You are Here : Home / USA News

റെനി ജോസിന്റെ തിരോധാനം; സമൂഹപ്രാര്‍ത്ഥനയും വിശദീകരണ യോഗവും ഞായറാഴ്ച

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Saturday, March 15, 2014 08:13 hrs UTC

ആല്‍ബനി (ന്യൂയോര്‍ക്ക്): ഹൂസ്റ്റണിലെ റൈസ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയും ഫ്ലോറിഡയില്‍ വെച്ച് കാണാതായ ആല്‍ബനി നിവാസിയുമായ റെനി ജോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ആല്‍ബനിയില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തി ദേശവ്യാപകമായി പ്രചരണം നടത്തുവാന്‍ തീരുമാനിച്ചു. അതിനായി എല്ലാ അച്ചടിദൃശ്യ മാധ്യമങ്ങളുടേയും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടേയും സഹായം അഭ്യര്‍ത്ഥിച്ചു.

മാര്‍ച്ച് 14 വെള്ളിയാഴ്ച വൈകീട്ട് 6:30ന് കൂടിയ ആക്ഷന്‍ കമ്മിറ്റി മീറ്റിംഗില്‍ തുടര്‍ന്നു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തി. ആക്ഷന്‍ കമ്മിറ്റി അംഗങ്ങളായ ഡോ. പോള്‍ ഉപ്പല്‍, ഡോ. ഗട്ടു എന്‍. റാവു, പീറ്റര്‍ തോമസ്, മൊയ്തീന്‍ പുത്തന്‍ചിറ, ബെന്നി തോട്ടം, ടോണി വാച്ചാപ്പറമ്പില്‍, അമ്മു സുബ്രഹ്മണ്യന്‍, അജു എബ്രഹാം, നഫീസ കോസ്‌ലിക് എന്നിവരെക്കൂടാതെ റെനിയുടെ ബന്ധുക്കളായ ജോസഫ് തയ്ക്കല്‍, ജിസ്മി ജോര്‍ജ്ജ്, നിക്കോളാസ് അത്തിമൂട്ടില്‍ എന്നിവരും പങ്കെടുത്തു.

മാര്‍ച്ച് 16 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സ്‌കെനക്റ്റഡിയിലുള്ള ജെ.സി.സി. ഓഡിറ്റോറിയത്തില്‍ (2565 ബാള്‍ടൗണ്‍ റോഡ്, സ്‌കെനക്റ്റഡി, ന്യൂയോര്‍ക്ക് 12309)സമൂഹ പ്രാര്‍ത്ഥനയും വിശദീകരണ യോഗവും നടക്കും. സമൂഹത്തിലെ നാനാതുറകളിലുള്ള ജനങ്ങള്‍ ഈ പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുക്കുന്നതാണ്.

ഇതിനിടയില്‍ റെനിയുടെ കുടുംബത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായി ഒരു സഹായനിധിയുടെ പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. http://www.youcaring.com/other/operation-find-reny-jose/150308എന്ന വെബ്‌സൈറ്റില്‍ കൂടി സാമ്പത്തിക സഹായങ്ങള്‍ നല്‍കാവുന്നതാണ്. ഉദാരമതികളായ എല്ലാവരുടേയും സഹായം ഈ കുടുംബം പ്രതീക്ഷിക്കുന്നു.

ഫ്‌ലോറിഡയിലെ പാനമ ബീച്ചില്‍ റെനിക്കുവേണ്ടി തിരച്ചില്‍ നടത്തുന്ന സംഘത്തോടൊപ്പം റെനിയുടെ മാതാപിതാക്കളും സഹോദരിയും ദിവസേന തിരച്ചില്‍ നടത്തുന്നുണ്ട്. 'ഞങ്ങള്‍ ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല. റെനി തിരിച്ചു വരും' എന്നാണ് മാതാവ് ഷെര്‍ലി പറയുന്നത്. സഹോദരി രേഷ്മയും മാതാവ് പറഞ്ഞതിനോടനുകൂലിക്കുന്നു. ആല്‍ബനിയിലുള്ള റെനിയുടെ മറ്റു ബന്ധുക്കളും സുഹൃത്തുക്കളും മലയാളി സമൂഹവും റെനി ഭദ്രമായി തിരിച്ചുവരും എന്ന പ്രതീക്ഷയിലാണ്.

സഹായ നിധിയുടെ വെബ്‌സൈറ്റ്: http://www.youcaring.com/other/operation-find-reny-jose/150308

തിരച്ചിലിന്റെ വീഡിയോ: http://www.wjhg.com/home/headlines/Search-Expanded-for-Missing-Spring-Breaker-250369541.html?device=phone#.UyPOK_J1I6W.facebook

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.