You are Here : Home / USA News

അവനവർ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുന്പം കുലുമാൽ ....

Text Size  

Story Dated: Friday, March 14, 2014 11:41 hrs UTC

തോമ്മാച്ചൻ തമാശപ്പറന്പിൽ
 
 
 
 
 

"അല്ല നീ പിന്നേം വന്നോ?"

 
'എന്റെ കൊച്ചമ്മേ, നാണം കെട്ടിട്ടു അവിടെ നിൽക്കാൻ മേല'
 
"അതെന്നാടീ നാണം കെടാൻ അമേരിക്കയിൽ ആരും തുണിയുടുക്കാതെ നടക്കുവാണോ?"
 
'അല്ല കൊച്ചമ്മേ, ആ നമ്മുടെ ദേവയാനിക്കൊച്ചമ്മക്കെതിരെ അമേരിക്ക എടുത്ത കേസ് തള്ളിക്കളഞ്ഞു കൊച്ചമ്മേ'
 
"ശരിക്കും!? നീ സത്യമാണോ പറയുന്നത്? അവരെ അമേരിക്ക പുറത്താക്കിയതല്ലേ? പിന്നെങ്ങനാടീ അവർ അമേരിക്കയിൽ   കേസ് നടത്തി അവരോട് ജയിക്കുന്നത്?"
 
'കൊച്ചമ്മേ, എന്റെ വാക്കും, ഞാൻ വാടകക്കെടുത്ത വക്കീലിന്റെ വാക്കും കേട്ടാണ്, നമ്മുടെ സർദാർജി സാറ് കേസ് എടുത്തത്‌, കുറച്ച് കഴിഞ്ഞപ്പം അങ്ങേർക്കും കാര്യം മനസ്സിലായി പക്ഷെ കൊച്ചമ്മേ, പുലിയുടെ പുറത്തു കയറിയ പുലിക്കാരന്റെ ഗതിയായിരുന്നു അങ്ങേർക്ക്'
 
"അതെന്നാടീ, അയാളെന്നാ പുലികളി നടത്തുകയായിരുന്നോ?"
 
'ഹയ്യോ ഈ കൊച്ചമ്മക്ക്‌ ഒന്നും മനസ്സിലാകുവേല, എല്ലാം തെളിച്ചു പറയണം', 'കൊച്ചമ്മേ ഞാൻ നുണയാണ് പറയുന്നതെന്ന് സമ്മതിച്ചാൽ അയാളുടെ പണി പോകും, തന്നെയുമല്ല ദീർഘ വീക്ഷണമില്ലാത്തവൻ എന്ന പേരും കിട്ടും, അതോടെ ഇത്രയും നാൾ അങ്ങേര് മോഹിച്ചു നടന്ന ന്യൂ യോർക്ക്‌ മേയർ , സ്റ്റേറ്റ് അറ്റോർണി ജനറൽ, തുടങ്ങിയ കസേരകളെ എന്നന്നേക്കുമായി മറക്കേണ്ടി വരും, അതല്ല എന്നെ ന്യായീകരിച്ചാൽ ഒരു നല്ല അഴിമതിയില്ലാത്ത, കറപുരളാത്ത വ്യക്തിത്വം കാണിക്കണം'
 
"ഇതെങ്ങനെ സംഭവിച്ചു പെണ്ണേ ?"
 
'കൊച്ചമ്മേ, അടി തെറ്റിയാൽ ആനയും വീഴും എന്ന് കേട്ടിട്ടില്ലേ? ഒരു ചുവട് പിഴച്ചു,  ദേ കിടക്കുന്നു'
 
"എവിടെയാ പിഴച്ചത്?"
 
'കൊച്ചമ്മേ അവർക്ക് 'ഇമ്മുണിട്ടി' കിട്ടിക്കഴിഞ്ഞപ്പോൾ  അവരെ പുറത്താക്കി ആ കേസ് മരവിപ്പിച്ച് വയ്ക്കണമായിരുന്നു, ഞാൻ പലവട്ടം പറഞ്ഞതാ, ആര് കേക്കാനാ'
 
"അതുകൊണ്ടെന്നാടീ ഗുണം? അവള് നാട്ടിൽ പോകില്ലേ?"
 
