You are Here : Home / USA News

പ്രസ്‌ ക്ലബ്ബ്‌ നാഷണല്‍ കോണ്‍ഫറന്‍സ്‌ ചിക്കാഗോയില്‍; ജോസ്‌ കണിയാലി ചെയര്‍മാന്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, February 17, 2014 02:48 hrs UTC

ന്യൂയോര്‍ക്ക്‌: ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ആറാമത്‌ നാഷണല്‍ കോണ്‍ഫറന്‍സ്‌ 2015 ഒക്‌ടോബറില്‍ ചിക്കാഗോയില്‍ നടക്കും. ജോസ്‌ കണിയാലിയെ കണ്‍വന്‍ഷന്‍ ചെയര്‍മാനായും പ്രസ്‌ക്ലബ്ബ്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി നിശ്‌ചയിച്ചതായി പ്രസി ഡന്റ്‌ ടാജ്‌ മാത്യു, സെക്രട്ടറി വിന്‍സന്റ്‌ ഇമ്മാനുവേല്‍ എന്നിവര്‍ അറിയിച്ചു.

ഏഴുവര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ പ്രസ്‌ക്ലബ്ബ്‌ നാഷണല്‍ കോണ്‍ഫറന്‍സ്‌ ചിക്കാഗോയില്‍ എത്തുന്നത്‌. ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ മുഖഛായ തന്നെ മാറ്റിയെടുത്ത രണ്ടാം കോണ്‍ഫറന്‍സ്‌ ജോസ്‌ കണിയാലിയുടെ നേതൃത്വത്തില്‍ 2008 ല്‍ ചിക്കാഗോയിലായിരുന്നു നടന്നത്‌. മന്ത്രി മോന്‍സ്‌ ജോസഫ്‌ മുഖ്യാതിഥിയും, ദ്യൃശ്യമാധ്യമ രംഗത്തെ കുലപതികളായ ജോണ്‍ ബ്രിട്ടാസ്‌, ശ്രീകണ്‌ഠന്‍ നായര്‍, ജോണി ലൂക്കോസ്‌ എന്നിവര്‍ മുഖ്യ പ്രഭാഷകരുമായ ഈ കോണ്‍ഫറന്‍സിന്‌ ശേഷമാണ്‌ പ്രസ്‌ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളെ ആകര്‍ഷിച്ചു തുടങ്ങിയതും നാട്ടിലെ മാധ്യമ രംഗത്ത്‌ ചര്‍ച്ചാ വിഷയമായതും.

തുടര്‍ന്ന്‌ അടുത്തവര്‍ഷം ന്യൂജേഴ്‌സിയിലും ജോസ്‌ കണിയാലിയുടെ നേതൃത്വത്തില്‍ കോണ്‍ഫറന്‍സ്‌ നടക്കുകയുണ്ടായി. മന്ത്രി ബിനോയ്‌ വിശ്വം, ജോസ്‌ കെ.മാണി എം.പി എന്നിവര്‍ മുഖ്യാതിഥികളായ സമ്മേളനത്തില്‍ മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്‌ടര്‍ തോമസ്‌ ജേക്കബ്‌ ആയിരുന്നു പ്രധാന പ്രഭാഷകന്‍, കൈരളി ടി.വിയുടെ പ്രഭാ വര്‍മ്മ, പി.എസ്‌ ജോസഫ്‌ (ഇന്ത്യ ടുഡേ), സി.എല്‍ തോമസ്‌, സനല്‍ കുമാര്‍ ഐ.എ. എസ്‌, റോഷി അഗസ്‌റ്റിന്‍ എം,എല്‍.എ എന്നിവരും പങ്കെടുത്തു. ചിക്കാഗോയില്‍ താമസിച്ചു കൊണ്ട്‌ ന്യൂജേഴ്‌സിയില്‍ കോണ്‍ഫറന്‍സ്‌ നടത്തുക എന്നത്‌ അത്‌ഭുതം തന്നെയാണെന്ന്‌ മലയാള മനോരമയുടെ തോമസ്‌ ജേക്കബ്‌ കോട്ടയത്ത്‌ നടന്ന ഒരു ചടങ്ങില്‍ അഭിപ്രായപ്പെടുകയുണ്ടായി.

