You are Here : Home / USA News

മാര്‍ത്തോമാ സഭയുടെ ക്രിസോസ്റ്റം തിരുമേനി നൂറ്റിരണ്ടിന്റെ നിറവില്‍

Text Size  

Story Dated: Monday, April 27, 2020 12:15 hrs UTC

 
 
മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്ത അഭിവന്ദ്യ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് ഇന്ന്  ( ഏപ്രില്‍ 27) 102 വയസ്സ് തികഞ്ഞു.
 
1918 ഏപ്രില്‍  27 നു  ഇരവിപേരൂര്‍ കലാമണ്ണില്‍ ദിവ്യശ്രീ  കെ. ഇ ഉമ്മന്‍ കശീശ്ശായുടെയും ശോശാമ്മയുടെയും മകനായി ജനിച്ചു. ധര്‍മിഷ്ഠന്‍ എന്ന ഓമനപ്പേരിലും ഫിലിപ്പ് ഉമ്മന്‍ എന്ന  ഔദോധിക പേരിലും അറിയപ്പെട്ടു. മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നീ സ്ഥലങ്ങളില്‍ പ്രാഥമിക വിദ്യാഭാസനത്തിനു ശേക്ഷം ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ബി.എ. ഡിഗ്രീ കരസ്ഥമാക്കി.   തുടര്‍ന്ന് കര്‍ണാടകയിലുള്ള അങ്കോലയില്‍ മിഷനറിയായി  പ്രവര്‍ത്തിച്ചതിനു ശേക്ഷം, 1942 ല്‍  ബാംഗ്ലൂരില്‍ യുണൈറ്റഡ് തെയോളോജിക്കല്‍ കോളേജില്‍ വൈദീക വിദ്യഭാസം ആരംഭിച്ചു. 1944 ജനുവരി ഒന്നാം തീയതി ശെമ്മാശനായും ജൂണ്‍ മൂന്നാം തീയതി കശീശ്ശാ ആയും അഭിഷിക്തനായി. തുടര്‍ന്ന് ബാംഗ്ലൂര്‍, കൊട്ടാരക്കര മൈലം, പട്ടമല, മാങ്ങാനം,  തിരുവനന്തപുരം  എന്നീ ഇടവകകളില്‍ സേവനം അനുഷ്ടിച്ചു.  1953 മേയ് 20ന് റമ്പാനായും മേയ് 23 ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം എന്ന നാമധേയതില്‍ എപ്പിസ്‌കോപ്പ ആയും  അഭിഷിക്തനായി. 
ആ കാലയളവില്‍ മാര്‍ത്തോമാ സഭക്ക് ആകെ 4 ഭദ്രാസനങ്ങളെ ഉണ്ടായിരുന്നുള്ളു. മദ്ധ്യ തിരുവിതാംകൂറിലെ പള്ളികളെ ഏകോപിപ്പിച്ചു  നിരണം- മാരാമണ്‍ ഭദ്രാസനം, തെക്കന്‍ തിരുവിതാംകൂറിലെ പള്ളികളെ ഏകോപിപ്പിച്ചു തെക്കന്‍ ഭദ്രാസനം, വടക്കന്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിവിടങ്ങളിലെ പള്ളികളെ ഏകോപിപ്പിച്ചു വടക്കന്‍ ഭദ്രാസനം, കേരളത്തിനു പുറത്തുള്ള പള്ളികള്‍ക്കായി ബാഹ്യ കേരള ഭദ്രാസനം എന്നിവയായിരുന്നു മാര്‍ത്തോമാ സഭയുടെ ഭദ്രസനങ്ങള്‍. വടക്കന്‍ ഭദ്രാസനത്തിന്റെ ഉത്തരവാദിത്വം ആയിരുന്നു ആദ്യമായി തിരുമേനിയെ ഏല്‍പിച്ചത്. പിന്നീട് ബാഹ്യ കേരള 
ഭദ്രസനിത്തില്‍ സേവനം അനുഷ്ടിച്ചു.  പിന്നീട് രൂപം കൊണ്ട പല ഭദ്രസനങ്ങളിലും സേവനം ചെയ്ത ശേക്ഷം 1975 ല്‍ വീണ്ടും ബാഹ്യ കേരള ഭദ്രാസ നത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. അക്കാലത്താണു എനിക്ക് തിരുമേനിയുമായി അടുത്തു ഇടപെടാന്‍ ആദ്യമായി അവസരം ലഭിക്കുന്നത്.  
 
