You are Here : Home / USA News

ഓര്‍ത്തഡോക്‌സ്‌ സഭാ ബിഷപ്പുമാരുടെ പൊതുസ്ഥലംമാറ്റം പുന:പരിശോധിക്കണം: ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌

Text Size  

Story Dated: Wednesday, March 26, 2014 12:00 hrs UTC

ന്യൂയോര്‍ക്ക്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയിലെ മെത്രാപ്പോലീത്തമാരുടെ ഭദ്രാസന ഭരണ കാലാവധി നിജപ്പെടുത്തുന്നതിനും റിട്ടയര്‍മെന്റ്‌ നടപ്പില്‍വരുത്തുന്നത്‌ സംബന്ധിച്ച്‌ ആവശ്യമായ തീരുമാനങ്ങള്‍ സ്വീകരിച്ച്‌ പ്രാബല്യത്തില്‍ വരുത്തുവാന്‍ കാതോലിക്കാ ബാവയോട്‌ അഭ്യര്‍ത്ഥിക്കുന്ന പ്രമേയം പാസാക്കിയ മാനേജിംഗ്‌ കമ്മിറ്റി നടപടി അനുചിതവും, ഭദ്രാസന വളര്‍ച്ചയ്‌ക്ക്‌ തുരങ്കംവെയ്‌ക്കുന്നതുമാണെന്നും നോര്‍ത്ത്‌ വെസ്റ്റ്‌ ഭദ്രാസന മുന്‍ കൗണ്‍സില്‍ അംഗം ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ ന്യൂയോര്‍ക്കില്‍ അഭിപ്രായപ്പെട്ടു. മെത്രാപ്പോലീത്തമാരുടെ കഴിവുകള്‍ എല്ലാ ഭദ്രാസനത്തിനും ലഭിക്കുവാന്‍ ഉദ്ദേശിച്ചുള്ളതാണ്‌ തീരുമാനമെന്ന്‌ വെളിവാക്കുന്നതിലൂടെ ഒരുപറ്റം മെത്രാപ്പോലീത്തമാര്‍ കഴിവില്ലാത്തവരോ, കഴിവു കുറഞ്ഞവരോ ആണെന്ന്‌ സമര്‍ത്ഥിക്കുകയല്ലേ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.

 

മലങ്കര സഭയുടെ പാരമ്പര്യത്തിനും നടപടിക്രമങ്ങള്‍ക്കും നേര്‍വിപരീതമാണ്‌ ബിഷപ്പുമാരുടെ സ്ഥലംമാറ്റ പദ്ധതി. ജനാധിപത്യ വ്യവസ്ഥതിയും ഭരണഘടനയും നിലനിന്നിരുന്ന ഓര്‍ത്തഡോക്‌സ്‌ സഭയുടെ മലങ്കര അസോസിയേഷനാണ്‌ മേല്‍പ്പട്ടക്കാരെ തെരഞ്ഞെടുക്കുന്നത്‌. ഭദ്രാസന ചുമതല ഏല്‍പിക്കപ്പെട്ട്‌ സ്ഥാനാരോഹണം ചെയ്യുന്ന മെത്രാപ്പോലീത്ത അതാത്‌ ഭദ്രാസനങ്ങളുടെ ചുമതല നിര്‍വഹിക്കുകയാണ്‌ സഭാ കീഴ്‌വഴക്കം. ഈ കീഴ്‌വഴക്കം തുടര്‍ന്നുവരുന്നതിലൂടെ നാളിതുവരെ ഏതെങ്കിലും ഭദ്രാസനങ്ങള്‍ക്കോ, ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്കോ എന്തെങ്കിലും കുറവുകളോ, കോട്ടങ്ങളോ ഉണ്ടായതായി കേട്ടുകേഴ്‌വി പോലുമില്ല. തങ്ങളുടെ ചുമതലയിലുള്ള ഭദ്രാസനത്തിന്റെ പൊതുവായ ആത്മീയവും ഭൗതീകവുമായ വളര്‍ച്ചയ്‌ക്കായി സമര്‍പ്പണജീവിതം നയിക്കുന്നവരാണ്‌ ഓര്‍ത്തഡോക്‌സ്‌ സഭാ പിതാക്കന്മാര്‍.

