You are Here : Home / USA News

സെന്റ്‌ പോള്‍സ്‌ യുവജന സഖ്യാംഗങ്ങളുടെ മൂന്നു ദിവസത്തെ ഉല്ലാസ യാത്ര (ഒരു യാത്ര വിവരണം)

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Monday, September 08, 2014 06:38 hrs UTC

 
ഒരു യാത്ര എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ വെറും ഒരു സ്ഥലം സന്ദര്‍ശിക്കുകയല്ല മറിച്ച്‌ ഒരു കൂട്ടായ്‌മ ആണ്‌. പ്രത്യേകിച്ചു പള്ളികളില്‍ നിന്നുമുള്ള ഉല്ലാസവേളകള്‍ മനുഷ്യമനസ്സുകളില്‍ ആത്‌മീകതയുടെ ചൈതന്യം ഉള്‍കൊള്ളാനുള്ള അവസരങ്ങളായി മാറും. ഡാലസ്‌ സെന്റ്‌ പോള്‍സ്‌ യുവജന സഖ്യാംഗങ്ങളുടെ 56 പേര്‍ അടങ്ങുന്ന കൊച്ചു ടീം ആണ്‌ ഡാലസില്‍ നിന്നും മിസോറിയിലെ ബ്രാന്‍സണ്‍ സിറ്റിയിലേക്ക്‌ യാത്ര പുറപ്പെട്ടത്‌.ഓഗസ്റ്റ്‌ 29 മുതല്‍ മൂന്നു ദിവസം ജീവിതത്തിലെ എല്ലാ തിരക്കുകളും മാറ്റി വച്ചു ബസിലേക്ക്‌ കയറുമ്പോള്‍ എല്ലാരുടെയും മുഖത്ത്‌ സന്തോഷം തിരതല്ലുന്നത്‌ എനിക്ക്‌ കാണാന്‍ കഴിഞ്ഞിരുന്നു. കൈകുഞ്ഞുങ്ങളുമായി ബസില്‍ കയറിയ യുവ ദമ്പതികള്‍ക്ക്‌ കുട്ടികളുമായ മൂന്നു ദിവസത്തെ യാത്ര എങ്ങനെയാകുമെന്നുള്ള ചിന്ത അവരെ അലട്ടിയിരുന്നു. 
 
പ്രാര്‍ത്ഥനയോടു കൂടി തുടക്കം കുറിച്ച മിസോറിയിലേക്കുള്ള ബസ്‌ യാത്ര അങ്ങേയറ്റം ആനന്ദത്തിന്റെയും, കൊച്ചു കൊച്ചു തമാശകളുടെയും മണിക്കൂറുകളായിരുന്നു. സാറാ ടീച്ചറിന്റെയും,അനൂപയുടെയും നേതൃത്വത്തില്‍ രണ്ടു ടീമായി നടത്തിയ ആത്മീക ഗാന മത്സരങ്ങളും, ബാബു സൈമോണ്‍, അലക്‌സ്‌, സാം കോശി, സണ്ണി, സന്തോഷ്‌, ബിജി പാപ്പച്ചന്‍, നിഷ ബിന്‍സെന്റ്‌, വിനോദ്‌ ചെറിയാന്‍ തുടങ്ങിയവ തുടങ്ങി വെച്ച ചൂടേറിയ ചര്‍ച്ചകളും ബസ്‌ യാത്രാവേളയില്‍ അരങ്ങേറിയപ്പോള്‍ 8 മണികൂറുകള്‍ താണ്ടി ബസ്‌ മിസോറിയിലെ ബ്രാന്‍സണ്‍ സിറ്റിയില്‍ എത്തിയത്‌ അറിഞ്ഞതേയില്ല. വെള്ളിയാഴ്‌ച രാത്രയില്‍ മിസോറിയില്‍ എത്തിയ സെന്റ്‌ പോള്‍സ്‌ യുവജന സംഘം റെമഡാ ഹോട്ടലില്‍ വിശ്രമിച്ചു. ശനിയാഴ്‌ച കാലത്ത്‌ പ്രഭാത പ്രാര്‍ത്ഥനയും, ബ്രേക്ക്‌ ഫസ്റ്റും കഴിഞ്ഞു 9 മണിക്ക്‌ മിസോറിയിലെ മനോഹാരിതകള്‍ കാണുവാനായി പുറപ്പെട്ടു.
 
