You are Here : Home / USA News

100 മില്യന്‍ സമാഹരിച്ച് അലക്സ് സിറിയക്കിന്റേയും ഷോബിന്‍ ഊരാളിലിന്റേയും വിജയഗാഥ

Text Size  

Story Dated: Monday, May 06, 2019 01:38 hrs UTC

രണ്ടുവര്‍ഷംകൊണ്ട് 100 മില്യനിലേറെ നിക്ഷേപമുള്ള കമ്പനിയുടെ സാരഥികളായി അലക്സ് സിറിയക്കും (36), ഷോബി ഊരാളിലും (37). ഇതൊരു മലയാളി വിജയഗാഥ, നമുക്ക് അഭിമാനിക്കാം.
 
കഴിഞ്ഞ മാസം ഫോര്‍ബ്സ് മാഗസിന്‍ ഈ വിജയഗാഥ അനാവരണം ചെയ്തപ്പോള്‍ പുതിയ മേഖലകള്‍ തേടുന്ന യുവത്വത്തിന്റെ നിശ്ചയദാര്‍ഢ്യവും പരിശ്രമവും ആവേശമുണര്‍ത്തുന്നതായി
 
നാലു വര്‍ഷം മുമ്പത്തെ കാര്യമാണ്. മെഡികെയര്‍ ഉള്ള അമ്മ ചില മരുന്നുകള്‍ വേണ്ടെന്നു വെയ്ക്കുന്നായി അലക്സ് കണ്ടു. കാര്യം അന്വേഷിച്ചപ്പോള്‍ പ്രതിമാസം മരുന്നിനു മാത്രം കോ-പേയ് 200 ഡോളര്‍ വേണം. അതിനാല്‍ ചില മരുന്നുകള്‍ വേണ്ടെന്നു വെച്ചു. മരുന്നു മുടക്കണ്ട, കോ- പേ താന്‍ കൊടുത്തോളാമെന്നായി അലക്സ്.
 
മെഡി കെയര്‍ ലഭിച്ചുകഴിഞ്ഞാല്‍ പിന്നെ (65 വയസ് പിന്നിടുമ്പോള്‍) ചികിത്സയെപ്പറ്റി ഒന്നും പേടിക്കാനില്ല എന്ന ധാരണ അതോടെ ഇല്ലാതെയെന്ന് അലക്സ് പറയുന്നു. തുടര്‍ന്ന് ഉറ്റസുഹൃത്ത് ഷോബിനെ വിളിച്ചു. തന്റെ മാതാപിതാക്കളും ഭാവിയിലെ മെഡികെയര്‍ ചെലവിനു പ്രത്യേക കരുതലൊന്നും എടുത്തിട്ടില്ലെന്നു ഷോബിന്‍ പറഞ്ഞു. തന്റെ പുത്രന്റെ ജനനത്തോടനുബന്ധിച്ച് വലിയൊരു മെഡിക്കല്‍ ബില്‍ കയ്യില്‍ നിന്നു കൊടുക്കേണ്ടതായി വന്നുവെന്നും ഷോബിന്‍ പറഞ്ഞു. 
 
ഈ സംസാരത്തില്‍ നിന്നാണ് 2016-ല്‍ 'ലൈവ്ലി'  (ലൈവ് ലി ) പിറന്നത്. കോ- പേയ് തുടങ്ങി അവിചാരിതമായ മെഡിക്കല്‍ ചെലവുകള്‍ നേരിടാന്‍ മുന്‍കൂട്ടി പണം സ്വരൂപിച്ചു വയ്ക്കുക. ഇങ്ങനെ ഹെല്ത്ത് സേവിംഗ്സ് അക്കൗണ്ടില്‍ (എച്ച്.എസ്.എ) പണം നിക്ഷേപിച്ചാല്‍ വ്യക്തിക്കു ഒരു വര്‍ഷം 3500 ഡോളര്‍ വരെയും കുടുംബത്തിന് 7000 ഡോളര്‍ വരെയും ടാക്സ് ഇളവ് കിട്ടും. കോണ്‍ഗ്രസ് 2003-ല്‍ ഇതിനായി നിയമം ഉണ്ടാക്കിയിരുന്നു.
 
നിക്ഷേപിക്കുന്ന പണം മെഡിക്കല്‍ ചെലവിനായി ഉപയോഗിച്ചാല്‍ ടാക്സ് വേണ്ട. തുക അതാത് വര്‍ഷം ഉപയോഗിക്കാം. ഉപയോഗിക്കാത്തത് അടുത്ത വര്‍ഷങ്ങളിലേക്ക് നിക്ഷേപമായി കിടക്കും. അതിനു പലിശ കിട്ടും. തുക കൂടും. ഫലത്തില്‍ അതൊരു നിക്ഷേപമായി മാറുന്നു. 
 
