You are Here : Home / USA News

റോക്ക്‌ലാന്റ് സെന്റ്‌മേരീസ് സീറോ മലബാര്‍ ചര്‍ച്ചിലെ ഫാമിലി നൈറ്റ് അവിസ്മരണീയമായി

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Monday, January 13, 2014 01:46 hrs UTC

ന്യൂയോര്‍ക്ക് : വിവാഹ ജീവിതത്തില്‍ കാല്‍നൂറ്റാണ്ടിലേറെ പൂര്‍ത്തിയാക്കിയ 37 ദമ്പതികളെ ആദരിച്ചു കൊണ്ടു റോക്ക്‌ലാന്റ് സെന്റ്‌മേരീസ് സീറോ മലബാര്‍ ചര്‍ച്ചിലെ  നാലാമത് ഫാമിലി നൈറ്റ് അവിസ്മരണീയമായി.

അന്‍പത്തൊന്നുവര്‍ഷത്തെ വിജയകരമായ ദാമ്പത്യത്തിന്റെ ഓര്‍മ്മകളുമായി മാത്യൂ വര്‍ക്കിയും ത്രേസ്യാമ്മയും ചിക്കാഗോ സെന്റ് തോമസ് രൂപത വികാരി ജനറാള്‍ ഫാ. ആന്റണി തുണ്ടത്തിലിന്റെ പക്കല്‍ നിന്ന് ആശംസാഫലകം ഏറ്റുവാങ്ങിയപ്പോള്‍ റോക് ലാന്‍ഡ് ക്‌നാനായ സെന്റില്‍ നിറഞ്ഞുകവിഞ്ഞ വിശ്വാസി സമൂഹം ആഹ്‌ളാദാരവങ്ങളുയര്‍ത്തി. 47 വര്‍ഷത്തെ ദാമ്പത്യ ജീവിതം പിന്നിട്ട ജോസഫ് ഇല്ലിപ്പറമ്പില്‍, ഏലമ്മ, 44 വര്‍ഷം പിന്നിട്ട ജോണ്‍ കൊമ്പനതോട്ടത്തില്‍, ത്രേസ്യാമ്മ, ചാക്കോ കിഴക്കേക്കാട്ടില്‍, സിസിലി, 43 വര്‍ഷം പിന്നിട്ട ഏബ്രഹാം ചേനക്കല്‍, മേരിക്കുട്ടി, ജോസഫ് വാളിയംപ്ലാക്കല്‍, കത്രീന ദമ്പതികളും പിന്നാലെ ഉണ്ടായിരുന്നു.

കാല്‍നൂറ്റാണ്ട് പിന്നിട്ടിട്ട് നാലുദിവസം മാത്രം കഴിഞ്ഞ ജോര്‍ജ് കരുമതി, സോഫിയ എന്നിവരായിരുന്നു കൂട്ടത്തിലെ പ്രായം കുറഞ്ഞവര്‍. ഡോ. ഫ്രാന്‍സിസ് ക്ലെമന്റ്, ബിജു ദമ്പതികളായിരുന്നു തൊട്ടടുത്ത്. 25 വര്‍ഷം.

ഫാ. ആന്റണി തുണ്ടത്തില്‍ ചൊല്ലിക്കൊടുത്ത വിവാഹ പ്രതിജ്ഞ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയും മരണം വേര്‍പ്പെടുത്തും വരെ വിശ്വസ്തതയിലും സ്‌നേഹത്തിലും ജീവിക്കുമെന്ന് ഉറപ്പിച്ചു പറയുകയും ചെയ്തു.

അലയാളം ആരാധന റോക് ലന്‍ഡില്‍ തുടങ്ങിയിട്ട് കാല്‍നൂറ്റാണ്ട് പിന്നിടുന്ന ഈ വര്‍ഷം ഇത്തരമൊരു ചടങ്ങ് നടത്താനായതില്‍ വികാരി ഫാ.തദ്ദേവൂസ് അരവിന്ദത്ത് സംതൃപ്തി പ്രകടിപ്പിച്ചു.

