You are Here : Home / USA News

മാര്‍ക്കിന്‌ വിപുലമായൊരു പ്രവര്‍ത്തന അജണ്ട

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, March 26, 2014 11:59 hrs UTC

ന്യൂയോര്‍ക്ക്‌: സംഘടനയുടെ പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമാക്കുന്നതിനൊപ്പം, സാന്നിധ്യം ഇതര മേഖലകളിലേയും, നഗരങ്ങളിലേയും വ്യാപിപ്പിക്കുവാനുള്ള ലക്ഷ്യത്തോടു കൂടി 2014-2015 വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മലയാളി അസ്സോസിയേഷന്‍ ഓഫ്‌ റെസ്‌പിരേറ്ററി കെയര്‍ (മാര്‍ക്ക്‌) രൂപം നല്‍കി. മാര്‍ച്ച്‌ എട്ടിന്‌ പ്രസിഡന്റ്‌ സക്കറിയാക്കുട്ടി തോമസ്സിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി മീറ്റിംഗില്‍ സെക്രട്ടറി വിജയന്‍ വിന്‍സെന്റ്‌ അവതരിപ്പിച്ച പ്രവര്‍ത്തന അജണ്ട വിശദമായ ചര്‍ച്ചകള്‍ക്ക്‌ ശേഷം കമ്മറ്റി അംഗീകരിച്ചു. മാര്‍ക്ക്‌ പതിവായി നടത്തുന്ന വിദ്യാഭ്യാസ സെമിനാറുകള്‍, ഫാമിലി പിക്‌നിക്ക്‌, കുടുംബസംഗമം എന്നിവയ്‌ക്കു പുറമെ ഊര്‍ജ്ജിതമായ അംഗത്വ സമാഹരണം, ചാപ്‌റ്റര്‍ രൂപീകരണം, സൗജന്യ ഹെല്‍ത്ത്‌ ഫെയര്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ട്‌ സ്വരൂപണം എന്നിവ പ്രവര്‍ത്തന അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. കൂടാതെ റെസ്‌പിരേറ്ററി കെയര്‍ പ്രൊഫഷന്റെ നിലനില്‌പിനും, ശാക്തീകരണത്തിനുമായി ഐ.എസ്‌.ആര്‍.സി, എ.എ.ആര്‍.സി. (ISRC, AARC) എന്നീ സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്വം വഹിക്കുവാനും കമ്മറ്റി തീരുമാനിച്ചു.

 

 

ഏപ്രില്‍ അഞ്ചിന്‌ നടത്തപ്പെടുന്ന വിദ്യാഭ്യാസ സെമിനാറോടുകൂടി ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഓഗസ്റ്റ്‌ 23ന്‌ സമ്മര്‍ പിക്‌നിക്ക്‌, ഒക്‌ടോബര്‍ 18ന്‌ വിദ്യാഭ്യാസ സെമിനാര്‍, ഡിസംബര്‍ 13 അര്‍ദ്ധ വാര്‍ഷിക പൊതുയോഗം എന്നിവയാണ്‌ ഈ വര്‍ഷത്തെ ഇതര പരിപാടികള്‍. ജനുവരിയില്‍ നടത്തപ്പെടുന്ന ഫാമിലി നൈറ്റ്‌ ആഘോഷങ്ങളോടുകൂടി തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ 2015ല്‍ മാര്‍ക്ക്‌ വേദിയൊരുക്കും. സമൂഹ നന്മലക്ഷ്യമാക്കിയുള്ള സൗജന്യ ഹെല്‍ത്ത്‌ ഫെയര്‍, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ട്‌ റെയിസിംഗ്‌ എന്നിവ ഇതില്‍ ഉള്‍പ്പെടും. പ്രോഗ്രാമുകളുടെ സുഗമവും കാര്യക്ഷമവുമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ക്കും മാര്‍ക്ക്‌ എക്‌സിക്യൂട്ടീവ്‌ രൂപം നല്‍കി. 80 പുതിയ ആയുഷ്‌കാല അംഗത്വമുള്‍പ്പെടെ, ഊര്‍ജ്ജിതമായൊരു അംഗത്വസമാഹരണമാണ്‌ മാര്‍ക്ക്‌ ലക്ഷ്യമിടുന്നത്‌. ട്രഷറര്‍, സാം തുണ്ടിയില്‍, ജോട്രഷറര്‍, സണ്ണി കൊട്ടുകാപ്പള്ളി എന്നിവര്‍ അംഗത്വ സമാഹരണത്തിന്‌ നേതൃത്വം നല്‍കും. 2015 മെയ്‌ 16ന്‌ നടത്തപ്പെടുന്ന ഹെല്‍ത്ത്‌ ഫെയര്‍ വൈദ്യ ചികിത്സാ രംഗത്തെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട വിദഗ്‌ദ്ധരെ ഉള്‍പ്പെടുത്തിയുള്ള ബഹൃത്തായൊരു സംരംഭമാക്കുവാനാണ്‌ മാര്‍ക്ക്‌ ലക്ഷ്യമിടുന്നത്‌.

