You are Here : Home / USA News

നവ്യാനുഭവമായി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് സതേണ്‍ കാലിഫോര്‍ണിയ എക്യുമെനിക്കല്‍ മീറ്റ്

Text Size  

Story Dated: Sunday, December 01, 2019 03:47 hrs UTC

മല്ലപ്പള്ളി: കേരളത്തില്‍ നിന്നുള്ള ക്രൈസ്തവ സഭകളുടെ ഐക്യവേദിയായ കേരള ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് സതേണ്‍ കാലിഫോര്‍ണിയയുടെ (കെ.സി.എഫ്.എസ്.സി) എക്യുമെനിക്കല്‍ മീറ്റും ജീവകാരുണ്യ സഹായ വിതരണവും മല്ലപ്പള്ളിയിലുള്ള ആശ്രയ വയോജന മന്ദിരത്തില്‍ ആത്മീയനിറവോടെ നടന്നു. മാര്‍ത്തോമ്മാ സുറിയാനി സഭയുടെ കൊച്ചി-കോട്ടയം ഭദ്രാസനത്തിന്റെയും മല്ലപ്പള്ളി മാര്‍ത്തോമാ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന ആശ്രയ ഓള്‍ഡ് ഏജ് ഹോമിനോട് ചേര്‍ന്നുള്ള ചാപ്പലില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ള നിരവധി പേര്‍ സംബന്ധിച്ചു.

ലോസ് ഏഞ്ചല്‍സ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് സതേണ്‍ കാലിഫോര്‍ണിയയുടെ 25-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് മല്ലപ്പള്ളിയില്‍ ഈ ചടങ്ങ് നടത്തുന്നതെന്ന് കെ.സി.എഫ്.എസ്.സിയുടെ സെക്രട്ടറിയും മാധ്യമപ്രവര്‍ത്തകനും ലോസ് ഏഞ്ചല്‍സിലെ, വാലി മലയാളി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ പ്രസിഡന്റുമായ മനു വര്‍ഗീസ് ആമുഖമായി പറഞ്ഞു.

''മാര്‍ത്തോമാ, യാക്കോബായ, ഓര്‍ത്തഡോക്‌സ്, സി.എസ്.ഐ എന്നിങ്ങനെ പത്തോളം ക്രൈസ്തവ സഭകളുടെ ഐക്യവേദിയാണ് കെ.സി.എഫ്.എസ്.സി. ഈ കൂട്ടായ്മയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ലോസ് ഏഞ്ചല്‍സില്‍ നടക്കുകയാണ്. സംഘടനയുടെ രണ്ടാമത്തെ ജീവകാരുണ്യ പദ്ധതിയാണിത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തെ പാവപ്പെട്ട കുടുംബത്തിന് വീടു വയ്ക്കാനും മറ്റുമുള്ള സഹായം നല്‍കുകയുണ്ടായി. അമേരിക്കന്‍ മലയാളികളായി ജീവിക്കുമ്പോള്‍ തന്നെ നാടിന്റെ സുഖദുഖങ്ങളിലും പങ്കാളികളാകുന്നതോടൊപ്പം നിര്‍ധനരെയും നിരാലംബരേയും പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടും കൂടിയാണ് കെ.സി.എഫ്.എസ്.സി പ്രവര്‍ത്തിക്കുന്നത്.''- ചടങ്ങില്‍ എം.സി ആയി പ്രവര്‍ത്തിച്ച മനു വര്‍ഗീസ് ചൂണ്ടിക്കാട്ടി.

മുന്‍ എം.പിയും രാജ്യസഭാ മുന്‍ ഉപാദ്ധ്യക്ഷനുമായ പ്രൊഫ. പി.ജെ കുര്യനാണ് എക്യുമെനിക്കല്‍ മീറ്റ് ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ ക്രൈസ്തവര്‍ ഒരുപാട് ഉപയോഗിക്കുന്ന പദമാണ് എക്യുമെനിസമെന്നും എന്നാല്‍ യഥാര്‍ത്ഥ എക്യുമെനിസം ജീവിതത്തില്‍ പകര്‍ത്തുന്നുണ്ടോ എന്ന് സ്വയം വിമര്‍ശനം നടത്തേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