65 വയസ് കഴിയുമ്പോള്‍ പണമായി തന്നെ പിന്‍വലിക്കണമെങ്കില്‍ അതുമാകാം. പക്ഷെ റിട്ടയര്‍മെന്റ് പ്ലാനിനു (401 കെ) ഉള്ളപോലെ ടാക്സ് അപ്പോള്‍ കൊടുക്കണം. മെഡിക്കല്‍ ചെലവിനു ഉപയോഗിച്ചാല്‍ ടാക്സ് വേണ്ട താനും. 
 
എച്ച്.എസ്.എകള്‍ ലൈവ്‌ലി വരും മുമ്പും ഉണ്ടായിരുന്നു. എന്നാല്‍ അതു സുതാര്യവും എളുപ്പവും ഓണ്‍ലൈനും ആക്കി എന്നുള്ളതാണ് ലൈവ്ലിയുടെ മികവ്. ഉപയോക്താവിനു തന്നെ അക്കൗണ്ട് ഓണ്‍ലൈനിലൂടെ നിയന്ത്രിക്കാം. പ്രതിമാസ ഫീസ് ഇല്ല. ഒരുമാസം ഇത്ര തുക ഇടണമെന്ന നിബന്ധനയില്ല. നിക്ഷേപം കിടക്കുന്ന തുക സ്റ്റോക്കിലും മറ്റും നിക്ഷേപിക്കാന്‍ ചെറിയൊരു ഫീസുണ്ട്. ഇങ്ങനെ മ്യൂച്ച്വല്‍ ഫണ്ടിലും മറ്റും നിക്ഷേപിക്കണൊ വേണ്ടയോ എന്നത് അക്കൗണ്ട് ഉടമയാണു തീരുമാനിക്കേണ്ടത്.
 
ഈ രംഗത്തുള്ള മറ്റു കമ്പനികള്‍ വച്ചുനോക്കുമ്പോള്‍ 'ലൈവ്ലി' എല്ലാംകൊണ്ടും മെച്ചം. ഫൈഡലിറ്റി, ഹെല്ത്ത്,ഇക്വിറ്റി , എച്ച്.എസ്.എ ബാങ്ക്, ലൈവ്ലി എന്നിവയാണ് ഈ രംഗത്തെ പ്രധാന കമ്പനികള്‍.
 
പുതിയ കമ്പനി സ്ഥാപിക്കും മുമ്പ് തന്നെ എച്ച്.എസ്.എയെപ്പറ്റി ഇരുവര്‍ക്കും ഏകദേശ ധാരണയുണ്ടായിരുന്നു. കംപ്യൂട്ടര്‍ എന്‍ജിനീയറായ അലക്സ് ന്യൂയോര്‍ക്കില്‍ ജസ്റ്റ് വര്‍ക്ക്‌സ് എന്ന പേരില്‍ പേയ് റോള്‍ കമ്പനിയില്‍ രണ്ടുവര്‍ഷം പ്രവര്‍ത്തിച്ചപ്പോള്‍ ഇതും ശ്രദ്ധാവിഷയമായി. എം.ഐ.ടിയില്‍ നിന്നു എ.ബി.എ പാസായ ഷോബിന്‍ ബോസ്റ്റണില്‍ റിട്രോഫിഷ്യന്‍സി എന്ന കമ്പനിയിലായിരുന്നു. കെട്ടിടങ്ങളുടെ വൈദ്യുതി ചിലവ് കുറയ്ക്കുന്നത് സംബന്ധിച്ച സോഫ്റ്റ് വെയര്‍ വില്‍ക്കുന്ന സ്ഥാപനമായിരുന്നു അത്. കമ്പനിയുടെ ജീവനക്കാര്‍ക്ക് എച്ച്.എസ്.എ അടക്കമുള്ള ആനുകൂല്യങ്ങള്‍ ഷോബിന്‍ കൈകാര്യം ചെയ്തിരുന്നു. പക്ഷെ എച്ച്.എസ്.എ സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്നത് ഒരു തലവേദനയായിരുന്നു എന്നു ഷോബിന്‍ ഓര്‍ക്കുന്നു.
 