 
ഒരു സഭയിലേം തിരുമേനിമാര്‍ ആ കാലത്തു വിശ്വാസികളുടെ ഭവനം സന്ദര്‍ശിക്കുകയോ വീട്ടില്‍വച്ചു പ്രാര്ഥനയോഗങ്ങള്‍ നടത്തുകയോ ചെയ്യുക ഇല്ലായിരുന്നു. ഡല്‍ഹി മാര്‍ത്തോമാ പള്ളി തിരുമേനി സന്ദര്‍ശിച്ച സമയത്തു ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും പ്രാത്ഥന കൂട്ടങ്ങള്‍ നടത്തുകയും ചെയ്തു. അങ്ങനെ ഒരു പ്രാര്‍ത്ഥന എന്റെ വീട്ടില്‍ ഉണ്ടെന്നും അതിനു വരണം എന്നു മറ്റു സഭ വിശ്വികളായ പലരെയും ഞാന്‍ ക്ഷണിച്ചപ്പോള്‍ അവര്‍ക്കതു വിശ്വസിക്കാവുന്നതിലും അപ്പുറത്തായിരുന്നു. മേല്പട്ടക്കാരും സഭാ വിശ്വാസികളും തമ്മിലുള്ള വിടവ് കുറയുന്നതിനും നികത്തുന്നതിനും ഇതുപോലെയുള്ള സംഭവങ്ങള്‍ കാരണഭൂതമായി.
 
നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനം രൂപം കൊള്ളുന്നതിനു തൊട്ടു മുമ്പ് അമേരിക്കയിലും കാനഡയിലും ഉള്ള പള്ളികളുടെ ഉത്തരവാദിത്വം തിരുമേനിക്കായിരുന്നു.  ആ കാലയളവില്‍ തിരുമേനിയും ആയി അടുത്തിടപെടാന്‍ കഴിഞ്ഞതു ഒരു ഭാഗ്യം ആയി ഞാന്‍ കരുതുന്നു. ഭദ്രസന അസംബ്‌ളിയിലും ഭദ്രാസനത്തിന്റെ മറ്റു പല കമ്മിറ്റികളിലും തിരുമേനിയോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ സാധിച്ചിട്ടുണ്ട്. എന്റെ മൂത്ത മകളുടെ വിവാഹ ശുശ്രുഷയും   ഇളയ മകന്റെ മാമ്മോദിസാ  ശുശ്രുഷയും തിരുമേനി നിര്‍വഹിച്ചിട്ടുണ്ട്. 
സെറാമ്പൂര്‍ യൂണിവേഴ്‌സിസി റ്റിയില്‍ നിന്നു ഡോക്ടറേറ്റ് നേടിയ തിരുമേനി നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ പ്രസിഡന്റ് ആയും വേള്‍ഡ് കൌണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ അംഗം ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ മാര്‍ത്തോമാ സഭയുടെ പ്രതി നിധി ആയി പങ്കെടുത്തു  
1978ല്‍  സഫ്‌റഗന്‍ മെത്രപ്പോലീത്ത ആയും 1999 ല്‍ ഓഫീഷ്യറ്റിംഗ്  മെത്രപ്പോലീത്ത ആയും   1999 ഒക്ടോബര് 29 നു മാര്‍ത്തോമാ സഭയുടെ ഇരുപതാം മെത്രപൊലീത്ത ആയുംഅഭിഷേകം ചെയ്യപ്പെട്ടു. തന്റെ ഔദ്യോഗിക  പദവിയില്‍ നിന്ന് വിരമിച്ചുകൊണ്ടു 2007 ആഗസ്റ്റ്  28 നു മാര്‍ത്തോമാ സഭയുടെ വലിയ  മെത്രപ്പോലീത്ത ആയി അവരോധിക്കപ്പെട്ടു.
 
2018 ല്‍ ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തിനു തലേന്നു തിരുമേനിക്ക് പദ്മ ഭൂഷണ്‍ അവാര്‍ഡ് കൊടുക്കാന്‍ മോഡി സര്‍ക്കാര്‍ തീരുമാനിച്ചു. 2018 മാര്‍ച്ച് 20 നു ഇന്‍ഡ്യയുടെ രാഷ്ട്രപതി ശ്രി രാം നാഥ് കോവിന്ദ് തിരുമേനിക്ക് പദ്മ ഭൂഷണ്‍ അവാര്‍ഡ് നല്‍കി.
 