രക്ഷകന്റെ ജനനത്തിന്റെ ഓര്‍മ്മ പുതുക്കിയ നാളുകളില്‍ ദൈവത്തിനു മുമ്പില്‍ നമ്മുടെ ഹൃദയങ്ഹളെ അടച്ചു കളയുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് ന്യൂയോര്‍ക്ക് ആര്‍ച്ച് ഡയോസിസ് പ്രീസ്റ്റ് കൗണ്‍സില്‍ പ്രസിഡന്റ് ഫാ. ജോസഫ് ലാമോര്‍ട്ടേ പറഞ്ഞു. ബത്‌ലഹേമിലെ സത്രം സൂക്ഷിപ്പുകാരന് സംഭവിച്ചത് നമുക്ക് സംഭവിക്കരുത്. സത്രത്തില്‍ ഇടം അന്വേഷിച്ചു ചെന്ന ജോസഫിനും മേരിക്കും ഇടം കൊടുത്തില്ല. സ്ഥലം ഇല്ലാതിരുന്നതു കൊണ്ടാകാം. അല്ലെങ്കില്‍ മറ്റു കാരണങ്ങള്‍ കൊണ്ടാകാം. എന്തായാലും ലഭിക്കാമായിരുന്ന മഹാഭാഗ്യമാണ് അയാള്‍ക്ക നഷ്ടമായത്. അത്തരമൊരു അവസ്ഥ നമ്മള്‍ക്ക് ഉണ്ടാവരുത്.മിഷനറിയുടെ ശുഷ്‌കാന്തിയോടെ അത്മായരെ ശുശ്രൂഷിക്കുന്ന ഫാ.തദേവൂസിന്റെ സേവനങ്ങള്‍ അനുസ്മരിച്ചാണ് ഫാ. തുണ്ടത്തില്‍ പ്രസംഗം ആരംഭിച്ചത്. വൈദികരാകാന്‍ തങ്ങളൊക്കെ 14 വര്‍ഷം പഠിക്കുന്നുണ്ട്. എന്നാല്‍ ഒരു പരിശീലനവുമില്ലാതെയാണ് മുമ്പ് പരിചയം പോലുമില്ലാത്ത രണ്ടു വ്യക്തികള്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. പ്രതിസന്ധിയും പ്രശ്‌നങ്ങളും അവിടെ ഉണ്ടാകാം. അവയെ തരണം ചെയ്ത് സ്‌നേഹത്തില്‍ മുന്നേറുമ്പോള്‍ വിവാഹ ജീവിതവും പവിത്രമായി തീരുന്നു. പ്രതിസന്ധികലെ നമുക്ക് പല രീതിയില്‍ നേരിടാം. വി.യൗസേഫ് പിതാവ് അത് നേരിട്ടത് ഏറ്റവും അനുകരണീയമാണ്. ഗര്‍ഭിണിയായ ഭാര്യയെ നിയമത്തിനേല്‍പ്പിച്ചു കൊടുക്കാനോ അപമാനിതായാക്കാനോ ആഗ്രഹിക്കാതെ വിവാഹ മോചനം തേടാനാണ് അദ്ദേഹം തീരുമാനിച്ചത്. എന്നാല്‍ ഉറക്കത്തില്‍ ദൈവത്തിന്റെ ദൂതന്‍ അദ്ദേഹത്തെ സത്യാവസ്ഥ ബോധിപ്പിച്ചു. അങ്ങനെ ദൈവ കല്‍പ്പനയെ ചോദ്യം ചെയ്യാതെ അദ്ദേഹം തന്റെ കടമകള്‍ നിര്‍വ്വഹിച്ചു. ഇതാണ് പ്രതിസന്ധികളിലെ കരിസ്മാറ്റിക് അപ്രോച്ച്.

പ്രശ്‌നങ്ങള്‍ നാം സ്വയം വിലയിരുത്തി പ്രതികരിക്കുന്നതിനു പകരം ദൈവത്തിന്റെ ഉദ്ദേശം എന്ത് എന്ന് കണ്ടെത്താന്‍ ശ്രമിച്ചാല്‍ നേര്‍വഴി കണ്ടെത്തും. ഏറ്റവും അനുകരണീയമായ മാതൃകയാണ് വി.യൗസേഫ് പിതാവിന്റേതെങ്കിലും പലപ്പോഴും എല്ലാവരും മറന്നു പോകുന്ന വിശുദ്ധനാണ് അദ്ദേഹം. എങ്കിലും അദ്ദേഹത്തിന് അര്‍ഹമായ സ്ഥാനം എപ്പോഴും നല്‍കണമെന്ന് സഭ അനുശാസിക്കുന്നു. തന്റെ മാതാപിതാക്കള്‍ ജീവിച്ച വിശുദ്ധ ജീവിതമാണ് തന്നെ ദൈവികവൃത്തിക്ക് പ്രേരിപ്പിച്ചത്. വിശുദ്ധമായ ജീവിതത്തിലൂടെ മുന്നേറാന്‍ അദ്ദേഹം പറഞ്ഞു. ട്രസ്റ്റി റോണി മുരിക്കല്‍ സ്വാഗതമാശംസിച്ചു. വികാര്‍ ഓഫ് റോക് ലാന്‍ഡ് കൗണ്ടി മോണ്‍, നെവിന്‍ എമ്മറ്റ്, ഫാ. ഹ്യൂട്രെസ്, ഫാ.എബ്രഹാം വല്ലയില്‍, ഫാ. ജയിംസ് കോനാട്ട്, ഫാ, ടോം കുന്നേല്‍ കൗണ്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇടവകാംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളായിരുന്നു ഫാമിലിനൈറ്റിന്റെ മുഖ്യ ആകര്‍ഷണം. നാലുമണിക്ക് തുടങ്ങിയ പരിപാടികള്‍ രാത്രി 12 കഴിഞ്ഞിട്ടും തുടര്‍ന്നുവെങ്കിലും  ആലസ്യമില്ലാതെ ആബാലവൃദ്ധം ജനങ്ങളും ആസ്വദിച്ചു.
ട്രസ്റ്റിമാരായ റോണി മുരിക്കല്‍, ജോസഫ് പള്ളിപ്പുറത്തുകുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒട്ടേറെപ്പേര്‍ പരിപാടികള്‍ വിജയമാക്കാന്‍ സജീവമായുണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.