 

അനാരോഗ്യവും പ്രായാധിക്യവും അലട്ടുമ്പോള്‍ സ്വയം വിശ്രമജീവിതം തെരഞ്ഞെടുക്കുന്ന പതിവാണ്‌ നിലനില്‍ക്കുന്നത്‌. ആയതിന്‌ സഭാ നേതൃത്വം എതിര്‍പ്പ്‌ പ്രകടിപ്പിക്കാറുമില്ല. ഭദ്രാസനത്തില്‍ കാലാവധി നിശ്ചയിക്കുന്നതിലൂടെ മൂന്നും നാലും വര്‍ഷംകൂടുമ്പോള്‍ മെത്രാപ്പോലീത്തമാര്‍ മാറിമാറി വരുന്നു എന്നതുകൊണ്ട്‌ എന്തു നേട്ടമാണ്‌ ചൂണ്ടിക്കാണിക്കാനുള്ളത്‌? സങ്കുചിത ദൃഷ്‌ടിയോടെയുള്ള ഈ ഗൂഢനീക്കത്തിന്‌ പിന്നിലുള്ള ലക്ഷ്യം ഭദ്രാസന വളര്‍ച്ചയെ മുരടിപ്പിക്കുക എന്നത്‌ മാത്രമാണ്‌. മെത്രാസന ഭരണയോഗ്യതയ്‌ക്ക്‌ പ്രായം ഘടകമാകുമ്പോള്‍ ആരോഗ്യവും ശുശ്രൂഷാ പ്രാപ്‌തിയുമുള്ളവര്‍ മാറിനില്‍ക്കേണ്ടതായും വരുന്നു. ദീര്‍ഘദൃഷ്‌ടിയോടെയുള്ള ഭദ്രാസന വളര്‍ച്ചയ്‌ക്കും പുരോഗതിക്കും വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ തിരുമേനിമാര്‍ക്ക്‌ കഴിയാതെപോകുന്നു എന്നതു മാത്രമാണ്‌ പുരോഗമനമെന്നപേരില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന ഈ മാറ്റങ്ങളുടെ ദോഷഫലം. മെത്രാപ്പോലീത്തമാരോടൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നായി 167 പ്രതിനിധികളും പങ്കെടുത്ത കമ്മിറ്റിയിലാണ്‌ ഇതുസംബന്ധിച്ച പ്രമേയാവതരണം നടന്നത്‌.

 

 

എതാണ്ട്‌ നേര്‍പകുതിയില്‍ താഴെ അംഗങ്ങള്‍ (81 പേര്‍ മാത്രം) ഒപ്പിട്ട നിവേദനം പരിശുദ്ധ കാതോലിക്കാ ബാവയ്‌ക്ക്‌ കാലേകൂട്ടി സമര്‍പ്പിക്കുകയും ചെയ്‌തിരുന്നു. ലോകത്തെമ്പാടുമായി 30 ഭദ്രാസനങ്ങളില്‍ ഉള്‍പ്പെട്ട ലക്ഷക്കണക്കിന്‌ വിശ്വാസികളുടെ സഭാജീവിതത്തെ നേരിട്ട്‌ ബാധിക്കുന്ന ഈ വിഷയം കേവലം 200 പ്രതിനിധികള്‍ മാത്രം ഉള്‍പ്പെട്ട മാനേജിംഗ്‌ കമ്മിറ്റിയില്‍ തീരുമാനിക്കുന്നതിനു പകരം മലങ്കര സഭാ അസോസിയേഷന്റെ പരിഗണനയ്‌ക്കും തീരുമാനത്തിനും വിടുകയായിരുന്നു ഉചിതം. മികച്ച ജനാധിപത്യമാര്‍ഗ്ഗവും അതുതന്നെ. ഇക്കാര്യം പരിശുദ്ധ കാതോലിക്കാ ബാവയുടേയും പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റേയും സത്വര ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ താന്‍ പരിശ്രമിക്കുമെന്ന്‌ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ അറിയിച്ചു. മലങ്കര സഭയെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന്‌ വിശ്വാസികളുടെ വികാരവും, സഭയോടുള്ള കൂറും ഹനിക്കപ്പെടാതെയിരിക്കട്ടെ എന്ന്‌ പ്രത്യാശിക്കുന്നു. ഇക്കഴിഞ്ഞ ദിവസം കാലംചെയ്‌ത സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭാ തലവന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ സാഖാ പ്രഥമന്‍ ബാവയുടെ വിയോഗത്തില്‍ അനുശോചനം അറിയിക്കുന്നുവെന്നും ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More