You are Here : Home / USA News

ഗാമ (ഗ്രേറ്റര്‍ ഓസ്റ്റിന്‍ മലയാളി അസോസിയേഷന്‍) പത്തു വര്‍ഷങ്ങളുടെ നിറവില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, November 26, 2014 09:50 hrs UTC

ടെക്‌സാസ്‌: ഗള്‍ഫ്‌ നാടുകളിലെ മലയാളി സമൂഹത്തെയാണ്‌ കേരളത്തിന്റെ പരിച്ഛേദം എന്ന്‌ വിശേഷിപ്പിച്ചിരുന്നത്‌. ഇപ്പോള്‍ പ്രമുഖ അമേരിക്കന്‍ പട്ടണങ്ങളിലും കൊച്ചു കേരളങ്ങള്‍ ദര്‍ശിക്കാന്‍ സാധിക്കും. അമേരിക്കയിലെ അതിവേഗം വികസിക്കുന്ന നഗരങ്ങളില്‍ പ്രമുഖ സ്ഥാനത്താണ്‌ ടെക്‌സാസ്‌ തലസ്ഥാനമായ ഓസ്റ്റിന്‍ . അതിവേഗം ഇവിടുത്തെ മലയാളി സമൂഹവും വികസിച്ചുകൊണ്ടിരിക്കുന്നു.ഓസ്റ്റിന്‍ പട്ടണത്തിലെ ബഹുസ്വര മലയാളി സമൂഹത്തിന്റെ കൂട്ടായ്‌മയാണ്‌ ഗാമ (Greater Austin Malayalee Association). ഏതാണ്ട്‌ നൂറോളം അംഗ സംഖ്യയോടെ ആരംഭിച്ച സംഘടനയില്‍ ഇന്ന്‌ ആയിരത്തിലധികം അംഗങ്ങള്‍ ഉണ്ട്‌. ഓസ്റ്റിന്‍ മലയാളികളുടെ കലാ സംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഗാമ വേദിയൊരുക്കി കൊടുക്കുന്നു. കേരളത്തിന്റെ ഉത്സവങ്ങള്‍ മലയാളത്തനിമയോടെ ഗാമയുടെ നേതൃത്വത്തില്‍ ആഘോഷിക്കപ്പെടുന്നു.

 

വളരുംതോറും പിളരും എന്ന മലയാളി തത്വശാസ്‌ത്രത്തിനു അപവാദമാണ്‌ ഗാമ. ചിട്ടയോടെയും സുതാര്യവുമായ പ്രവര്‍ത്തന ശൈലിയാണ്‌ ഈ കെട്ടുറപ്പിന്‍റെ രഹസ്യം എന്ന്‌ ഗാമയുടെ ഈ വര്‍ഷത്തെ പ്രസിഡണ്ട്‌ പി.ജി. റാം പറയുന്നു. വൈസ്‌ പ്രസിഡന്റ്‌ സണ്ണി തോമസ്സും, സെക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരിയും, ട്രഷറര്‍ രാകേഷ്‌ മേനോനും റാമിനോടൊപ്പം ഗാമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുന്നു. കലാ മേള, പിക്‌നിക്‌, ഓണാഘോഷം, കായിക വിനോദ മേള തുടങ്ങിയ പരിപാടികളോടൊപ്പം മാസത്തില്‍ ഒരു മലയാള സിനിമയെങ്കിലും പ്രദര്‍ശിപ്പിക്കുക എന്ന ദൗത്യം വിജയകരമായി നടപ്പാക്കാനായി എന്നത്‌ ഗാമയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന മികവിന്‍റെ ഉദാഹരണമാണ്‌. ഇക്കൊല്ലം ഗാമയുടെ രൂപീകരണത്തിന്റെ പത്താം വാര്‍ഷികമാണ്‌. വിപുലമായ പരിപാടികളോടെയാണ്‌ ഓസ്റ്റിന്‍ മലയാളികള്‍ ഗാമയുടെ പത്താം വാര്‍ഷികം ആഘോഷിച്ചത്‌. പത്താം വാര്‍ഷിക ആഘോഷ സമാപന സമ്മേളനം നിരവധി കലാ സാംസ്‌കാരിക പരിപാടികളോടെ ഡിസംബര്‍ ആറാം തീയതി ആഘോഷിക്കുകയാണ്‌. എല്ലാവരേയും പ്രസ്‌തുത പരിപാടിയിലേക്ക്‌ ഗാമ ഡയറക്ടര്‍ ബോര്‍ഡ്‌ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു. സിജോ വടക്കന്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.