You are Here : Home / USA News

വിചാരവേദിയില്‍ സാഹിത്യവും അനുകാലികവിഷയവും ചര്‍ച്ച

Text Size  

Story Dated: Tuesday, March 18, 2014 08:05 hrs UTC

ജനനി നടത്തിയ ചെറുകഥാമത്സരത്തില്‍ സമ്മാനം ലഭിച്ച ബിജോ ചെമ്മാന്ത്രയുടെ 'കൊലുസിട്ട പെണ്‍കുട്ടി', നീന പനക്കലിന്റെ ' സായം സന്ധ്യയില്‍' എന്നീ കഥകള്‍ വിചാരവേദി കേരള കള്‍ചറല്‍ സെന്റററില്‍ നടത്തിയ സാഹിത്യ സദസ്സില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ശ്രീമതി എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍  സ്വന്തം കവിത ചൊല്ലിക്കൊണ്ടാണ് ചര്‍ച്ച ആരംഭിച്ചത്.

ബലാത്സംഗം ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടിയെ വേശ്യയായി അവതരിപ്പിച്ച് പണം സമ്പാദിക്കാനുള്ള തന്ത്രങ്ങള്‍ പ്രയോഗിക്കുന്ന ഒരു പിമ്പിന്റെ സ്വഭാവവൈകൃതവും നീചത്വവും അയാളുടെ ഉദ്യമം പരാജയപ്പെടുന്നതും ഭംഗിയായിആവിഷ്‌ക്കരിച്ചിരിക്കുന്ന കൊലുസിട്ട പെണ്‍കുട്ടി കഥാകാരന്റെ മനുഷീക മുല്യങ്ങളോടുള്ള പ്രതിപത്തിയും സമൂഹത്തില്‍ ജീര്‍ണ്ണത വിതക്കുന്നവരോടുള്ള വെറുപ്പും പ്രകടമാക്കുന്ന കഥയാണെന്നും 'സായം സന്ധ്യയില്‍' ദാമ്പത്യ ജീവിതത്തിന്റെ പവിത്രവും നിഷ്‌കളങ്കവുമായ ഭാവം സൗമ്യതയോടെ ആകര്‍ഷണീയമായ രചനാശൈലിയില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നു എന്നും വാസുദേവ് പുളിക്കല്‍ അഭിപ്രായപ്പെട്ടു. ഏച്ചു വച്ചതു പോലുള്ള പരിസരവിവരണങ്ങള്‍ കൊലുസിട്ട പെണ്‍കുട്ടിയുടെ ഒഴുക്കിനേയും താന്‍ മൂലം ആരും വേശ്യയാകരുത് എന്ന പിമ്പിന്റെ പ്രസ്താവനയിലെ വിരോധാഭാസം കഥയുടെ സ്വാഭാവികതയേയും ബാധിച്ചിട്ടുണ്ടെന്നും പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രികള്‍ വേശ്യാവൃത്തിയിലേക്ക് തിരിയുന്നത് മനഃപൂര്‍വ്വമല്ല, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടാണെന്ന് ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് കൊലുസിട്ട പെണ്‍കുട്ടിയെ പരാമര്‍ശിച്ചും കഥാകാരിയുടെ മൗലികത വെളിപ്പെടുത്തുന്ന കഥയായി  സായംസന്ധ്യയെ ചിത്രീകരിച്ചും എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ സംസാരിച്ചു. പിമ്പുകള്‍ സമൂഹത്തില്‍ സര്‍വ്വസാധരണമാണ്, കൊലുസിട്ട പെണ്‍കുട്ടിയില്‍ പിമ്പിന് സംഭവിക്കുന്ന മാനസാന്തരം വായനക്കാരുടെ മനസ്സില്‍ തട്ടത്തക്കവണ്ണം സ്വാഭാവികമായിട്ടുണ്ട്,  'സായം സന്ധ്യയില്‍' ഒരു നല്ല കഥയായി അംഗീകരിക്കാനവില്ല, കഥ അപൂര്‍ണ്ണമയി തോന്നി എന്ന് ബാബു പാറക്കല്‍ പറഞ്ഞു.

