You are Here : Home / USA News

മുള്ളര്‍ റിപ്പോര്‍ട്ടും ട്രമ്പിന്റെ ആദായനികുതി വിവരങ്ങളും ആയുധങ്ങളാക്കുവാന്‍ ഡെമോക്രാറ്റിക് നേതാക്കള്‍

Text Size  

Story Dated: Thursday, May 02, 2019 12:32 hrs UTC

ഏബ്രഹാം തോമസ്
 
2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായോ അന്വേഷണത്തിന് വിഘാതം സൃ്ഷ്ടിക്കുവാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് ശ്രമിച്ചുവോ എന്ന് അന്വേഷിച്ച സ്‌പെഷ്യല്‍ കൗണ്‍സല്‍ റോബര്‍ട്ട് മുള്ളറുടെ റിപ്പോര്‍ട്ടില്‍ ട്രമ്പിന്റെ പ്രചരണവിഭാഗം മനഃപൂര്‍വ്വം റഷ്യന്‍ അധികാരികളുമായി ഗൂഢാലോചന നടത്തിയില്ല, എന്നാല്‍ നീതി നിര്‍വഹണത്തിന് പ്രസിഡന്റ് വിഘാതം സൃഷ്ടിക്കുവാന്‍ പത്ത് തവണ ശ്രമിച്ചു എന്ന് കണ്ടെത്തിയിരുന്നു.
 
റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തില്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണം എന്ന ആവശ്യവുമായി ചില ഡെമോക്രാറ്റിക് കോണ്‍ഗ്രസംഗങ്ങള്‍ മുന്നോട്ട് വന്നു. ഇവരെ അനുനയിപ്പിക്കുവാന്‍ സ്പീക്കര്‍ നാന്‍സി പെലോസിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഈ വിഭാഗം ശക്തമായി ഇംപീച്ച്‌മെന്റ് ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. പെലോസി എല്ലാ ഡെമോക്രാറ്റിക് കമ്മിറ്റി ചെയറിനോടും തങ്ങളുടെ അജന്‍ഡകളുമായി മുന്നോട്ട് പോകാനും തല്‍ക്കാലം ഇംപീച്ച്‌മെന്റ് ഹിയറിംഗ് ആവശ്യപ്പെടരുതെന്നും നിര്‍ദ്ദേശിച്ചു.
 
വൈറ്റ് ഹൗസ് തങ്ങളുടെ അഭ്യര്‍ത്ഥന മാനിക്കുവാന്‍ കോണ്‍ഗ്രസിന് മുന്നില്‍ പല മാര്‍ഗങ്ങളുണ്ട്. ഒരു ലോസ്യൂട്ടിലൂടെ വൈറ്റ് അധികാരികള്‍ മൊഴി നല്‍കാനോ രേഖകള്‍ ഹാജരാക്കാനോ നിര്‍ബന്ധിക്കാം. അല്ലെങ്കില്‍ ഈ അധികാരികളെ കോണ്‍ഗ്രസ് അലക്ഷ്യത്തിന് ഫൈനോ, ജയില്‍ വാസമോ ശിക്ഷിക്കാം.
ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍ ആഡംഷിഫ് ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റിനോട് ബ്ലാക്ക് വാട്ടര്‍ സുരക്ഷാ സ്ഥാപനത്തിന്റെ സ്ഥാപകന്‍ എറിക് പ്രിന്‍സ് കമ്മിറ്റി മുമ്പാകെ 2017 ല്‍ വ്യാജമൊഴി നല്‍കിയതായി ആരോപിച്ചു. ഇത് ക്രിമിനല്‍ കുറ്റമാണെന്ന് ഷിഫ് ചൂണ്ടിക്കാട്ടി. റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുച്ചിനുമായി ബന്ധമുള്ള ഒരു റഷ്യക്കാരനുമായി സീഷെല്‍സ് ദ്വീപില്‍ നടത്തിയ കൂടിക്കാഴ്ച ആകസ്മികമായിരുന്നു എന്ന് പ്രിന്‍സ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ കൂടിക്കാഴ്ച നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചതായിരുന്നു എന്ന് ഷിഫ് പറഞ്ഞു.
 
