You are Here : Home / USA News

തൊടുപുഴ കെ.ശങ്കറിനു മാമിന്റെ (MAAM) അംഗീകാരം

Text Size  

Story Dated: Thursday, February 27, 2014 09:06 hrs UTC

വാഷിംഗ്‌ടണ്‍ ഡി.സി: മലയാളി അസ്സോസ്സിയേഷന്‍ ഓഫ്‌ അമേരിക്ക (മെരിലാന്റ്‌) (മാം) പ്രവാസി എഴുത്തുകാര്‍ക്കുവേണ്ടി എല്ലാവര്‍ഷവും നടത്തിവരുന്ന2013ലെ മുട്ടത്ത്‌ വര്‍ക്കി സ്‌മാരക അവാര്‍ഡ്‌ മത്സരത്തില്‍ കവിതവിഭാഗത്തില്‍ തൊടുപുഴകെ.ശങ്കര്‍ (മുംബൈ) പ്രത്യേക അവാര്‍ഡിനു അര്‍ഹനായി. അവാര്‍ഡ്‌ദാനവും ഏക ദിന സെമിനാറും മാര്‍ച്ച്‌ 29 ശനിയാഴ്‌ച രാവിലെ പത്ത്‌ മുതല്‍ എട്ട്‌ മണിവരെ മെരിലാന്റില്‍ വെച്ച്‌ നടക്കുന്നതായിരിക്കും. (സ്‌ഥലം: വാഷിംഗ്‌ടണ്‍ ഡി.സി.ക്കടുത്തുള്ള കോളേജ്‌ പാര്‍ക്ക്‌ ക്വാളിറ്റി ഇന്‍, 7200 ബാള്‍ട്ടിമോര്‍ അവന്യു, കോളേജ്‌ പാര്‍ക്ക്‌, മെരിലാന്റ്‌).

കോട്ടയം ജില്ലയിലെ രാമപുരത്ത്‌ ജനിച്ച ശ്രീ തൊടുപുഴ കെ.ശങ്കര്‍ വളര്‍ന്നതെല്ലാം തൊടുപുഴയിലാണ്‌. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.കോം ബിരുദമെടുത്ത ഇദ്ദേഹം ഇംഗ്ലീഷ്‌ സാഹിത്യത്തിലും വിശേഷ ജ്‌ഞാനം നേടിയിട്ടുണ്ട്‌.

യൂണിയന്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ നിന്നും ക്രെഡിറ്റ്‌ മാനേജരായി വിരമിച്ച്‌ ഇപ്പോള്‍ വിശ്രമവും സാഹിത്യസേവനവും തുടര്‍ന്ന്‌ വരുന്നു. ഗംഗാപ്രവാഹം, ആദ്യാക്ഷരങ്ങള്‍, അമ്മയും ഞാനും,കവിയും വസന്തവും (മലയാളം) ദിമില്‍ക്കിവെ (ഇംഗ്ലീഷ്‌) തുടങ്ങി അഞ്ച്‌ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ആറാമത്തെ കവിതാസമാഹാരമായ `ശിലയും മൂര്‍ത്തിയും' 2014 മാര്‍ച്ച്‌ 18 നു മുംബൈയില്‍ പ്രകാശനം ചെയ്യപ്പെടുന്നതാണ്‌.

500ല്‍ പരം മലയാള കവിതകളും, 300 ല്‍ പരം ഭക്‌തിഗാനങ്ങളും, 200 ല്‍ കുറയാതെ ഇംഗ്ലീഷ്‌ കവിതകളും രചിച്ചിട്ടുണ്ട്‌. ശ്രീനാരായണ ഗുരുവിനെപ്പറ്റിയും, മദര്‍ തെരേസ്സയെപ്പറ്റിയും, യേശുക്രുസ്‌തുവിനെ പ്പറ്റിയുമുള്ള കവിതകള്‍ ഗാനാത്മകമായി തയ്യാറാക്കിയിട്ടുണ്ട്‌. ധാരാളം നാടകങ്ങള്‍ക്കും 5 ഭക്‌തിഗാന ആല്‍ബങ്ങള്‍ക്കും ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്‌.