''എല്ലാവരും അവരവരുടെ വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ടു തന്നെ സ്‌നേഹത്തോടെ യോജിച്ച് പ്രവര്‍ത്തിക്കണം. എല്ലാ ക്രൈസ്തവ സഭകള്‍ക്കും അടിസ്ഥാനപരമായ ഐക്യം ഉണ്ട്. യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നു എന്നതാണത്. അതിനാല്‍ ഇത് വിശ്വാസത്തിന്റെ ഐക്യമാണ്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ പല കാര്യത്തിലും വലിയ വഴക്കുകളും നടക്കുന്നുണ്ട്. അത്തരം അഭിപ്രായ വ്യത്യാസങ്ങളെ അവഗണിച്ചുകൊണ്ട് പരസ്പരം സഹകരിക്കാന്‍ കഴിയണം. എക്യുമെനിസം പ്രസംഗിക്കാനുള്ളതല്ല, അത് ജീവിതത്തില്‍ അനുവര്‍ത്തിക്കുവാനുള്ളതാണ്. എന്നാല്‍ അത് വേണ്ടവണ്ണം പ്രയോഗത്തില്‍ കൊണ്ടുവരുന്നില്ല...'' പ്രൊഫ. പി.ജെ.കുര്യന്‍ തുടര്‍ന്നു.

''എക്യുമെനിസം ക്രൈസ്തവ സഭകളുടെ ഐക്യം മാത്രമല്ല. ദൈവത്തിന്റെ സൃഷ്ടി എല്ലാം മഹത്വമുള്ളതാണ്. അതിനാല്‍ ആ സൃഷ്ടികളെ വെറുക്കാന്‍ നമുക്ക് അവകാശമില്ല. വിശാലമായ എക്യുമെനിസം എന്നു പറയുന്നത് സര്‍വചരാചരങ്ങളെയും സ്‌നേഹിക്കുക എന്നതാണ്. അത് സെക്യുലറിസത്തിലേക്കുള്ള ഉയര്‍ന്ന തലത്തിലുള്ള പ്രവര്‍ത്തനമാണ്. ബഹുമാന്യനായ മനു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള കെ.സി.എഫ്.എസ്.സി ടീം തങ്ങളുടെ ജന്മനാട്ടിലെ സഹജീവികളെ ജാതിമത ഭേദമെന്യേ സ്‌നേഹിച്ചുകൊണ്ട് എക്യുമെനിസത്തിന്റെ മഹത്തായ മാതൃക പിന്തുടരുന്നവരാണ്. അവരുടെ വരുംകാല പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. പ്രാര്‍ത്ഥിക്കുന്നു...'' പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു.

യോഗത്തില്‍ പ്രൊഫ. പി.ജെ കുര്യന്‍ വ്യക്തിപരമായി ഏറ്റെടുത്തു നടത്തിവരുന്ന ചാരിറ്റി ഫണ്ടിലേയ്ക്കുള്ള കെ.സി.എഫ്.എസ്.സിയുടെ ധനസഹായം അദ്ദേഹത്തിനു നല്‍കി. പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹസഹായം, ഹൃദയശസ്ത്രക്രിയ, കിഡ്‌നി-ക്യാന്‍സര്‍ രോഗികള്‍ക്കുള്ള സഹായം തുടങ്ങിയവ അദ്ദേഹം നല്‍കിവരുന്നു. തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ സൗജന്യ ഡയാലിസിസിന് രണ്ട് ഡയാലിസിസ് മെഷീന്‍ കൊടുക്കുകയും ചെയ്തിട്ടുണ്ട്. ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചതുകൊണ്ട് രണ്ട് ഡയാലിസിസ് മെഷീന്‍ കൂടി ഉടന്‍ മറ്റ് തെരഞ്ഞെടുക്കപ്പെടുന്ന ആശുപത്രികള്‍ക്ക് നല്‍കുമെന്ന് പ്രൊഫ.പി.ജെ കുര്യന്‍ വ്യക്തമാക്കി. കെ.സി.എഫ്.എസ്.സിയുടെ ചെക്ക് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച മുന്‍ എം.എല്‍.എ ജോസഫ് എം പുതുശേരിയും ആശ്രയ വയോജന മന്ദിരത്തിന്റെ വര്‍ക്കിംഗ് പ്രസിഡന്റ് വെരി. റവ. പി ജോര്‍ജ്ജ് സഖറിയ അച്ചനും ചേര്‍ന്ന് പി.ജെ കുര്യന് നല്‍കി.