അമേരിക്കന്‍ മലയാളി ജീവിതം സജീവമായി നിലനില്‍ക്കുന്ന ചിക്കാഗോയില്‍ വീണ്ടും കോണ്‍ഫറന്‍സ്‌ എത്തുന്നതില്‍ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി സംതൃപ്‌തി പ്രകടിപ്പിച്ചു. പ്രസ്‌ ക്ലബ്ബിന്‌ എന്നും ഉറച്ച പിന്തുണയാണ്‌ ചിക്കാഗോ മലയാളി സമൂഹം നല്‍കിയിട്ടുളളതെന്ന്‌ കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ ശക്‌തമായ ചാപ്‌റ്ററുകളിലൊന്നാണ്‌ ചിക്കാഗോയിലേത്‌.

മറ്റെങ്ങും കാണാത്ത അമേരിക്കന്‍ മലയാളി ജീവിതരീതിയാണ്‌ ചിക്കാഗോയിലേതെന്ന്‌ മുന്‍ ഫോമ പ്രസിഡന്റ്‌ബേബി ഊരാളില്‍ ഒരിക്കല്‍ അഭിപ്രായപ്പെടുകയുണ്ടായി. ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ തന്നെ ഉറച്ച സൗഹൃദം നിലനിര്‍ത്തുന്നതും ഇവിടുത്തെ പ്രത്യേകതയാണ്‌. പ്രസ്‌ക്ലബ്ബ്‌ കോണ്‍ഫറന്‍സിന്‌ മാത്രമല്ല ഏതു സമ്മേളനങ്ങളുടെയും വിജയത്തിന്‌ ചിക്കാഗോ മലയാളികളുടെ സാന്നിധ്യം അഭിവാജ്യഘടകമാണെന്ന്‌ കെ.സി. സി.എന്‍.എയുടെ മുന്‍ പ്രസിഡന്റു  കൂടിയായ ബേബി ഊരാളില്‍ വിലയിരുത്തി. സമ്മേളന വിജയങ്ങളുടെ കറിക്കൂട്ടുകളില്‍ മസാല ചേരുവ തന്നെയാണ്‌ ചിക്കാഗോ മലയാളി സ മൂഹം.

സംഘാടക മികവിനെക്കുറിച്ച്‌ ഒരു പാഠപുസ്‌തകം തയാറാക്കിയാല്‍ അതില്‍ ഒട്ടേറെ തവണ പരാമര്‍ശിക്കപ്പെടാവുന്ന പേരാണ്‌ ജോസ്‌ കണിയാലിയുടേത്‌. കെ.സി.വൈ.എല്ലിലൂടെയും കേരള കോണ്‍ഗ്രസ്‌ യുവജന വിഭാഗത്തിലൂടെയും സംഘടിത പ്രവര്‍ത്തനങ്ങളുടെ രസതന്ത്രം ഹൃദിസ്‌ഥമാക്കിയ ജോസ്‌ കണിയാലി അമേരിക്കന്‍ മലയാളി സമൂഹത്തില്‍ തന്റേതായ കൈയൊപ്പ്‌ ചാര്‍ത്തിയ വ്യക്‌തിത്വമാണ്‌. ഏറ്റെടുക്കുന്ന ദൗത്യങ്ങളൊക്കെയും വിജയകരമായി പൂര്‍ത്തിയാക്കിയ ചരിത്രമുളള ജോസ്‌ കണിയാലി സഹപ്രവര്‍ത്തകരെ ആദ്യാവസാനം ഒപ്പം നിര്‍ത്തുന്നതിലും ശ്രദ്‌ധിക്കുന്നു. ആര്‍ക്കും യോജിച്ചു പോകാവുന്ന ഒരു കെമിസ്‌ട്രി ഇദ്ദേഹത്തിനുണ്ടെന്ന്‌ ലാന പ്രസിഡന്റ്‌ ഷാജന്‍ ആനിത്തോട്ടം ഒരിക്കല്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. വീഴ്‌ചകളുമായി സമരസപ്പെടാന്‍ ഇഷ്‌ടമില്ലാത്ത ഇദ്ദേഹം ചെറിയ കാര്യങ്ങളില്‍ പോലും ശ്രദ്‌ധ ചെലുത്തുന്നു. ഏതു കാര്യവും കഴിയുന്നത്ര വിജയത്തിലാക്കുക എന്ന തത്വശാസ്‌ത്രം മുറുകെപ്പിടിക്കുന്ന കണിയാലിയുടെ ഒരു വാചകം പ്രസ്‌ക്ലബ്ബിന്റെ ആപ്‌തവാക്യങ്ങളിലൊന്നാണ്‌; `ഒന്നിനും ഒരു കുറവുണ്ടാകരുത്‌'.

