You are Here : Home / USA News

ഫീനിക്‌സില്‍ തിരുനാള്‍ സമാപിച്ചു; സായൂജ്യമായി ദിവ്യകാരുണ്യ പ്രദക്ഷിണം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, January 16, 2014 06:42 hrs UTC

ഫീനിക്‌സ്‌: തിരുകുടുംബത്തിന്റെ മധ്യസ്ഥതയിലുള്ള ഫീനിക്‌സ്‌ സീറോ മലബാര്‍ ദേവാലയത്തിലെ പ്രധാന തിരുനാള്‍ വിപുലമായ പരിപാടികളോടെ സമാപിച്ചു. ആഘോഷങ്ങള്‍ക്ക്‌ തുടക്കമായി പത്താം തീയതി വെള്ളിയാഴ്‌ച കൊടി കയറി. തുടര്‍ന്ന്‌ ദിവ്യബലിയും മറ്റ്‌ തിരുകര്‍മ്മങ്ങളും നടന്നു.

പതിനൊന്നാം തീയതി ശനിയാഴ്‌ച വൈകിട്ട്‌ 6.30-ന്‌ അര്‍പ്പിച്ച ദിവ്യബലിയെ തുടര്‍ന്നാണ്‌ ദിവ്യകാരുണ്യ പ്രദക്ഷിണം ആരംഭിച്ചത്‌. വെള്ളവിരിച്ച വീഥികളിലൂടെ എഴുന്നെള്ളിയ ദിവ്യകാരുണ്യനാഥനെ പൂവിതള്‍ വിതറി കുട്ടികള്‍ ആദരിച്ചു.

പ്രദക്ഷിണത്തിലുടനീളം ഇടമുറിയാതെ തിരുവോസ്‌തിരൂപന്‌ ആരാധനാ ഗീതങ്ങള്‍ ഉയര്‍ന്നു. ഹോളിഫാമിലി ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച്‌ ആദ്യമായി നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണം ഭക്തമനസുകള്‍ക്ക്‌ സായൂജ്യത്തിന്റെ അനര്‍ഘനിമിഷങ്ങളായിരുന്നു. ഫാ. മാത്യു ജേക്കബ്‌ ലത്തീന്‍ ക്രമത്തില്‍ ദിവ്യബലിയര്‍പ്പിച്ച്‌ തിരുനാള്‍ സന്ദേശം നല്‍കി. ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും മറ്റ്‌ തിരുകര്‍മ്മങ്ങള്‍ക്കും വികാരി ഫാ. മാത്യു മുഞ്ഞനാട്ട്‌ മുഖ്യകാര്‍മികത്വം വഹിച്ചു.

പ്രധാന തിരുനാള്‍ ദിനമായ പന്ത്രണ്ടാം തീയതി ഞായറാഴ്‌ച ഫാ. തോമസ്‌ ചിറയില്‍ എം.എസ്‌.ടി ആണ്‌ ആഘോഷമായ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ച്‌ സന്ദേശം നല്‍കിയത്‌. ഹൃദയപരിവര്‍ത്തനത്തിനും കൂട്ടായ്‌മയില്‍ ആഴപ്പെടുന്നതിനുമുള്ള അവസരമാണ്‌ തിരുനാള്‍. ജീവിതത്തിലെ പിഴവുകളും വീഴ്‌ചകളും പരിശോധിച്ച്‌ കണ്ടെത്തി തിരുത്താനുള്ള അസുലഭ സന്ദര്‍ഭം കൂടിയാവണം തിരുനാളുകള്‍. വിശുദ്ധ യൗസേപ്പിതാവിന്റെ ധൈര്യവും, പരിശുദ്ധ കന്യാമറിയത്തിന്റെ സമര്‍പ്പണ-ശുശ്രൂഷാ മനോഭാവവും, ഉണ്ണിയേശുവിന്റെ അനുസരണശീലവും ഒന്നിക്കുമ്പോഴാണ്‌ തിരുകുടുംബത്തിന്റെ വിശുദ്ധി നമ്മുടെ ജീവിതത്തിലേക്കും പരന്നൊഴുകുന്നത്‌. ജീവിതത്തിലെ കഷ്‌ട നഷ്‌ടങ്ങളെ അതിജീവിക്കാനും പ്രതിസന്ധികളെ തരണം ചെയ്യാനുമുള്ള പാഠങ്ങള്‍ തിരുകുടുംബത്തില്‍ നിന്നും വിശ്വാസത്തോടെ സ്വായത്തമാക്കണമെന്നും അച്ചന്‍ സൂചിപ്പിച്ചു. മഹത്തായ ലക്ഷ്യം മുന്നില്‍ കണ്ട്‌ നിഷ്‌ഠകളനുഷ്‌ഠിച്ച്‌ തിരുനാളില്‍ പങ്കെടുക്കുമ്പോള്‍ വ്യക്തിജീവിതത്തില്‍ ആത്മീയ ഭൗതീക അച്ചടക്കബോധവും ശിക്ഷണക്രമവും രൂപപ്പെടുമെന്നും അച്ചന്‍ കൂട്ടിച്ചേര്‍ത്തു.

വര്‍ണ്ണക്കൊടികളാലും ദീപാലങ്കാരങ്ങളാലും മുഖരിതമായ ദേവാലയാങ്കണത്തിലേക്ക്‌ പേപ്പല്‍ പതാകയുടേയും പൊന്നിന്‍കുരിശുകളുടേയും, മുത്തുക്കുടകളുടേയും അകമ്പടിയില്‍ വിശുദ്ധരുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, ലദീഞ്ഞ്‌, കഴുന്നു നേര്‍ച്ച തുടങ്ങിയ കേരള കത്തോലിക്കരുടെ പരമ്പരാഗത ചടങ്ങുകള്‍ വിശ്വാസികള്‍ക്ക്‌ അനുഗ്രഹദായകമായ പുണ്യനിമിഷങ്ങളായി മാറി. മലയാളി മനസുകളില്‍ പെരുന്നാളാഘോഷത്തിന്റെ ഗൃഹാതുരത്വമുണര്‍ത്തിക്കൊണ്ട്‌ ചെണ്ടമേളത്താരും പ്രദക്ഷിണത്തില്‍ അണിചേര്‍ന്നു. ആഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ സ്‌നേഹവിരുന്നിലും ഇടവകാംഗങ്ങള്‍ കുടുംബസമേതം പങ്കെടുത്തു. ജോഷി ജോണ്‍ - ഡാര്‍ലി കുടുംബമാണ്‌ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തിയത്‌. അടുത്തവര്‍ഷത്തെ പ്രസുദേന്തിയായി സണ്ണി കണ്ടത്തില്‍ കുടുംബത്തെ വാഴിച്ചു. ട്രസ്റ്റിമാരായ ഷാജി പാംപ്ലാനി, അനീഷ്‌ കൊട്ടേരി എന്നിവര്‍ ആഘോഷപരിപാടികളുടെ മുഖ്യ സംഘാടകരായിരുന്നു. മാത്യു കുര്യംപറമ്പില്‍ അറിയിച്ചതാണിത്‌. ഫോട്ടോ: ഷിബു തെക്കേക്കര. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.