''25 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കെ.സി.എഫ്.എസ്.സി എന്ന പ്രസ്ഥാനം സഭകളെ ഒരുമിപ്പിക്കുന്ന കൂട്ടായ്മ എന്നതിനപ്പുറത്തേയ്ക്ക് മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയാണെന്ന് അറിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. അതാണ് കെ.സി.എഫ്.എസ്.സിയെ വ്യത്യസ്തമാക്കുന്നതും. സമൂഹത്തില്‍ ദുര്‍ബലരായ ആള്‍ക്കാരെ അവസരോചിതമായി സഹായിക്കാനും അവര്‍ക്ക് കൈത്താങ്ങാകാനുമുള്ള വലിയ മനസ്സുമായി ജന്മനാട്ടിലേക്കെത്തിയ ഈ കൂട്ടായ്മയ്ക്ക് അഭിനന്ദനങ്ങള്‍. മനുഷ്യധര്‍മത്തില്‍ അധിഷ്ഠിതമായി ഇത്തരം മാതൃകകള്‍ പിന്തുടര്‍ന്ന് ക്രൈസ്തവ സാക്ഷ്യത്തിന് ഉതകുന്ന തരത്തില്‍ മുന്നോട്ടു പോകാന്‍ കെ.സി.എഫ്.എസ്.സിക്ക് കഴിയട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു...'' ജോസഫ് എം പുതുശേരി പറഞ്ഞു.

പ്രവാസ ലോകത്ത് ജീവിക്കുമ്പോഴും കേരളത്തിലെ സഹോദരീ സഹോദരന്മാരെ മറക്കാതെ അവരുടെ പ്രയാസങ്ങളില്‍ പങ്കുചേരാന്‍ കെ.സി.എഫ്.എസ്.സി കാട്ടിയ സന്മനസ്സിനെ എത്രമേല്‍ പുകഴ്ത്തിയാലും അത് അധികമാവില്ലെന്ന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഓര്‍ത്തഡോക്‌സ് സഭ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അഭിപ്രായപ്പെട്ടു. ''25 വര്‍ഷം ഈ സംഘടനയ്ക്ക് മാതൃകാപരമായി പ്രവര്‍ത്തിക്കുവാന്‍ സാധിച്ചുവെന്നത് ഇന്നത്തെ കാലഘട്ടത്തില്‍ ഏറെ പ്രശംസനീയമായ കാര്യമാണ്. മനുഷ്യനെ മനുഷ്യനായി കണ്ട് ജാതിയുടെയും മതത്തിന്റെയും സങ്കുചിതത്വങ്ങള്‍ മറികടന്ന് നമുക്കു ചുറ്റും ജീവിക്കുന്നവരെ സ്‌നേഹിക്കാന്‍ സാധിക്കുകയെന്നത് എക്യുമെനിസത്തിന്റെ ഏറ്റവും വലിയ മഹത്വമാണ്. കെ.സി.എഫ്.എസ്.സിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു...'' അദ്ദേഹം ആശംസിച്ചു.

എക്യുമെനിസം ഇന്ന് വളരെ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. എന്നാല്‍ നമ്മുടെ ആളുകളെ കമ്പാര്‍ട്ടുമെന്റലൈസ് ചെയ്യുന്ന പ്രവര്‍ത്തി പലയിടത്തും കാണുന്നുണ്ട്. ആ സാഹചര്യത്തില്‍ കെ.സി.എഫ്.എസ്.സിയുടെ സഹജീവി സ്‌നേഹം അളവറ്റതാണെന്നും അവര്‍ക്കെല്ലാ വിജയങ്ങളും ആശംസിക്കുന്നുവെന്നും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഡോ. സജി ചാക്കോ പറഞ്ഞു. അവരവരുടെ വ്യക്തിത്വം കാത്തുസൂക്ഷിച്ചു കൊണ്ട് പരസ്പര സഹായസഹകരണത്തിലൂടെ എക്യുമെനിസത്തിന്റെ വിശാലമായ കാഴ്ചപ്പാടായ സ്‌നേഹത്തിലധിഷ്ഠിതമായി നാം പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നും സ്‌നേഹസമന്വയത്തിലധിഷ്ഠിതമായ ഐക്യം രൂപപ്പെടുത്തിയെടുക്കണമെന്നും കെ.സി.എഫ്.എസ്.സിക്ക് എല്ലാവിധ നന്മയുണ്ടാകട്ടെയെന്നും വെരി. റവ. പി ജോര്‍ജ് സഖറിയ അച്ചന്‍ ശ്ലാഘിച്ചു. കല്ലൂപ്പാറ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ മറിയാമ്മ വര്‍ഗീസും ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

