You are Here : Home / USA News

പ്രവാസികളുടെ മുഖ്യ പ്രശ്‌നങ്ങള്‍ രേഖാമൂലം ഇന്ത്യാ ഗവണ്‍മെന്റിനെ അറിയിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, November 19, 2013 08:12 hrs UTC

ന്യൂയോര്‍ക്ക്‌: `ജസ്റ്റീസ്‌ ഫോര്‍ ഓള്‍' (ജെ.എഫ്‌.എ) എന്ന സംഘടനയുടെ ആഹ്വാനമനുസരിച്ച്‌ അമേരിക്കന്‍ മലയാളികള്‍ ഏറെക്കാലമായി നേരിട്ടുകൊണ്ടിരിക്കുന്ന വിസ, ഒ.സി.ഐ, പി.ഐ.ഒ, പാസ്‌പോര്‍ട്ട്‌ സറണ്ടര്‍ നിയമം തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ക്ക്‌ ശാശ്വതപരിഹാരം ഉണ്ടാക്കുന്നതിനുവേണ്ട സത്വര നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും, ഇന്ത്യന്‍ പ്രസിഡന്റ്‌ പ്രണാബ്‌ മുഖര്‍ജിക്കും നേരിട്ടു നല്‍കുന്നതിനുവേണ്ടി രേഖാമൂലം തയാറാക്കിയ പരാതിയുടെ പകര്‍പ്പ്‌ നവംബര്‍ 16-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസസ്‌ ബാങ്ക്വറ്റ്‌ ഹാളില്‍ `അല' എന്ന കലാസാംസ്‌കാരിക സംഘടന സംഘടിപ്പിച്ച വേദിയില്‍ സന്നിഹിതരായിരുന്ന ഇന്ത്യയുടെ മികച്ച രാജ്യസഭാംഗവും, പെറ്റീഷന്‍സ്‌ കമ്മിറ്റി, ഫൈനാന്‍സ്‌ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി, ലോ ആന്‍ഡ്‌ ജസ്റ്റീസ്‌ എന്നിവയുടെ എല്ലാം മെമ്പര്‍കൂടിയായ പി. രാജീവ്‌ എം.പി വശം ജെ.എഫ്‌.എ ചെയര്‍മാന്‍ തോമസ്‌ കൂവള്ളൂര്‍ നേരിട്ട്‌ സമര്‍പ്പിക്കുകയുണ്ടായി.

 

ഇക്കാര്യത്തില്‍ തന്നാല്‍ കഴിവത്‌ ചെയ്യുന്നതായിരിക്കുമെന്നും വെറും പൊള്ളയായ വാഗ്‌ദാനം മാത്രമായിരിക്കില്ല തന്റേതെന്നും, പ്രവര്‍ത്തിയിലൂടെ പ്രവാസികള്‍ക്കു വേണ്ടതെല്ലാം ചെയ്യുമെന്നും കിട്ടിയിരിക്കുന്ന പരാതിയുടെ പകര്‍പ്പുകള്‍ വേണ്ടപ്പെട്ടവര്‍ക്കെല്ലാം നല്‍കി പാര്‍ലമെന്റില്‍ വിഷയം അവതരിപ്പിക്കുന്നതായിരിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‌കുകയുണ്ടായി. സദസില്‍ ഹാജരായിരുന്ന അമേരിക്കയിലെ വിവിധ സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുടെ നേതാക്കന്മാര്‍ ഒപ്പിട്ട പ്രസ്‌തുത പരാതിയുടെ ശരിപ്പകര്‍പ്പ്‌ ഇതോടൊപ്പം പ്രസിദ്ധപ്പെടുത്തുന്നു. ഈയിടെ അമേരിക്ക സന്ദര്‍ശിക്കാനെത്തിയ കെ.എന്‍. ബാലഗോപാല്‍ എം.പി `തന്നെ സന്ദര്‍ശിക്കാനെത്തിയ ഭൂരിഭാഗം ആളുകളും അവര്‍ക്ക്‌ നിരവധി പ്രശ്‌നങ്ങളുണ്ട്‌ എന്നു പറയുകയുണ്ടായെന്നും, അവരില്‍ ആരുംതന്നെ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരാതിയായി എഴുതിക്കൊടുക്കാന്‍ ആവശ്യപ്പെട്ടിട്ട്‌ ആരും ഇതുവരെ മുന്നോട്ടുവന്നില്ല' എന്ന വാര്‍ത്ത കാണാനിടയായ ജെ.എഫ്‌.എ പ്രവര്‍ത്തകര്‍ അദ്ദേഹത്തിനും ഒരു കോപ്പി ലഭിക്കത്തക്ക നടപടി സ്വീകരിച്ചിട്ടുണ്ട്‌. അദ്ദേഹവും ഇക്കാര്യത്തില്‍ തന്റെ സാമര്‍ത്ഥ്യം വെളിപ്പെടുത്താന്‍ രാജ്യസഭയില്‍ പ്രവാസികള്‍ക്കുവേണ്ടി ശക്തമായി പോരാടുമെന്നു പ്രതീക്ഷിക്കാമെന്നും തോമസ്‌ കൂവള്ളൂര്‍ അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.