You are Here : Home / USA News

ഫിലഡല്‍ഫിയയില്‍ പ്രാര്‍ത്ഥനാദിനം ഭക്തിസാന്ദ്രമായി ആചരിച്ചു

Text Size  

Story Dated: Wednesday, March 12, 2014 09:11 hrs UTC

ജോസ്‌ മാളേയ്‌ക്കല്‍

 

ഫിലഡല്‍ഫിയ: എക്യൂമെനിക്കല്‍ കൂട്ടായ്‌മയിലെ വനിതാഫോറത്തിന്റെ നേതൃത്വത്തില്‍ വിശാല ഫിലാഡല്‍ഫിയ റീജിയണിലെ ക്രിസ്‌തീയ സമൂഹം മാര്‍ച്ച്‌ 8 ശനിയാഴ്‌ച്ച പ്രാര്‍ത്ഥനാദിനമായി ആചരിച്ചു കൊണ്ട്‌ ആഗോളതലത്തില്‍ വെള്ളിയാഴ്‌ച്ച നടന്ന പ്രാര്‍ത്ഥനാസര്‍വീസുകളോട്‌ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു. സെന്റ്‌ തോമസ്‌ സീറോമലബാര്‍ പള്ളി ആഡിറ്റോറിയത്തില്‍ രാവിലെ പത്തുമുതല്‍ ഉച്ചക്ക്‌ രണ്ടുമണിവരെ നടന്ന പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്ക്‌ നിരവധി വൈദികനും, ഫെല്ലോഷിപ്‌ ഭാരവാഹികളും, വനിതാ വോളന്റിയര്‍മാരും, അല്‍മായരും നേതൃത്വം നല്‍കി. ആഗോളതലത്തിലുള്ള എക്യൂമെനിക്കല്‍ കൂട്ടായ്‌മയായ World Day of Prayer ന്റെ 87 ാം വാര്‍ഷികമാണ്‌ ഈ വര്‍ഷംആചരിച്ചത്‌. എക്യൂമെനിക്കല്‍ കൂട്ടായ്‌മയിലെ എല്ലാപള്ളികളില്‍നിന്നുമായി അഞ്ഞൂറോളം പ്രതിനിധികള്‍ പ്രാര്‍ത്ഥനാ സര്‍വീസില്‍ പങ്കെടുത്തു. റിലിജിയസ്‌ ആക്ടിവിറ്റീസ്‌ കോര്‍ഡിനേറ്റര്‍ റവ. ഷാജന്‍ ദാനിയേലിന്റെ
നേതൃത്വത്തില്‍ പ്രാരംഭപ്രാര്‍ത്ഥനയോടെ ആരംഭിച്ച ശുശ്രൂഷകള്‍ മുഖ്യ പ്രഭാഷകരായ റവ. ഫാ. മിന മിന (ഡെലവെയര്‍ സെ. മേരിസ്‌ കോപ്‌റ്റിക്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി വികാരി), മിസിസ്‌. ലിജി അലക്‌സ്‌ (ന്യൂയോര്‍ക്ക്‌ സ്റ്റാറ്റന്‍ ഐലന്‍ഡിലെ പ്രശസ്‌ത ബൈബിള്‍ പ്രഭാഷക) എന്നിവര്‍ എക്യൂമെനിക്കല്‍ ഭാരവാഹികള്‍ക്കൊപ്പം ഭദ്രദീപം തെളിച്ച്‌ ഉല്‍ഘാടനം ചെയ്‌തു. ചെയര്‍മാന്‍ റവ. ഫാ. കെ. കെ. ജോണ്‍ എല്ലാവര്‍ക്കും ഹൃദയപൂര്‍വം സ്വാഗതം ആശംസിച്ചു.

ഈജിപ്‌റ്റിലെ വനിതാകമ്മിറ്റി എഴുതിതയാറാക്കിയ ഈ വര്‍ഷത്തെ വര്‍ഷിപ്പ്‌ സര്‍വീസിന്റെ ചിന്താവിഷയമായ `മരുഭൂമിയിലെ തെളിനീരരുവികള്‍' എന്ന ബൈബിള്‍തീമിനെ അടിസ്ഥാനമാക്കി ലിജി കൊച്ചമ്മ നല്‍കിയ സന്ദേശം വളരെ ഹൃദയസ്‌പര്‍ശിയായിരുന്നു. റവ. ഫാ. മിന കോപ്‌റ്റിക്‌ ചര്‍ച്ചിന്റെ തനിമയും, ചരിത്രവും പവര്‍പോയിന്റിന്റെ സഹായത്തോടെ വിവരിച്ച്‌ മുഖ്യപ്രഭാഷണം നടത്തി.

