You are Here : Home / USA News

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. സെബസ്‌ത്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, January 30, 2014 09:38 hrs UTC

 

ഷിക്കാഗോ: വിശ്വാസം ത്യജിക്കുന്നതിനേക്കാള്‍ ഉത്തമം ധീരമായി മരണം വരിക്കുന്നതാണെന്ന്‌ പ്രഖ്യാപിച്ചുകൊണ്ട്‌ ക്രിസ്‌തുനാഥനുവേണ്ടി വീരരക്തസാക്ഷിത്വം വരിച്ച വി. സെബസ്‌ത്യാനോസ്‌ സഹദായുടെ തിരുനാള്‍ പരമ്പരാഗത കേരളത്തനിമയില്‍, ഭക്തിനിര്‍ഭരമായ വിശുദ്ധ കര്‍മ്മാദികളോടെ പ്രൗഡഗംഭീരമായി ബല്‍വുഡ്‌ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ ആഘോഷിച്ചു.

ജനുവരി 26-ന്‌ ഞായറാഴ്‌ച രാവിലെ 11 മണിക്ക്‌ നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയില്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതാ വികാരി ജനറാളും, അമേരിക്കയിലെ എം.എസ്‌.ടി സഭയുടെ നിയുക്ത ഡയറക്‌ടറുമായ റവ.ഫാ. ആന്റണി തുണ്ടത്തില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. റോയി മൂലേച്ചാലില്‍, റവ.ഫാ ബാബു ജോസഫ്‌ എസ്‌.വി.ഡി എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. റവ.ഫാ. ബാബു ജോസഫ്‌ തിരുനാള്‍ സന്ദേശം നല്‍കി. ഡയക്ലീഷന്‍ ചക്രവര്‍ത്തിയുടെ ക്രൂരമായ ക്രൈസ്‌തവ മത പീഡനകാലത്ത്‌ എല്ലാ പ്രതിസന്ധികളേയും ധീരമായി നേരിട്ടുകൊണ്ട്‌ ക്രിസ്‌തുവിന്റെ സഭയ്‌ക്കുവേണ്ടി ധീര രക്തസാക്ഷിത്വം വരിച്ച വി. സെബസ്‌ത്യാനോസിന്റെ വീരോചിതമായ ജീവിതമാതൃകയും, വിശ്വാസ തീക്ഷണതയും ഏവര്‍ക്കും മാതൃകയാകണമെന്ന്‌ ബാബു അച്ചന്‍ തന്റെ തിരുനാള്‍ സന്ദേശത്തില്‍ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു.

ദിവ്യബലിക്കുശേഷം ലദീഞ്ഞും തുടര്‍ന്ന്‌ മുത്തുക്കുടകളുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട്‌ ഭക്തിനിര്‍ഭരമായ പ്രദക്ഷിണം നടത്തപ്പെട്ടു. തുടര്‍ന്ന്‌ ആയിരക്കണക്കിന്‌ വിശ്വാസികള്‍ പരമ്പരാഗത രീതിയില്‍ കഴുന്നെടുക്കുകയും (അമ്പ്‌) നേര്‍ച്ച കാഴ്‌ച സമര്‍പ്പണം നടത്തുകയും ചെയ്‌തു.

ഇടവകയിലെ അതിരമ്പുഴ നിവാസികളാണ്‌ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തിയത്‌. അവരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ക്ക്‌ വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.

ഈവര്‍ഷം ആദ്യമായി വിശ്വാസികള്‍ക്ക്‌ കഴുന്ന്‌ (അമ്പ്‌) ഭവനങ്ങളിലേക്ക്‌ കൊണ്ടുപോകുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

കുഞ്ഞുമോന്‍ ഇല്ലിക്കലിന്റെ നേതൃത്വത്തില്‍ കത്തീഡ്രല്‍ ഗായകസംഘം ആലപിച്ച ഭക്തിനിര്‍ഭരമായ ഗാനങ്ങള്‍ തിരുനാള്‍ കര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമാക്കി.

വികാരി ഫാ. ജോയി ആലപ്പാട്ട്‌ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തിയവര്‍ക്കും, ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയവര്‍ക്കും, സഹകരിച്ച എല്ലാവര്‍ക്കും പ്രത്യേകം നന്ദി അറിയിച്ചു.

ലിറ്റര്‍ജി കോര്‍ഡിനേറ്റേഴ്‌സായ ജോസ്‌ കടവില്‍, ജോണ്‍ വര്‍ഗീസ്‌ തയ്യില്‍പീഡിക, ചെറിയാന്‍ കിഴക്കേഭാഗം, ലാലിച്ചന്‍ ആലുംപറമ്പില്‍ എന്നിവരും കൈക്കാരന്മാരായ മനീഷ്‌ ജോസഫ്‌, സിറിയക്‌ തട്ടാരേട്ട്‌, ഇമ്മാനുവേല്‍ കുര്യന്‍, ജോണ്‍ കൂള എന്നിവരും, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങളും തിരുനാള്‍ മോടിയാക്കുവാന്‍ വേണ്ട ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.

 
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.