You are Here : Home / USA News

ഫിലാഡല്‍ഫിയയില്‍ വര്‍ണാഭമായ ഫാമിലി നൈറ്റ് ആഘോഷം

Text Size  

Story Dated: Tuesday, November 26, 2019 01:31 hrs UTC

ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാപള്ളിയില്‍ നവംബര്‍ 23 ശനിയാഴ്ച്ച പാരീഷ് ഫാമിലി നൈറ്റ് അഗാപ്പെ 2019 വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു.  വൈകിട്ട് അഞ്ചരമണിക്ക് ട്രസ്റ്റിമാരായ സജി സെബാസ്റ്റ്യന്‍, പോളച്ചന്‍ വറീദ്, ജോര്‍ജ് വി. ജോര്‍ജ്, ബിനു പോള്‍, സെക്രട്ടറി ടോം പാറ്റാനിയില്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബിജോയ് പാറക്കടവില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനാ ഭാരവാഹികള്‍, സഹകോര്‍ഡിനേറ്റര്‍മാര്‍, വിശ്വാസി സമൂഹം എന്നിവരെ സാക്ഷിയാക്കി ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ ഭദ്രദീപം തെളിച്ച് ഫാമിലി നൈറ്റ് ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് വിനോദച്ചന്‍ അഗാപ്പെയുടെ ഹൃസ്വമായ സന്ദേശം നല്‍കി.

പുരാതന ഗ്രീക്ക് ഭാഷയിലെ സഹജീവി സ്‌നേഹം എന്ന വാക്കിന്റെ നാലുപര്യായങ്ങളില്‍ ഏറ്റവും ഉത്തമമായ വാക്കാണ് അഗാപ്പെ എന്നത്. അനന്തകാരുണികനായ ദൈവം സൃഷ്ടികളോടുകാണിക്കുന്ന കലവറയില്ലാത്ത സ്‌നേഹം, പരിപൂര്‍ണ ത്യാഗത്തിലൂന്നി സഹജീവികളോടുള്ള മëഷ്യരുടെ സ്‌നേഹം, ദൈവോന്മുഖമായ സ്‌നേഹത്തിന്റെ മൂര്‍ത്തീഭാവം എന്നൊക്കെ അര്‍ഥം വരുന്ന ‘അഗാപ്പെ’യുടെ വിശാലമായ സ്‌നേഹസത്ത ഉള്‍ക്കൊണ്ട് നടത്തപ്പെട്ട ഫാമിലി നൈറ്റ് ഇടവകയാകുന്ന വലിയ കൂട്ടുകുടുംബത്തിലെ അംഗങ്ങളായ ഓരോ കുടുംബവും സമൂഹത്തിന്റെ ഭാഗമെന്നനിലയില്‍ പരസ്പരകൂട്ടായ്മയിലും, സ്‌നേഹത്തിലും, സഹകരണത്തിലും വര്‍ത്തിക്കുമ്പോള്‍ ആ സമൂഹത്തിനുമേല്‍ ദൈവകൃപ അനന്തമായി ലഭിക്കുമെന്നതിന് സംശയമില്ല.

പ്രോഗ്രാംകോര്‍ഡിനേറ്റര്‍ ബിജോയ് പാറക്കടവിലിന്റെ ആമുഖ വിവരണത്തെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ട്രസ്റ്റി സജി സെബാസ്റ്റ്യന്‍ എല്ലാവര്‍ക്കും സ്വാഗതമാശംസിച്ചു.

മാതാ ഡാന്‍സ് സ്കൂള്‍ ഡയറക്ടര്‍ ബേബി തടവനാല്‍ കോറിയോഗ്രഫി നിര്‍വഹിച്ച് എല്ലാ കുടുംബ യൂണിറ്റുകളില്‍ നിന്നും കുട്ടികള്‍ മുതല്‍ സീനിയര്‍ സിറ്റിസണ്‍സ് വരെയുള്ള കലാപ്രതിഭകളെ ഉള്‍പ്പെടുത്തി തോമാശ്ലീഹായുടെ പ്രമേയം ആമുഖ മ്യൂസിക്കല്‍ സ്കിറ്റായി രംഗത്തവതരിപ്പിച്ചത് വളരെ മനോഹരമായിരുന്നു.

