര്‍ത്തിച്ചു. 
 
സെക്രട്ടറി അലക്സാണ്ടര്‍ പൊടിമണ്ണില്‍ കൃതജ്ഞത രേഖപ്പെടുത്തി.  ദേശീയ ഗാനാലപനത്തോടെ പരിപാടികള്‍ക്ക് തിരശ്ശീല വീണു.      

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.