You are Here : Home / USA News

ഫീനിക്‌സില്‍ വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ആഘോഷിച്ചു

Text Size  

Story Dated: Thursday, October 30, 2014 11:26 hrs UTC



ഫീനിക്‌സ്‌: സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട അധ:സ്ഥിത വര്‍ഗ്ഗത്തിന്റെ ഭൗതീകവും ആത്മീയവുമായ ഉന്നമനത്തിനുവേണ്ടി സ്വന്തം വൈദീക ജീവിതം ഉഴിഞ്ഞുവെച്ച വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ഫീനിക്‌സ്‌ ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി.

പ്രശസ്‌തരോടൊപ്പം പങ്കുചേരാനും, അപ്രശസ്‌തരെ അവഗണിക്കാനുമുള്ള മനുഷ്യരുടെ പൊതു പ്രവണത നിഷേധിച്ചുകൊണ്ടാണ്‌ പാര്‍ശ്വവത്‌കരിക്കപ്പെട്ട ദരിദ്രവര്‍ഗ്ഗത്തിന്റെ ആത്മീയ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ കുഞ്ഞച്ചന്‍ ഇറങ്ങിപ്പുറപ്പെട്ടത്‌. വ്യക്തിജീവിതത്തിലെ ത്യാഗങ്ങള്‍ പലപ്പോഴും ദൈവം പൊതു നന്മയ്‌ക്കായി ഉപയോഗിക്കാറുണ്ട്‌. രോഗബാധിതനായി സ്വന്തം ഇടവകയില്‍ പ്രവേശിച്ചപ്പോഴാണ്‌ പ്രദേശത്തെ താഴ്‌ന്ന ജനവിഭാഗങ്ങളുമായി ഇടപഴകുന്നതിന്‌ കുഞ്ഞച്ചന്‌ അവസരം ലഭിച്ചത്‌. ഇത്‌ കുഞ്ഞച്ചന്റേയും കേരള ക്രൈസ്‌തവ സമൂഹത്തിന്റേയും പ്രേഷിത പ്രവര്‍ത്തന രംഗത്ത്‌ ഒരു വഴിത്തിരിവായി മാറി. സമ്പത്തിലും പ്രൗഢിയിലും മതിമയങ്ങിപ്പോകുന്ന പുതിയ തലമുറ വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ ജീവിതം മാതൃകയായി സ്വീകരിച്ച്‌ ക്രൈസ്‌തവോചിതമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശക്തിമായി ഇടപെടണമെന്ന്‌ തിരുനാള്‍ സന്ദേശം നല്‍കിയ വികാരി ഫാ മാത്യു മുഞ്ഞനാട്ട്‌ അഭിപ്രായപ്പെട്ടു.

പൊന്നിന്‍ കുരിശുകളും, മുത്തുക്കുടകളുമായി ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വാഴത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട്‌ നടന്ന പ്രദക്ഷിണം പരമ്പരാഗത ക്രൈസ്‌തവാചാരങ്ങളുടെ ആത്മീയ ഗൃഹാതുരത്വം ഉണര്‍ത്തുന്നതായി. തിരുശേഷിപ്പ്‌ വണങ്ങല്‍, നേര്‍ച്ച വിളമ്പ്‌ എന്നിവയിലും വിശ്വാസികള്‍ ഭക്തിപൂര്‍വ്വം പങ്കെടുത്തു. തിരുനാളിന്റെ ഭാഗമായി സ്‌നേഹവിരുന്നും സംഘടിപ്പിച്ചിരുന്നു. വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ നാമത്തിലുള്ള വാര്‍ഡ്‌ കൂട്ടായ്‌മയാണ്‌ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തിയത്‌. വാര്‍ഡ്‌ പ്രതിനിധി ജോഫി ജോയി വലിയപറമ്പില്‍, ട്രസ്റ്റി അശോക്‌ പാട്രിക്‌ എന്നിവര്‍ പരിപാടികള്‍ക്ക്‌ മുഖ്യ നേതൃത്വം നല്‍കി. മാത്യു ജോസ്‌ കുര്യംപറമ്പില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.