പലരും പല രീതിയില്‍ കഥകള്‍ അവലോകനം ചെയ്തതായി ചര്‍ച്ച വെളിപ്പെടുത്തി. ധാര്‍മ്മികമൂല്യങ്ങളെ വ്യഭിചരിക്കുന്ന ഇന്നത്തെ കച്ചവടരീതി അനുസ്മരിപ്പിക്കുന്ന കൊലുസിട്ട പെണ്‍കുട്ടി സാഹിത്യത്തിന്റെ പ്രേതബാധയില്‍ കുടുങ്ങിപ്പോയിട്ടുണ്ടെന്നും കൊച്ചു കൊച്ചു വെറുപ്പിലൂടെ വൃദ്ധദമ്പദികള്‍ സ്‌നേഹം പ്രകടിപ്പിക്കുന്ന നീന പനക്കലിന്റെ 'സായം സന്ധ്യയില്‍' എന്ന കഥ പൂര്‍ണ്ണമാണെന്നും അവതരണം നന്നായിട്ടുണ്ടെന്നും ബാബുക്കുട്ടി ഡാനിയല്‍ അഭിപ്രായപ്പെട്ടു. വീണുകിട്ടിയ അവസരം മുതലെടുക്കാന്‍ ശ്രമിക്കുന്ന പിമ്പിന് കൊലുസിട്ട പെണ്‍കുട്ടിയുടെ അനിയത്തി നാരങ്ങാമിഠായി കൊടുത്തപ്പോള്‍ തന്റെ കൊച്ചുമോളെ പറ്റിയുണ്ടായ ചിന്ത അയാള്‍ക്ക് മാനസാന്തരം ഉണ്ടാക്കുന്ന ചിത്രീകരണം മധുരമായിട്ടുണ്ട്, പിമ്പ് താന്‍ മൂലം ആരും വേശ്യയാകരുത് എന്ന് പറയുന്നത് പരിതസ്ഥിതയോട് ചേര്‍ന്നു നില്‍ക്കുന്നുണ്ട്, സായം സന്ധ്യയില്‍ വൈരുദ്ധ്യങ്ങള്‍ പ്രകടമാകുന്നുണ്ടെങ്കിലും ദമ്പതികളുടെ ഉള്ളിലുള്ള സ്‌നേഹപ്രകടനം തെളിഞ്ഞു നില്ക്കുന്ന ഈ കഥ അപൂര്‍ണ്ണമാണെന്ന് തോന്നുമെങ്കിലും കഥാകാരി പറയാനുള്ളത് പറഞ്ഞതിനുശേഷമാണ് കഥ അവസാനിപ്പിച്ചിരിക്കുന്നത് എന്ന് സാംസി കൊടുമണ്‍ അഭിപ്രായപ്പെട്ടു. കൊലുസിട്ട പെണ്‍കൂട്ടിയുടെ ആത്മാവ് കൊലുസിന്റെ കിലുക്കമാണ്, കൊലുസിട്ട പെണ്‍കുട്ടിയെ കാണിക്കാതിരിക്കുന്നതില്‍ കഥയുടെ ആത്മാവ് പ്രകാശമാനമാകുന്നു, എന്നാല്‍ സാഹിത്യത്തിന്റെ അതിഭാവുകത്വം കഥയുടെ ആത്മാവിനെ പലേടത്തും ഞെരിക്കുന്നുണ്ട്, കൊച്ചു കൊച്ചു ഇണക്കങ്ങളിലൂടെയും പിണക്കങ്ങളിലൂടേയും സ്‌നേഹത്തിന്റെ സരോവരമൊഴുക്കുന്ന സായം സന്ധ്യയില്‍ കാര്യമാത്രപ്രസക്തമായ കാര്യങ്ങള്‍ മാത്രം പറഞ്ഞതുകൊണ്ടാണ് കഥ ചുരുങ്ങിപ്പോയതെന്ന് മോണ്‍സി കൊടുമണ്‍ പറഞ്ഞു.

സാഹിത്യരചനകള്‍ മാത്രമല്ല സമകാലിക വിഷയങ്ങളും വിചാരവേദിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇപ്പോള്‍ നാട്ടില്‍ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുന്ന 'കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്' പഠിച്ച് അതിന്റെ ഒരു അവലോകനം ബാബു പാറക്കല്‍ അവതരിപ്പിച്ച് ചര്‍ച്ചക്ക് വിധേയമാക്കി. ഈ വിഷയത്തില്‍ സമൂദായ നേതാക്കന്മാര്ക്കും രാഷ്ട്രീയക്കാര്‍ക്കും അവരവരുടേതായ താല്പര്യങ്ങള്‍ സംരക്ഷിക്കേണ്ടതുകൊണ്ട് അവര്‍ അടവുകള്‍ മാറ്റി മാറ്റി പയറ്റിക്കൊണ്ടിരിക്കും. നാടിന്റെ ക്ഷേമം അവര്‍ക്ക് പ്രശ്‌നമല്ലല്ലോ. പശ്ചിമഘട്ടം ഇടിഞ്ഞു വീണാലും സ്വന്തം കാര്യം സാധിക്കണമെന്നു മാത്രം. ഒരു കാര്യം മാത്രം പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടു പോലും പ്രായോഗികമാക്കാന്‍ ബുദ്ധിമുട്ടുള്ളപ്പോള്‍ നിരവധി കാര്യങ്ങള്‍ ഉന്നയിച്ചിട്ടുള്ള ഈ റിപ്പോര്‍ട്ടിന്റെകാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ എന്ന് രാജുതോമസ് അഭിപ്രായപ്പെടുകയും വിഷയം അവതരിപ്പിച്ച ബാബു പാറക്കലിനെ അനുമോദിക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള പ്രബന്ധവും ചര്‍ച്ചയും റിപ്പോര്‍ട്ട് എന്താണെന്ന് കൂടുതല്‍ മനസ്സിലാക്കാന്‍ സഹായകമായി.

വിചാരവേദിയില്‍ അമേരിക്കയുടെ വിവിധ ഭാഗത്തുള്ള എഴുത്തുകാരുടെ രചനകള്‍ ചര്‍ച്ച ചെയ്തു വരുന്നുണ്ട്. താല്പര്യമുള്ള എഴുത്തുകാര്‍ അവരുടെ രചനകള്‍ അയച്ചു തരിക. രചനകള്‍ അയക്കേണ്ട വിലാസം - Vasudev Pulickal, 8 Harcourt Rd, Plainview N.Y. 11803 email vasudev.pulickal@gmail.com  Tel 516 749 1939 or Samcy Kodumon, 299 Saville Rd, Mineola N.Y. 11501 email samcykodumon@hotmail.com Tel 516 270 4302.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.