You are Here : Home / USA News

വിശ്വാസി സമൂഹത്തിന്‌ അനുഗ്രഹമായി മാറിയ നോമ്പുകാല വിശുദ്ധീകരണ ധ്യാനം

Text Size  

Story Dated: Friday, April 11, 2014 11:17 hrs UTC

ഷിക്കാഗോ: ക്യൂന്‍മേരി മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ മാസം 3,4,5,6 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ പള്ളിയില്‍ വെച്ച്‌ നടത്തപ്പെട്ട നോമ്പുകാല വിശുദ്ധീകരണ ധ്യാനം വിശ്വാസി സമൂഹത്തിന്‌ വലിയ ആത്മവിശുദ്ധീകരണത്തിന്റേയും, ആത്മാഭിഷേകത്തിന്റേയും, അത്ഭുതകരമായ രോഗ സൗഖ്യത്തിന്റേയും ദിവസങ്ങളായി മാറി. കത്തീഡ്രല്‍ പള്ളി വികാരി റവ.ഫാ. ജോയി ആലപ്പാട്ട്‌ ടീമംഗങ്ങളെ പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്‌ത്‌ ആരംഭിച്ച നാലുദിവസത്തെ ധ്യാനത്തില്‍ ആയിരത്തോളം ഇടവക ജനങ്ങളും സിസ്റ്റേഴ്‌സും പങ്കെടുത്തു.

 

 

മരിയന്‍ ടിവി ചെയര്‍മാന്‍ ബ്രദര്‍ പി.ഡി ഡൊമിനിക്‌ നേതൃത്വം നല്‍കിയ ധ്യാനത്തില്‍ എപ്പോഴും എല്ലാ സമയത്തും നമ്മെ അനുഗ്രഹിക്കാന്‍ കാത്തിരിക്കുന്ന ദൈവത്തെപ്പറ്റിയും, ക്ഷമിച്ച്‌ സ്‌നേഹിക്കുമ്പോഴാണ്‌ ഈ വലിയ ദൈവ കൃപയിലേക്ക്‌ കടന്നുവരുവാന്‍ സാധിക്കുന്നതെന്നും, ആത്മശക്തിയാല്‍ നിറയപ്പെട്ടു കഴിയുമ്പോള്‍ യേശുക്രിസ്‌തു ക്രൂശുമരണത്തിലൂടെ നേടിയെടുത്ത എല്ലാ ദൈവാനുഗ്രഹത്തിന്റേയും, നീര്‍ച്ചാലിലേക്ക്‌ പ്രവേശിക്കുവാനും കഴിയുമെന്ന്‌ ബ്ര. പി.ഡി. ഡൊമിനിക പറഞ്ഞു. ധ്യാനം നയിച്ച റവ.ഫാ. ജോ പാച്ചേരിയില്‍ നോമ്പവസരത്തില്‍ ധ്യാനത്തിന്റെ ആവശ്യകതയെക്കുറിച്ചും ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ തടസ്സമായി നില്‍ക്കുന്ന പാപ ജീവിതത്തില്‍ നിന്ന്‌ പൂര്‍ണ്ണമായും വിടുതല്‍ പ്രാപിക്കണമെന്നും ദൈവീക വരപ്രസാദത്തിന്റെ നീര്‍ച്ചാലായ കുമ്പസാരം എന്ന കൂദാശയിലേക്ക്‌ കടന്നുവരണമെന്നും, കുടുംബ ജീവിതത്തിന്റെ വിശുദ്ധിയെക്കുറിച്ചും, പരസ്‌പരം മനസിലാക്കി ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജോ അച്ചന്റെ ഓരോ വചന ശുശ്രൂഷകളും ഇടവക സമൂഹത്തിന്‌ ആത്മീയ ഉണര്‍വായി മാറി.

 

 

ദൈവജനത്തിന്‌ ഒരു പുതിയ അനുഭവമായിരുന്നു ബ്രദര്‍ വി.ഡി. രാജുവിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട ഗാനശുശ്രൂഷ. ആത്മാഭിഷേകത്താല്‍ നിറയപ്പെട്ട ഗാനശുശ്രൂഷയിലൂടെ ഇടവക സമൂഹം വലിയ ആത്മീയ അനുഭവനത്തിലേക്ക്‌ കടന്നുവന്നു. ധ്യാനത്തിന്റെ അവസാനം ഷിക്കാഗോ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച്‌ തിരുസന്ദേശം നല്‍കുകയും ചെയ്‌തു. ക്യൂന്‍മേരി മിനിസ്‌ട്രി അമേരിക്കയില്‍ ചെയ്‌തുകൊണ്ടിരിക്കുന്ന ആത്മീയ പ്രവര്‍ത്തനങ്ങളെ പിതാവ്‌ അഭിനന്ദിക്കുകയും, മരിയന്‍ ടിവി പ്രേക്ഷകലക്ഷങ്ങള്‍ക്ക്‌ അനുഗ്രഹമായി മാറിയതിനെക്കുറിച്ചും പിതാവ്‌ പ്രത്യേകം എടുത്തുപറഞ്ഞു. ഇടവക സമൂഹത്തില്‍ ദൈവം ഈ ധ്യാനത്തിലൂടെ ചെയ്‌ത അത്ഭുതകരമായ പ്രവര്‍ത്തിക്ക്‌ നന്ദി പറയുകയും ചെയ്‌തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.