You are Here : Home / USA News

അധികമുള്ളത് ആവശ്യക്കാരനു കൊടുക്കൂ, വീടു ക്ലട്ടര്‍ഫ്രീയാക്കൂ!

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Monday, December 09, 2013 02:22 hrs UTC

ഫിലാഡല്‍ഫിയ : മിക്കവാറും നമ്മുടെയെല്ലാം വീടുകള്‍ ഉപയോഗം കഴിഞ്ഞതോ, ഉപയോഗയോഗ്യമല്ലാത്തതോ ആയ ധാരാളം സാധനസമാഗ്രികള്‍കൊണ്ട് നിറഞ്ഞിരിക്കും. വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന ക്ലോസറ്റുകള്‍, തുണി അലമാരകള്‍, ഡ്രസറുകള്‍, സ്റ്റോര്‍ മുറികള്‍, കിടപ്പുമുറികള്‍, വീടിന്റെ ആറ്റിക്(നാട്ടില്‍ തട്ടിന്‍പുറം എന്നു പറയും), കാര്‍ ഗരാജുകള്‍ എന്നുവേണ്ട എല്ലായിടത്തും പഴയ ഫര്‍ണിച്ചറുകള്‍, പലതരത്തിലുള്ള തുണിത്തരങ്ങള്‍, പൊട്ടിപ്പൊളിഞ്ഞ അടുക്കളപാത്രങ്ങള്‍, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, സൈക്കിളുകള്‍, ലോണ്‍ മൂവേഴ്‌സ്, കേടായ വീട്ടുപകരണങ്ങള്‍ എന്നിവയുടെ കൂമ്പാരം, ചുരുക്കിപ്‌റഞ്ഞാല്‍ വീടൊരു ജങ്ക് യാര്‍ഡിനു തുല്യം. ആന്റിക്ക് സാധനങ്ങളോടുള്ള കമ്പം കൊണ്ടല്ല മറിച്ച് വലിയവിലകൊടുത്ത് വര്‍ഷങ്ങള്‍ക്കു മുമ്പു വാങ്ങിയ അവ എങ്ങനെ വെറുതെ കളയും എന്നുള്ള സ്വാര്‍ത്ഥചിന്തകൊണ്ടാണു ഈ വക സാധനങ്ങള്‍ നാം ഏതെങ്കിലും കാലത്ത് ഉപയോഗം വരും എന്ന ചിന്തയില്‍ സൂക്ഷിച്ചുവക്കുന്നത്. മാസങ്ങളായി അനക്കാതെ കിടക്കുന്ന ഈ വസ്തുക്കളില്‍ ഇരട്ടവാലന്‍, എട്ടുകാലി, എലി, പഴുതാര എന്നിവ കയറിക്കൂടി മുട്ടയിട്ടു പെരുകുന്നതൊടൊപ്പം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അസുഖങ്ങള്‍ പരത്തുകയും ചെയ്യും.

 

 

