You are Here : Home / USA News

മഹിമ വിഷു ആഘോഷം വര്‍ണാഭമായി

Text Size  

Story Dated: Saturday, May 10, 2014 06:28 hrs UTC


    
ന്യൂയോര്‍ക്ക്‌: മലയാളി ഹിന്ദു മണ്ഡലത്തിന്റെ ഈ വര്‍ഷത്തെ വിഷു ആഘോഷം ഏപ്രില്‍ 19 ശനിയാഴ്‌ച ക്വീന്‍സിലെ ഗ്ലെന്‍ ഓക്‌സ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മഹിമയുടെ പ്രഥമ വനിത രമാ ബാഹുലേയന്‍ ഭദ്രദീപം തെളിയിച്ച്‌ ചടങ്ങുകള്‍ക്ക്‌ തുടക്കം കുറിച്ചു.

പ്രസിഡന്റ്‌ ബാഹുലേയന്‍ രാഘവന്‍ കടന്നുവന്ന എല്ലാവര്‍ക്കും സ്വാഗതമാശംസിക്കുകയും പരിപാടികളെക്കുറിച്ച്‌ വിശദീകരിക്കുകയും ചെയ്‌തു. ഏവര്‍ക്കും സമ്പല്‍സമൃദ്ധവും, ഐശ്വര്യപൂര്‍ണ്ണമായതുമായ ഒരു പുതുവത്സരം അദ്ദേഹം തന്റെ ആശംസാ പ്രസംഗത്തില്‍ നേര്‍ന്നു.

ധന്യ ദീപുദാസ്‌, സുധാകരന്‍ പിള്ള, രാജു നാണു എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയ വിഷുക്കണി കണ്ണിനു കുളിര്‍മ്മയേകുന്നതും, മനസ്സിനു ആനന്ദം പ്രദാനം ചെയ്യുന്നതുമായിരുന്നു.

കുന്നപ്പള്ളില്‍ രാജഗോപാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിഷുക്കൈനീട്ടവും; ഡോ. സ്‌മിതാ മനോജ്‌, രാജീവ്‌ ഭാസ്‌കരന്‍ എന്നിവര്‍ വിഷു സന്ദേശവും നല്‍കി. ഷീജാ പിള്ള, ധന്യ ദീപുദാസ്‌, ഹേമാ ശര്‍മ്മ എന്നിവരുടെ നേതൃത്വത്തില്‍ മഹിമ കുടുംബാംഗങ്ങള്‍ അവരവരുടെ വീടുകളില്‍ തയ്യാറാക്കി തൂശനിലയില്‍ വിളമ്പിയ സ്വാദിഷ്‌ഠമായ വിഷുസദ്യ ഗൃഹാതുരതയേകി.

തുടര്‍ന്ന്‌ ഉച്ചയ്‌ക്ക്‌ 2:30 ന്‌ വര്‍ണ്ണ വൈവിധ്യമായ കലാപരിപാടികള്‍ ആരംഭിച്ചു. രേഖാ നായരും സംഘവും അവതരിപ്പിച്ച ഗണേശ നൃത്തം, വാസന്തി കൊട്ടിലില്‍ ചിട്ടപ്പെടുത്തിയ ശ്രീകൃഷ്‌ണ നൃത്തം, ശാലിനി രാജേന്ദ്രന്റെ മയില്‍ നൃത്തവും രാജസ്ഥാനി നൃത്തവും എന്നിവ ആനന്ദപ്രദവും, നിഷാന്ത്‌ നായരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച പുരാതന കവിതകളുടെ നൃത്ത ആവിഷ്‌കാരം വേറിട്ട ഒരു അനുഭവവും കാണികളുടെ മുക്തകണ്‌ഠപ്രശംസയ്‌ക്ക്‌ പാത്രീഭവിക്കുകയും ചെയ്‌തു.

താമര രാജിവ്‌ പരിപാടികള്‍ക്ക്‌ എം.സി യായി പ്രവര്‍ത്തിച്ചു. കൃഷ്‌ണ ഭക്തിഗാനങ്ങള്‍, ശാസ്‌ത്രീയ നൃത്തങ്ങള്‍, തുടങ്ങി മറ്റനേകം പരിപാടികള്‍ കൊണ്ട്‌ ഈ വര്‍ഷത്തെ വിഷുപ്പരിപാടികള്‍ ഒന്നിനൊന്ന്‌ മെച്ചമായിരുന്നു. പരിപാടികളില്‍ ന്യോയോര്‍ക്ക്‌ മെട്രോ മേഖലയില്‍ നിന്ന്‌ നിരവധി ആളുകള്‍ പങ്കെടുത്തു. പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ മഹിമ കുടുംബാംഗങ്ങള്‍ക്കും സെക്രട്ടറി ഡോ. ഉണ്ണികൃഷ്‌ണന്‍ തമ്പി നന്ദി രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.