കെ.സി.എഫ്.എസ്.സിയുടെ കേരള കോ-ഓര്‍ഡിനേറ്റര്‍ ബിജു നൈനാന്‍ സ്വാഗതവും ആശ്രയ വയോജന മന്ദിരത്തിന്റെ ഡയറക്ടര്‍ റവ. ജോജി തോമസ് അച്ചന്‍ നന്ദിയും പറഞ്ഞു. ആശ്രയ വയോജന മന്ദിരത്തിനു വേണ്ടിയുള്ള കെ.സി.എഫ്.എസ്.സിയുടെ ചെക്ക് റവ. ജോജി തോമസ് അച്ചന്‍ ഏറ്റുവാങ്ങി. മാര്‍ത്തോമാ സുറിയാനി സഭയുടെ കോട്ടയം കൊച്ചി ഭദ്രാസനത്തിന്റെയും മല്ലപ്പള്ളി മാര്‍ത്തോമാ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ആശ്രയ വയോജന മന്ദിരത്തിന്റെ ഡയറക്ടറായ റവ. ജോജി തോമസ് അച്ചന്‍ സഭയുടെ മറ്റൊരു പ്രൊജക്ടായ സ്‌നേഹജ്യോതി ബാലികാ ഹോമിന്റെ സൂപ്രണ്ട് കൂടിയാണ്. സമൂഹത്തില്‍ നിന്ന് തള്ളപ്പെട്ടതും വീടുകളില്‍ നിന്ന് പുറത്താക്കപ്പെട്ട് ഒറ്റപ്പെട്ടവരുമായ 30 സ്ത്രീകള്‍ ഈ വയോജന മന്ദിരത്തിലെ അന്തേവാസികളാണ്. മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന അവര്‍ക്ക് ഒരത്താണിയാണ് ആശ്രയ വയോജന മന്ദിരമെന്ന് റവ. ജോജി തോമസ് അച്ചന്‍ പറഞ്ഞു.

സ്വന്തം വീടുകളിലെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ നിന്നും മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട് എത്തിയവരുമായ 19 വിദ്യാര്‍ത്ഥികളാണ് സ്‌നേഹജ്യോതി ബാലികാ ഹോമിലുള്ളത്. രണ്ടാം ക്ലാസ്സു മുതല്‍ പത്താം ക്ലാസു വരെ പഠിക്കുന്ന ഏഴു വയസ്സു മുതല്‍ 18 വയസ്സു വരെ പ്രായമുള്ള പെണ്‍കുട്ടികളെയാണിവിടെ പ്രവേശിപ്പിക്കുന്നത്. ഇരു സ്ഥാപനങ്ങളിലുമായി ഒന്‍പത് സ്റ്റാഫുമുണ്ട്. കെ.സി.എഫ്.എസ്.സി പോലെയുള്ള സംഘടനകളുടെയും നല്ലവരായ വ്യക്തികളുടെയും സഹായം കൊണ്ടാണ് ഈ പ്രസ്ഥാനങ്ങള്‍ മികച്ച രീതിയില്‍ നടന്നുപോകുന്നത്. പ്രവര്‍ത്തനം തുടങ്ങിയിട്ട് 20 വര്‍ഷമായി.

ന്യൂയോര്‍ക്ക് എപ്പിഫെനി മാര്‍ത്തോമാ ഇടവകയുടെ വികാരിയായി 2016 മുതല്‍ 2019 ഏപ്രില്‍ 30 വരെ റവ. ജോജി തോമസ് അച്ചന്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്നാണ് ഇപ്പോള്‍ ആശ്രയ വയോജന മന്ദിരത്തിന്റെയും സ്‌നേഹജ്യോതി ബാലികാ ഹോമിന്റെയും ചുമതലയേറ്റെടുത്തിരിക്കുന്നത്. 37 വര്‍ഷം മുമ്പ് കേരളത്തില്‍ നിന്നും കുടിയേറിയിട്ടുള്ള പ്രിയപ്പെട്ടവര്‍ ആരമഭിച്ച എപ്പിഫെനി ഇടവക വിദ്യാഭ്യാസ സഹായം, വിവാഹ സഹായം, ഭവനനിര്‍മാണ പദ്ധതി തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കി ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നുവെന്ന് അച്ചന്‍ പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.