You are Here : Home / USA News

അയ്യപ്പ സേവാ സംഘം ന്യൂയോര്‍ക്കിന്റെ രണ്ടാമത്‌ ദേശീയ സമ്മേളനം

Text Size  

Story Dated: Wednesday, December 25, 2013 01:22 hrs UTC

ജയപ്രകാശ്‌ നായര്‍

 

ന്യൂയോര്‍ക്ക്‌ : കഴിഞ്ഞ വര്‍ഷത്തെ വിജയകരമായ കണ്‍വന്‍ഷന്റെ തുടര്‍ച്ചയായി നടന്ന അയ്യപ്പ സേവാ സംഘം ന്യൂയോര്‍ക്കിന്റെ രണ്ടാമത്‌ ദേശീയ സമ്മേളനം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പ്രൗഢഗംഭീരമായി നടന്നു. ന്യൂ ഹൈഡ്‌ പാര്‍ക്കിലുള്ള ലേക്ക്‌ വില്‍ റോഡിലെ വൈഷ്‌ണവ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ 2013 ഡിസംബര്‍ 22 ഞായറാഴ്‌ച്ച 3 മണി മുതല്‍ രാത്രി 9 മണിവരെയായിരുന്നു പരിപാടികള്‍ അരങ്ങേറിയത്‌. മാസ്റ്റര്‍ ഓഫ്‌ സെറിമണിയായി പ്രവര്‍ത്തിച്ച ട്രസ്‌ടീ ബോര്‍ഡംഗം വിശ്വനാഥന്‍ ഗോപാലന്‍ കാര്യപരിപാടികളുടെ സംക്ഷിപ്‌തരൂപം സദസ്സിനെ അറിയിച്ചതിനുശേഷം അയ്യപ്പ സേവാ സംഘം പ്രസിഡണ്ട്‌ ഗോപിനാഥ്‌ കുറുപ്പിനെ സ്വാഗതം ആശംസിക്കുന്നതിനുവേണ്ടി വേദിയിലേക്ക്‌ ക്ഷണിച്ചു. ശരണം വിളിച്ചുകൊണ്ട്‌, ഒരു ധ്യാനശ്ലോകത്തോടെ അദ്ദേഹം സദസിന്‌ സ്വാഗതം അരുളി. തുടര്‍ന്ന്‌ അയ്യപ്പ സേവാ സംഘത്തിന്‌ പുതിയ അഞ്ചു ഗുരുസ്വാമിമാരെ ബോര്‍ഡ്‌ ഓഫ്‌ ട്രസ്‌ടീയുടെ അംഗീകാരത്തോടെ സദസ്സില്‍ പ്രഖ്യാപിക്കുകയും ചെയ്‌തു. ഏറ്റവും കൂടുതല്‍ തവണ പതിനെട്ടാം പടി ചവിട്ടിയ ഗുരുസ്വാമി ശ്രീ പ്രേമാനന്ദിനെ മുഖ്യ ഗുരുസ്വാമിയായി പ്രഖ്യാപിച്ചുകൊണ്ട്‌ സദസ്സിനു പരിചയപ്പെടുത്തി. 1973ല്‍ ന്യൂയോര്‍ക്കില്‍ ആദ്യമായി അയ്യപ്പപൂജ നടത്തിയ മുഖ്യാതിഥി ഡോ. ദാസന്‍ പോറ്റിയെ കുറുപ്പ്‌ സദസിനു പരിചയപ്പെടുത്തുകയും വേദിയിലേക്ക്‌ സ്വാഗതം ചെയ്‌ത്‌ ആനയിക്കുകയും ചെയ്‌തു.

