You are Here : Home / USA News

സീറോ മലബാര്‍ കത്തീഡ്രലില്‍ ഗ്രാന്റ്‌പേരന്റ്‌സ്‌ ഡേ ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, January 18, 2014 01:30 hrs UTC

 

ഷിക്കാഗോ: പ്രതീക്ഷയുടെ പൂര്‍ത്തീകരണമായി സ്‌നേഹസന്ദേശമായെത്തിയ ക്രിസ്‌മസ്‌ വേളയില്‍ പേരക്കുട്ടികള്‍ ഉള്ള എല്ലാവരേയും ആദരിക്കുവാനായി ഇടവക സമൂഹം ഒന്നുചേര്‍ന്നു. വിശുദ്ധ കുര്‍ബാനയ്‌ക്കുമുമ്പേ പൂക്കളും തിരികളുമായി മാതാപിതാക്കളെ പള്ളിയിലേക്ക്‌ ആനയിച്ചു. ഇടവക വികാരി ഫാ. ജോയി ആലപ്പാട്ട്‌ മുതിര്‍ന്ന തലമുറയുടെ സേവനങ്ങളെ പ്രകീര്‍ത്തിക്കുകയും അവരില്‍ നിന്ന്‌ പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ പറയുകയും ചെയ്‌തു. ഇടവക സമൂഹം വളരെ ആദരവോടും സ്‌നേഹത്തോടും കൂടി ഏറെ വിലമതിക്കുന്ന ഒന്നായി ഈ അവസരത്തെ കാണുന്നുവെന്ന്‌ ഫാ. ജോയി ആലപ്പാട്ട്‌ പറഞ്ഞു.

ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന വിമന്‍സ്‌ ഫോറത്തിന്റെ നേതൃത്വത്തില്‍ മതബോധന സ്‌കൂള്‍, കള്‍ച്ചറല്‍ അക്കാഡമി എന്നിവയുടെ സഹകരണത്തോടെയാണ്‌ ഈ പരിപാടി സംഘടിപ്പിക്കപ്പെട്ടത്‌. കുര്‍ബാനയ്‌ക്കുശേഷം പാരീഷ്‌ ഹാളില്‍ നടന്ന ആശംസാ സമ്മേളനത്തില്‍ ഇത്തരമൊരു വേദി മുതിര്‍ന്നവര്‍ക്കായി ഒരുക്കുവാന്‍ സാധിച്ചതില്‍ അതീവ സന്തോഷമുണ്ടെന്ന്‌ സ്വാഗത പ്രസംഗത്തില്‍ വിമന്‍സ്‌ ഫോറം പ്രസിഡന്റ്‌ റാണി കാപ്പന്‍ പറഞ്ഞു.

മതബോധന സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച തിരുപ്പിറവിയുടെ ദൃശ്യാവിഷ്‌കാരം വളരെ ഹൃദ്യമായി. കള്‍ച്ചറല്‍ അക്കാഡമിയിലെ കുട്ടികള്‍ വളരെ മനോഹരമായ നൃത്തശില്‍പം ഒരുക്കി. ഭക്ഷണത്തിനുശേഷം മുതിര്‍ന്നവര്‍ ഗാനങ്ങള്‍ ആലപിച്ച്‌ ഏവരുടേയും മുക്തകണ്‌ഠ പ്രശംസ നേടി. വിവിധ സമ്മാനങ്ങളും നല്‍കുകയുണ്ടായി. പ്രതിനിധിയായ ഡോ. ഷീല മാളിയേക്കല്‍ ഇത്തരമൊരു സംരംഭത്തിന്‌ പ്രത്യേകം നന്ദി പറഞ്ഞു. ബീന വള്ളിക്കളം എം.സിയായിരുന്നു. നന്ദി പ്രകാശനം നടത്തിയ വിമന്‍സ്‌ ഫോറം സെക്രട്ടറി ഷീബാ ഷാബു ഈ പരിപാടി വന്‍ വിജയമാക്കിത്തീര്‍ത്തതില്‍ പങ്കുചേര്‍ന്ന എല്ലാവരേയും അനുമോദിച്ചു. ഭാവി തലമുറയുടെ സ്വഭാവ രൂപീകരണത്തിലും വളര്‍ച്ചയിലും മുതിര്‍ന്നവര്‍ക്കുള്ള പങ്കും അതിനായി അവര്‍ക്ക്‌ അര്‍ഹതപ്പെട്ട നന്ദിയും, ആദരവും പ്രകാശിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിച്ച വളരെ സ്‌നേഹം നിറഞ്ഞ ഒരു വേദിയായി മാറി ഈ ആഘോഷപരിപാടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.