You are Here : Home / USA News

ഇന്ത്യന്‍ വംശജരില്‍ പ്രോസ്റ്റേറ്റ്, ബ്രെസ്റ്റ് കാന്‍സര്‍ നിരക്ക് കൂടുന്നു: ഡോ. എം. വി. പിള്ള

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, August 09, 2014 11:44 hrs UTC


ഡാലസ് . അമേരിക്കയിലെ കുടിയേറ്റ ഇന്ത്യക്കാരില്‍ പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് കാന്‍സറും  സ്ത്രീകളില്‍ ബ്രെസ്റ്റ് കാന്‍സറും വര്‍ദ്ധിച്ചു വരുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അമേരിക്കയിലെ കാന്‍സര്‍ നിരക്ക് ഒരു ലക്ഷത്തിന് 473 പേര്‍ക്ക് എന്നതാണ്.  കേരളത്തില്‍  ഇത് 140  ആണ്. നാം ജീവിക്കുന്ന പരിസ്ഥിതി, ജീവിത സാഹചര്യങ്ങള്‍, ഭക്ഷണരീതി എന്നിവയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്ന് അമേരിക്കയിലെ കാന്‍സര്‍ ഗവേഷകനും ഓങ്കോളജി  പ്രൊഫസറും പ്രഭാഷകനുമായ  ഡോ. എം. വി. പിള്ള പറഞ്ഞു.

കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെയും  ഇന്ത്യാ കള്‍ച്ചറല്‍ എഡ്യുക്കേഷന്‍ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച  സീനിയര്‍ ഫോറം പരിപാടിയില്‍  സെമിനാറില്‍  പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയിലെ ഏജിങ് മലയാളി പോപ്പുലേഷന്‍ - കാന്‍സറിന്റെ  കാരണ നീവാരണങ്ങള്‍,  ചികിത്സാരീതികള്‍  എന്നീ വിഷയങ്ങളിലായിരുന്നു ഡോ. എം. വി. പിള്ള  വിജ്ഞാനപ്രദമായ ക്ലാസുകള്‍ നയിച്ചത്.

അമേരിക്കയിലെ പ്രതിവര്‍ഷ കാന്‍സര്‍ മരണ നിരക്ക് കഴിഞ്ഞ പത്തു വര്‍ഷമായി ഒന്നര ശതമാനം വീതം കുറയുന്നുണ്ട്. ഈ  നേട്ടം ഇന്ത്യയില്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല.  

കാന്‍സറിന്റെ കൃത്യമായ കാരണങ്ങള്‍ ഇന്നും അജ്ഞാതമായി തുടരുന്നു. എങ്കിലും  കാന്‍സറിന്റെ  ബാഹ്യമായ കാരണങ്ങളും ആന്തരികമായ കാരണങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. പലപ്പോഴും  ഇതിന്റെ രണ്ടിന്റെയും സങ്കലനവും കാന്‍സറിലേക്ക് നയിക്കാം. ബാഹ്യകാരണങ്ങള്‍ - പുകവലി, മദ്യപാനം, രാസപദാര്‍ഥങ്ങള്‍, റേഡിയേഷന്‍, അമിതവണ്ണം, വ്യായാമ രാഹിത്യം എന്നിവയാണ്. 32 ശതമാനം  കാന്‍സര്‍  പുകവലി ഉപയോഗം മൂലവും 32 ശതമാനം കാന്‍സര്‍ ദുര്‍മേദസുമായും ബന്ധപ്പെട്ടിരിക്കുന്നതായി അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ പഠനങ്ങള്‍ ചൂണ്ടി കാട്ടുന്നു.  2014 ലെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് മിതമായ മദ്യപാനം പോലും കാന്‍സറിനു പ്രേരകമാകാം എന്നാണ്.