 

 

ഗണപതിയുടെയും അയ്യപ്പന്റെയും തിരുമുമ്പില്‍ ഹൃസ്വമായ പൂജയ്‌ക്ക്‌ ശേഷം ഡോ ദാസന്‍ പോറ്റി സദസ്സിനെ അഭിസംബോധന ചെയ്‌തു. ന്യൂ യോര്‍ക്കില്‍ ഒരു അയ്യപ്പ ക്ഷേത്രം ഉയര്‍ന്നു വരണമെന്നും, ഇന്നു മുതല്‍ തന്നെ ഭക്തജനങ്ങള്‍ സമയം പാഴാക്കാതെ അതിനുവേണ്ടി അക്ഷീണ പ്രയത്‌നം ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇപ്പോഴുള്ള ഈ ഉന്മേഷവും ആര്‍ജ്ജവവും കൈവിടാതെ സൂക്ഷിക്കണമെന്നും, 1001 ഡോളര്‍ മുതല്‍ ക്ഷേത്ര ഫണ്ടിലേക്ക്‌ സംഭാവന നല്‍കുന്ന ഏതൊരു ഭക്തനു വേണ്ടിയും പ്രതിഫലം കൂടാതെ അദ്ദേഹം മേരിലാന്‍ഡില്‍ നിന്ന്‌ ന്യൂ യോര്‍ക്കിലെത്തി ശാസ്‌താപ്രീതി പൂജ നടത്താമെന്നും സദസ്സിനു ഉറപ്പു നല്‍കി. ഇതേ തുടര്‍ന്ന്‌ 2014 ഏപ്രില്‍ 12ന്‌ വിഷുവിനോട്‌ അനുബന്ധിച്ച്‌ ആദ്യ ശാസ്‌താപ്രീതി പൂജ ട്രസ്‌ടീ ബോര്‍ഡംഗം ഡോ. ശ്രീധര്‍ കാവില്‍ ഏറ്റെടുത്തു നടത്താമെന്ന്‌ ഉറപ്പു നല്‍കി. ന്യൂയോര്‍ക്കില്‍ ഒരു അയ്യപ്പ ക്ഷേത്രം എന്ന സ്വപ്‌നം എത്രയും പെട്ടെന്ന്‌ സാക്ഷാത്‌കരിക്കപ്പെടട്ടെ എന്ന്‌ അദ്ദേഹം ആശംസിച്ചു. ഡോ. ദാസന്‍ പോറ്റിയുടെ ധര്‍മ്മദാരം ശ്രീമതി ജലജാ പോറ്റി, തമിള്‍ സംഘത്തിനു വേണ്ടി ഡോ. കൃഷ്‌ണ, തെലുഗു അസോസ്സിയേഷന്‌ വേണ്ടി കൃഷ്‌ണശ്രീ ഗന്ധം, കന്നഡ കൂട്ടത്തിനു വേണ്ടി ഡോ. സുരേന്ദ്രന്‍, അയ്യപ്പ സേവാ സംഘത്തിനു വേണ്ടി ഗോപിനാഥ്‌ കുറുപ്പ്‌ എന്നിവര്‍ ഭദ്രദീപം തെളിയിച്ചുകൊണ്ട്‌ പരിപാടികള്‍ക്ക്‌ തുടക്കം കുറിച്ചു.

 

