You are Here : Home / USA News

കമലാ സുരയ്യയുടെ 82-മത്‌ ജന്മദിനം മാര്‍ച്ച്‌ 31-ന്‌

Text Size  

Story Dated: Saturday, March 29, 2014 08:57 hrs UTC

അബ്‌ദുള്‍ പുന്നയൂര്‍ക്കുളം
 


കമലാ സുരയ്യയുമായി ആദ്യമായി പരിചയപ്പെടുന്നത്‌ 1984-ല്‍ ലോക പ്രശസ്‌ത ഇംഗ്ലീഷ്‌ എഴുത്തുകാരന്‍ ഓബ്രി മെനന്‍, കമലയുടെ ബന്ധു പുന്നയൂര്‍ക്കുളത്ത്‌ അവരുടെ അതിഥിയായി താമസിക്കുന്ന അവസരത്തിലാണ്‌. അന്ന്‌ ഓബ്രിക്ക്‌ കമലയും ഞാനുമായിരുന്നു കൂട്ട്‌. പിന്നീട്‌ കമലയെ കാണുന്നത്‌ 2000-ല്‍. അന്ന്‌ `സ്‌നേഹസൂചി' എന്ന കവിതാ സമാഹാരത്തിന്‌ ഓരാമുഖം എഴുതിക്കിട്ടാന്‍ ആഗ്രഹിച്ചപ്പോഴാണ്‌ അവര്‍ ബാംഗ്ലൂരാണെന്ന്‌. ഉടന്‍ ബസ്‌ വഴി ബാംഗ്ലൂരിലേക്ക്‌ പുറപ്പെട്ടു. ശരീരം തുളച്ചു കയറുന്ന പുലര്‍കാല വയനാടന്‍ ശൈത്യം സഹിച്ച്‌ ബാംഗ്ലൂരിലെത്തി.

മകന്‍, ചിഹ്‌നന്റെ വീട്ടില്‍ വിശ്രമിക്കുന്ന കമലയെ കണ്ടപ്പോള്‍ പറഞ്ഞു: `അബ്‌ദുള്‍ ഇന്ന്‌ വന്നത്‌ നന്നായി നാളെ എന്റെ കണ്ണോപ്രഷനാ'. `സ്‌നേഹസൂചി'യിലെ പല കവിതകളും വായിച്ചു കേള്‍പിച്ചു. അപ്പോള്‍ തന്നെ ഒരു ആശംസ എഴുതി തന്ന്‌ എന്നെ അനുഗ്രഹിച്ചു. ഞാന്‍ നന്ദിയോടെ രണ്ട്‌ പാവക്കുട്ടികളെ സമ്മാനിച്ചു. മറ്റൊരിക്കല്‍ ശാസ്‌തമംഗലത്തുവെച്ച്‌ കമല എനിക്ക്‌ ഇംഗ്ലീഷിലുള്ള കുറെ ലോക സാഹിത്യകൃതികളും സ്വന്തം ഇംഗ്ലീഷ്‌ കവിതകളുമടങ്ങിയ കൃതികളും സമ്മാനിച്ചു. അന്ന്‌ കമലയുടെ അമ്മ, മാതൃത്വത്തിന്റെ കവിയായ ബാലാമണിയമ്മയെ പരിചയപ്പെടാന്‍ അവസരം ലഭിച്ചു.

2001-ല്‍ ചന്ദ്രിക ദിനപ്പത്രത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്ത്‌ വെച്ച്‌ മുന്‍ വിദ്യാഭ്യാസ മന്ത്രി സി.എച്ച്‌ മുഹമ്മദ്‌ കോയയുടെ സി.ഡി അദ്ദേഹത്തിന്റെ മകന്‍ മന്ത്രി മുനീര്‍, മന്ത്രി കുഞ്ഞാലിക്കുട്ടിക്ക്‌ കൊടുത്ത്‌ പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ `സ്‌നേഹസൂചി' പ്രകാശനം ചെയ്യാമെന്ന്‌ കമല സമ്മതിച്ചിരുന്നു.

പിറ്റേന്ന്‌ രാവിലെ ചന്ദ്രിക ഹാളില്‍ വന്ന്‌ കമലയെ വിളിച്ചു. ഫോണെടുത്ത ജോലിക്കാരി പറഞ്ഞു: `അമ്മയ്‌ക്ക്‌ സുഖമില്ല. ഇന്നെവിടേക്കും പോണില്ല.' ആ വാര്‍ത്ത എന്നെ നിമിഷങ്ങളോളം നിശബ്‌ദനാക്കി. യാന്ത്രികമായി അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

ഒരു മണിക്കൂര്‍ കഴിഞ്ഞുകാണും പുറത്ത്‌ ഒരാരവം. മന്ത്രി കുഞ്ഞാലിക്കുട്ടി ഒരു ചെറിയ ആള്‍ക്കൂട്ടത്തിന്റെ അകമ്പടിയോടെ കമലയെ സ്വീകരിച്ചാനയിച്ചുകൊണ്ടുവരുന്നു. അതു കണ്ടപ്പോള്‍ എന്റെ ശ്വാസം നേരേയായി. ഞാന്‍ ആവേശത്തോടെ അരികിലെത്തിയപ്പോള്‍ കമല പറഞ്ഞു: `എനിക്കബ്‌ദുവിന്റെ ശാപം ഏല്‍ക്കേണ്ടെന്ന്‌ വെച്ച്‌ മാത്രമാണ്‌ ഞാന്‍ വന്നത്‌'.

എന്റെ കവിതകള്‍ പ്രൗഢസദസ്സിനു പരിചയപ്പെടുത്തിയശേഷം `സ്‌നേഹസൂചി' കമലയില്‍ നിന്ന്‌ മന്ത്രി മുനീര്‍ സ്വീകരിച്ച്‌ പ്രകാശനം ചെയ്‌തു.

മറ്റൊരവസത്തില്‍ എറണാകുളം കടവന്ത്ര റോയല്‍ മാന്‍ഷനില്‍ വെച്ച്‌ പ്രമേഹം നോക്കാനുള്ള മിഷന്‍ കൊടുത്തപ്പോള്‍ പറഞ്ഞു: അബ്‌ദു ഇത്‌ ഏതെങ്കിലും പാവപ്പെട്ടവര്‍ക്ക്‌ കൊടുത്തേക്കൂ. എനിക്ക്‌ ഒന്നുരണ്ട്‌ പാവക്കുട്ടികളെ മതി.' അന്ന്‌ എന്റെ ചെറുകഥകള്‍ വായിച്ചു കേള്‍പിച്ചപ്പോള്‍ അഭിപ്രായം എഴുതി തരാന്‍ ഔത്സുക്യം കാണിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.