ആന്തരിക കാരണമാകട്ടെ, ഡിഎന്‍എയുടെ തകരാറില്‍ തുടങ്ങുന്നു. എല്ലാ കാന്‍സറുകളുടെയും ആരംഭം ഡിഎന്‍എയു ടെ അക്ഷരതെറ്റുകളില്‍ കൂടിയാണ്.  നമ്മുടെ ജീനിലടങ്ങിയിരിക്കുന്ന രാസപദാര്‍ഥമാണ് കോശങ്ങളെ വികസിപ്പിക്കുവാനും, വിഭജിക്കാനും കേടുപാടുവന്നവയെ നശിപ്പിക്കുവാനും ഡിഎന്‍എ സഹായിക്കുന്നു.  ’ചൊല്ലികൊട്, നുള്ളിക്കൊട്, തള്ളിക്കള’ എന്ന പ്രമാണം  തന്നെയാണ് ഡിഎന്‍എയ്ക്കും. കേടാകുന്ന കോശത്തെ ഡിഎന്‍എ തന്നെ റിപ്പയര്‍ ചെയ്യുകയോ നശിപ്പിക്കുകയോ ചെയ്യും. ഈ ജീനുകള്‍ക്ക് മ്യൂട്ടേഷന്‍(മട്ടു മാറുമ്പോള്‍) സംഭവിക്കുമ്പോള്‍ ശരീരത്തിന്റെ സ്വയം റിപ്പയര്‍ ചെയ്യുന്ന  പ്രതിരോധശേഷി സംവിധാനം തകരാറിലാവുകയും  കേടാകുന്ന  കോശങ്ങള്‍ പെരുകി അര്‍ബുദമാകുവാവുകയും  ചെയ്യുന്നു  എന്ന് ഡോ. എം. വി. പിള്ള  വിശദീകരിച്ചു. പ്രായമാകും തോറും ശരീരത്തിന്റെ റിപ്പയര്‍ ശേഷി കുറയുന്നു.

കേരളത്തിലെ സ്തനാര്‍ബുദ നിരക്ക് അമേരിക്കയിലെ നിരക്കിലേക്ക് കുതിച്ചുകയറുകയാണ്.  സ്ത്രൈണ ഹോര്‍മോണായ ഈസ്ട്രജന്‍ നിരന്തരം ഉയര്‍ന്നു നില്‍ക്കുന്നതാണ് ഇതിനു അടിത്തറ പാകുന്നത്.  നേരത്തെ ഋതുമതികളാകുക, വൈകിയുള്ള ഗര്‍ഭധാരണം, മുലയൂട്ടലിന്റെ അഭാവം എന്നീ കാരണങ്ങള്‍ ഈസ്ട്രജന്‍ അളവ് നിരന്തരം കൂടി സ്ത്രീകളില്‍  കാന്‍സര്‍ സാഹചര്യം സൃഷ്ടിക്കും.

പുരുഷന്മാരിലെ പ്രോസ്റ്റെറ്റ് കാന്‍സറിന്റെ യഥാര്‍ഥ കാരണം ഇനിയും കണ്ടുപിടിച്ചിട്ടില്ല. കേരളത്തിലും കുടിയേറ്റക്കാരിലും ഇത് വര്‍ദ്ധിച്ചു വരുന്നു. പുരുഷ ശരീരത്തിലെ ഹോര്‍മോണായ ആന്‍ഡ്രോജന്‍ പ്രോസ്റെറ്റ് കാന്‍സറിനെ പ്രോത്സാഹിപ്പിക്കുന്നു.  ഈ രണ്ടു ഹോര്‍മോണുകള്‍ക്കും ശരീരത്തിലെ കൊഴുപ്പുമായി ബന്ധമുണ്ട്.  അമിത വണ്ണമുള്ളവരിലെ ദുര്‍മേദസ് ഈ ഹോര്‍മോണിന്റെ തേര്‍വാഴ്ചക്ക് കാരണമാകുന്നു.  

വന്‍കുടലിലെ കാന്‍സറും കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്നു എന്ന് ഡോ. എം. വി. പിള്ള പറഞ്ഞു. നമ്മുടെ ആഹാര രീതിയിലുള്ള മാറ്റങ്ങളാണ്  ഇതിനു കാരണമായി ശാസ്ത്രഞ്ജന്‍ സംശയിക്കുന്നത്.  ഈ മൂന്നു കാന്‍സറുകളും പ്രാരംഭ ദശയില്‍  കണ്ടുപിടിച്ചാല്‍ നൂറു ശതമാനം ചികിത്സിച്ചു  ഭേദമാക്കാം. ആ ഒരു ഭാഗ്യം ഒട്ടനവധി  അമേരിക്കന്‍ മലയാളിക്കള്‍ക്കുണ്ട്. മികച്ച ചികിത്സാ സൌകര്യങ്ങള്‍ ലഭിക്കുന്നതിനാല്‍ മുന്‍ കൂട്ടിയുള്ള രോഗ നിര്‍ണയത്തിനുള്ള സൌകര്യം അമേരിക്കയിലുണ്ട്.

കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലിവര്‍ കാന്‍സറിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന മൂന്നു വില്ലന്മാര്‍ അമിത മദ്യപാനം, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി  വൈറസുകളാണ്. നിര്‍ഭാഗ്യവശാല്‍ പ്രാരംഭത്തില്‍ കണ്ടു പിടിക്കാനുള്ള സംവിധാനം കേരളത്തില്‍ ഇന്നും പ്രാബല്യത്തില്‍ വന്നിട്ടില്ല. ജീവിതത്തിന്റെ നാനാതുറകളില്‍പെട്ട പ്രശസ്തരായ മധ്യവയസ്കര്‍ നിരന്തരം  ഈ രോഗത്തിന് അടിമപ്പെട്ടുകൊണ്ടിരിക്കുന്നു.

റീജണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ട  പ്രകാരം കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍  280 ശതമാനം വര്‍ദ്ധനവാണ്  കാന്‍സര്‍ നിരക്കില്‍ കേരളത്തില്‍ ഉണ്ടായിട്ടുള്ളത്. പക്ഷെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെയും, കേരളത്തിന് പുറത്തു ചികിത്സ നോക്കുന്നവരുടേയും, ഹോമിയോപ്പോതി, ആയുര്‍വേദം തുടങ്ങി ഇതര ചികിത്സാ സമ്പ്രദായങ്ങള്‍ സ്വീകരിക്കുന്നവരുടെയും കണക്കുകള്‍ ഈ നിരക്കില്‍ ഉള്‍പ്പെടുന്നില്ല.  അതുകൂടി കണക്കിലെടുക്കുമ്പോള്‍ നമ്മുടെ നാട്ടിലെ കാന്‍സറിന്റെ യഥാര്‍ഥ നിരക്ക് എത്രയോ വലുതാണന്നു ഊഹിക്കാന്‍ കഴിയും.

ഇന്ത്യക്ക് സ്വാതന്ത്യ്രം കിട്ടിയപ്പോള്‍  ഇന്ത്യയിലെ ശരാശരി ആയുസ് 50  താഴെ  ആയിരുന്നുവെങ്കില്‍  ഇപ്പോള്‍ ആയുര്‍ദൈര്‍ഘ്യം 72 - 76 ല്‍ എത്തി നില്‍ക്കുന്നു. പ്രായമേറും തോറും  കാന്‍സര്‍ വരാനുള്ള സാധ്യതയുമേറും. 65 ശതമാനവും  കാന്‍സര്‍ പിടിപെടാനുള്ള സാധ്യത 65 വയസ് മുകളിലാണന്നും  ഡോ. എം. വി. പിള്ള കൂട്ടിച്ചേര്‍ത്തു.  

കേരള അസോസിയേഷന്‍ ഹാളില്‍ നടന്ന സീനിയേഴ്സ് ഫോറം പരിപാടിയില്‍ ഡാലസ് -ഫോര്‍ട്ട്വര്‍ത്തില്‍ നിന്നായി നൂറോളം മുതിര്‍ന്ന പൌരന്മാര്‍ പങ്കെടുത്തു. ചോദ്യോത്തര വേളയോടുകൂടിയാണ് രണ്ടു  മണിക്കൂര്‍ നീണ്ട സെമിനാര്‍ സമാപിച്ചത്.

അസോസിയേഷന്‍ പ്രസിഡണ്ട് ബാബു മാത്യു സ്വാഗതവും, സെക്രട്ടറി റോയ് കൊടുവത്ത് കൃതജ്ഞതയും പറഞ്ഞു.  ഇന്ത്യാ കള്‍ച്ചറല്‍  എജ്യുക്കേഷന്‍ സെക്രട്ടറി ഐ. വര്‍ഗീസ് അതിഥികളെ സദസിനു പരിചയപ്പെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.