വളരെ അടുക്കും ചിട്ടയോടും കൂടി സമയ പരിമിതിക്കുള്ളില്‍ ഓരോ ഷോയും, കാഴ്‌ചകളും കാണുവാന്‍ വേണ്ടി ക്രമപ്പെടുത്തിയ സെന്റ്‌ പോള്‌സ്‌്‌ സഖ്യം സംഘാടകരായ വിനോദ്‌ ചെറിയാന്‍, സിബു ജോസഫ്‌ എന്നിവരുടെ സംഘടന പാടവം വളരെ അധികം അഭിനന്ദനം അര്‍ഹിക്കുന്നതായിരുന്നു.
 
വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ലോക ജനതയെ ഞടുക്കിയ ടൈറ്റാനിക്ക്‌ ദുരന്തത്തിന്റെ വിവരങ്ങളും, കപ്പലില്‍ നിന്നു ലഭിച്ച വസ്‌തുകള്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കലണ്ടറുകളും നാണയങ്ങളും അതില്‍ യാത്ര ചെയ്‌തിരുന്നവരുടെ ഫോട്ടോയും വിവരണങ്ങളും ഉള്‍പ്പെടുത്തി നിര്‍മ്മിക്കപ്പെട്ട ടൈറ്റാനിക്ക്‌ മ്യൂസിയം സന്ദര്‍ശിച്ചപ്പോള്‍ സംഘത്തിലുണ്ടായിരുന്ന ഓരോരുത്തര്‍ക്കും അനുഭവപ്പെട്ട ഹൃദയ സ്‌പര്‍ശിയായ ചിന്തകള്‍ യാത്രയില്‍ പങ്കിട്ടു. 
 
1912 ഏപ്രില്‍ 14നാണ്‌ 2,224 യാത്രക്കാരുമായി ഇംഗ്ലണ്ടിലെ സതാംപ്‌റ്റണില്‍ നിന്നും ടൈറ്റാനിക്ക്‌ യാത്ര തിരിച്ചത്‌. മറക്കാനാവുമോ ആ ദുരന്തം ഒമ്പതുനില കെട്ടിടത്തിന്റെ ഉയരവും മൂന്നു ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ വിസ്‌തൃതിയുമായി കടലിലെ രാജകൊട്ടരമെന്നു വിശേഷിപ്പിച്ച ടൈറ്റാനിക്ക്‌ നിര്‍മിച്ചത്‌ ഫര്‍ലോന്‍സ്‌ ആന്‌ഡ്‌ റൂള്‍ഫ്‌ കമ്പനിയാണ്‌. ദൈവത്തിന്‌ പോലും തകര്‍ക്കാന്‍ പറ്റാത്തതാണ്‌ ടൈറ്റാനിക്കെന്ന വിശ്വാസം അറ്റ്‌ലാന്റിക്കിലെ ഒരുമഞ്ഞുമലയില്‍ തട്ടിയതോടെ അവസാനിച്ചു. ഏപ്രില്‍ 14 രാത്രി 11.40നാണ്‌ ദുരന്തമുണ്ടായത്‌. പുലര്‍ച്ചെ 2.20ന്‌ 1,514 യാത്രികരുമായി ടൈറ്റാനിക്ക്‌ അറ്റ്‌ലാന്റിക്കിന്റെ അഗാധതയിലേക്കുള്ള അതിന്റെ അന്ത്യയാത്ര പൂര്‍ത്തിയാക്കി. ലോകം ഇന്നും നടുക്കത്തോടെ മാത്രം ഓര്‍ക്കുന്ന ദുരന്തത്തില്‍ നിന്ന്‌ 710പേര്‍ മാത്രമാണ്‌ രക്ഷപ്പെട്ടത്‌. കപ്പല്‍ തകരില്ലെന്ന വിശ്വാസത്തില്‍ ആവശ്യത്തിന്‌ ലൈഫ്‌ ബോട്ടുകള്‍ കരുതാതിരുന്നതും അറ്റ്‌ലാന്റിക്കിലെ അതിശൈത്യവുമാണ്‌ മരണസംഖ്യ ഇത്രയധികം ഉയരാനിടയാക്കിയത്‌. അശ്രദ്ധയ്‌ക്കൊപ്പം മനുഷ്യന്റെ അഹന്തയാണ്‌ ലോകത്തേറ്റവും വലിയ കപ്പല്‍ ദുരന്തത്തിന്‌ ഇടയാക്കിയതെന്ന്‌ പിന്നീട്‌ നടന്ന അന്വേഷണങ്ങളിലൂടെ വ്യക്തമായി. മറ്റു കപ്പലുകളുടെ മുന്നറിയിപ്പ്‌ അവഗണിച്ച്‌ അമിത വേഗതയില്‍ കുതിച്ചതാണ്‌ സ്വര്‍ഗ്ഗസമാനമായ കപ്പലിന്റെ അന്ത്യവിധിയെഴുതിയത്‌. 
 