വയലൂരമൃതം, കനകശ്രീക്കവിതകള്‍, പേള്‍ഡ്രോപ്‌സ്‌ തുടങ്ങിമലയാളത്തിലും തമിഴിലുമുള്ള ചിലരുടെ കവിതാസമാഹാരങ്ങളിലെ തിരഞ്ഞെടുത്ത കവിതകള്‍ ഇംഗ്ലീഷിലേക്ക്‌ മൊഴിമാറ്റം ചെയ്‌തിട്ടുണ്ട്‌. അമേരിക്കയിലെ ഹ്രസ്വകാലതാമസത്തിനെത്തിയ ശ്രീ ശങ്കര്‍ അമേരിക്കന്‍ മലയാള സാഹിത്യത്തേയും, ഇവിടത്തെ ജീവിതരീതികളേയും കുറിച്ച്‌ എഴുതിയതിനു പുറമേ വനിതകള്‍ അമേരിക്കയിലും ഇന്ത്യയിലും എന്ന തുടര്‍പംക്‌തി `ജ്വാല' മാസികയില്‍ എഴുതിയിരുന്നത്‌ വായനക്കാരുടെ പ്രത്യേക ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.

നമ്മുടെയെല്ലാം പ്രിയങ്കരനായ പത്മശ്രീ ഡോക്‌ടര്‍ കെ.ജെ.യേശുദാസ്‌ സംഗീതത്തില്‍ അമ്പത്‌ വര്‍ഷംപൂര്‍ത്തിയാക്കിയ വേളയില്‍ ഐഡിയ സ്‌റ്റാര്‍ സിംഗര്‍ വേദി ഒരുക്കിയ ചടങ്ങില്‍വച്ച്‌ ചെയ്‌തപ്രഭാഷണത്തില്‍ നിന്ന്‌ പ്രചോദനംകൊണ്ട്‌ ഇദ്ദേഹം ഗന്ധര്‍വ്വജന്മം എന്ന പേരില്‍ മുജ്ജന്മങ്ങളില്‍ എന്ന (2012) ഒരു കവിതരചിക്കുകയും ആ കവിത ദാസേട്ടനു സ്വീകാര്യമായിരിക്കുമോ എന്ന ആശങ്കയോടെ അതയച്ചുകൊടുക്കുകയും ചെയ്‌തു. അത്‌, `ദാസേട്ടന്‍ അറ്റ്‌ ഫിഫ്‌ടി' എന്ന പ്രോഗ്രാമിന്റെ സമാപനവേളയില്‍ ഒരുമുഖവുരയോടുകൂടി ദാസേട്ടന്‍ അദ്ദേഹത്തിനുതികച്ചും അജ്‌ഞാതനായ ഇദേഹത്തിന്റെ പേരുപറഞ്ഞ്‌ `തോടി' രാഗത്തില്‍ മനോഹരമായി ആലപിച്ചപ്പോള്‍ അതിനു സ്വര്‍ണ്ണത്തിന്റെ തിളക്കംവന്നത്‌പോലെ തോന്നിയെന്നും അത്‌ തികച്ചും അപ്രതീക്ഷിതമായ അനുഭവമായിരുന്നെന്നും ഓരൊ അവാര്‍ഡ്‌ കിട്ടുമ്പോഴും അതാണ്‌ മനസ്സില്‍ തെളിയുന്നതെന്നും ശ്രീ ശങ്കര്‍ കൃതഞ്‌ജതാപൂര്‍വ്വം സ്‌മരിക്കുന്നു. പ്രസ്‌തുത കവിത പത്ത്‌ മാസികകളിലും അമേരിക്കന്‍ മാദ്ധ്യമങ്ങളിലും പ്രസിദ്ധീകരിക്കുകയുണ്ടായി.

ഇപ്പോള്‍ ഇംഗ്ലീഷിലും മലയാളത്തിലും കവിതകളും, ലേഖനങ്ങളും യാത്രാവിവരണങ്ങളും എഴുതുന്നു. അവ സ്വദേശത്തും വിദേശത്തുമുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു. പ്രിയ സുഹ്രുത്തുക്കള്‍ അത്‌മൂലം `വിശ്വവിഖ്യാതനായ എഴുത്തുകാരന്‍' എന്ന്‌സ്‌നേഹപൂര്‍വ്വം അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.

ശ്രീശങ്കറിന്റെ ഭാര്യ BARC യില്‍നിന്നും Sr.Adm .മാനേജരായി വിരമിച്ചു. മകള്‍ ജ്യോതി മുംബൈയിലും, മകന്‍ ദീപക്‌ അമേരിക്കയിലും കുടുംബ ജീവിതം നയിക്കുന്നു.

ശ്രീശങ്കറിനു എല്ലാ ഭാവുകങ്ങളും നേരുന്നു. ശ്രീ ശങ്കറുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ വേണ്ടി അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ : 9820033306/ 8286869171 ഇ-മെയില്‍: (thodupuzhakshankar@gmail.com).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.