'കൊച്ചമ്മേ അവിടെയല്ലേ ഞങ്ങള് കള്ളപ്പറന്പിൽക്കാരുടെ ബുദ്ധി'
 
"എന്നാ ബുദ്ധിയാ? വെറുതേ നാട് കടത്തുന്നതോ?"
 
'അല്ല കൊച്ചമ്മേ, അങ്ങനെ 'പെണ്ടിങ്ങിൽ' വച്ചാൽ, അവർക്ക് ഒരിക്കലും തിരിച്ച് അമേരിക്കയിൽ വരാൻ പറ്റില്ല, വരണമെങ്കിൽ അവർ ഡിപ്ലോമാറ്റിക്ക് വിസായിൽ വരണം, അതല്ലെങ്കിൽ അവർ രാജ്യത്ത് കാലു കുത്തിയാൽ അവരെ അറസ്റ്റ് ചൈയ്യാമായിരുന്നു. ഇത് ഇപ്പോൾ അവർക്ക് ഡിപ്ലോമാറ്റിക്ക് ഇമ്മ്യുണിറ്റി കിട്ടിക്കഴിഞ്ഞു കുറ്റം ചാർത്തിയത് കൊണ്ടല്ലേ അവർക്ക് കോടതിയിൽ പോകാനും വാദിക്കാനും ഒക്കെ  അവസരം  കിട്ടിയത് തന്നേ '
 
"അതെന്നാ നിന്റെ സർദാർജിക്ക്‌ ഇതൊന്നും അറിയില്ലായിരുന്നോ?"
 
'കൊച്ചമ്മേ അങ്ങേർക്ക്  എന്നോട് അടങ്ങാത്ത കലിയാ, അങ്ങേരുടെ ജീവിതം ഞാൻ കുട്ടിച്ചോറാക്കിയെന്നാ അങ്ങേരു പറയുന്നത്. ഈ ബഹളം ഒന്ന് കെട്ടടങ്ങിയാൽ അയാൾ ഏതെങ്കിലും കുറ്റം ചാർത്തി എന്നെയും അകത്താക്കും.'
 
'ഞാൻ പറയാനുള്ളത് പറഞ്ഞതാ, പക്ഷെ നമ്മടെ ഒക്കെ വാക്കിന് ആര് വില കൊടുക്കാനാ?'
 
"പക്ഷെ അയ്യാൾക്ക് വേണമെങ്കിൽ വീണ്ടും കുറ്റം ചാർത്താമെന്നാണല്ലോ ആളുകൾ പറയുന്നത്"
 
'കൊച്ചമ്മേ ചാർത്താം, പക്ഷെ ഇങ്ങനെ എത്ര കേസിൽ അവർ കേസ് ചാർത്തിയിട്ടുണ്ട്? അങ്ങനെ വന്നാൽ പല തള്ളിക്കളഞ്ഞ കേസും തിരിച്ച് എടുക്കേണ്ടി വരും, നമ്മുടെ ഫ്ലോറിടായിലെ ട്രവോണ്‍ മാർട്ടിന്റെതും, അനന്ദു ജോണിന്റെതും ഒക്കെ'
 
"നിന്റെ വക്കീല് ഒരു അവസാന ശ്രമം നടത്തുമോ? അയാളൊരു തുടക്കമിട്ടാൽ ആ വഴിയിൽ നമുക്ക് ആനന്ദ് ജോണിനെ എങ്കിലും ഊരി എടുക്കാമായിരുന്നു. സർദാർജിയുടെ കാര്യം പോക്കാ , പിന്നെ പുര കത്തുന്പോളല്ലേ വാഴ വെട്ടാൻ പറ്റു, നിന്റെ ആ ജസ്റ്റിസ്‌ പിള്ളാരോട് ഒന്ന് അനക്കാൻ പറ"
 
'നോക്കാം, അവസാനത്തെ തുറുപ്പാണ്, കിട്ടിയാൽ പോരട്ടെ'
 
"പിന്നെ നിന്റെ ജീവിതമൊക്കെ എങ്ങനെ?"
 
'ഹോ കൊച്ചമ്മേ ഐസു വാരി വാരി മടുത്തു, പണ്ട് ആ കൊച്ചമ്മേടെ ഫ്ലാറ്റിൽ ചുമ്മാ പുതച്ചു മൂടി കിടന്നാൽ മതിയായിരുന്നു. എന്നാത്തിന്റെ കുറവാ. എനിക്കറപ്പാ ഈ മലയാളികളുടെ വീട്ടിൽ ജീവിക്കാൻ, എപ്പോഴും എന്തെങ്കിലും പണി ചെയ്യിച്ചോണ്ടിരിക്കും, ഒന്ന് നടു നിവർത്താൻ അവസരം തരില്ല.'
 
