You are Here : Home / USA News

കുടുംബം- നവസുവിശേഷ വത്‌കരണത്തിന്റെ പ്രഥമവും പ്രധാനവുമായ വേദി: മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 19, 2013 10:40 hrs UTC

ഷിക്കാഗോ: വിശ്വാസവര്‍ഷാചരണത്തിന്റെ ഭാഗമായി സാര്‍വ്വത്രിക സഭയില്‍ നടന്നുവരുന്ന നവ സുവിശേഷവത്‌കരണത്തിന്റെ പ്രഥമവും പ്രധാനവുമായ വേദി കുടുംബമാണെന്ന്‌ ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. നവ സുവിശേഷവത്‌കരണം എന്നതുകൊണ്ട്‌ എന്താണ്‌ അര്‍ത്ഥമാക്കുന്നതെന്നും അതില്‍ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള പ്രധാന്യം എന്തെന്നും വ്യക്തമാക്കിക്കൊണ്ട്‌ തന്റെ രൂപതയിലെ ഇടവകകളിലും മിഷനുകളിലും വായിക്കുവാനായി നല്‍കിയ ഇടയലേഖനത്തില്‍ അഭിവന്ദ്യ പിതാവ്‌ ഇപ്രകാരം എഴുതി. ഈശോമിശിഹ ആകുന്ന സുവിശേഷം ജീവിക്കുന്നതിലും പ്രഘോഷിക്കുന്നതിലും സഭ അഭിമുഖീകരിക്കുന്ന വ്യത്യസ്‌തങ്ങളായ സാഹചര്യങ്ങളേയും വെല്ലുവിളികളേയും അതിജീവിക്കുവാനും സുവിശേഷവത്‌കരണ രംഗത്ത്‌ പുതിയ വഴികള്‍ രൂപപ്പെടുത്തിയെടുക്കാനുമുള്ള അഭിനിവേശമാണ്‌ നവ സുവിശേഷവത്‌കരണം എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌. ഈശോമിശിഹായ്‌ക്ക്‌ അനുദിന ജീവിതത്തില്‍ സാക്ഷ്യംവഹിക്കുവാന്‍ ഓരോ വ്യക്തികള്‍ക്കുമുള്ള ഗൗരവമേറിയ ഉത്തരവാദിത്വം നിര്‍വഹിക്കാനാകണമെങ്കില്‍ പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ സഭാംഗങ്ങളെല്ലാവരും നവോന്മേഷരാകണം. ജീവിതത്തിന്റെ നാനാതുറകളില്‍ ജീവിക്കുന്ന ഓരോ ക്രിസ്‌ത്യാനിയും `മിഷണറി' ആയിരിക്കുക എന്ന ദൗത്യത്തിന്‌ വിളിക്കപ്പെട്ടവരും അത്‌ പൂര്‍ത്തിയാക്കാന്‍ കടപ്പെട്ടവരുമാണ്‌.

 

 

 

എല്ലാ മിഷണറിമാരുടേയും ആദ്യ സെമിനാരി കുടുംബമാണ്‌. പ്രാര്‍ത്ഥിക്കാനും സ്‌നേഹിക്കാനും ശുശ്രൂഷിക്കാനും മറ്റുള്ളവര്‍ക്ക്‌ സന്തോഷം നല്‍കാനും നാം അഭ്യസിക്കുന്നത്‌ കുടുംബത്തില്‍ നിന്നാണ്‌. ഈവിധത്തില്‍ മാതാപിതാക്കള്‍ മക്കള്‍ക്ക്‌ രൂപീകരണം നല്‍കുമ്പോള്‍ അവര്‍ ക്രിസ്‌തുവിന്റെ മിഷണറിമാരായിത്തീരുന്നു. മാതാപിതാക്കന്മാരില്‍ നിന്നാണ്‌ മക്കള്‍ ആദ്യമായി ഈശോയെക്കുറിച്ചും അവിടുത്തെ സഭയെക്കുറിച്ചും കേള്‍ക്കുന്നതും പഠിക്കുന്നതും. മാതാപിതാക്കളുടെ പ്രാര്‍ത്ഥനാജീവിതം കണ്ടാണ്‌ മക്കള്‍ പ്രാര്‍ത്ഥിക്കാന്‍ പഠിക്കുന്നത്‌. അവരുടെ സ്‌നേഹത്തിലധിഷ്‌ഠിതമായ ജീവിതത്തില്‍ നിന്നാണ്‌ കുഞ്ഞുങ്ങള്‍ ദൈവസ്‌നേഹം അനുഭവിച്ചറിയേണ്ടത്‌. മാതാപിതാക്കള്‍ക്ക്‌ മറ്റുള്ളവരോടുള്ള കരുതലും സേവന മനോഭാവവും കണ്ടുകൊണ്ടാണ്‌ കുട്ടികള്‍ സഹോദര സ്‌നേഹത്തിന്റെ അനുഭവത്തിലേക്ക്‌ വളരുന്നത്‌. അതുകൊണ്ട്‌ മാതാപിതാക്കളുടെ വാക്കും പ്രവൃത്തിയും കുഞ്ഞുങ്ങളുടെ ജീവിതത്തില്‍ വ്യത്യസ്‌തമായ രീതികളില്‍ പ്രതിഫലിക്കുന്നു എന്ന സത്യം തിരിച്ചറിഞ്ഞ്‌ എല്ലാവിധത്തിലും മാതൃകകളായിരിക്കുവാന്‍ അവര്‍ക്ക്‌ സാധിക്കേണ്ടതുണ്ട്‌. ഉത്തമമായ കുടുംബ ജീവിതത്തിലേക്കും പൗരോഹിത്യ സന്യാസ ജീവിതത്തിലേക്കും പ്രവേശിക്കുവാന്‍ കുഞ്ഞുങ്ങള്‍ക്ക്‌ മാതാപിതാക്കളുടെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന ഏറെ ആവശ്യവുമാണെന്ന സത്യം ആര്‍ക്കും നിഷേധിക്കാനാവില്ല. വ്യക്തിപരമായും കുടുംബത്തിലും നാം നടത്തുന്ന പ്രാര്‍ത്ഥനകളും ഞായറാഴ്‌ചകളിലും മറ്റ്‌ ദിവസങ്ങളിലും വിശുദ്ധ കുര്‍ബാനയിലുള്ള ഭാഗഭാഗിത്വവും നമ്മുടെ വിശ്വാസ ജീവിതത്തേയും പ്രേഷിതതീഷ്‌ണതയേയും ശക്തിപ്പെടുത്തുകയും, കുടുംബജീവിതത്തെ അനുഗ്രഹപൂര്‍ണ്ണമാക്കുകയും ചെയ്യും. ഇവയില്‍ നാം താത്‌പര്യക്കുറവും ഉദാസീനതയും പുലര്‍ത്തുമ്പോള്‍ നമ്മുടെ വിശ്വാസം നിര്‍ജീവവും ഫലശൂന്യവുമായി തീരും എന്ന സത്യം നാം വിസ്‌മരിക്കരുതെന്നും പിതാവ്‌ ഓര്‍മ്മിപ്പിച്ചു. ചാന്‍സലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ അറിയിച്ചതാണിത്‌.