തുണികളാണെങ്കില്‍ കുറെക്കവിയുമ്പോള്‍ നിറം മങ്ങി ദ്രവിച്ചും, ഇരുമ്പു സാമഗ്രികള്‍ തുരുമ്പെടുത്തു നശിച്ചും, പദരക്ഷകള്‍ ഉറഞ്ഞുംകൂടിയും ഉപയോഗിക്കാന്‍ പറ്റാത്ത വിധത്തിലാകും. വര്‍ഷങ്ങളായി അനക്കാതെയും, വെയിലത്തുണക്കാതെയും പൊടിപിടിച്ചിരിക്കുന്ന ഔട്ടര്‍ ജാക്കറ്റുകളും, ഷൂസുകളും, മറ്റുപകരണങ്ങളും വിളിച്ചുവരുത്തുന്ന അസുഖങ്ങള്‍, പൊടി അലര്‍ജി കൊണ്ടുണ്ടാകുന്ന ആസ്തമായുടെ ദീനങ്ങള്‍ എന്നിവ വേറെയും. സമ്മര്‍ ആകുമ്പോള്‍ അമേരിക്കക്കാരില്‍ പലരും ഗരാജ് സെയിലായും, യാര്‍ഡ് സെയില്‍ ആയും പഴയ സാധനങ്ങള്‍ നിസാരവിലക്ക് വില്‍പന നടത്തി വീട്ടില്‍ നിന്നും ഒഴിവാക്കും. മറ്റു ചിലരാകട്ടെ തങ്ങള്‍ക്ക് ആവശ്യമില്ലായെങ്കിലും, അതുകൊണ്ട് ഉപയോഗം കണ്ടെത്തുന്ന മറ്റുപലരും നമ്മുടെ ചുറ്റുപാടും ഉണ്ടെന്നുള്ള തിരിച്ചറിവില്‍ അവ കെട്ടുകളാക്കി പാര്‍ക്കിങ്ങ് ലോട്ടുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഡ്രോപ്പ് ബോക്‌സുകളില്‍ നിക്ഷേപിക്കും. അല്ലെങ്കില്‍ വിന്‍സന്റ് ഡി പോള്‍, സാല്‍വേഷന്‍ ആര്‍മി തുടങ്ങി ജീവകാരുണ്യ സംഘടനകള്‍ക്ക് ദാനം ചെയ്യും. വീട്ടിലെ അനാവശ്യ ക്ലട്ടര്‍ ഒഴിവാക്കിക്കൂടെ? ഏതെങ്കിലും ഒരു കാലത്തു പ്രയോജനപ്പെടും എന്നു കരുതി നമ്മള്‍ വര്‍ഷങ്ങളായി സൂക്ഷിച്ചു വക്കുന്ന സാധനസാമഗ്രികള്‍ മറ്റുള്ളവര്‍ക്ക് ദാനം ചെയ്താല്‍ നമ്മുടെ വീട്ടിലെ അനാവശ്യ ക്ലട്ടറും മാറിക്കിട്ടും, ഇല്ലാത്തവനു അതൊരു വലിയ സഹായവുമാകും. നമ്മുടെ ട്രാഷ് മറ്റുള്ളവന്റെ ട്രഷര്‍ ആണെന്നുള്ള കാര്യം മറക്കാതിരിക്കുക. കഴിഞ്ഞദിവസം വീടിനടുത്തുള്ള ഒരു ഗുഡ് വില്‍ സ്റ്റോര്‍ സന്ദര്‍ശിക്കാനിടയായി. അവിടെ കണ്ട തിരക്ക് എന്നെ അതിശയിപ്പിച്ചു. പഴയതും, ഉപയോഗിച്ചതുമായ സാധനങ്ങള്‍ വാങ്ങാന്‍ വന്നവരുടെ തിരക്കായിരുന്നു അത്.

 

 