ജനറല്‍ സെക്രട്ടറി സജി കരുണാകരന്‍ തന്റെ ആമുഖ പ്രസംഗത്തില്‍ ട്രസ്‌ടീ ബോര്‍ഡ്‌ അംഗങ്ങളെ പരിചയപ്പെടുത്തുകയും അവര്‍ ചെയ്‌ത സേവനങ്ങളെ വിലയിരുത്തുകയും ചെയ്‌തു. തുടര്‍ന്ന്‌ അയ്യപ്പ സേവാ സംഘത്തിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളും ട്രസ്‌ടീ ബോര്‍ഡംഗവും പരസ്യവിഭാഗത്തിന്റെ ചുമതല വഹിക്കുകയും ചെയ്യുന്ന കുന്നപ്പള്ളില്‍ രാജഗോപാല്‍, അയ്യപ്പ സേവാ സംഘത്തിന്റെ ചരിത്രത്തിലേക്ക്‌ സദസ്സിന്റെ ശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. ഈയിടെ അന്തരിച്ച ബാലന്‍ നായര്‍, അയ്യപ്പ സേവാ സംഘത്തിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളാണെന്ന കാര്യം അദ്ദേഹം അനുസ്‌മരിക്കുകയുണ്ടായി. ക്ഷേത്ര നിര്‍മ്മാണ ഫണ്ടിലേക്ക്‌ ഉദാരമായി സംഭാവന നല്‍കണമെന്നും നിലവിലുള്ള പേ പാല്‍ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണം എന്നും ഇതൊരു 501(c )(3) സംഘടനയാണെന്നും നികുതിയിളവ്‌ ലഭിക്കുന്നതാണെന്നും സദസിനെ അറിയിച്ചു. സംഭാവന ചെയ്യാന്‍ ഒരു പ്രതിജ്ഞാപത്രത്തെപ്പറ്റി (pledge form) അദ്ദേഹം വിശദീകരിക്കുകയുണ്ടായി. അയ്യപ്പ സേവാ സംഘത്തിന്റെ ആദ്യകാല അംഗമായിരുന്ന ബാലന്‍ നായരുടെയും, തിരുവിതാംകൂറിന്റെ അഭിമാനവും രാജകുടുംബത്തിന്റെ അവസാനകണ്ണിയുമായിരുന്ന ഉത്രാടം തിരുനാളിന്റെയും ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും അവര്‍ക്ക്‌ ആദരാന്‌ജലികള്‍ അര്‍പ്പിച്ച്‌ മൗനപ്രാര്‍ത്ഥന നടത്തുകയും ചെയ്‌തു.

 

 