ഇടവകയിലെ 12 കുടൂംബ യൂണിറ്റുകള്‍, എക്സ്റ്റണ്‍ കേന്ദ്രീകരിച്ച് പുതുതായി രൂപീകൃതമായ സെ. സെബാസ്റ്റ്യന്‍ മിഷന്‍, ഭക്തസംഘടനകള്‍, യുവജനകൂട്ടായ്മകള്‍, മരിയന്‍ മദേഴ്‌സ്, മതബോധനസ്കൂള്‍ എന്നിവ വിവിധ കലാപരിപാടികള്‍ മല്‍സരബുദ്ധ്യാ അവതരിപ്പിച്ചു.

സാന്ദ്രാ പോളിന്റെ കോറിയോഗ്രഫിയില്‍ സെ. ജോസഫിലെ കലാപ്രതിഭകളുടെ പ്രകടനവും, സെ. സെബാസ്റ്റ്യന്‍സിലെ കലാകാരന്മാêടെ മാര്‍ഗംകളിയും, ബേബി തടവനാലിന്റെ സംഗീത സംവിധാനത്തില്‍ സെ. ജൂഡിലെ കലാപ്രതിഭകള്‍ അവതരിപ്പിച്ച കല്യാണതലേന്ന് എന്ന ഫ്യൂഷന്‍ സ്കിറ്റും, എസ്. എം. സി. സി യും, സെ. വിന്‍സന്റ് ഡി പോളൂം സംയുക്തമായി അവതരിപ്പിച്ച കോമഡിസ്കിറ്റും, ചാവറ യൂണിറ്റിലെ കലാകാരികളുടെ വില്ലുപാട്ടും, സെ. ജോര്‍ജ് യൂണിറ്റിന്റെ കറുത്തമ്മയുടെ ദൃശ്യാവിഷ്കരണവും ഉന്നതനിലവാരം പുലര്‍ത്തി. മരിയന്‍ മദേഴ്‌സ് അവതരിപ്പിച്ച സാന്ത്വനം ലഘുനാടകവും, യുവജനവിഭാഗങ്ങളുടെ കിടിലന്‍ നൃത്തങ്ങളും സദസ്യര്‍ നന്നായി ആസ്വദിച്ചു.

സെ.ന്യൂമാന്‍, ബ്ലസഡ് കുഞ്ഞച്ചന്‍, സെ. തോമസ്, എക്സ്റ്റണ്‍ കുടൂംബ യൂണിറ്റുകളുടെ സമൂഹഗാനവും അമല്‍, ജാനീസ്, സുനില്‍ എന്നിവരുടെ ഗാനങ്ങളും, സാജു, പൂര്‍ണിമ യുഗ്മ ഗാനവും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

2018-2019 ലെ പ്രധാന സംഭവങ്ങള്‍ ചിത്രസഹായത്തോടെ കോര്‍ത്തിണക്കി ജോസ് തോമസ് സംഗീത മധുരമായി അവതരിപ്പിച്ച സ്ലൈഡ് ഷോ ഹൃദ്യമായിരുന്നു.

റാഫിള്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട രണ്ടു ഭാഗ്യവാന്മാര്‍ക്ക് ഡോ. ഷെറി ജോസ് സ്‌പോണ്‍സര്‍ ചെയ്ത 250 ഡോളര്‍ കാഷ് പ്രൈസ് വികാരി ഫാ. വിനോദ് മഠത്തിപ്പറമ്പിലും ഡോ. ഷെറിയും സമ്മാനിച്ചു.

ട്രസ്റ്റി ബിനു പോള്‍ ഫാമിലി നൈറ്റില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. മതാധ്യാപിക ജയിന്‍ സന്തോഷ് ആയിരുന്നു എം. സി.
ഫോട്ടോ: ജോസ് തോമസ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.