You are Here : Home / USA News

സോഷ്യലിസം അമേരിക്കയില്‍...? മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ചര്‍ച്ച നടത്തി

Text Size  

Story Dated: Wednesday, April 24, 2019 12:32 hrs UTC

മണ്ണിക്കരോട്ട്
 
 
 
 
 
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ 2019- ഏപ്രില്‍മാസ സമ്മേളനം 14-ാം തീയതി വൈകീട്ട് 4 മണിക്ക് സ്റ്റാഫറ്ഡിലെ ദേശി ഇന്ത്യന്‍ റസ്റ്റൊറന്റില്‍ നടത്തപ്പെട്ടു. സ്വാഗത പ്രസംഗത്തില്‍ മണ്ണിക്കരോട്ട് ഇന്‍ഡൊ-അമേരിക്കന്‍ പ്രസ് ക്ലബ്, മലയാളം സൊസൈറ്റി അമേരിക്കയില്‍ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവനകളെ അംഗീകരിച്ച് നല്‍കിയ ഫലകം സദസ്യര്‍ക്കായി അവതരിപ്പിച്ചു.
    
സമ്മേളനത്തില്‍ എസ്.ബി. കോളജ് ചങ്ങനാശ്ശേരിയില്‍നിന്ന് മലയാളം പ്രൊഫസറായി വിരമിച്ച ചെറിയാന്‍ ഫിലിപ്പായിരുന്നു മുഖ്യാതിഥി. അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന ജെയിംസ് മുട്ടുങ്കല്‍ പ്രൊഫസര്‍ ചെറിയാന്‍ ഫിലിപ്പിനേയും സഹധര്‍മ്മിണിയെയും സദസിനു പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ ആമുഖ പ്രസംഗത്തില്‍ അമേരിക്കയില്‍ എത്തിയശേഷം ഇങ്ങനെ ഒരു സാഹിത്യസമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം പ്രകടിപ്പിച്ചു. സമ്മേളനത്തിനുശേഷം ഉപസംഹാര പ്രസംഗത്തില്‍ അദ്ദേഹം ഇപ്പോള്‍ നാട്ടില്‍പോലും കേള്‍ക്കാന്‍ കഴിയാത്തവിധം ശുദ്ധമായ മലയാളത്തില്‍ സമ്മേളനങ്ങള്‍ നടത്തുകയും  അമേരിക്കയില്‍ ഭാഷ നിലിനിറുത്താന്‍ സഹായിക്കുന്നതിലും  അഭിമാനിക്കുന്നതായി അറിയിച്ചു. 
    
തുടര്‍ന്ന് നൈനാന്‍ മാത്തുള്ള മോഡറേറ്ററായി സമ്മേളനം ആരംഭിച്ചു. ആദ്യമായി, ജോണ്‍ കുന്തറ സോഷ്യലിസം അമേരിക്കയില്‍ വന്നാല്‍ എന്ന വിഷയത്തെ ആസ്പദമാക്കി പ്രബന്ധം അവതരിപ്പിച്ചു. അതിനുശേഷം ജോസഫ് തച്ചാറ നല്ലവെള്ളി എന്ന ചെറുകഥയും അവതരിപ്പിച്ചു. കുന്തറയുടെ പ്രഭാഷണത്തില്‍ ലോകത്ത് പല ഭാഗത്തും പരാജയപ്പെട്ട സോഷ്യലിസം അമേരിക്കന്‍ രാഷ്ട്രീയ രംഗത്ത് പല രൂപത്തിലും ഭാവത്തിലും തലപൊക്കുന്നുണ്ടോയെന്ന് ആശങ്ക പ്രകടിപ്പിച്ചു. ലിബറിലസത്തെ സോഷ്യലിസം ഹൈജാക്ക് ചെയ്യുന്നതുകൊണ്ട് പ്രോഗ്രസീവ് ലിബറിലിസം എന്ന പേരിലും പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. 
    
തുടര്‍ന്നുള്ള ചര്‍ച്ചയില്‍ എല്ലാവരും സജീവമായി പങ്കെടുത്തു. പ്രബന്ധത്തെക്കുറിച്ചുള്ള ചില വിയോജിപ്പുകള്‍ ടി.എന്‍. സാമുവലും ജോര്‍ജ് പുത്തന്‍കുരിശും എടുത്തുപറഞ്ഞു.  സോഷ്യലിസത്തില്‍നിന്നാണ് ക്യാപ്പിറ്റലിസത്തിന്റെ ഉത്ഭവമെന്നും അതിന്റെ ഭാഗമായ വിശാലമായ പൊതുനിരത്തുകള്‍, പാലങ്ങള്‍, സ്ക്കൂളുകള്‍, ഉയര്‍ന്ന നിലവാരമുള്ള യൂണിവെഴ്‌സിറ്റികള്‍ മുതലായ  വികസനങ്ങള്‍ ക്യാപ്പിറ്റലിസ്റ്റിക്ക് രാജ്യമായ അമേരിക്കയില്‍ കാണാന്‍ കഴിയും. ഇന്ന് അമേരിക്കയില്‍ കാണുന്ന ക്യാപ്പിറ്റലിസം സോഷ്യലിസവുമായി ഇഴചേര്‍ന്ന നേരിയ ക്യാപ്പിറ്റലിസമാണെന്നും സമര്‍ത്ഥിക്കുകയുണ്ടായി. അമേരിക്കയില്‍ പ്രസിഡന്റിന് നാലു വര്‍ഷം, കോണ്‍ഗ്രസ് അംഗത്തിന് രണ്ടുവര്‍ഷം, സെനറ്റര്‍ക്ക് ആറുവര്‍ഷം മുതലായ കാലാവധി ഒരു ഇസവും ആഴമായി കാലൂന്നാതിരിക്കത്തക്ക രീതിയില്‍ സംവിധാനം ചെയ്തിട്ടുള്ളതാണെന്ന് പുത്തന്‍കുരിശ് അഭിപ്രായപ്പെട്ടു. 
    
ജോസഫ് തച്ചാറയുടെ കഥയെക്കുറിച്ചുള്ള ചര്‍ച്ചയിലും എല്ലാവരും ക്രീയാത്മകമായി പങ്കുകൊണ്ടു. കഥയുടെ അവസാനം നിഗൂഡമായ ആശയം ഒളിപ്പിച്ചുവച്ച് പതിവുപോലെ തച്ചാറ വായനക്കാരില്‍ ചോദ്യങ്ങളുയര്‍ത്തി. പൊതുചര്‍ച്ചയില്‍ പൊന്നു പിള്ള, എ.സി. ജോര്‍ജ്, നൈനാന്‍ മാത്തുള്ള, ചാക്കൊ മുട്ടുങ്കല്‍, ടി. എന്‍. സാമുവല്‍, തോമസ് തയ്യില്‍, ടോം വിരിപ്പന്‍, തോമസ് വര്‍ഗ്ഗീസ്, കുരിയന്‍ പന്നപ്പാറ, മാത്യു പന്നപ്പാറ, ജോണ്‍ കുന്തറ, കുരിയന്‍ മ്യാലില്‍, ജോസഫ് തച്ചാറ, ജി. പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട് മുതലായവര്‍ പങ്കെടുത്തു. 
    
പൊന്നു പിള്ള ഏവര്‍ക്കും കൃതഞ്ജത രേഖപ്പെടുത്തി. അടുത്ത സമ്മേളനം മെയ് രണ്ടാം ഞായറാഴ്ച (മെയ് 12) നടക്കുന്നതാണ്. മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net),  ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950,  ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.