്ട്രമ്പിന്റെ ട്രഷറി സെക്രട്ടറി പ്രസിഡന്റിന്റെ നികുതി വിവരങ്ങള്‍ കോണ്‍ഗ്രസിന് മുമ്പാകെ സമര്‍പ്പിക്കുവാന്‍ വിസമ്മതിച്ചു. അറ്റേണി ജനറല്‍ വില്യം ബാര്‍ നേരത്തെ നിശ്ചയിച്ചിരുന്നത് പോലെ ജുഡീഷ്യറി കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകില്ല. വൈറ്റ് ഹൗസ് കൗണ്‍സല്‍ ഡോണ്‍ മക്ഗാനോടും മറ്റ് അധികാരികളോടും കോണ്‍ഗ്രസിന് മുമ്പാകെ മൊഴി നല്‍കേണ്ട എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
 
ഇവയെല്ലാം ലെജിസ്ലേറ്റീവ് എക്‌സിക്യൂട്ടീവ് ബ്രാഞ്ചുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ സാധ്യതകള്‍ക്ക് നേരെയാണ് വിരല്‍ചൂണ്ടുന്നത്. വാട്ടര്‍ഗേറ്റിന് ശേഷം ഇതാദ്യമായാണ് ഒരു ഏറ്റുമുട്ടലിലേയ്ക്ക് സ്ഥിതിഗതികള്‍ നീങ്ങുന്നത്. ഇരുപക്ഷത്തും നിലപാട് മയപ്പെടുത്തുവാനുള്ള  സൂചനകളും ദൃശ്യമല്ല. ട്രമ്പ് പറയുന്നത് മുള്ളര്‍ അന്വേഷണം പൂര്‍ത്തിയാക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തതിനാല്‍ ഇനി ഒരു തുടരന്വേഷണം ആവശ്യമില്ലെന്നാണ്.
 
എന്നാല്‍ വൈറ്റ്ഹൗസിന് മേല്‍ മേല്‍നോട്ടം നടത്തേണ്ടത് തങ്ങളുടെ കര്‍ത്തവ്യമാണെന്നും അന്ത്യത്തില്‍ വിജയം തങ്ങളുടേതായിരിക്കുമെന്നും ഡെമോക്രാറ്റുകള്‍ പറയുന്നു.
 
കോടതിയില്‍ പോകാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഡെമോക്രാറ്റുകള്‍ പറയുന്നു. എന്നാല്‍ ഇത് പല വര്‍ഷങ്ങള്‍ നീളും. ട്രമ്പിന്റെ പ്രസിഡന്‍സി അതിനുള്ളില്‍ കഴിഞ്ഞിരിക്കും. അധികാരികള്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ക്ക് ശ്രമിച്ചാല്‍ ജനപ്രതിനിധി സഭയില്‍ വോട്ടിനിടേണ്ടിവരും. പിന്നീട് ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് അധികാരികളുടെ ശുപാര്‍ശയ്ക്ക് വിടും. ശുപാര്‍ശ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമാവാന്‍ സാധ്യതയില്ല.
ചില ഡെമോക്രാറ്റുകള്‍ ഹാജരാകാത്തവര്‍ക്ക് ഡെയ്‌ലി ഫൈനുകള്‍ ഏര്‍പ്പെടുത്തണമെന്നോ അല്ലെങ്കില്‍ ഏജന്‍സികളുടെ ഫണ്ടിംഗ് വെ്ട്ടിക്കുറയ്ക്കണമെന്നോ നിര്‍ദ്ദേശിക്കുന്നു. ഇതിന് രാഷ്ട്രീയമായി വലിയ വില നല്‍കേണ്ടിവരും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.