ക്‌നാനായ കാത്തലിക്‌ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ (കെ.സി.സി.എന്‍. എ) ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്‌ എന്ന റിക്കാര്‍ഡുമുണ്ട്‌ ജോസ്‌ കണിയാലിക്ക്‌. മുപ്പത്തിമൂന്നാം വയസിലാണ്‌ അദ്ദേഹം ഈ സ്‌ഥാനത്തെത്തുന്നത്‌. 1996 ല്‍ ചിക്കാഗോയില്‍ ജോസ്‌ കണിയാലിയുടെ നേതൃത്വത്തില്‍ നടന്ന കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്‍ സംഘടനക്ക്‌ കൂടുതല്‍ ഊര്‍ജസ്വലത നല്‍കുകയുണ്ടായി. സ്വന്തം സമുദായത്തിന്‌ സേവനം നല്‍കാനായത്‌ തന്റെ കരിയറിലെ ഏറ്റവും സംതൃപ്‌തിയുളള കാര്യമായി കണിയാലി ചൂണ്ടിക്കാട്ടുന്നു.

ഡോ.എം അനിരുദ്‌ധന്റെ നേതൃത്വത്തില്‍ 2002 ല്‍ ചിക്കാഗോയില്‍ നടന്ന ഫൊക്കാന കണ്‍വന്‍ഷന്റെ ജനറല്‍ കണ്‍വീനറുമായിരുന്ന ജോസ്‌ കണിയാലി ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ സ്‌ഥാനവും വഹിക്കുകയുണ്ടായി.

കുറ്റപ്പെടുത്തലുകള്‍ കണിയാലിയില്‍ നിന്നും ഒരിക്കലും ഉണ്ടായിട്ടില്ലെന്ന്‌ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഏതെങ്കിലും കാര്യം ചെയ്യാന്‍ തങ്ങളോട്‌ പറയുകയും അത്‌ സമയത്തിന്‌ നടക്കാതെ വരികയും ചെയ്‌താലും അദ്ദേഹം കുറ്റപ്പെടുത്താറില്ല. സാരമില്ല എന്നു പറഞ്ഞ്‌ സമാധാനിപ്പിക്കുന്ന കണിയാലി അടുത്ത ദിവസങ്ങളില്‍ സ്വയമായി അത്‌ ചെയ്‌ത്‌ നടപ്പില്‍ വരുത്തും. അതീവ ശ്രദ്‌ധ വേണമെന്ന്‌ ഇടക്കിടെ ഓര്‍മ്മിപ്പിക്കുന്ന അദ്ദേഹം പറയാറുണ്ട്‌; `ശ്രദ്‌ധിച്ചു നിന്നില്ലെങ്കില്‍ എല്ലാം ആറ്റില്‍ പോകും'.

അധ്വാനിക്കുന്നതിന്‌ ഫലമുണ്ടാകണമെന്ന്‌ വിശ്വസിക്കുന്ന കണിയാലിക്ക്‌ അതിന്റെ പ്രശസ്‌തി തനിക്കു മാത്രമല്ല ഒപ്പം നില്‍ക്കുന്നവര്‍ക്കും കിട്ടണമെന്ന നിര്‍ബന്‌ധമുണ്ട്‌. അര്‍ഹിക്കുന്ന അംഗീകാരം ആര്‍ക്കു നല്‍കുന്നതിനും അദ്ദേഹത്തിന്‌ മടിയില്ല. കൂടെ നില്‍ക്കുന്നവരോട്‌ ഇടക്കിടെ അദ്ദേഹം പറയും; `ഇടിച്ചു നിന്നോണം, ഇല്ലെങ്കില്‍ തട്ടിപ്പോകും'.

വിജയങ്ങളുടെ വിസ്‌മയങ്ങള്‍ മാത്രം സൃഷ്‌ടിച്ചിട്ടുളള ഇത്രയും നാളത്തെ സംഘടനാ പ്രവര്‍ത്തനത്തെക്കുറിച്ച്‌ ചോദിച്ചാല്‍ ജോസ്‌ കണിയാലി പറയുന്നതിങ്ങനെ; `ഒന്നിനും ഒരു കുറവുണ്ടായിട്ടില്ല'.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.