You are Here : Home / USA News

കെഎച്ച്‌എന്‍എ സ്‌കോളര്‍ഷിപ്പ്‌ : അപേക്ഷ ക്ഷണിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, January 04, 2014 07:21 hrs UTC

 

ഡാളസ്‌: കേരളത്തിലെ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ നല്‍കുന്ന ഏറ്റവും വലിയ സ്‌കോളര്‍ഷിപ്പായ കെഎച്ച്‌എന്‍എ സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു. അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയാണ്‌ സ്‌കോളര്‍ഷിപ്പ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. പ്രൊഫഷണല്‍ കോഴ്‌സിലേക്ക്‌ പ്രവേശനം തേടുന്ന കേരളത്തിലെ പാവപ്പെട്ട കുട്ടികള്‍ക്കാണ്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ കേരളത്തില്‍ നടക്കുന്ന പ്രൗഢമായ ചടങ്ങില്‍ അവാര്‍ഡ്‌ വിതരണം ചെയ്യും.

എഞ്ചിനീയറിംഗ്‌, മെഡിസിന്‍, നേഴ്‌സിംഗ്‌, ഫാര്‍മക്കോളജി, ദന്തിസ്റ്ററി തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക്‌ ഒന്നാം വര്‍ഷ പ്രവേശനം തേടുന്ന കുട്ടികള്‍ക്കാണ്‌ പ്രതിവര്‍ഷം 250 ഡോളര്‍ വീതം നല്‍കുക. പ്ലസ്‌ടു പരീക്ഷയില്‍ 85 ശതമാനത്തിലധികം മാര്‍ക്കും കുടുംബത്തിലെ വാര്‍ഷിക വരുമാനം അരലക്ഷത്തില്‍ കുറവുമാണ്‌ അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. www.namaha.org എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന ഫോറമാണ്‌ പൂരിപ്പിച്ച്‌ അയയ്‌ക്കേണ്ടത്‌. വരുമാന സര്‍ട്ടിഫിക്കറ്റ്‌, മാര്‍ക്ക്‌ലിസ്റ്റിന്റെ അറ്റസ്റ്റഡ്‌കോപ്പി, പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ, സാമ്പത്തിക ആവശ്യം വ്യക്തമാക്കിക്കൊണ്ടുള്ള കുട്ടിയുടെ കത്ത്‌, പ്രൊഫഷണല്‍ കോഴ്‌സിന്‌ പ്രവേശനം ലഭിച്ചതിന്റെ തെളിവ്‌, പ്രാദേശിക ഹിന്ദു സംഘടനയുടെ ശുപാര്‍ശകത്ത്‌, ``കേരളത്തിലെ ഹിന്ദു സമൂഹം നേരിടുന്ന സാമൂഹ്യ സാമ്പത്തിക സാംസ്‌ക്കാരിക പ്രശ്‌നങ്ങള്‍'' എന്ന വിഷയത്തില്‍ 3 പേജില്‍ കുറയാതെ ഉപന്യാസം എന്നിവയും അപേക്ഷയോടൊപ്പം അയയ്‌ക്കണം.

2014 ജനുവരി 30ന്‌ മുന്‍പ്‌ പി.ഒ., ബോക്‌സ്‌ 144, ജി.പി.ഒ. തിരുവനന്തപുരം 695001 എന്ന വിലാസത്തില്‍ അപേക്ഷകള്‍ ലഭിക്കണം.

ട്യൂഷന്‍ ഫീസ്‌ വര്‍ദ്ധനവും പ്രൊഫഷണല്‍ കോഴ്‌സുകളുടെ ഭാരിച്ച ചെലവുംമൂലം കേരളത്തിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ വിഷമിക്കുകയാണ്‌. ഈ വിഷയം കെ.എച്ച്‌.എന്‍.എ സമൂഹം ഗൗരവപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടത്‌ അത്യന്താപേക്ഷിതമാണെന്ന്‌ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ശ്രീ. ശശിധരന്‍ നായര്‍ പറഞ്ഞു.കേരളത്തിന്‌ പ്രതീക്ഷ വയ്‌ക്കാവുന്ന പ്രഥമ മേഖല വിദ്യാഭ്യാസമാണ്‌. അതിന്റെ നിലവാരം എത്രമാത്രം ഉയര്‍ത്താന്‍ കഴിയുമോ അതനുസരിച്ച്‌ കേരളത്തിന്റെ ഭാവിയും ശോഭനമാകും. .സ്‌കോളര്‍ഷിപ്പ പദ്ധതിയിലൂടെ ഏതാനും കുട്ടികള്‍ക്കെങ്കിലും വിദ്യാഭ്യാസ സഹായം എത്തിക്കുന്നതില്‍ കെ.എച്ച്‌.എന്‍.എയ്‌ക്ക്‌ അഭിമാനമുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

ഉദാരമായ സംഭാവനകള്‍ നല്‍കി തുര്‍ന്നും സ്‌കോളര്‍ഷിപ്പ്‌ പരിപാടിയെ പ്രോത്സാഹിപ്പിക്കണമെന്ന്‌ കെ.എച്ച്‌.എന്‍.എ പ്രസിഡന്റ്‌ ശ്രീ. ടി എന്‍ നായര്‍ ആഹ്വാനം ചെയ്‌തു. മുന്‍വര്‍ഷങ്ങളില്‍ പദ്ധതി വിജയിക്കാന്‍ സംഭാവനകള്‍ അകമഴിഞ്ഞ്‌ നല്‍കുകയും ചെയ്‌തവരോട്‌ നന്ദി പ്രകാശിപ്പിക്കുകയും ചെയ്‌തു. സഹായം ചെയ്യണമെന്ന മനസ്സുമാത്രമാണ്‌ ഇത്തരം ഒരു സ്‌കോളര്‍ഷിപ്പ്‌ പദ്ധതി ആവിഷ്‌ക്കരിക്കാന്‍ പ്രചോദനമെന്ന്‌ കെ.എച്ച്‌.എന്‍.എ പ്രസിഡന്റ്‌ പറഞ്ഞു.വിദ്യാഭ്യാസത്തോടൊപ്പം സംസ്‌കാരവും കൂടി നല്‌കുവാനും സ്‌കോളര്‍ഷിപ്പിലൂടെ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മലയാളി സമുദായത്തിന്‍റെ  സഹകരണം കൊണ്ടുമാത്രമാണ്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കാന്‍ കഴിയുന്നതെന്ന്‌ സ്‌കോളര്‍ഷിപ്പ്‌ കമ്മിറ്റി ചെയര്‍മാന്‍ ഷിബു ദിവാകരന്‍ പറഞ്ഞു. സ്വന്തം പേരിലും കുടുംബാഗംങ്ങളുടെ സ്‌മരണയ്‌ക്കായി കൂടുതല്‍ സ്‌കോളര്‍ഷിപ്പുകള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ ഓരോരുത്തരും മുന്നോട്ട്‌ വരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.