You are Here : Home / USA News

മാര്‍ക്ക്‌ കുടുംബ സംഗമം ശ്രദ്ധേയമായി - വിജയന്‍ വിന്‍സെന്റ്‌ (സെക്രട്ടറി)

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, January 16, 2014 06:49 hrs UTC

 

 

ഷിക്കാഗോ: സംഘാടക മികവിന്റേയും, സജീവ അംഗത്വ പങ്കാളിത്തത്തിന്റേയും പിന്‍ബലത്തില്‍ ജനുവരി 11-ന്‌ മോര്‍ട്ടന്‍ഗ്രോവിലുള്ള ക്‌നാനായ കാത്തലിക്‌ പാരീഷ്‌ ഹാളില്‍ നടത്തപ്പെട്ട മാര്‍ക്കിന്റെ വാര്‍ഷിക കുടുംബ സംഗമം ശ്രദ്ധേയമായി.

ഇന്ത്യന്‍ വംശജനായ ഷിക്കാഗോ സിറ്റി കൗണ്‍സില്‍ അംഗം അമയാ പവാര്‍, കുക്ക്‌ കൗണ്ടി ഹെല്‍ത്ത്‌ സിസ്റ്റം എക്‌സിക്യൂട്ടീവ്‌ നേഴ്‌സിംഗ്‌ ഡയറക്‌ടര്‍ ആഗ്‌നസ്‌ തേരാടി എന്നീ സമുന്നത വ്യക്തികളുടെ സാന്നിധ്യവും പ്രബുദ്ധമായ അവരുടെ സന്ദേശങ്ങളും സമ്മേളനത്തെ തിളക്കമാര്‍ന്നതാക്കി.

നേഹാ ഹരിദാസ്‌ ആലപിച്ച പ്രാര്‍ത്ഥന ഗാനത്തോടുകൂടി കുടുംബ സംഗമത്തിന്റെ തിരശീല ഉയര്‍ന്നു. പ്രസിഡന്റ്‌ ടോം കാലായില്‍ സമ്മേളനത്തില്‍ സംബന്ധിച്ച വിശിഷ്‌ട വ്യക്തികള്‍ക്കും മാര്‍ക്ക്‌ കുടുംബാംഗങ്ങള്‍ക്കും സ്വാഗതം ആശംസിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷത്തെ സംഘടനയുടെ പ്രവര്‍ത്തനങ്ങളുടെ വിജയത്തിനായി സഹകരിച്ച എക്‌സിക്യൂട്ടീവിലേയും വിവിധ കമ്മിറ്റികളിലേയും സഹപ്രവര്‍ത്തകരുടെ സേവനങ്ങള്‍ ടോം കാലായില്‍ നന്ദിയോടുകുടി സ്‌മരിച്ചു.

സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത ആഗ്നസ്‌ തേരാടി റെസ്‌പിരേറ്ററി തെറാപ്പിസ്റ്റുകളുടെ സേവനങ്ങളെ പ്രശംസിച്ചു. ആധുനിക ചികിത്സയുടെ അവിഭാജ്യഘടകമായി മാറിയ രെസ്‌പിരേറ്ററി കെയര്‍ പ്രൊഫഷനില്‍ വിപുലമായ സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. അമേരിക്കയിലെ ആരോഗ്യ പരിരക്ഷണ രംഗത്ത്‌ `അഫോര്‍ഡബിള്‍ കെയര്‍ ആക്‌ട്‌' മൂലമുണ്ടാകുന്ന സവിശേഷ മാറ്റങ്ങള്‍ ആഗ്‌നസ്‌ തേരാടി വിശദമായി തന്റെ പ്രസംഗത്തില്‍ പ്രതിപാദിച്ചു.