"അത്രക്ക് കഷ്ടപ്പാടാണോ? അവിടുന്ന് വരുന്നവർ ഇങ്ങനെയൊന്നുമല്ലല്ലൊ പറയുന്നത്"
 
'അതൊക്കെ വെറും പുളുവാ കൊച്ചമ്മേ, ഇതൊക്കെ അവിടെക്കടന്ന് ഐസ് വാരുന്നത് കണ്ടാൽ സഹിക്കുകേല, മഞ്ഞ് വീണുകൊണ്ടിരിക്കുന്പോളാ അവർ സ്നോ ബ്ലോവർ ഇട്ടും, നല്ല കോരിക കൊണ്ടും മഞ്ഞ് മാറ്റുന്നത്. ഇതിനൊക്കെ വല്ല അസുഖവും പിടിക്കില്ലേന്നാ എന്റെ സംശയം" ഇതിലും ഭേദം നാട് തന്നെയാ, ഇങ്ങനെ ഐസ് കോരണ്ടല്ലോ.'
 
"നിന്റെ കണവനേന്തിയെ? അവനു സുഖമാണോ"
 
'കൊച്ചമ്മേ അയാൾ ഒരു പണി ചെയ്യുകേല, ഞാൻ ഈ പെടാപ്പാട് പെട്ട് നാടിനെ വരെ വഞ്ചിചിട്ടാ അയാളെയും മക്കളെയും രായിക്കു രാമായണം അമേരിക്കക്ക് കടത്തിയത്. ഇപ്പോൾ പറയുവാ, നീ പോയി വേറെ പണി നോക്കാൻ, ഞാൻ ഒരു ആത്മകഥ  ആ അമൃതാനന്ദമയിയുടെ  പുസ്തകം എഴുതിയ ചേച്ചിയെ വച്ച് എഴുതിപ്പിക്കാൻ ഒരു ശ്രമം നടത്തി, അവര് സമ്മതിച്ചു വന്നതാ, അപ്പോൾ ഇയാൾക്ക് അതിന്റെ വീതം വേണം പോലും! കൊടുക്കും.., ഇമ്മിണി പുളിക്കണം, അങ്ങനെ എന്റെ 'വിശുദ്ധ നരകത്തിന്റെ' വീതം പറ്റാൻ ഞാൻ ആരെയും അനുവദിക്കില്ല. പിന്നെ അയാളെന്നെ ചതിച്ചാൽ ഞാൻ മാത്രമല്ല അയ്യാളും കുടുങ്ങും. അതിനാൽ സ്വരം നന്നയിരിക്കുന്പോൾ പാട്ട് നിർത്തിക്കോളാൻ പറഞ്ഞു. പക്ഷെ ഞാൻ പുസ്തകം ഇറക്കുന്നതിന് മുൻപ് ദേവയാനികൊച്ചമ്മ എന്നെ കടത്തി വെട്ടി വേറെ ബുക്ക് ഇറക്കുമോന്നാ എന്റെ പേടി, സാരമില്ല സരിതയുടെ വരെ വാക്കിന് ആളുകൾ കാത്തുകെട്ടി കിടക്കുന്നു പിന്നെയാണോ അന്താരാഷ്‌ട്ര പ്രതിഭയായ ഞാൻ. പറ്റുമെങ്കിൽ യു. എൻ  അസംബ്ലിയിൽ ഒന്ന് പ്രസങ്ങിക്കാനെങ്കിലും അവസരം കിട്ടുമോന്ന് നോക്കണം, അങ്ങനെയുള്ള ഞാൻ വെറും ഒരു ഡ്രൈവറെ ഭർത്താവായി കൊണ്ട് നടക്കുന്നത് ഒരു കുറച്ചിലല്ലേ? '
 
"കേമീ! നീ കൊള്ളാമല്ലോ"
 