റവ. ഡോ. മാത്യു മണക്കാട്ട്‌, റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ്‌ പുലിശേരി, റവ. ഷാജന്‍ ദാനിയേല്‍, റവ. ഫാ. ഗീവര്‍ഗീസ്‌ ജോണ്‍, റവ. ഫാ. എം. കെ. കുര്യാക്കോസ്‌, റവ. ഫാ. കെ. കെ. ജോണ്‍, റവ. സന്തോഷ്‌ മാത്യു, റവ. ഫാ. ചാക്കോ പുന്നൂസ്‌ എന്നിവര്‍ ശുശ്രൂഷകളില്‍ സഹായിച്ചു. ബൈബിള്‍ വിഷയത്തെ ആസ്‌പദമാക്കി അജി പണിക്കരുടെ കോറിയോഗ്രഫിയില്‍ നൂപുര നൃത്തവിദ്യാലയം അവതരിപ്പിച്ച ഡിവോഷണല്‍ ഡാന്‍സും, ഡോ. ഈപ്പന്‍ ഡാനിയേല്‍, വല്‍സാ ജേക്കബ്‌ എന്നിവരുടെ മേല്‍നോട്ടത്തിലുള്ള യൂത്ത്‌ ബാന്‍ഡും, സമ്പല്‍ സമൃദ്ധവും, പുരാതന സംസ്‌കാരം പേറുന്നതും, പിരമിഡുകളുടെ നാടുമായ ഈജിപ്‌തിനെക്കുറിച്ച്‌ ഡോ. സുബൈദാ സംവിധാനം ചെയ്‌ത്‌ സെ. മേരിസ്‌ കോപ്‌റ്റിക്‌ ചര്‍ച്ച്‌ അവതരിപ്പിച്ച `പിരമിഡിന്റെ നിഴലുകളില്‍നിന്ന്‌' എന്ന ബൈബിള്‍ സ്‌കിറ്റും,
സൂസന്‍ സാബു, വല്‍സാ ജേക്കബ്‌, റീനാ കോളക്കോട്ട്‌, അനിതാ വര്‍ഗീസ്‌ എന്നിവര്‍ അവതരിപ്പിച്ച മോണോലോഗും, തോമസ്‌ എബ്രാഹം (ബിജു), ലിസി തോമസ്‌ എന്നിവര്‍ നേതൃത്വം നല്‍കിയ മലയാളം ക്വയറും, ജോവിലിന്‍ ചാക്കോ നയിച്ച ഇംഗ്ലീഷ്‌ ക്വയറും പരിപാടികള്‍ക്ക്‌ മാറ്റു കൂട്ടി.

ലൈലാ അലക്‌സ്‌ സ്‌ക്രിപ്‌റ്റെഴുതി എലിസബത്ത്‌ ജേക്കബ്‌ (മോളി ടീച്ചര്‍) സംവിധാനവും, കോസ്റ്റ്യും ഡിസൈനും നിര്‍വഹിച്ച്‌ ക്രിസ്റ്റി ജെറാള്‍ഡ്‌ കോര്‍ഡിനേറ്റ്‌ ചെയ്‌ത്‌ സെന്റ്‌ തോമസ്‌ സീറോമലബാര്‍ ടീം അവതരിപ്പിച്ച തീം സ്‌കിറ്റ്‌ `മരുഭൂമിയിലെ തെളിനീരരുവികള്‍' ഒരു ബൈബിള്‍ നാടകത്തിന്റെ പ്രതീതി ജനിപ്പിച്ചു. യേശുവില്‍നിന്നും ലഭിക്കുന്ന ജലം നിത്യജീവനിലേക്ക്‌ നിര്‍ ഗളിക്കുന്ന അരുവിയാകുമെന്ന സത്യം അവനില്‍നിന്നും നേരിട്ടു കേട്ടു വിശ്വസിച്ച സമരിയാക്കാരി സ്‌ത്രി ആ സദ്‌ വാര്‍ത്ത പട്ടണത്തില്‌ചെന്ന്‌ അറിയിക്കുന്ന സുവിശേഷഭാഗമണ്‌ പ്രോഗ്രാം ഹൈലൈറ്റായ സ്‌കിറ്റിന്‌ വിഷയമായത്‌.

