You are Here : Home / USA News

പരിശുദ്ധ ഏലിയാസ്‌ ത്രിതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവായുടെ ദുഖ്‌റാനോ പെരുന്നാള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, February 19, 2014 12:50 hrs UTC

 

ഷിക്കാഗോ: മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ്‌ ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവാ തിരുമനസിലെ 82-മത്‌ ദുഖ്‌റാനോ പെരുന്നാള്‍ ഫെബ്രുവരി 15,16 (ശനി, ഞായര്‍) തീയതികളില്‍ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിന്‍കീഴില്‍ ഷിക്കാഗോയിലുള്ള ഇടവകകള്‍ സംയുക്തമായി സെന്റ്‌ മേരീസ്‌ ക്‌നാനായ സുറിയാനി പള്ളിയില്‍ വെച്ച്‌ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ കൊണ്ടാടി.

പതിനഞ്ചാം തീയതി വൈകുന്നേരം 5.30-ന്‌ ക്‌നാനായ സുറിയാനി പള്ളിയുടെ സമീപത്തുള്ള ലൂയിസ്‌ ആന്‍ഡ്‌ ഗ്ലെന്‍ഫോറാ ജംഗ്‌ഷനില്‍ നിന്നും പരിശുദ്ധ ബാവായുടെ ഛായാചിത്രവും പാത്രിയര്‍ക്കാ പതാകയും വഹിച്ചുകൊണ്ട്‌, വിശ്വാസികള്‍ തീര്‍ത്ഥയാത്രയായി പള്ളിയിലേക്ക്‌ നീങ്ങി. ഏറ്റവും മുന്നില്‍ നീങ്ങിയ അലങ്കരിച്ച വാഹനത്തില്‍ നിന്നും `പരിശുദ്ധ മോറാനെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ, അന്ത്യോഖ്യായുടെ അധിപതിയെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ..' എന്ന പ്രാര്‍ത്ഥനകള്‍ തീര്‍ത്ഥാടകര്‍ ഏറ്റുചൊല്ലിയപ്പോള്‍, മഞ്ഞനിക്കര കുന്നിലേക്കുള്ള ലക്ഷോപലക്ഷം വിശ്വാസികളുടെ തീര്‍ത്ഥയാത്ര എല്ലാവരുടേയും മനസില്‍ കൂടി കടന്നുപോയി. ആറുമണിക്ക്‌ പെരുന്നാള്‍ നടക്കുന്ന ദേവാലയാങ്കണത്തില്‍ തീര്‍ത്ഥയാത്ര എത്തിച്ചേര്‍ന്നപ്പോള്‍, സുറിയാനി സഭയുടെ അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനിയും, സെന്റ്‌ മേരീസ്‌ ക്‌നാനായ പള്ളി വികാരി ബഹുമാനപ്പെട്ട തോമസ്‌ മേപ്പുറത്ത്‌ അച്ചനുംകൂടി തീര്‍ത്ഥയാത്രയെ സ്വീകരിച്ച്‌ ധൂപപ്രാര്‍ത്ഥന നടത്തി. ലഘുഭക്ഷണത്തിനുശേഷം അഭിവന്ദ്യ തിരുമേനിയുടെ നേതൃത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥന നടത്തി.

അതിനുശേഷം `നീ നിര്‍മ്മലനും നേരുള്ളവനുമെങ്കില്‍ അവന്‍ ഇപ്പോള്‍ നിനക്കുവേണ്ടി ഉണര്‍ന്നുവരും' (ഈയോബ്‌ 8:6) എന്ന വാക്യത്തെ ആസ്‌പദമാക്കി ബഹുമാനപ്പെട്ട മാത്യു കുരുത്തലയ്‌ക്കല്‍ അച്ചന്‍ പ്രസംഗിച്ചു.