സമ്മേളനത്തില്‍ ഷിക്കാഗോ സിറ്റി കൗണ്‍സിലില്‍ പ്രഥമ ഇന്ത്യന്‍ വംശജനായി തെരഞ്ഞെടുക്കപ്പെട്ട അമയാ പവാര്‍ മുഖ്യ പ്രഭാഷണം നടത്തി. അമേരിക്കയിലെ വൈദ്യ ചികിത്സാരംഗത്ത്‌ ഇന്ത്യന്‍ വംശജര്‍ വിശിഷ്യാ മലയാളികള്‍ നല്‌കുന്ന മഹത്തായ സേവനങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. നമ്മുടെ യുവതീ-യുവാക്കള്‍ അമേരിക്കയിലെ പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്നതില്‍ സജീവമാകേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഷിക്കാഗോ സിറ്റി കൗണ്‍സിലിലെ ഏക ഇന്ത്യന്‍ വംശജസാന്നിധ്യമായ അദ്ദേഹം സമാന ചിന്താഗതിക്കാരായ കൗണ്‍സിലര്‍മാരുമായി സഹകരിച്ച്‌ ഷിക്കാഗോയെ കുടിയേറ്റ സൗഹൃദനഗരമാക്കുവാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു.

മാര്‍ക്കിന്റെ അടുത്ത രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‌കുന്ന സ്‌കറിയാക്കുട്ടി തോമസ്‌ പ്രസിഡന്റായുള്ള എക്‌സിക്യൂട്ടീവ്‌ സമ്മേളനത്തില്‍ വെച്ച്‌ ചുമതലയേറ്റെടുത്തു. അദ്ധ്യക്ഷ പ്രസംഗം നടത്തിയ സ്‌കറിയാക്കുട്ടി തോമസ്‌ 2001-ല്‍ സ്ഥാപിതമായ മാര്‍ക്ക്‌ പ്രൊഫഷന്റെ ശാക്തീകരണത്തിനും അംഗങ്ങളുടെ അഭിവൃദ്ധിയ്‌ക്കം സമൂഹത്തിന്റെ നന്മയ്‌ക്കുമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഹ്രസ്വമായി വിശദീകരിച്ചു. തുടര്‍വിദ്യാഭ്യാസ സെമിനാറുകള്‍, അംഗത്വ സമാഹരണം, സൗജന്യ ഹെല്‍ത്ത്‌ ഫെയര്‍, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്ക്‌ ഊന്നല്‍ നല്‍കുന്ന അടുത്ത രണ്ടുവര്‍ഷത്തെ സംഘടനയുടെ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ സമ്മേളനത്തില്‍ അദ്ദേഹം അവതരിപ്പിച്ചു. ഇന്ത്യയിലും അമേരിക്കയിലും സംഘടന നടത്തുവാനുദ്ദേശിക്കുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ധനസമാഹരണ പരിപാടിയുടെ വിജയത്തിന്‌ ഷിക്കാഗോ മലയാളി സമൂഹത്തിന്റേയും മാര്‍ക്ക്‌ അംഗങ്ങളുടേയും നിര്‍ലോഭമായ സഹകരണം സ്‌കറിയാക്കുട്ടി തോമസ്‌ അഭ്യര്‍ത്ഥിച്ചു.

ഉദ്‌ഘാടന ചടങ്ങുകളെ തുടര്‍ന്ന്‌ അരങ്ങേറിയ രണ്ടര മണിക്കൂര്‍ നീണ്ട കലാപരിപാടികള്‍ സദസിന്‌ ഏറെ ആസ്വാദ്യമായി. മോനച്ചന്‍, ശാന്തി, ജെയ്‌സണ്‍ എന്നിവര്‍ നേതൃത്വം നല്‍കിയ ഗാനമേളയും, മാര്‍ക്ക്‌ കുടുംബത്തിലെ യുവ പ്രതിഭകള്‍ അവതരിപ്പിച്ച നൃത്തങ്ങളും ഉന്നത നിലവാരം പുലര്‍ത്തി. സ്റ്റേജ്‌ പ്രോഗ്രാം കോര്‍ഡിനേറ്റ്‌ ചെയ്‌തത്‌ ഷൈനി ഹരിദാസാണ്‌.

ജെയ്‌മോന്‍ സ്‌കറിയ, രന്‍ജി വര്‍ഗീസ്‌ എന്നിവര്‍ ഫാമിലി നൈറ്റില്‍ എം.സിമാരായിരുന്നു. ടോം കാലായില്‍, ഫിലിപ്പ്‌ സ്റ്റീഫന്‍ എന്നിവര്‍ മുഖ്യാതിഥികളെ സദസിന്‌ പരിചയപ്പെടുത്തി. റെജിമോന്‍ ജേക്കബ്‌ നന്ദി പറഞ്ഞു.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.