'കൊച്ചമ്മേ എന്നാ തട്ടിപ്പ്  പുസ്തകം എഴുതിയാലും അമേരിക്കക്കാര് വായിക്കും, സായിപ്പിന് ഈ കള്ളക്കളി ഒന്നും അറിയില്ലല്ലോ? പിന്നെ എവിടെ പൊട്ടാനാണ്? ഒന്ന് പൊട്ടിയാൽ അടുത്ത നന്പർ ഇറക്കും, നമ്മളെയാണോ കളി പഠിപ്പിക്കുന്നത്‌'
 
'എന്റെ കൊച്ചമ്മേ നാട്ടിലെ അമേരിക്കൻ എംബസിയിലെ കാര്യമാ കഷ്ടം. പണ്ട് തൊട്ടതിനും പിടിച്ചതിനുമൊക്കെ ആളെ കിട്ടുമായിരുന്നു. അമേരിക്കയിൽ നിന്ന് നല്ല ജോണി വാക്കറും ഒക്കെ കേസ് കണക്കിന് കിട്ടുമായിരുന്നു. രണ്ടു കുപ്പി വെളിയിൽ  കൊടുത്താൽ നല്ല കാശ് കിട്ടുമായിരുന്നു, അത് പോയിട്ട് കൊച്ചമ്മേ.. അവരിപ്പോൾ ബിവറേജു കോർപ്പറേഷെന്റെ മുന്നിൽ രാവിലെ പോയി ക്യു നിന്നാ കൊച്ചമ്മേ ഒരു പയന്റ് വാങ്ങുന്നത്!!. അവർക്ക്  ഇപ്പോൾ എയർപോർട്ടിൽ ഒക്കെ നമ്മൾ അമേരിക്കയിൽ വരുന്പോൾ ക്യു നിൽക്കുന്നത് പോലെ നിൽക്കണം , പിന്നെ ട്രാഫിക് ഒന്നും മാറ്റിക്കൊടുക്കില്ല, സാധാരണ ജനങ്ങളെ പോലെ പോണം.'
 
"അല്ല അതല്ലേ നിന്റെ പ്രസിഡണ്ട്‌ സമത്വം വേണമെന്ന് പറയുന്നത്?"
 
'കൊച്ചമ്മേ അവർക്കങ്ങനെ പലതും പറയാം, അമേരിക്കൻ എംബസിയിൽ ഉണ്ടായിരുന്നവർ പണ്ട് വൈസ്രോയ് മൌണ്ട് ബാറ്റണ്‍ പ്രഭു ഒക്കെ കഴിഞ്ഞിരുന്നത് പോലെയാ കഴിഞ്ഞിരുന്നത്. എല്ലാം പോയില്ലേ.. അവിടുത്തെ നീന്തൽക്കുളം ചേരി നിവാസികൾക്ക് കുളിക്കാനും, പിന്നെ ശിവരാത്രിക്ക് പിതൃതർപ്പണം  കഴിക്കാൻ സവ്കര്യത്തിനു ആളുകൾക്ക് തുറന്ന് കൊടുക്കാനാണ് പ്ലാനെന്നാണ് കേജരിവാൾ സാറ് പറഞ്ഞത്.  പറഞ്ഞ് വന്നാൽ അവരും 700 ലിറ്റർ വെള്ളം കൊണ്ട് ജീവിക്കെണ്ടിയ സ്ടിതിയാ ഇപ്പോൾ.'
 
'ഇനി വരുന്ന ഗവര്ന്മേന്റ്റ് ആരായാലും അവരുടെ കാര്യം കഷ്ടമാണ്. ബി ജെ പി ക്ക് മോഡിക്ക് വിസാ കൊടുത്തില്ലെന്നുള്ളതിന്റെ പരാതി, കോണ്‍ഗ്രെസിന് ദേവയാനി കേസിന്റെ കലിപ്പ്, അം ആദ്മിക്ക് വെള്ളം ദുരുപയോഗം ചെയ്യുന്നതിന്റെയും, കാറിൽ ബീക്കണ്‍ ലൈറ്റ് ഇട്ട് വി. ഐ. പി കളിച്ച് പോകുന്നതിലും.'
 
ആ .. ഇനി വരുന്നത് വരുന്നിടത്ത് വച്ച് കാണാം. ഞാൻ വന്നത് വലിയ പബ്ലിസിറ്റി കൊടുക്കേണ്ടാ. 
 
എന്നാൽ ഞാൻ വരട്ടെ..
 
അവനവർ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുന്പം കുലുമാൽ ....

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.