You are Here : Home / USA News

റെനി ജോസിന്റെ തിരോധാനം; അന്വേഷണം ഊര്‍ജ്ജിതമാക്കി

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Friday, March 07, 2014 12:49 hrs UTC


 
ആല്‍ബനി (ന്യൂയോര്‍ക്ക്): ടെക്സാസിലെ റൈസ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയും ആല്‍ബനി നിവാസിയും, സ്‌പ്രിംഗ് ബ്രേക്ക് ആഘോഷിക്കാന്‍ സഹപാഠികളുമൊത്ത് ഫ്ലോറിഡയിലെ പാനമ സിറ്റി ബീച്ചില്‍ എത്തി ദുരൂഹ സാഹചര്യത്തില്‍ കാണാതായ റെനി ജോസിനു (21) വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
 
മാര്‍ച്ച് 1 ശനിയാഴ്ചയാണ് യൂണിവേഴ്സിറ്റിയിലെ സഹപാഠികളും സുഹൃത്തുക്കളുമടങ്ങുന്ന 15 അംഗ സംഘത്തോടൊപ്പം റെനി ഫ്ലോറിഡയിലേക്ക് പോയത്. മാര്‍ച്ച് 3 വൈകീട്ട് 7 മണിക്ക് താമസസ്ഥലത്തുനിന്നും പുറത്തേക്കു പോയ റെനിയെ പിന്നീട് ആരും കണ്ടിട്ടില്ല. റെനിയെ കാണാതായ വിവരമറിഞ്ഞ് ആല്‍ബനിയില്‍ നിന്ന് പിതാവ് ജോസ് ജോര്‍ജ്ജും അമ്മ ഷെര്‍ലി ജോസും, സഹോദരി രേഷ്മ, അമ്മാവന്‍ സാം എന്നിവര്‍ ഫ്ലോറിഡയിലെത്തി പാനമ സിറ്റി ഷറീഫ് ഓഫീസുമായി ബന്ധപ്പെട്ട് തെരച്ചിലില്‍ പങ്കു ചേര്‍ന്നിട്ടുണ്ട്. കൂടാതെ, ഇന്ത്യാ പ്രസ് ക്ലബ് മുന്‍ പ്രസിഡന്റ് മാത്യു വര്‍ഗീസ് തനിക്ക് പരിചയമുള്ള ചിലരുമായി ബന്ധപ്പെടുകയും റെനിയുടെ മാതാപിതാക്കള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. 
 
ബേ കൗണ്ടി ഷെറീഫ് ഓഫീസിന്റെ ഹെലിക്കോപ്ടര്‍ പ്രദേശമാകെ നിരീക്ഷണം നടത്തുന്നുണ്ട്. കൂടാതെ, റെനിയുടെ മാതാപിതാക്കളുടെ ആവശ്യപ്രകാരം പ്രദേശമാകെ സൂക്ഷ്മനിരീക്ഷണത്തിലാക്കുകയും, മുങ്ങല്‍ വിദഗ്ധരുടെ സേവനവും ലഭ്യമാക്കുന്നുണ്ട്. 
 
റെനിയുടെ തിരോധാനം ആല്‍ബനിയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള റെനിയുടെ നിരവധി ബന്ധുക്കളെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ചില മാധ്യമങ്ങളില്‍ വന്ന തെറ്റായ വാര്‍ത്തകള്‍ അവരെ ഏറെ അലോസരപ്പെടുത്തുന്നുണ്ട്. കുടുംബക്കാരെല്ലാവരും ഇപ്പോഴും പ്രാര്‍ത്ഥനയിലാണ്. കുടുംബക്കാര്‍ മാത്രമല്ല ആല്‍ബനിയിലെ ഭൂരിഭാഗം മലയാളികളും, ഇതര ഇന്ത്യന്‍ വംശജരും, അമേരിക്കക്കാരുമെല്ലാം യാതൊരു ആപത്തും കൂടാതെ റെനി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ്. 
 
റെനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് എല്ലാ സഹൃദയരോടും കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു. കൂടാതെ താഴെ കൊടുത്തിരിക്കുന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് നിങ്ങളുടെ വിലയേറിയ ഹായസഹകരണങ്ങളും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.