നമുക്കുപയോഗമില്ലാതെ വീട്ടില്‍ പൊടിപിടിച്ചുകിടക്കുന്ന സാധനങ്ങള്‍ എന്തുതന്നെയുമാകട്ടെ ത്രിഫ്റ്റ് സ്റ്റോറിനോ, ഗുഡ്വില്‍ സ്റ്റോറിനോ ദാനം ചെയ്യുക. അവര്‍ അത് ആവശ്യക്കാരന്റെ കൈകളില്‍ സുരക്ഷിതമായി എത്തിച്ചുകൊള്ളും. അമേരിക്കയില്‍ ഹോളിഡേ സീസണ്‍ ആരംഭിച്ചുകഴിഞ്ഞു. ഒക്‌ടോബര്‍ മാസാരംഭത്തോടെ അവധിക്കാലതിരക്കും ആഘോഷതിമിര്‍പ്പും ആരംഭിക്കുകയായി. ഒന്നിനു പിറകെ ഒന്നായി കൊളംബസ് ഡേ, ഹാലോവീന്‍, ആള്‍ സെയിന്റ്‌സ് ഡേ, വൈറ്ററന്‍സ് ഡേ, താങ്ക്‌സ് ഗിവിംഗ്, ക്രിസ്മസ്, ന്യൂഈയര്‍, എന്നിങ്ങനെ അവധികളുടെയും ആഘോഷങ്ങളുടെയും ജൈത്രയാത്ര. കുചേലകുബേരഭേദമെന്യേ ആള്‍ക്കാരെല്ലാം ഹോളിഡേ മൂഡില്‍ ആയിക്കഴിഞ്ഞു. കഴിഞ്ഞ ദിവസമൊരു ഷോപ്പിംഗ് മാളില്‍ കയറിയപ്പോളാണറിയുന്നത് ക്രിസ്മസ് ഇങ്ങെത്തിക്കഴിഞ്ഞു എന്ന്. ക്രിസ്മസിനെ വരവേല്‍ക്കാനും, ഹോളിഡേ ഷോപ്പിംഗുകാരെ ആകര്‍ഷിക്കാനുമായി കടകമ്പോളങ്ങള്‍ പച്ചയിലും ചുവപ്പിലും കമനീയമായി അലങ്കരിച്ച് ക്രിസ്മസിന്റെ ഈ വര്‍ഷത്തെ ഐറ്റം നമ്പരുകളായ തുണിത്തരങ്ങളും ഗിഫ്റ്റ് സാധനങ്ങളും നിരത്തിയിരിക്കുന്നു. ഷോപ്പിംഗ് മാളുകളില്‍ തിരക്കോടു തിരക്ക്. മില്യണുകളുടെ ബിസിനസ് നടക്കുന്ന സമയം. ആഘോഷങ്ങളോടൊപ്പം സുഖസുഷുപ്തിയിലായിരുന്ന ഹോളിഡേ ചാരിറ്റികളും തലപൊക്കുകയായി. യു.എസ്. മെയിലായും, ഇമെയിലായും, ഫോണ്‍ മെസേജായും, എസ്.എം.എസ് ആയും നമ്മുടെ മെയില്‍ബോക്‌സിലും, ഇന്‍ബോക്‌സിലും, ഫോണിലും എല്ലാം വിവിധ ചാരിറ്റികള്‍ക്കുവേണ്ടി ഡൊണേഷന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള അഭ്യര്‍ത്ഥനകള്‍ പ്രവഹിക്കുകയായി. വ്യക്തികളും, കലാസാംസ്‌കാരിക മതസംഘടനകളും, ദേവാലയങ്ങളും, ഓഫീസുകളും കരുണക്കായ് കേഴുന്നവരുടെ ദീനരോദനം നെഞ്ചിലേറ്റി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന സീസണ്‍. പള്ളികളും രൂപതകളും തങ്ങളുടെ കീഴില്‍ വരുന്ന എല്ലാ കുടുംബങ്ങളെയും വാര്‍ഷിക സംഭാവനക്കായി ഓര്‍മ്മപ്പെടുത്തല്‍ കത്തുകളുമായി സമീപിക്കുന്നു.

 

പലവിധ ഡിസ്‌കൗണ്ട് ഓഫറുകലുമായി ഹോള്‍സെയില്‍ റീട്ടെയില്‍ കടകളും ഷോപ്പിംഗുകാരെ മാടിവിളിക്കുന്നു. ജീവകാരുണ്യ സന്ദേശങ്ങളുമായി എല്ലായിടത്തും ഫുഡ് ഡ്രൈവ്, ടോയ് ഡ്രൈവ്, ക്ലോത്തിംഗ് ഡ്രൈവ്, ഷൂ ഡ്രൈവ് എന്നിങ്ങനെ പലതരത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. സംഘടനകള്‍ മല്‍സരിച്ച് ചാരിറ്റി ഡിന്നറുകളും, ഫണ്ട് റെയിസിംഗ് പ്രോഗ്രാമുകളും നടത്തുന്നതും ഇപ്പോള്‍തന്നെ. ഈ വിധത്തിലുള്ള എല്ലാ സംരംഭങ്ങളുടെയും ലക്ഷ്യം ഒന്നുതന്നെ. പാവപ്പെട്ടവരെ സഹായിക്കുക ഇല്ലാത്തവനു കൊടുക്കുക, അശരണര്‍ക്ക് ആലംബമാവുക. കരയുന്നവരുടെ കണ്ണീരൊപ്പുക. ഈയിടെ ഫിലിപ്പൈന്‍സില്‍ ആഞ്ഞടിച്ച ഹൈയന്‍ ചുഴലിക്കൊടുംകാറ്റില്‍ വീടും, വീട്ടുകാരും ബന്ധുമിത്രാദികളും, വസ്തുവകകളും, നാളിതുവരെയുള്ള എല്ലാസമ്പാദ്യങ്ങളും നഷ്ടപ്പെട്ട പതിനായിരങ്ങള്‍ മറ്റുള്ളവരുടെ കരുണക്കായ് കേഴുന്നു. ഉറ്റവരും, ഉടയവരും നഷ്ടപ്പെട്ടവര്‍, കുട്ടികലെ നഷ്ടപ്പെട്ട മാതാപിതാക്കള്‍, അച്ഛനമ്മമാരെ തേടി അലയുന്ന പിഞ്ചുകുഞ്ഞുങ്ങള്‍, കിടപ്പാടവും, സ്വന്തമായി ഉണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടവരുടെ ദീനരോദനങ്ങള്‍. വിശപ്പടക്കാന്‍ നിര്‍വാഹമില്ലാതെ ഹെലിക്കോപ്ടറിലൂടെ വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതിക്കായി മല്‍സരിക്കുന്നവര്‍, മഴയും, മാലിന്യങ്ങളും വരുത്തിവക്കുന്ന പകര്‍ച്ചവ്യാധികള്‍. കുടിവെള്ളത്തിനായി വലയുന്നവര്‍. വൈദ്യുതിയും, വാര്‍ത്താവിനിമയബന്ധങ്ങളും ഇല്ലാത്തതിനാല്‍ പലവിധത്തിലും കഷ്ടത അനുഭവിക്കുന്നവര്‍. ഇവരെല്ലാം വിശാലമനസ്‌ക്കരായവരുടെ കരുണക്കായ് യാചിക്കുന്നു. നമ്മള്‍ സമ്പല്‍സമൃദ്ധിയുടെ നടുവില്‍ ജീവിക്കുമ്പോള്‍ നമ്മെക്കാള്‍ ഭാഗ്യം കുറഞ്ഞവരെയും, നമ്മള്‍ക്കൊപ്പം ദൈവാനുഗ്രഹം ലഭിച്ചിട്ടില്ലാത്തവരെയും സ്മരിക്കാനുള്ള അവസരം കൂടിയാണീ ഹോളിഡേ.