അയ്യപ്പ സേവാ സംഘം വെബ്‌ സൈറ്റി (www.ayyappaseva.org) നെപ്പറ്റിയും, അതിലേക്ക്‌ പരസ്യങ്ങള്‍, ലേഖനങ്ങള്‍, കവിതകള്‍, ഭക്തിഗാനങ്ങള്‍ എന്നിവ അയയ്‌ക്കുന്നതിന്റെ വിശദവിവരങ്ങളും ട്രഷററും, വെബ്‌ സൈറ്റ്‌ അഡ്‌മിനിസ്‌ട്രെറ്ററുമായ അശോക്‌ കേശവന്‍ സദസിനു നല്‌കുകയുണ്ടായി. കുമാരി ലക്ഷ്‌മി കുറുപ്പിന്റെ സംവിധാനത്തില്‍ `നൂപുര ആര്‍ട്‌സ്‌` അവതരിപ്പിച്ച ഗണേശസ്‌തുതിയോടെ കലാപരിപാടികള്‍ക്ക്‌ തുടക്കം കുറിച്ചു. തുടര്‍ന്ന്‌ ദേവീസ്‌തുതി നൃത്തരൂപത്തില്‍ നൂപുരയിലെ കലാകാരികള്‍ അവതരിപ്പിച്ചത്‌ കാണികളുടെ പ്രശംസ പിടിച്ചു പറ്റി. ശ്രീമതി സുമതി ഹരന്റെ ശിക്ഷണത്തിലുള്ള കുട്ടികള്‍ ഏതാനും ഭക്തിഗാനങ്ങള്‍ ആലപിക്കുകയുണ്ടായി. ശ്രീമതി സാവിത്രി രാമാനന്ദിന്റെ ശിക്ഷണത്തില്‍ 'മുക്താംബര്‍' ഫൈന്‍ ആര്‍ട്ട്‌സിലെ കുട്ടികളുടെ നൃത്തത്തിനു ശേഷം തമിഴ്‌ സംഘത്തിനു വേണ്ടി ഗുരു സാധനാജിയുടെ സാധനാ ഡാന്‍സ്‌ സ്‌കൂളിലെ കുട്ടികള്‍ നൃത്തം അവതരിപ്പിച്ചു. തുടര്‍ന്ന്‌ കന്നഡ കൂട്ടത്തിലെ ഭജന സംഘം ഭക്തിനിര്‍ഭരമായ ഭജന ഗാനങ്ങള്‍ ആലപിക്കുകയുണ്ടായി. ന്യൂയോര്‍ക്കില്‍ അറിയപ്പെടുന്ന ഗായകരായ ശബരി നാഥ്‌ നായരും ശാലിനി രാജേന്ദ്രനും അയ്യപ്പ ഭക്തി ഗാനങ്ങള്‍ ഹൃദ്യമായി ആലപിച്ചു. ന്യൂജേഴ്‌സിയിലെ സ്വാമിനാഥ ഭാഗവതരുടെ നാമ സങ്കീര്‍ത്തന സമാജത്തിന്റെ സമ്പ്രദായ ഭജനയായിരുന്നു വൈകുന്നേരം അരങ്ങേറിയ എടുത്തു പറയേണ്ട ഒരു പരിപാടി. അവിടെ സന്നിഹിതരായിരുന്നവരെ ഭക്തി ലഹരിയില്‍ ആറാടിക്കുന്നതായിരുന്നു സ്വാമിനാഥ ഭാഗവതരുടെയും സംഘത്തിന്റെയും ആലാപന ശൈലി. തുടര്‍ന്ന്‌ ആലപിച്ച അയ്യപ്പഭക്തിഗാനങ്ങള്‍ സെമി ക്ലാസ്സിക്കല്‍ രൂപത്തിലുള്ളതും അത്യാകര്‍ഷകവും കര്‍ണ്ണാനന്ദകരവും ആയിരുന്നു. ഡോ. ദാസന്‍ പോറ്റി, രാം പോറ്റി, ഉണ്ണിക്കൃഷ്‌ണന്‍ നായര്‍, ഗുരുസ്വാമി പ്രേമാനന്ദ്‌, ജയപ്രകാശ്‌ നായര്‍, സ്വാമിനാഥ ഭാഗവതര്‍, രാഹുല്‍ നാരായണന്‍ എന്നിവര്‍ക്ക്‌ അവരുടെ സേവനങ്ങളെ മാനിച്ചുകൊണ്ട്‌ അയ്യപ്പ സേവാ സംഘം പൊന്നാട നല്‍കി ആദരിക്കുകയുണ്ടായി. വേദിയില്‍ പണിതീര്‍ത്ത മനം കവരുന്ന മനോഹരമായ അയ്യപ്പ ക്ഷേത്രത്തിന്റെ ശില്‌പിയും തികഞ്ഞ അയ്യപ്പ ഭക്തനും സംഘത്തിന്റെ അഭ്യുദയ കാംക്ഷിയുമായ ശ്രീ സുധാകരന്‍ പിള്ളയുടെ സേവനത്തെ സെക്രട്ടറി സജി കരുണാകരന്‍ പ്രകീര്‍ത്തിച്ചു. കണ്‍വന്‍ഷനോട്‌ അനുബന്ധിച്ച്‌ ഒരു സോവനീര്‍ പ്രകാശിപ്പിക്കുകയുണ്ടായി. ശ്രീ രാം പോറ്റി, പ്രഥമ കോപ്പി മുഖ്യതിഥിയും അമ്മാവനുമായ ഡോ ദാസന്‍ പോറ്റിക്ക്‌ നല്‍കിക്കൊണ്ട്‌ പ്രകാശനം നിര്‍വഹിച്ചു .