മാലിക്കറുകയില്‍ ജോസഫ്‌ ഇടിക്കുള, കളരിമുറിയില്‍ സ്റ്റാന്‍ലി മാത്യു, ജയ്‌സണ്‍ ജോണ്‍, മാത്യു കുര്യാക്കോസ്‌ എന്നിവര്‍ ചേര്‍ന്ന്‌ തീര്‍ത്ഥയാത്രയെ നയിച്ചു. ഭക്ഷണത്തോടുകൂടി ശനിയാഴ്‌ചത്തെ പരിപാടികള്‍ സമാപിച്ചു.

പതിനാറാം തീയതി ഞായറാഴ്‌ച രാവിലെ 9.30-ന്‌ പ്രഭാത പ്രാര്‍ത്ഥന ആരംഭിച്ചു. 10.15-ന്‌ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്ത തിരുമനസിലെ പ്രധാന കാര്‍മിത്വത്തിലും റവ.ഫാ. തോമസ്‌ കറുകപ്പടിയില്‍, റവ.ഫാ. മാത്യു കരുത്തലയ്‌ക്കല്‍, റവ.ഫാ. തോമസ്‌ മേപ്പുറത്ത്‌, റവ.ഫാ. പുന്നൂസ്‌ ചാലുങ്കല്‍ എന്നീ വൈദീക ശ്രേഷ്‌ഠരുടെ സഹകാര്‍മികത്വത്തിലും വിശുദ്ധ അഞ്ചിന്‍മേല്‍ കുര്‍ബാന അര്‍പ്പിച്ചു.

റവ. ഡീക്കന്‍ ജാന്‍ വിത്സണ്‍, റവ.ഡീക്കന്‍ ജെയ്‌ക്‌ പട്ടരുമഠത്തില്‍ എന്നീ ശെമ്മാശന്മാര്‍ ശുശ്രൂഷകളില്‍ സഹായിച്ചു. ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത്‌, ജെയ്‌സണ്‍ ജോണ്‍, സിബി ജേക്കബ്‌, മാത്യു കുര്യാക്കോസ്‌, സ്റ്റാന്‍ലി കളരിമുറി, ജോജി കുര്യാക്കോസ്‌, റോഡ്‌നി മഴുവഞ്ചേരി എന്നിവര്‍ പെരുന്നാളിന്‌ നേതൃത്വം നല്‍കി. കാലാവസ്ഥ വകവെയ്‌ക്കാതെ സഭാ ഭേദമെന്യേ നൂറുകണക്കിന്‌ വിശ്വാസികള്‍ പരിശുദ്ധന്റെ പെരുന്നാളില്‍ സംബന്ധിച്ച്‌ അനുഗ്രഹം പ്രാപിച്ചു.

റവ.ഫാ. തോമസ്‌ മേപ്പുറത്ത്‌ സ്വാഗതവും വന്ദ്യ സഖറിയ കോര്‍എപ്പിസ്‌കോപ്പ തേലാപ്പള്ളില്‍ നന്ദിയും പറഞ്ഞു. സാമ്പത്തികമായി സഹായിച്ച ജെയ്‌ബു കുളങ്ങര, ഡോ. സൂസന്‍ ഇടുക്കിത്തറ, ബിജി മാണി, എലൈറ്റ്‌ കേറ്ററിംഗ്‌ എന്നിവരെ നന്ദിപ്രകടന സമയത്ത്‌ പ്രത്യേകം സ്‌മരിച്ചു. വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം പാച്ചോര്‍ നേര്‍ച്ചയും പതിവനുസരിച്ച്‌ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. രണ്ടു മണിക്ക്‌ കൊടിയിറക്കത്തോടെ ഈവര്‍ഷത്തെ പെരുന്നാള്‍ പര്യവസാനിച്ചു. അടുത്തവര്‍ഷത്തെ പെരുന്നാള്‍ ക്രമമനുസരിച്ച്‌ സെന്റ്‌ പീറ്റേഴ്‌സ്‌ സുറിയാനിപ്പള്ളിയുടെ നേതൃത്വത്തില്‍ നടത്തപ്പെടും. പബ്ലിസിറ്റ്‌ കണ്‍വീനര്‍ ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത്‌ അറിയിച്ചതാണിത്‌.


 
 
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.