 

 

ഹെല്‍ത്ത്‌ ഫെയറിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി മുന്‍ പ്രസിഡന്റ്‌ ജയ്‌മോഹന്‍ സ്‌കറിയാ, ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി ജോമോന്‍ മാത്യൂ എന്നിവര്‍ക്കൊപ്പം നേഴ്‌സിംഗ്‌ പ്രൊഫഷനില്‍ നിന്ന്‌ ബീനാ തോമസും കോര്‍ഡിനേറ്റേഴ്‌സായി പ്രവര്‍ത്തിക്കും. 2014- 2015 വര്‍ഷങ്ങളിലെ മാര്‍ക്ക്‌ പ്രോഗ്രാമുകളുടെ ജനറല്‍ കോര്‍ഡിനേറ്റേഴ്‌സായി വൈസ്‌. പ്രസിഡന്റ്‌ റവ. ഹാം ജോസഫ്‌, രഞ്ചി വര്‍ഗ്ഗീസ്‌ എന്നിവരെ ചുമതലപ്പെടുത്തി. ഈ വര്‍ഷത്തെ പിക്‌നിക്കിലെ സ്‌പോര്‍ട്‌സ്‌ കോര്‍ഡിനേറ്റ്‌ ചെയ്യുന്നത്‌ ബെന്‍സി ബെനഡിക്ടായിരിയ്‌ക്കും. 2015 ഫാമിലി നൈറ്റ്‌ കോര്‍ഡിനേറ്റേഴ്‌സായി സമയാ ജോര്‍ജ്ജ്‌, സോണിയാ വര്‍ഗ്ഗീസ്‌ എന്നിവര്‍ പ്രവര്‍ത്തിയ്‌ക്കും. ഇവരെ കൂടാതെ സംഘടനയുടെ 15 അംഗ എക്‌സിക്യൂട്ടീവ്‌ കമ്മറ്റിയ്‌ക്കും മീറ്റിംഗില്‍ രൂപം നല്‍കി. ദേശീയ സംഘടനകള്‍ക്കൊപ്പം കൈകോര്‍ക്കുന്നതിന്റെ ഭാഗമായി മെഡികെയര്‍ റെസ്‌പിറേറ്ററി തെറാപ്പി ആക്ട്‌ (HB 2619) പാസ്സാക്കി കിട്ടുന്നതിനുള്ള എഎആര്‍സിയുടെ ലോമ്പിയിംഗ്‌ പ്രവര്‍ത്തനത്തില്‍ മാര്‍ക്ക്‌ പങ്കാളികളാകും.

 

മെഡികെയര്‍ ആനുകൂല്യമുള്ള ആസ്‌ത്മാ, സി.ഓ.പി.ഡി രോഗികളുടെ ചികിത്സയില്‍ റെസ്‌പിരേറ്ററി തെറാപ്പികള്‍ക്ക്‌ നിര്‍ണ്ണായക സാധ്യതകള്‍ നല്‍കുന്നതാണ്‌ ഈ ബില്‍. എല്ലാ മലയാളി റെസ്‌പിറേറ്ററി പ്രൊഫഷണലുകളും തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഈ ബില്ലിന്‌ പിന്തുണ അഭ്യര്‍ത്ഥിച്ച്‌ അവരവരുടെ കോണ്‍ഗ്രസ്‌ അംഗങ്ങളെ ബന്ധപ്പെടണമെന്ന്‌ മാര്‍ക്ക്‌ പ്രസിഡന്റ്‌ സക്കറിയാക്കുട്ടി തോമസ്‌ അഭ്യര്‍ത്ഥിച്ചു. അതിനായി www.aarc.org വെബ്‌സൈറ്റിലെ വെര്‍ച്വല്‍ ലോമ്പി വീക്ക്‌ പേജ്‌ സന്ദര്‍ശിയ്‌ക്കുക. മാര്‍ച്ച്‌ 21 മുതല്‍ ഏപ്രില്‍ 1 വരെയാണ്‌ ലോമ്പിയിംഗ്‌ വീക്ക്‌. ഈ വര്‍ഷത്തെ ഹൂസ്റ്റണില്‍ മാര്‍ക്ക്‌ ചാപ്‌റ്റര്‍ സ്ഥാപിക്കുവാന്‍ സംഘടന ലക്ഷ്യമിടുന്നു. ഇതര നഗരങ്ങളില്‍ ചാപ്‌റ്റര്‍ രൂപീകരിക്കുവാന്‍ താല്‌പര്യമുള്ളവര്‍ മാര്‍ക്ക്‌ എക്‌സിക്യൂട്ടീവുമായി ബന്ധപ്പെടുവാനും താല്‌പര്യപ്പെടുന്നു. വിജയന്‍ വിന്‍സെന്റ്‌ (സെക്രട്ടറി) അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More