You are Here : Home / USA News

ലാന കേരളാ കണ്‍വെന്‍ഷന്‍ തുഞ്ചന്‍പറമ്പില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, January 04, 2014 03:19 hrs UTC

ഷിക്കാഗോ: ലിറ്റററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ലാന) യുടെ കേരളാ കണ്‍വെന്‍ഷന്‍ 2014 ജൂലൈ 25,26,27 തീയതികളില്‍ നടത്തുന്നതാണെന്ന്‌ പ്രസിഡന്റ്‌ ഷാജന്‍ ആനിത്തോട്ടം, സെക്രട്ടറി ജോസ്‌ ഓച്ചാലില്‍ എന്നിവര്‍ അറിയിച്ചു. കേരള സാഹിത്യ അക്കാഡമിയുമായി സഹകരിച്ച്‌ നടത്തുന്ന ഈ കണ്‍വെന്‍ഷനില്‍ അമേരിക്കയില്‍ നിന്നുള്ള സാഹിത്യ പ്രവര്‍ത്തകരോടൊപ്പം കേരളത്തിലെ പ്രമുഖ എഴുത്തുകാരും പങ്കെടുക്കും. പൈതൃക മണ്ണിലേക്കുള്ള ഒരു സാംസ്‌കാരിക തീര്‍ത്ഥയാത്രയായി സംഘടിപ്പിച്ചിരിക്കുന്ന ത്രിദിന കണ്‍വെന്‍ഷന്‍ പരിപാടികള്‍ സാഹിത്യ അക്കാഡമി ആസ്ഥാനമന്ദിരം തൃശൂര്‍, കേരള കലാമണ്‌ഡലം ചെറുതുരുത്തി, മലപ്പുറം ജില്ലയിലെ തുഞ്ചന്‍പറമ്പ്‌ എന്നിവടങ്ങളിലായാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌.

 

കണ്‍വെന്‍ഷന്റെ ഒന്നാം ദിനമായ ജൂലൈ 25-ന്‌ വെള്ളിയാഴ്‌ച തൃശൂരിലെ കേരള സാഹിത്യ അക്കാഡമി ആസ്ഥാനമന്ദിരത്തില്‍ അമേരിക്കയിലേയും കേരളത്തിലേയും സാഹിത്യ സ്‌നേഹികള്‍ ഒത്തുചേരും. സാഹിത്യ അക്കാഡമി പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരന്റെ നേതൃത്വത്തില്‍ അക്കാഡമി പ്രതിനിധികള്‍ അമേരിക്കന്‍ മലയാളി സാഹിത്യ പ്രവര്‍ത്തകരുമായി എഴുത്തുവൈഭവങ്ങള്‍ പങ്കുവെയ്‌ക്കുന്നതും തുടര്‍ന്ന്‌ പൊതുസമ്മേളനം ചേരുന്നതുമാണ്‌. അപൂര്‍വ്വവും വിശിഷ്‌ടവുമായ അനവധി ഗ്രന്ഥശേഖരങ്ങള്‍ ഉള്‍പ്പെടുന്ന അക്കാഡമി ലൈബ്രറി സന്ദര്‍ശനവും കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ജൂലൈ 26-ന്‌ ശനിയാഴ്‌ച മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍ സ്ഥാപിച്ച ചെറുതുരുത്തിയിലെ കേരള കലാമണ്‌ഡലം സന്ദര്‍ശനം മുഖ്യപരിപാടിയായിരിക്കും. ഡീംഡ്‌ യൂണിവേഴ്‌സിറ്റി പദവി ലഭിച്ച കലാമണ്‌ഡലത്തിലെ വിവിധ സ്‌കൂളുകള്‍ സന്ദര്‍ശിക്കുന്ന ലാനാ പ്രതിനിധി സംഘത്തിനുവേണ്ടി കലാമണ്‌ഡലത്തിലെ പ്രതിഭകള്‍ നൃത്തം, സംഗീത പരിപാടികള്‍ അവതരിപ്പിക്കും.

 

 

നിളാ നദിക്കരയിലേക്കൊരു യാത്രയും അന്നേദിവസത്തെ പ്രോഗ്രാമിലെ മുഖ്യ ആകര്‍ഷണമാണ്‌. സമാപന ദിവസമായ ജൂലൈ 27-ന്‌ ഞായറാഴ്‌ച മലപ്പുറം ജില്ലയിലെ തിരൂരിനടത്തുള്ള തുഞ്ചന്‍പറമ്പിലായിരിക്കും പ്രധാന ചടങ്ങുകള്‍ നടക്കുന്നത്‌. മലയാള ഭാഷയുടെ പിതാവ്‌ തുഞ്ചത്ത്‌ എഴുത്തച്ഛന്റെ ജന്മസ്ഥലമായ തുഞ്ചന്‍പറമ്പില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ കേരളത്തിലെ പ്രമുഖ എഴുത്തുകാരും സാഹിത്യ പ്രവര്‍ത്തകരും പ്രസംഗിക്കുന്നതാണ്‌. തുഞ്ചന്‍ സ്‌മാരക ട്രസ്റ്റും പുരാവസ്‌തു വകുപ്പും സംരക്ഷിച്ച്‌ നിലനിര്‍ത്തുന്ന അമൂല്യ കൃതികളും, അപൂര്‍വ്വ കാഴ്‌ചകളും സന്ദര്‍ശിക്കുവാനുള്ള അവസരവും അന്നേദിവസം ഉണ്ടായിരിക്കും. കഴിഞ്ഞവര്‍ഷം രൂപീകൃതമായ മലയാളം സര്‍വ്വകലാശാലാ സന്ദര്‍ശനവും കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ലാനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ സാംസ്‌കാരിക തീര്‍ത്ഥയാത്രയില്‍ പങ്കെടുക്കുവാന്‍ അമേരിക്കയിലും കാനഡയിലുമുള്ള എല്ലാ ഭാഷാസ്‌നേഹികളേയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഷാജന്‍ ആനിത്തോട്ടം (847 322 1181),

ജോസ്‌ ഓച്ചാലില്‍ (469 363 5642), സാംസി കൊടുമണ്‍ (516 270 4302).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.