 

ചുറ്റുപാടും കണ്ണോടിക്കുകയാണെങ്കില്‍ നമുക്കു കാണാന്‍ സാധിക്കും പല രീതിയില്‍ കഷ്ടതയനുഭവിക്കുന്ന സഹോദരങ്ങള്‍ ഈ ലോകത്തിലുണഅടെന്നും നമ്മള്‍ അവരെക്കാള്‍ എത്രയോ ഭാഗ്യം ലഭിച്ചരാണെന്നതാണ് പരമാര്‍ത്ഥം. ദാരിദ്ര്യവും, രോഗങ്ങളുംമൂലം നരകയാതന അനുഭവിക്കുന്നവര്‍, മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍, നിരാലംബരായ വൃദ്ധജനങ്ങള്‍, അംഗവൈകല്യംവും, ബുദ്ധിമാന്ദ്യവും ഉള്ളവര്‍, അല്‍പ്പം കുടിവെള്ളത്തിനായി മൈലുകള്‍ താണ്ടേണ്ടിവരുന്നവര്‍, ശ്വസിക്കാന്‍ ശുദ്ധവായു ലഭ്യമല്ലാത്തവര്‍, അന്തിയുറങ്ങാന്‍ ഒരു കിടപ്പാടമില്ലാത്തവര്‍, പ്രകൃതിദുരന്തങ്ങളില്‍പെട്ട് എല്ലാം നഷ്ടപ്പെട്ടവര്‍ അങ്ങനെ നീളുന്നു ഇല്ലായ്മകളുടെയും, വല്ലായ്മകളുടെയും പട്ടിക. ഇവരിലാരുടെയെങ്കിലും ജീവിതത്തില്‍ ഒരു കൈത്താങ്ങാവാന്‍ നമുക്കു സാധിച്ചാല്‍ അതീ ക്രിസ്മസ് സീസണില്‍ നമുക്കു ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യപ്രവൃത്തിയായിരിക്കും. 'എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിലൊരുവനു നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്തുതന്നത്' (മത്തായി 25: 40) ജീവകാരുണ്യപ്രവര്‍ത്തനങ്ങളും, ദൈന്യതയനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തം എത്തിക്കുക എന്ന മഹത്തായ ദൗത്യവും നമ്മുടെ ഹൃദയതലത്തിലും നിറഞ്ഞുനില്‍ക്കട്ടെ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.