മാര്‍ത്തോമാ സഭയുടെ മെത്രപ്പോലീത്തായോ വലിയ  മെത്രപ്പോലീത്തായോ  ആയതുകൊണ്ട് മാത്രമല്ല രാജ്യം  പദ്മ ഭൂഷണ്‍ കൊടുത്തു തിരുമേനിയെ ആദരിച്ചത്. തിരുമേനിയുടെ ആഴമായ വേദപുസ്തക അറിവും ആ അറിവ് സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ കാലത്തിനൊത്തു പ്രാവര്‍ത്തികം ആക്കാന്‍ തിരുമേനിക്ക് കഴിഞ്ഞതിനാലുമാണ്. മാര്‍ത്തോമാ സഭയിലെ പിന്നോക്ക സമൂഹത്തില്‍ പെട്ട ആളുകളുടെ സാമൂഹ്യ, സാമ്പത്തിക , സാംസ്‌കാരിക , വിദ്യഭ്യാസ ഉന്നമനത്തിനു തിരുമേനി ഒരു വലിയ പങ്കു വഹിച്ചു.കാലത്തിനതീതമായ യുവത്വം പ്രസരിപ്പിക്കുന്ന ചിന്ത, ആ ചിന്ത പ്രാവര്‍ത്തികമാക്കാനുള്ള കഴിവ്, ആ കഴിവിലുടെ സമൂഹത്തെ ഉദ്ധരിക്കുന്നത്തിനുള്ള പദ്ധതിയും പരിപാടികളും നടപ്പാക്കുക എന്നത് തിരുമേനിയുടെ ഒരു പ്രത്യേകത ആയിരുന്നു. ധാരളം നിര്‍ധനരും അനാഥരും ആയ കുട്ടികളെ എടുത്തു വളര്‍ത്തി അവരുടെ അപ്പച്ചന്‍ ആയി തിരുമേനി ജീവിച്ചു. ആവശ്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും യാത്രാ മദ്ധ്യേ നില്‍ക്കുന്ന പാവപ്പെട്ട കച്ചവടക്കാര്‍ നീട്ടുന്ന പലതും വാങ്ങിക്കും. തിരുമേനിയുടെ 90 ആം 
 
ജന്മദിനത്തില്‍ ജാതി മത ഭേദമെന്യേ 1500 വീടുകള്‍ മാര്‍ത്തോമാ സഭ നിര്‍്ധനരും ഭാവനരഹിതരും ആയ ആളുകള്‍ക്ക് സമ്മാനിച്ചു.
 
തിരുമേനിയുടെ ജന്‍മ ശതാബ്ദിയോട്  അനുബന്ധിച്ചു 100  വീടുകള്‍ പാവപ്പെട്ടവര്‍ക്കു നല്‍കി. മാത്രമല്ല സമൂഹത്തില്‍ താഴെ കിടയില്‍ കിടക്കുന്ന ഭിന്നലിംഗരായ ആളുകളുടെ ഉദ്ധാരണത്തിനു ഒരു പരിപാടി തയാറാക്കുകയും ചെയ്തു. 2018  മാരാമണ്‍ കണ്‍വെന്‍ഷനില്‍ ആ കൂട്ടത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കുകയും ചെയ്തു.
 
സ്വര്‍ണ നാവുകാരന്‍ എന്നറിയപ്പെടുന്ന തിരുമേനി നല്ല ഒരു വാഗ്മിയും ആളുകളെ ചിരിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും വളരെ കഴിവുള്ള ഒരു വക്തി  അത്രേ.പല പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. തിരുമേനിയെക്കുറിച്ചും തിരുമേനിയുടെ ഫലിതങ്ങളെ  കുറിച്ചും ധാരാളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബ്ലെസി എന്ന മൂവി ഡയറക്ടര്‍ തിരുമേനിയുടെ ജീവിതത്തെ കുറിച് ഒരു ഡോക്യൂമെന്ററി ഉണ്ടാക്കിയിട്ടുണ്ട്.
മുപ്പത്തി അഞ്ചാം  വയസ്സില്‍ മാര്‍ത്തോമാ സഭയുടെ ബിഷപ്പ് ആയ തിരുമേനിക്ക്  67  വര്‍ഷം ബിഷപ്പ് ആയിരിപ്പാന്‍ ദൈവം കൃപ നല്‍കി.  102 വയസ്സ് പൂര്‍ത്തിയാക്കി 103 ല്‍ പ്രവേശിക്കുന്ന  അഭിവന്ദ്യ പദ്മ ഭൂഷണ്‍  ഡോക്ടര്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്താ തിരുമേനിക്ക് ആയിരം ആയിരം ജന്മദിന ആശംസകള്‍  നേരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.