You are Here : Home / USA News

''മലയാളികളുടെ കുടിയേറ്റങ്ങളും സാമ്പത്തിക ഉയര്‍ച്ചയും'' - കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ പ്രബന്ധാവതരണവും ചര്‍ച്ചയും നടത്തി

Text Size  

Story Dated: Friday, May 03, 2019 12:44 hrs UTC

എ.സി. ജോര്‍ജ്ജ്
 
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ പ്രതിമാസ യോഗം ഏപ്രില്‍ 28-ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരള കിച്ചന്‍ റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് ഡോ. സണ്ണി എഴുമറ്റൂരിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. സമീപകാലത്തു നിര്യാതരായ കെ.എം. മാണി, ഡോ. ബാബു പോള്‍, തോമസ് മുളക്കല്‍, അരുണ്‍ ജോസഫ്, നാരായണന്‍കുട്ടി എന്നിവര്‍ക്ക് അനുശോചനവും പ്രണാമവും അര്‍പ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത്. കെ.എം. മാണിക്കുവേണ്ടി ഡോ. സണ്ണി എഴുമറ്റൂരും, ബാബു പോളിനുവേണ്ടി ജോസഫ് പൊന്നോലിയും, തോമസ് മുളക്കനുവേണ്ടി എ.സി. ജോര്‍ജ്ജും, അരുണ്‍ ജോസഫിനുവേണ്ടി മാത്യു മത്തായിയും, നാരായണന്‍കുട്ടിക്കുവേണ്ടി ജോണ്‍ മാത്യുവും അനുസ്മരണ പ്രസംഗങ്ങള്‍ നടത്തി.
 
     തുടര്‍ന്നുള്ള സാഹിത്യ-ഭാഷാ സമ്മേളനത്തില്‍ ജോണ്‍ കൂന്തറ മോഡറേറ്റരായിരുന്നു. മലയാളികളുടെ കുടിയേറ്റങ്ങളും സാമ്പത്തിക ഉയര്‍ച്ചയും എന്ന വിഷയത്തെ ആധാരമാക്കി ഡോ. മാത്യു വൈരമണ്‍ പ്രബന്ധമതവതരിപ്പിച്ചു. കൊച്ചു കേരളത്തിനകത്തു തന്നെ വിവിധ ഇടങ്ങളിലേക്ക് മലയാളികള്‍ കുടിയേറി. അതുപോലെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്കും, ഇന്ത്യക്കു വെളിയില്‍ വിദേശങ്ങളിലേക്കും മലയാളികള്‍ ധാരാളമായി കുടിയേറി. ഇന്നും അത്തരം കുടിയേറ്റങ്ങള്‍ നിര്‍ബാധം തുടരുന്നു. മിക്കവാറും എല്ലാ കുടിയേറ്റങ്ങളും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും സാമ്പത്തിക ഉന്നതിക്കും സുരക്ഷിതത്വത്തിനും വേണ്ടിയാണ്. അധികംപേരും കുടിയേറ്റത്തിലൂടെ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും സാമ്പത്തിക ഉയര്‍ച്ചയും നേടിയിട്ടുണ്ട്, നേടിക്കൊണ്ടിരിക്കുന്നു. കുടിയേറ്റം വഴി സാമ്പത്തിക പരാജയം ഏറ്റുവാങ്ങിയവര്‍ തുലോം പരിമിതമാണ്. കുടിയേറ്റത്തിലൂടെ പുതിയ സ്ഥലങ്ങളില്‍ എത്തപ്പെട്ട മലയാളികള്‍ സ്വയം സാമ്പത്തിക ഉയര്‍ച്ച കൈവരിച്ചതിനോടൊപ്പം അവരുടെ കുടിയേറ്റ ഭൂമിയിലും ജ•നാടായ കേരളത്തിനും അളവറ്റ സംഭാവനകള്‍ നല്‍കി. വിവിധ മേഖലകളില്‍ അവര്‍ക്കുണ്ടായ സാമ്പത്തികവും സാമൂഹ്യവും ആയ മേഖലകളില്‍ അവര്‍ കൈവരിച്ച നേട്ടങ്ങളെ സവിസ്തരം പ്രബന്ധാവതാരകന്‍ ചൂണ്ടിക്കാട്ടി. ഈ വിഷയത്തെ അധീകരിച്ച് സന്നിഹിതരായ ഓരോരുത്തരും അവരുടെ കുടിയേറ്റ ചരിത്രങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് ഹൃസ്വമായി സംസാരിച്ചു. 
 
