You are Here : Home / USA News

ബജറ്റില്‍ പ്രവാസികളെ തഴഞ്ഞെന്ന് ആരോപണം

Text Size  

Story Dated: Saturday, January 25, 2014 04:51 hrs UTC

 

ദുബായ്: ധനമന്ത്രി കെ.എം. മാണി അവതരിപ്പിച്ച വാര്‍ഷിക ബജറ്റില്‍ പ്രവാസികളെ പാടേ തഴഞ്ഞെന്ന് ആരോപണം. കാര്‍ഷിക, ആരോഗ്യ മേഖലകളില്‍ മികച്ച ആനുകൂല്യങ്ങളും പദ്ധതികളും മുന്നോട്ടുവെച്ച ബജറ്റിനെ സ്വാഗതം ചെയ്യുന്ന പ്രവാസ മേഖല പക്ഷേ, പ്രവാസക്ഷേമം മുന്‍നിര്‍ത്തി പരിമിതമായ തുകയാണ് അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടുന്നു. ഗള്‍ഫിലെ പ്രമുഖ വ്യവസായികള്‍ക്കിടയില്‍ ബജറ്റ് സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചത്.

ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിനും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി തുക വകയിരുത്തിയത് സ്വാഗതാര്‍ഹമാണെന്ന് നോര്‍ക്ക വൈസ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എം.എ. യൂസുഫലി ചൂണ്ടിക്കാട്ടി. ഗള്‍ഫിലെ അനുഭവസമ്പത്തുമായി എത്തുന്ന പ്രൊഫഷനലുകളെ യുവാക്കള്‍ക്ക് പരിശീലനം നല്‍കാന്‍ നിയോഗിക്കാനുള്ള പദ്ധതിയും ഏറെ സ്വാഗതാര്‍ഹമാണ്. പ്രവാസികളുടെ സ്ഥിതി വിവരക്കണക്കുകള്‍ ശേഖരിച്ച് ഡാറ്റാബാങ്ക് തയ്യാറാക്കാനുള്ള നീക്കവും നല്ല വാര്‍ത്തകളാണെന്ന് എം.എ. യൂസുഫലി അഭിപ്രായപ്പെട്ടു.

20,000 കോടി രൂപയുടെ വാര്‍ഷിക ബജറ്റില്‍ പ്രവാസി ക്ഷേമത്തിനായുള്ള തുക 13.35 കോടിയില്‍ ഒതുക്കിയ നടപടി അനീതിയാണെന്ന് നോര്‍ക്ക ഡയറക്ടര്‍ ഇസ്മായില്‍ റാവുത്തര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ മൊത്തവരുമാനത്തിന്റെ 22 ശതമാനം സംഭാവന ചെയ്യുന്നവരെന്ന നിലയില്‍ ഈ തുക തീര്‍ത്തും അപര്യാപ്തമാണ്. എങ്കിലും കഴിഞ്ഞവര്‍ഷം വകയിരുത്തിയ മൂന്ന് കോടിയില്‍ നിന്ന് ഏറെ മെച്ചപ്പെട്ട തുകയാണ് ഇത്തവണ അനുവദിച്ചതെന്നും ഇസ്മായില്‍ റാവുത്തര്‍ ചൂണ്ടിക്കാട്ടി. തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി 10 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളത്. ഇതില്‍ രണ്ടുകോടി ഇവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനാണ് - ഇത് സ്വാഗതാര്‍ഹമായ നിലപാടാണെന്നും ഇസ്മായില്‍ റാവുത്തര്‍ പറഞ്ഞു.

ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ക്കായി പരിശീലന കേന്ദ്രം തുടങ്ങാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ഡി.എം. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അഭിപ്രായപ്പെട്ടു. തിരിച്ചെത്തുന്നവര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നത് നിതാഖാത് പോലുള്ളവയുടെ ദൂഷ്യഫലങ്ങള്‍ കുറച്ചുകൊണ്ടുവരാന്‍ സഹായിക്കും. ആരോഗ്യമേഖലയില്‍ 629 കോടി രൂപ വകയിരുത്തിയത് ഏറെ പ്രോത്സാഹനജനകമാണ്. ജില്ലാ, താലൂക്ക് ആസ്പത്രികളുടെ വികസനത്തിനും അര്‍ബുദ രോഗികളുടെ ക്ഷേമത്തിനും ചികിത്സയ്ക്കുമായി തുക വകയിരുത്തിയതും സംസ്ഥാനത്തിന്റെ പുരോഗതിയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നും ഡോ. ആസാദ് മൂപ്പന്‍ ചൂണ്ടിക്കാട്ടി.

പ്രവാസികളില്‍ നിന്ന് നിക്ഷേപം ആകര്‍ഷിക്കുന്നതിന് ഒരു തുകയും വകയിരുത്തിയിട്ടില്ലെന്ന് പ്രമുഖ വ്യവസായി സി.കെ. മേനോന്‍ അഭിപ്രായപ്പെട്ടു. വര്‍ഷംതോറും മൂന്ന് ബില്യണ്‍ ഡോളറില്‍ കുറയാത്ത തുക പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്നുണ്ട്. എന്നാല്‍, കേരളത്തില്‍ നിന്നുള്ള പ്രവാസികളെ കുറിച്ച് ബജറ്റില്‍ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. നിര്‍മാണ രംഗത്ത് ഏര്‍പ്പെടുത്തിയ നികുതിയും പ്രതിഷേധാര്‍ഹമാണ്. ഇത് നിര്‍മ്മാണ മേഖലയെയും അനുബന്ധമായി പ്രവര്‍ത്തിക്കുന്ന മറ്റു മേഖലകളെയും ഏറെ ദോഷകരമായി ബാധിക്കുമെന്നും സി.കെ. മേനോന്‍ ചൂണ്ടിക്കാട്ടി.

പുതിയ പല സാമൂഹിക ക്ഷേമ സഹായങ്ങളും പ്രഖ്യാപിച്ച ധനകാര്യ മന്ത്രി പ്രവാസികളെ പാടേ വിസ്മരിച്ചതായി സാമ്പത്തിക വിദഗ്ധനും പ്രവാസബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാനുമായ കെ.വി. ഷംസുദ്ദീന്‍ ചൂണ്ടിക്കാട്ടി. സൗദിയില്‍ നിന്നും മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമായി പലരും വെറുകൈയോടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. ദീര്‍ഘകാലത്തെ പ്രവാസ ജീവിതം പലരെയും നിത്യരോഗികളുമാക്കിയിട്ടുണ്ട്. എന്നിട്ടും ഇത്തരക്കാരായ പ്രവാസികള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ഷംസുദ്ദീന്‍ ചൂണ്ടിക്കാട്ടി.

കേരള ബജറ്റില്‍ പ്രവാസികളെ പൂര്‍ണമായും തഴഞ്ഞതായി സൗദിയിലെ ഫൊകാസ ആരോപിച്ചു. പ്രവാസികളുടെ ക്ഷേമത്തിനും പ്രശ്‌നങ്ങള്‍ക്കും നേരേയുള്ള ഗവണ്‍മെന്‍റിന്റെ അലിവില്ലായ്മയുമാണ് ബജറ്റ് വ്യക്തമാക്കുന്നത്. നിതാഖാത്തിനെ തുടര്‍ന്ന് തിരിച്ചുവരുന്ന മലയാളികള്‍ക്കായി സമ്പൂര്‍ണ്ണ പുനഃ രധിവാസ പാക്കേജ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും 'പ്രവാസി' എന്നൊരു പേര് പോലും ബജറ്റില്‍ ഉച്ചരിക്കപ്പെട്ടിട്ടില്ലെന്നും ഫൊകാസ ആരോപിച്ചു. പ്രവാസി ക്ഷേമത്തിന് മുന്‍ഗണന നല്‍കുംവിധം ബജറ്റില്‍ മാറ്റങ്ങള്‍ വരുത്താന്‍ മന്ത്രി തയ്യാറാകണമെന്ന് ഫൊകാസ ആവശ്യപ്പെട്ടു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.