You are Here : Home / USA News

ഭാരതം ലോകത്തിനു സജീവമായ നേതൃത്വം നല്കണം: കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാബാവ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, July 14, 2014 09:51 hrs UTC

    

തിരുവനന്തപുരം: വ്യത്യസ്ത ജാതി-മത ചിന്തകള്‍ നിറഞ്ഞുനില്ക്കുമ്പോഴും ഭാരതത്തിന്റെ ഐക്യം ലോകത്തിനു മാതൃകയാണെന്നും ഭാരതം ലോകത്തിനു സജീവ നേതൃത്വം നല്കണമെന്നും മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. തിരുവനന്തപുരം വൈഎംസിഎയുടെ ഓണററി ലൈഫ് മെംബര്‍ഷിപ്പ് സ്വീകരിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വ്യത്യസ്തമായ ദൈവാനുഭവത്തില്‍ നിലനില്ക്കുമ്പോഴും നാം ഓരോരുത്തരിലും ഭാരതീയര്‍ എന്ന ചിന്തയാവണം മുന്നിട്ടുനില്‌ക്കേണ്ടത്. വൈവിധ്യം നിറഞ്ഞതാണു ഭാരതം. നാനാത്വത്തെ ജീവിതത്തിന്റെ അടിസ്ഥാന ഘടകമാക്കുന്ന മറ്റു രാജ്യങ്ങള്‍ വളരെക്കുറവാണ്. ഇനി ഒരു ജന്മം ഉണെ്ടങ്കില്‍ അതു ഭാരതീയനായി ജനിക്കാനാണ് ആഗ്രഹം. വ്യത്യസ്ത ചിന്താഗതികള്‍ ഉള്ളപ്പോഴും ഒരുമിച്ചുമുന്നോട്ടുപോകാന്‍ കഴിയുന്നു എന്നതാണ് ഭാരതത്തിന്റെ ഏറ്റവും വലിയ അനുഗ്രഹം. വൈഎംസിഎ പ്രസ്ഥാ നം അതിരുകളില്ലാത്ത കരുതലുള്ള ഒരു പ്രസ്ഥാനമാണെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

മാര്‍ ക്ലീമിസ് കാതോലിക്കാബാവായുടെ സൗഹൃദസമീപനം ഏറെ ആകര്‍ഷണീയമാണെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്ത സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അഭിപ്രായപ്പെട്ടു. അത്യുന്നത കര്‍ദിനാള്‍ പദവിയിലേക്ക് എത്തിച്ചേര്‍ന്നപ്പോഴും തന്റെ സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ കര്‍ദിനാള്‍ ഏറെ ശ്രദ്ധിച്ചു.

മതങ്ങള്‍ക്കും സമുദായത്തിനും അപ്പുറത്തു നിന്ന് വൈഎംസിഎ നടത്തുന്ന സേവനങ്ങള്‍ മഹനീയമാണെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു. വൈഎംസിഎ പ്രസിഡന്റ് ബാബു കെ. മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍മന്ത്രി എം. വിജയകുമാര്‍, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, ഡോ. ബാബുപോള്‍, ഡോ. പോള്‍ സാമുവേല്‍, ഷാജി ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.