ഷൈനി ജോണ്‍സണ്‍ തൈപ്പറമ്പില്‍ സമരിയാക്കാരി സ്‌ത്രീയുടെ പ്രധാനവേഷമിട്ട സ്‌കിറ്റില്‍ ആനി മാത്യു, വല്‍സാ ജോയി തട്ടാര്‍കുന്നേല്‍, സൂസന്‍ ഡോമിനിക്‌, റാണി സിംപ്‌സണ്‍, ആലീസ്‌ ജോണി, ആനാ ജോസഫ്‌, ലില്ലി തോമസ്‌, സെലിന്‍ ഓലിക്കല്‍, മറിയാമ്മ ഫിലിപ്‌, ജെസി ജോസഫ്‌ എന്നിവര്‍ വിവിധ പുരുഷ സ്‌ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എക്യൂമെനിക്കല്‍ കൂട്ടായ്‌മയിലെ എല്ലാ ഇടവകകളില്‍നിന്നുമുള്ള 100 ല്‍ പരം വനിതാപ്രവര്‍ത്തകര്‍ സുമാ ചാക്കോ, വല്‍സാ ജേക്കബ്‌ എന്നിവരടെ നേതൃത്വത്തില്‍ ഇംഗ്ലീഷിലും മലയാളത്തിലും ഈജിപ്‌തിലെ കുടിയേറ്റക്കാര്‍ക്കും, അവശതയനുഭവിക്കുന്ന സ്‌ത്രീസമൂഹത്തിനുംവേണ്ടി പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു. ഈ വര്‍ഷത്തെ പ്രാര്‍ത്ഥനയുടെ കേമ്പ്രബിമ്പുവായ ഈജിപ്‌തിനെക്കുറിച്ച്‌ നിര്‍മല എബ്രാഹം അവതരിപ്പിച്ച പവര്‍പോയിന്റ്‌ പ്രസന്റേഷന്‍ ഹൃദ്യമായിരുന്നു.

എക്യൂമെനിക്കല്‍ ചെയര്‍മാന്‍ റവ. ഫാ. കെ. കെ. ജോണ്‍, കോ ചെയര്‍മാന്‍ റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ്‌ പുലിശേരി, റലിജിയസ്‌ ആക്ടിവിറ്റീസ്‌ കോര്‍ഡിനേറ്റര്‍ റവ. ഷാജന്‍ വി. ദാനിയേല്‍, ഇന്‍ഡ്യന്‍ ക്രിസ്റ്റ്യന്‍ കമ്യൂണിറ്റി പ്രോജക്ട്‌ കോര്‍ഡിനേറ്റര്‍ റവ. ഫാ. എം. കെ. കുര്യാക്കോസ്‌. സെക്രട്ടറി ചെറിയാന്‍ കോശി, വേള്‍ഡ്‌ ഡേ പ്രെയര്‍ കോര്‍ഡിനേറ്റര്‍ നിര്‍മ്മല എബ്രാഹം, വിമന്‍സ്‌ ഫോറം കോര്‍ഡിനേറ്റര്‍മാരായ മെര്‍ളി ജോസ്‌ പാലത്തിങ്കല്‍, സൂസന്‍ വര്‍ഗീസ്‌, ലൈലാ അലക്‌സ്‌, വല്‍സ മാത്യു, സുനിത ഫ്‌ളവര്‍ഹില്‍, ഷീലാ ദാനിയേല്‍, ഓമന ജോണ്‍, അമ്മിണിക്കുട്ടി ജോണ്‍, ബിഷെല്‍ സന്തോഷ്‌, ലിസി ബേബി എന്നിവരടങ്ങുന്ന വിപുലമായ കമ്മിറ്റി പ്രാര്‍ത്ഥനാദിനാചരണം ഭക്തിസാമ്പ്രമായി കോര്‍ഡിനേറ്റു ചെയ്‌തു.

വനിതാഫോറം ചെയര്‍പേഴ്‌സണ്‍ മെര്‍ളി ജോസ്‌ പാലത്തിങ്കല്‍ പ്രാര്‍ത്ഥനാസര്‍വീസില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. ജോസ്‌ പാലത്തിങ്കല്‍, ജോയല്‍ ബോസ്‌കോ എന്നിവര്‍ ശബ്ദവും, വെളിച്ചവും നിയന്ത്രിച്ചു. വിന്‍സന്റ്‌ ഇമ്മാനുവല്‍, ജോസ്‌ മാളേയ്‌ക്കല്‍ എന്നിവര്‍ മീഡിയാ പ്രതിനിധികളായി പങ്കെടുത്തു. സ്‌നേഹവിരുന്നോടെ പരിപാടികള്‍ക്ക്‌ തിരശീല വീണു. (ഫോട്ടോ: ജോസ്‌ തോമസ്‌)
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.