You are Here : Home / USA News

യു.എ.ഇ.യില്‍ പുകയിലവിരുദ്ധ നിയമം പ്രാബല്യത്തില്‍

Text Size  

Story Dated: Wednesday, January 22, 2014 08:16 hrs UTC

 

പുകവലിക്കും പുകയില ഉത്പന്നങ്ങളുടെ വില്പനയ്ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിയമം യു.എ.ഇ.യില്‍ പ്രാബല്യത്തില്‍ വന്നു. 2013 ജൂലായ് 21-ന് ആരോഗ്യ മന്ത്രാലയം പുകയിലവിരുദ്ധ നിയമം പ്രഖ്യാപിച്ചപ്പോള്‍ അനുവദിച്ച ആറുമാസ കാലാവധി ജനവരി 20-ന് അവസാനിച്ചതോടെയാണ് നിബന്ധനകള്‍ പ്രാബല്യത്തിലായത്.

പുതുതലമുറയെ പുകയിലയെന്ന ദുശ്ശീലത്തില്‍ നിന്ന് മുക്തമാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പ്രധാനമായും നിയമം നടപ്പാക്കുന്നത്. യുവാക്കള്‍ക്ക് പുകയില ലഭ്യമാക്കുന്നതിന് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയ നിയമം പുകയിലയുടെ പരസ്യം രാജ്യത്ത് നിരോധിക്കുകയും ചെയ്തു. 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ സാന്നിധ്യത്തില്‍ കാറിനകത്ത് വെച്ച് പുകവലിക്കുന്നതിന് നിയമം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിയമലംഘകര്‍ക്ക് 500 ദിര്‍ഹമാണ് പിഴ. നിയമം പ്രാബല്യത്തില്‍ വന്നതോടെ വാഹനങ്ങള്‍ക്കകത്തും അടച്ചിട്ട മുറികളിലും കുട്ടികളുടെ സാന്നിധ്യത്തില്‍ പുകവലിക്കുന്നവരെ പിടികൂടുന്നതിനായി ദുബായ് പോലീസിന്റെ നിരീക്ഷണം ശക്തമാകും.

18 വയസ്സിന് താഴെയുള്ള യുവാക്കള്‍ക്ക് ഷീഷ അടക്കമുള്ള പുകയില ഉത്പന്നങ്ങള്‍ വില്ക്കുന്നതും നിരോധിച്ചിട്ടുണ്ട്. നിയമലംഘകര്‍ക്ക് 5,00 മുതല്‍ 10,000 ദിര്‍ഹംവരെ പിഴ ചുമത്തും.

പുകയില ഉത്പന്നങ്ങള്‍ വില്ക്കുന്ന കടകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ആരാധനായലയങ്ങളില്‍ നിന്നും നിശ്ചിത അകലം പാലിക്കണമെന്നും നിയമം അനുശാസിക്കുന്നു. സ്‌കൂള്‍, കോളേജുകള്‍, നഴ്‌സറികള്‍, യൂണിവേഴ്‌സിറ്റികള്‍, ആരാധനാലയങ്ങള്‍ തുടങ്ങിവയുടെ 100 മീറ്റര്‍ ചുറ്റളവില്‍ പുകയില വില്പന പാടില്ലെന്നാണ് നിയമം. ഷീഷ കഫെകള്‍ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ നിന്ന് 150 മീറ്റര്‍ അകലം പാലിക്കണം.

കൂടാതെ, കടകളില്‍ കുട്ടികള്‍ക്കായുള്ള ഉത്പന്നങ്ങള്‍ക്കും സ്‌പോര്‍ട്‌സ് വെയര്‍, ആരോഗ്യസംബന്ധമായ ഉത്പന്നങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, ഇലക്‌നേട്രാണിക് ഉത്പന്നങ്ങള്‍ തുടങ്ങിയവയ്‌ക്കൊപ്പവും പുകയില ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനോ സൂക്ഷിക്കാനോ പാടില്ലെന്നും നിയമം അനുശാസിക്കുന്നു.

പുകയില ഉത്പന്നങ്ങളുടെ പരസ്യവും രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. ഇനി മുതല്‍ പത്രമാധ്യമങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍ തുടങ്ങിയവയിലൊന്നും പുകയില പരസ്യങ്ങള്‍ അനുവദിക്കില്ല. രാജ്യത്ത് നിശ്ചയിച്ചിരിക്കുന്ന ഗുണനിലവാരത്തിനൊത്ത് ഉയരാത്ത ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചു. ഇതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ തടവും ലഭിക്കും. ലംഘനം തുടര്‍ന്നാല്‍ പിഴ ഇരട്ടിയാകും. ഷീഷ കഫെകളുടെ പ്രവര്‍ത്തന സമയം രാവിലെ പത്ത് മുതല്‍ അര്‍ധരാത്രി വരെയായി നിജപ്പെടുത്തിയിട്ടുണ്ട്. വീടുകളില്‍ ഷീഷ എത്തിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

രാജ്യത്ത് പുകയില കൃഷി ചെയ്യുന്നതും അനുബന്ധ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നതും നിരോധിച്ചു. ഇതേത്തുടര്‍ന്ന് നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന നിര്‍മാണ ശാലകള്‍ക്ക് പത്ത് വര്‍ഷത്തെ ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ട്. പുകയില ഫാമുകള്‍ക്ക് രണ്ട് വര്‍ഷത്തെ ഗ്രേസ് പിരീഡ് ആണ് അനുവദിച്ചിട്ടുള്ളത്. ഈ കാലയളവിനുള്ളില്‍ ഇവയ്ക്ക് തങ്ങളുടെ ഉത്പാദനം ക്രമേണ കുറച്ചുകൊണ്ട് വന്ന് പൂര്‍ണമായും നിര്‍ത്തലാക്കാനാണ് നിയമം അനുശാസിക്കുന്നത്. 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.