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയിലുണ്ടായ ദുരന്തം മനുഷ്യരാശിയ്‌ക്ക്‌ വലിയൊരു ഞെട്ടലാണ്‌ സമ്മാനിച്ചത്‌. എന്തിനെയും കീഴടക്കാമെന്ന അഹന്തയ്‌ക്ക്‌ വിരാമമിടാനും, ദൈവ ശക്തിയില്‍ ആശ്രയിച്ചു ജീവിക്കാനുള്ള തലമുറയോടുള്ള ആഹ്വാനമായി ഓരോ ദുരന്തങ്ങളും കാണണമെന്നുള്ള സന്ദേശം ഉള്‍കൊള്ളുവാനുള്ള യാത്രാവേളയില്‍ ഒരുരുത്തരുടേയും ചിന്തകള്‍ക്ക്‌ അടിവരയിട്ടു അവസാനിപ്പിച്ചു. 
 
ലോക പ്രസിദ്ധമായ യോന ഡ്രാമ ഷോ കാണുവാന്‍ വേണ്ടി ഞങ്ങള്‍ പോയി. നേരത്തെ ബുക്ക്‌ ചെയ്‌തത്‌ കൊണ്ട്‌ നീണ്ട ക്യൂവില്‍ നിന്നും രക്ഷപെട്ടു.അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ നൂറു കണക്കിന്‌ ആള്‍ക്കാരുടെ തിരക്ക്‌ നേരില്‍ കാണാന്‍ സാധിച്ചു.
 
നോഹ്‌സ്‌ അസീറിയന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന നിനവേ നഗരത്തിന്റെ നാശം പ്രവചിക്കാന്‍ ദൈവത്താല്‍ നിയുക്തനായ യോനാ പ്രവാചകന്റെ കഥയാണ്‌ ഈ ഡ്രാമയുടെ ഉള്ളടക്കം. പ്രവാചകനിലൂടെ വെളിപ്പെടുന്ന ദൈവിക അരുളപ്പാടുകള്‍ക്ക്‌ പകരം പ്രവാചകന്റെ ആന്തരസഘര്‍ഷങ്ങളുടേയും, ദൈവവും പ്രവാചകനുമായുള്ള ബന്ധത്തിന്റേയും കഥ അടങ്ങുന്ന ഈ ഡ്രാമ കാണികളായ ഡാലസില്‍ നിന്നും എത്തിയ സെന്റ്‌ പോള്‍സ്‌ ഗ്രൂപിന്‌ വളരെ പുതുമയുള്ളതയിരുന്നു. സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്ക്‌ കഥകളായി പഠിച്ചതായ യോനാ പ്രവാചകന്റെ ജീവിതം യാഥാര്‍ഥ്യമായി അനുഭവപ്പെട്ടു.
 
നിനവേ നഗരത്തിലെ നിവാസികളോട്‌, അവരുടെ പാപത്തേയും അതുമൂലം വരാനിരിക്കുന്ന ദൈവശിക്ഷയേയും കുറിച്ച്‌ പ്രസംഗിക്കാന്‍ യഹോവ പ്രവാചകനോട്‌ ആവശ്യപ്പെടുന്നതും, ഈ നിയുക്തിയിന്‍ നിന്നു രക്ഷപെടാമെന്നു കരുതിയ യോനാ തിരശിലേക്കു ഒളിച്ചോടുന്നതും അതി മനോഹരമായി കാണികള്‍ക്കു അഭിനയിച്ചു കാട്ടി. 
 
