ന്യൂയോര്‍ക്ക്: ആഗസ്റ്റ് 8 വെള്ളിയാഴ്ച്ച മുതല്‍ 10 ഞായറാഴ്ച്ച വരെ വാഷിംഗ്ടണ്‍ ഡി.സി.ക്ക് അടുത്തുള്ള അലക്സാണ്ട്രിയ ഹില്റ്റണില് (മന്നം നഗര്‍)നടക്കുന്ന എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ നായര്‍ സംഗമത്തില്‍ മുഖ്യാതിഥിയായി സുപ്രസിദ്ധ സിനിമാ താരം സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി പങ്കെടുക്കും. സംഗമത്തില്‍ പങ്കെടുക്കുന്ന കുട്ടികളുമായി ശ്രീ സുരേഷ് ഗോപി സംവദിക്കുന്നതുമായിരിക്കും. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള വളരെയധികം നായര്‍ കുടുംബങ്ങള്‍ പങ്കെടുക്കുന്ന ഈ സംഗമം വിജയിപ്പിക്കുന്നതിനു വേണ്ടി സുരേഷ് ഗോപിയുടെ സഹോദരന് സനില്‍ ഗോപി ചെയര്‍മാനായി ഒരു വലിയ സംഘം തന്നെ പ്രവര്‍ത്തിക്കുന്നു. ഇതിനോടകം രജിസ്റ്റര്‍ ചെയ്യുവാന്‍ കഴിഞ്ഞിട്ടില്ലാത്തവര്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.ശനിയാഴ്ച്ച വൈകിട്ട് പ്രശസ്ത പിന്നണി ഗായകന് ജി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഗാനമേളയില്‍ അമേരിക്കയില്‍ നിന്നുമുള്ള ഗായകരും ഗായികമാരും പങ്കെടുക്കുന്നു.തിരുവാതിര മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ആഗസ്റ്റ് 2-നു മുമ്പ് രജിസ്റ്റര്‍ ചെയ്തിരിക്കണം എന്ന് സെക്രട്ടറി സുധ കര്‍ത്താ അറിയിച്ചു.അമേരിക്കന്‍ ഐക്യനാടുകളില്‍ അധിവസിക്കുന്ന നായര്‍ കുടുംബങ്ങളെ തമ്മില്‍ പരിചയപ്പെടുത്താനും പ്രാദേശിക സംഘടനകള്‍ തമ്മില്‍ കൂടുതല്‍ ബന്ധം സ്ഥാപിക്കുവാനും ഈ സംഗമം വഴിയൊരുക്കും എന്ന് വൈസ് പ്രസിഡന്റ് ജയപ്രകാശ് നായര്‍ പറഞ്ഞു.2014 നായര്‍ സംഗമത്തിലേക്ക് എല്ലാ നായര്‍ സമുദായാംഗങ്ങളേയും പ്രസിഡന്റ് രമേശന് പിള്ള സ്വാഗതം ചെയ്തു.
Comments