You are Here : Home / USA News

ഡാളസ്സിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കുള്ള ഷഡാധാരാങ്ങള്‍ എത്തിച്ചേര്‍ന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, November 09, 2013 12:50 hrs UTC

ഡാളസ്സിലെ കേരളാ ഹിന്ദുസൊസൈറ്റി നിര്‍മ്മിക്കുന്ന ശ്രീ.ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ നവംബര്‍ 22, 23, 24 എന്നീ ദിവസങ്ങളില്‍ നടക്കുന്ന ഷഡാധാര പ്രതിഷ്ഠക്കാവശ്യമായ ഷഡാധാരങ്ങള്‍ അടക്കുമുള്ള എല്ലാ പൂജാ സാമഗ്രഹികളുംനാട്ടില്‍ നിന്നും എത്തിച്ചേര്‍ന്നു. ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠക്ക് താഴെ ഭൂമിക്കടിയിലായി സ്ഥാപിക്കുന്ന ആറ് വ്യത്യസ്ഥ പ്രതിഷ്ഠകള്‍ക്കാണ് ഷഡാധാരം എന്നു പറയുന്നത്. പ്രമുഖ ഉല്‍പത്തിയെ പ്രതിനിധാനം ചെയ്യുന് രീതിയിലാണ് ഭാരതത്തിലെ ഋഷീശ്വരന്‍മാര്‍ ഷഡാധാര പ്രതിഷ്ഠ രൂപകല്പന ചെയ്യ്തിരിക്കുന്നത്. ഏറ്റവും താഴത്തെ പ്രതിഷ്ഠയായ ആധാരശില നിശ്ചലമായ ബ്രഹ്മത്തെ കുറിക്കുന്നു.

 

അതിനു മുകളിലായി വിത്തുകളും, രത്‌നവും, സ്വര്‍ണ്ണവും അടങ്ങിയ നിധികുംഭം, സൃഷ്ടി ആരംഭിക്കുന്ന പ്രകൃതിയെ സൂചിപ്പിക്കുന്നു. നിധി കുംഭത്തിനു മുകളില്‍ സ്ഥാപിക്കുന്ന പദ്മം പ്രപഞ്ച സൃഷ്ടിയുടെ വികാസത്തെക്കുറിക്കുന്ന ബോധം ആകുന്നു. കൂര്‍മ്മ(ആമ) പ്രതിഷ്ഠ ചലനാത്മകമായ പ്രാണന്റെ നിധാനമാകുന്നു. ഇതിനു മുകളില്‍ വരുന്ന യോഗനാളം പഞ്ചഭൂതങ്ങളിലെ ആദ്യത്തേതായ ആകാശത്തേയും പിന്നീട് പ്രതിഷ്ഠിക്കുന്ന നപുംസകശില പഞ്ചഭൂതങ്ങളിലെ ഭൂമിയുടെയും പ്രതീകമാണ്. നവംബര്‍ 23 ശനിയാഴ്ച രാവിലെ ഇഷ്ടികാ സ്ഥാപനവും, 24 ഞായറാഴ്ച വൈകുന്നേരം ഗര്‍ഭന്യാസവും നടത്തുന്നതായിരിക്കും. ചലനാത്മകമായ പ്രപഞ്ചസൃഷ്ടാവിന്റെ വീര്യം ഭൂമീദേവിയുടെ ഗര്‍ഭപാത്രത്താല്‍ സന്നിവേശിപ്പിച്ച് ക്ഷേത്രത്തിന്റെ ഉത്ഭവത്തിന് തുടക്കം കുറിക്കുന്നതാണ് ഗര്‍ഭന്യാസം. ക്ഷേത്രനിര്‍മ്മാണത്തിനു ശേഷം വിഗ്രഹ പ്രതിഷ്ഠ നടത്തുമ്പോള്‍ ഈ ശക്തിയുടെ പരിപൂര്‍ണ്ണ വികാസം സഫലമാകുന്നു.

 

ബ്രഹ്മശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതരി (ഗുരുവായൂര്‍ മുന്‍ മേല്‍ ശാന്തി) താന്ത്രികത്വം വഹിക്കുന്ന ഈ പൂജകളില്‍ ക്ഷേത്രപൂജാരി ശ്രീ. ഇളങ്ങല്ലൂര്‍ നാരായണന്‍ നമ്പൂതിരിയും, പങ്കുചേരുന്നു. വാസ്തു വിദ്വാന്‍ ശ്രീ. കാണിപ്പയൂര്‍ കൃഷ്ണന്‍ നമ്പൂതിരിയും നാട്ടില്‍ നിന്നും എത്തിച്ചേരുന്നതായിരിക്കും. ഭാഗവത ആചാര്യന്‍മാരായ ശ്രീ. പെരുമ്പള്ളി കേശവന്‍ നമ്പൂതിരി, ശ്രീ. ശങ്കരമംഗലം ശങ്കരപിള്ള എന്നിവരും ഈ മഹല്‍കര്‍മ്മത്തിന് സാക്ഷികളാവും. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഗംഭീര ആഘോഷ പരിപാടികള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാകുന്നതായി.കെ.എച്ച്.എസ്. ട്രസ്റ്റി ബോര്‍ഡ്, ചെയര്‍മാന്‍ ശ്രീ. വിലാസ്‌കുമാര്‍ അറിയിക്കുന്നു. അനേകം ജന്മങ്ങളിലൂടെ ആര്‍ജ്ജിച്ച സത്കര്‍മ്മ ഫലമായി കൈവന്ന ഈ അസുലഭ പൂജകള്‍ ദര്‍ശിക്കാനുള്ള ഭാഗ്യം പാഴാക്കരുതെന്ന് എല്ലാ ഭക്തജനങ്ങളോടും കെ.എച്ച്.എസ്. പ്രസിഡന്റ് ശ്രീമതി ശ്യാമളാ നായര്‍ അറിയിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.