ദൈവത്തില്‍ നിന്ന്‌ ഒളിച്ചോടുന്ന ആ യാത്രക്കാരന്‍ മൂലം കപ്പല്‍ കൊടുങ്കാറ്റില്‍ പെടുകയും,കപ്പലിനെ നിയന്ത്രിക്കാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥനയും മറ്റു ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍, ഏതു യാത്രക്കാരന്‍ മൂലമാണ്‌ ഈ ആപത്തു വന്നതെന്നറിയാന്‍ നാവികന്‍ നറുക്കെടുക്കുന്നതും, യോനായുടെ പേരില്‍ നറുക്കു വീണപ്പോള്‍, തന്റെ സത്യാവസ്ഥ നാവികരോടു തുറന്നു പറഞ്ഞ അയാള്‍ തന്നെ കടലിലെറിഞ്ഞ്‌ കപ്പലിനെ രക്ഷിക്കാന്‍ അവരോടാവശ്യപ്പെടുന്നതുമായ ഡ്രാമയിലെ രംഗങ്ങള്‍ കാണികള്‍ക്ക്‌ സംഭവം നേരില്‍ കാണുന്ന അനുഭൂതിയായിരുന്നു.
 
കടലില്‍ പതിച്ച യോനായെ വിഴുങ്ങാന്‍ യഹോവ ഒരു കൂറ്റന്‍ മത്സ്യത്തെ അയയ്‌ക്കുകയും, അദ്ദേഹം മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ ഉദരത്തില്‍ കഴിയുന്നതും, ഒടുവില്‍ മത്സ്യം യോനായെ വരണ്ട ഭൂമിയില്‍ ഛര്‍ദ്ദിക്കുന്നതുമായ വൈകാര പൂര്‍ണമായ രംഗങ്ങള്‍ കാണികളുടെ മനസ്സുകളെ ഇളക്കി മറിച്ചു. ക്ഷോഭജനകമായ സംഭവങ്ങളുടെ പരമ്പരയും, വൈവിധ്യമായ സ്വഭാവങ്ങളുടെ രംഗങ്ങളും സൃഷ്ടിച്ച അഭിനേതാക്കളുടെ അഭിനയ വൈദഗ്‌ദ്ധ്യം നമ്മള്‍ നേരില്‍ കണ്ടാല്‍ മാത്രമേ മനസിലാക്കാന്‍ കഴിയൂ. 
 
ഞായറാഴ്‌ച കാലത്ത്‌ പ്രഭാത ഭക്ഷണത്തിനു ശേഷം ആരാധനക്ക്‌ വേണ്ടി സഖ്യംഗങ്ങള്‍ ഒന്നിച്ചു കൂടി. പാട്ടുകള്‍ പാടി ദൈവത്തെ മഹത്വപെടുത്തുകയും, മധ്യസ്ഥ പ്രാര്‍ത്ഥനക്കുശേഷം തിരു വചനഘോഷണം നടത്തുകയും ചെയ്‌തു. 
 
10 വയസ്സുകാരനായ യോഥന്‍ തനി മലയാളഭാഷയില്‍ നടത്തിയ വചന ഘോഷണം കേള്വികക്കാരായ ഞങ്ങളെ അത്ഭുതപ്പെടുത്തി.വചന കേഴ്‌വിയിലൂടെ ദൈവ സ്‌നേഹത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ട സഖ്യാംഗങ്ങള്‍ ആരാധനക്ക്‌ ശേഷം വീണ്ടും മിസോറിയിലെ കാഴ്‌ചകള്‍ നേരില്‍ കാണുവാനായി റൈഡ്‌ ദി ഡക്‌സ്‌ല്‍ നഗര പ്രദിക്ഷണം നടത്തി. മനസ്സിനു കുളിര്‌മഖയേറിയ പല പല കാഴ്‌ചകളും, അനുഭവങ്ങളും ഏറി തന്ന മിസോറി ട്രിപ്പ്‌ തിരക്കേറിയ ജീവിതത്തിലെ മൂന്നു നല്ല ദിവസങ്ങളായി ഞങ്ങള്‌ക്കെല്ലാം അനുഭവപ്പെട്ടു. ഏതായാലും ടൂര്‍ ഗംഭീരം ആയി. ഈ അവസരത്തില്‍ ഞാന്‍ ഈ യാത്ര മിസ്സ്‌ ആയവരെ ഓര്‌ത്തുപ പോവുകയാണ്‌.അവര്‌ക്ക്‌ മിസ്സ്‌ ആയത്‌ വെറും ഒരു യാത്ര അല്ല, ഒരു കൂട്ടായ്‌മയാണ്‌, അനുഭവമാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.