തുടര്‍ന്ന് ''മത്സ്യ കന്യക'' എന്ന ശീര്‍ഷകത്തില്‍ ജോസഫ് തച്ചാറ എഴുതിയ കഥ അദ്ദേഹം തന്നെ വായിച്ചു. ഈ കഥയിലെ ഒരു കഥാപാത്രമായി കഥാരചയിതാവു കൂടി സാങ്കല്പികമായി മാറുകയാണ്. പ്രവാസിയായ കഥാകൃത്ത് സന്ദര്‍ശനത്തിനായി നാട്ടില്‍ ആധുനിക രീതിയില്‍ പണികഴിപ്പിച്ചിട്ട സ്വന്തം വീട്ടിലെത്തുന്നു. പുള്ളിക്കാരന്റെ നാട്ടിലെ സുഹൃത്തായ കോരയുമായി അദ്ദേഹം സന്ധിക്കുന്നു. കോരയുമായി നാട്ടിലെ ശബരിമല ഉള്‍പ്പെടെ പല വിഷയങ്ങളെപ്പറ്റിയും സംസാരിക്കാനും ചര്‍ച്ച ചെയ്യാനുമായി അവര്‍ കണ്ടെത്തിയ സ്ഥലം പറമ്പിലെ തുറസായ ഒരു കക്കൂസായിരുന്നു. രണ്ടുപേരും തുറസായ കക്കൂസിന്റെ കല്ലുകളില്‍ കുത്തിയിരുന്ന് വിസര്‍ജനം സാധിക്കുന്നതിനോടൊപ്പം ഏകാഗ്രമായി രാഷ്ട്രീയ സാമൂഹ്യ മതകാര്യങ്ങളെപ്പറ്റി സുദീര്‍ഘമായ ചര്‍ച്ചക്കു വെടിമരുന്നിട്ടു. വികസനത്തിന്റെ ഭാഗമായി നാടുനീളെ അനേകം തുറസും, അടപ്പുള്ളതുമായ കക്കൂസുകള്‍ നിര്‍മ്മിച്ച് നാടിനു നല്‍കുക എന്നത് ഭരിക്കുന്ന കക്ഷിയായ ബിജെപിയുടെ മുഖ്യ തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നല്ലോ. അതിപ്രാവശ്യം ബി.ജെ.പിക്ക് വോട്ടായി മാറുമോ എന്നതും രണ്ടുപേരുടേയും മലമൂത്രവിസര്‍ജനത്തിനിടയില്‍ ചൂടായ ചര്‍ച്ചക്കിടിയില്‍ പൊട്ടലും ചീറ്റലുമായി വെളിയില്‍ വന്നുകൊണ്ടിരുന്നു. ഓപ്പണ്‍ കക്കൂസില്‍ നിന്ന് കല്ലിനിടയിലൂടെ  കീഴെ തടാകത്തില്‍ വീണുകൊണ്ടിരുന്ന മലം തടാകത്തില്‍ വാലാട്ടി നുഴഞ്ഞുകൊണ്ട് മത്സ്യകന്യകകള്‍ ഇഷ്ടഭോജ്യമായി വെട്ടിവിഴുങ്ങിക്കൊണ്ടിരുന്നു. വീടിനുള്ളില്‍ ആധുനിക രീതിയില്‍ പണിതിട്ടുള്ള കക്കൂസില്‍ കയറി കുത്തിയിരുന്നു കാഷ്ടിച്ചാല്‍ തീര്‍ച്ചയായും ഇത്രയും വിരേചനസുഖവും തീപിടിച്ച ചര്‍ച്ചക്കും സൗകര്യം കിട്ടുകയില്ലായിരുന്നു. ഇ കഥാ വിഷയവും, കഥയിലെ ഗതിവിഗതികളും അല്പം നാറ്റക്കേസിലൂടെ വിവരിച്ചെങ്കിലും അവിടെ കൂടിയിരുന്നവര്‍ക്ക് ചര്‍ച്ച ചെയ്യാന്‍ അനേകം ആശയങ്ങള്‍ പകര്‍ന്നു കൊടുത്തു. ചര്‍ച്ചയില്‍ ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ പ്രഗത്ഭരായ ഡോ. സണ്ണി എഴുമറ്റൂര്‍, കുര്യന്‍ മ്യാലില്‍, ജോണ്‍ മാത്യു, എ.സി. ജോര്‍ജ്ജ്, മാത്യു മത്തായി, റവ. ഡോ. തോമസ് അമ്പലവേലില്‍, ബോബി മാത്യു, ജോസഫ് പൊന്നോലി, ജോണ്‍ തെമ്മന്‍, ജോണ്‍ കൂന്തറ, ഡോ. മാത്യു വൈരമണ്‍, ടോം വിരിപ്പന്‍, ജോസഫ് തച്ചാറ തുടങ്ങിയവര്‍ സജീവമായി പങ്കെടുത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.