You are Here : Home / USA News

ഡാളസ്‌ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ധനശേഖരണം: റാഫിള്‍ ടിക്കറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Sunday, April 06, 2014 09:28 hrs UTC

ഡാളസ്‌: ടെക്‌സസിലെ കേരള ഹിന്ദു സൊസൈറ്റി, കരോള്‍ട്ടണ്‍ സിറ്റിയില്‍ നിര്‍മിക്കുന്ന ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ധനശേഖരണാര്‍ഥം നടത്തുന്ന റാഫിള്‍ ടിക്കറ്റിന്റെ ഉദ്‌ഘാടനം ഇര്‍വിംഗിലുള്ള പസന്ത്‌ റസ്റ്ററന്റില്‍ നടന്നു.

ഫണ്‌ട്‌ റെയ്‌സിംഗ്‌ ചെയര്‍മാന്‍ ഗോപാലപിള്ള ആദ്യ റാഫിള്‍ ടിക്കറ്റ്‌ ഡാളസിലെ സാമൂഹ്യ പ്രവര്‍ത്തകനായ ഐപ്പ്‌ സ്‌കറിയയ്‌ക്ക്‌ നല്‍കി റാഫിളിന്റെ ശുഭാരംഭം കുറിച്ചു.

സെപ്‌ക്‌ട്രം ഫൈനാന്‍സ്‌ ഗ്രൂപ്പിലെ ഷിജു ഏബ്രഹാം ലോയല്‍ ട്രാവല്‍സിലെ ജോജി ജോര്‍ജ്‌, ചാക്കോ ജേക്കബ്‌ എന്നിവരും ഉദ്‌ഘാടന ചടങ്ങില്‍ റാഫിള്‍ ടിക്കറ്റു വാങ്ങി. ഒന്നാം സമ്മാനം ലക്‌സസ്‌ കാറും രണ്‌ടാം സമ്മാനം നിസാന്‍ കാറുമടങ്ങുന്ന ഇരുപത്തഞ്ചോളം സമ്മാനങ്ങളാണ്‌ വിജയികളെ കാത്തിരിക്കുന്നത്‌. അതിവേഗത്തില്‍ നടക്കുന്ന ക്ഷേത്രനിര്‍മാണത്തിന്റെ ചെലവിലേയ്‌ക്കാണ്‌ റാഫിള്‍ ടിക്കറ്റ്‌ വില്‍പ്പനയില്‍നിന്നും ലഭിക്കുന്ന വരുമാനം ഉപയോഗിക്കുമെന്ന്‌ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ വിലാസ്‌ കുമാര്‍ അറിയിച്ചു.

ക്ഷേത്ര സമുച്ചയത്തിന്റെ ആദ്യ ഘട്ടമായി കെഎച്ച്‌എസ്‌ സ്‌പിരിച്വല്‍ ഹാള്‍ ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കുമെന്ന്‌ ക്ഷേത്രനിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ ഹരി പിള്ളയുടെ പ്രഖ്യാപനം ഹര്‍ഷാരവത്തോടെയാണ്‌ ചടങ്ങില്‍ പങ്കെടുത്തവര്‍ സ്വീകരിച്ചത്‌.

മൂന്നുവര്‍ഷമായി ക്ഷേത്രത്തില്‍ നടന്നുവരുന്ന ആത്മീയപഠന വിദ്യാലയത്തിലെ വിദ്യാര്‍ഥികളും മാതാപിതാക്കളും അധ്യാപകരായ രാജേഷ്‌ കൈമള്‍, കേശവന്‍ നായര്‍, സാജി പിള്ള എന്നിവര്‍ ഉദ്‌ഘാടന ചടങ്ങിന്‌ പങ്കുചേര്‍ന്നു.

ഹരിദാസ്‌ തങ്കപ്പന്റെ നേതൃത്വത്തില്‍ നടന്ന ഗാനമേള ചടങ്ങിന്‌ മാറ്റുകൂട്ടി. ട്രസ്റ്റി ബോര്‍ഡ്‌ അംഗങ്ങളായ രാമചന്ദ്രന്‍ നായര്‍, സി.കെ തമ്പി, സന്തോഷ്‌ പിള്ള, കെഎച്ച്‌എസ്‌ വൈസ്‌ പ്രസിഡന്റ്‌ സി.കെ സോമന്‍ എന്നിവരും റാഫിള്‍ ടിക്കറ്റ്‌ ചടങ്ങില്‍ ഏറ്റുവാങ്ങി. കെഎച്ച്‌എസ്‌ സെക്രട്ടറി രാജേന്ദ്രന്‍ വാര്യര്‍ ഏവര്‍ക്കും നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.