 

 

ശ്രീ കുന്നപ്പള്ളില്‍ രാജഗോപാല്‍, പരസ്യം തന്ന എല്ലാ സുമനസുകള്‍ക്കും നന്ദി പ്രകാശിപ്പിച്ചു. സുവനീറിനു വേണ്ടി അക്ഷീണ പ്രയത്‌നം ചെയ്‌ത അശോക്‌ കേശവന്റെ സേവനത്തിന്‌ നന്ദി രേഖപ്പെടുത്തിയത്‌ സദസ്‌ ഹര്‍ഷാരവത്തോടെയാണ്‌ സ്വീകരിച്ചത്‌. സംഘം നടത്തിയ റാഫിളിന്റെ നറുക്കെടുപ്പ്‌ രാജു നാണുവിന്റെയും കുന്നപ്പള്ളില്‍ രാജഗോപാലിന്റെയും നേതൃത്വത്തില്‍ നടന്നു. നറുക്കുകള്‍ എടുത്തത്‌ കുരുന്നായ വേദ ശബരീനാഥ്‌ ആയിരുന്നു. # 160, 048, 151 എന്നീ നമ്പരുകള്‍ക്കാണ്‌ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ ലഭിച്ചത്‌. വിജയികള്‍ക്ക്‌ ഡോ ദാസന്‍ പോറ്റി സമ്മാനദാനം നിര്‍വഹിച്ചു. രാജ്‌ ഓട്ടോയിലെ രാജേഷ്‌, മറ്റൊരു അഭ്യുദയകാംക്ഷി, മുരളീ നായര്‍ എന്നിവരാണ്‌ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ സംഭാവനയായി നല്‌കിയത്‌. ബോര്‍ഡ്‌ അംഗം ശ്രീ ബാലകൃഷ്‌ണന്‍ നായര്‍ അയ്യപ്പ സേവാ സംഘത്തിനു വേണ്ടി സദസിനു നന്ദി പ്രകാശിപ്പിച്ചു. മുഖ്യതിഥി ഡോ ദാസന്‍ പോറ്റി, രാം പോറ്റി, തമിള്‍ സംഘം, കന്നഡ കൂട്ടം, തെലുഗു അസോസിയേഷന്‍, നായര്‍ ബനവലന്റ്‌ അസോസിയേഷന്‍, മലയാളി ഹിന്ദു മണ്ഡലം, ശ്രീ നാരായണ അസോസിയേഷന്‍, എച്‌.കെ.എസ്‌., കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക, വൈഷ്‌ണവ ക്ഷേത്രം ഭാരവാഹികള്‍ എന്നിവര്‍ക്കും കൂടാതെ ഓഡിയോ വീഡിയോ ടെക്‌നിഷന്‍സ്‌, പരസ്യങ്ങളും ലേഖനങ്ങളും, ഭക്തി ഗാനങ്ങളും അയച്ചു തന്ന്‌ സഹായിച്ച എല്ലാവര്‍ക്കും, ഭക്ഷണം നല്‍കിയ ഹൗസ്‌ ഓഫ്‌ ദോശ മുതലായവര്‍ക്ക്‌ പ്രത്യേകം നന്ദി രേഖപ്പെടുത്തുകയുണ്ടായി. രാഹുല്‍ നാരായണന്റെ ഹരിവരാസനാ ലാപനത്തോടെ പരിപാടികള്‍ക്ക്‌ തിരശ്ശീല വീണു. തുടര്‍ന്ന്‌ അന്നദാനവും ഉണ്ടായിരുന്നു. ഈ വര്‍ഷത്തെ കണ്‍വന്‍ഷനില്‍ പങ്കെടുത്തവരുടെ കൂട്ടായ്‌മയും, ഒത്തൊരുമയും ഭക്തിസാന്ദ്രമായ അന്തരീക്ഷവും വൈകാതെ തന്നെ ന്യൂ യോര്‍ക്കില്‍ അയ്യപ്പ ക്ഷേത്ര നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ കഴിയുമെന്ന്‌ ഏവരിലും വിശ്വാസം ജനിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.