ഇപ്പോള്‍ 2600-ല്‍പ്പരം എച്ച്.എസ്.എ സ്ഥാപനങ്ങള്‍ ഉണ്ട്. മിക്കതും ബാങ്കുകള്‍. അവ സേവിംഗ്സ് അക്കൗണ്ടായും മറ്റുമാണ് പണം സ്വീകരിക്കുക. അതിനാല്‍ ഇടപാടുകള്‍ ചെയ്യുക എളുപ്പമല്ല.
 
ഈ വിഷമതകളാണ് ലൈവ്ലി ഇല്ലാതാക്കിയത്. ന്യു യോര്‍ക്കില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ വേള്‍ഡ് പേയ് എന്ന കമ്പനിയിലേക്ക് ജോലി മാറിയ അലക്സ് 2016 മധ്യത്തോടെ ജോലി രാജിവെച്ചു. ഇരുവരും ചേര്‍ന്ന് 600,000 ഡോളര്‍ പുതിയ കമ്പനിക്കായി സമാഹരിച്ചു. സുഹൃത്തുക്കള്‍, വേള്‍ഡ് പേയിലെ ഒരു എക്സിക്യൂട്ടീവ്, ജസ്റ്റ് വര്‍ക്കിന്റെ സ്ഥാപകന്‍ എന്നിവരൊക്കെയാണ് തുക നല്‍കിയത്.
 
അങ്ങനെ അലക്‌സ് ലൈവ്ലിയുടെ സി.ഇ.ഒ ആയി ചുമതലയേറ്റു. അടുത്തവര്‍ഷം ജനുവരിയില്‍ ജോലി വിട്ടു ഷോബിനും സാന്‍ഫ്രാന്‍സിസ്‌കോയിലെത്തി കമ്പിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി.
 
2017 മാര്‍ച്ചില്‍ ലൈവ്ലി പൂര്‍ണമായി പ്രവര്‍ത്തനനിരതമായി. വൈകാതെ ടി.ഡി അമേരിട്രേഡ് എന്ന സ്റ്റോക്ക് ബ്രോക്കറേജുമായി ബന്ധം സ്ഥാപിച്ചു. താമസിയാതെ ബാസ്‌കറ്റ് ബോള്‍ താരം കെവിന്‍ ഡുറന്റ് അടക്കമുള്ളവര്‍ മൂന്നര മില്യന്‍ കമ്പനിയില്‍ നിക്ഷേപിച്ചു. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ 11 മില്യന്‍കൂടി വികസനത്തിനായി സമാഹരിച്ചു.
 
സാന്‍ഫ്രാന്‍സിസ്‌കോ ബാര്‍ പാര്‍ക്കിലുള്ള കമ്പനിയില്‍ ഇപ്പോള്‍ മുപ്പതോളം പേര്‍ ജോലി ചെയ്യുന്നു. ഇതിനകം കമ്പനി അക്കൗണ്ടില്‍ നിക്ഷേപ തുക 100 മില്യന്‍ കടന്നു. ഇടയ്ക്കിടെ ജോലി മാറുന്നവരും സ്വയം തൊഴില്‍ ചെയ്യുന്നവരും ചെറുകിട സ്ഥാപനങ്ങളുമൊക്കെ ലൈവ്ലിയിലെ അക്കൗണ്ട് മികച്ചതായി കരുതുന്നു. 
 
കടുത്ത മത്സരമുള്ള രംഗമാണിത്. വമ്പന്‍ കമ്പനിയായ ഫൈഡലിറ്റി ചില ഫീസുകള്‍ ഒഴിവാക്കിയപ്പോള്‍ ലൈവ്ലി സ്റ്റോക്കില്‍ നിക്ഷേപിക്കുന്നതിനുള്ള ഫീസ് വെട്ടിക്കുറച്ചുകൊണ്ടാണു അത് നേരിട്ടത്.
 
ഇപ്പോള്‍ വിവിധ കമ്പനികളിലായി 26 മില്യന്‍ ആളുകള്‍ 60 ബില്യന്‍ ഡോളര്‍ എച്ച്.എസ്.എയില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇനിയും 57 മില്യന്‍ പേര്‍ എച്ച്.എസ്.എ അക്കൗണ്ട് എടുക്കാതെ നില്‍ക്കുന്നു. അതിനാല്‍ വലിയൊരു സാധ്യത ഈ രംഗത്തുണ്ട്.
 
ഷോബിന്റെ പിതാവ് മുന്‍ ഫോമാ പ്രസിഡന്റ് ബേബി ഊരാളില്‍ അക്കൗണ്ട് എടുത്തിട്ടില്ല. എന്നാല്‍ തന്റെ സ്ഥാപനത്തിലെ ജീവനക്കാര്‍ പലരും ലൈവ്ലിയില്‍ അക്കൗണ്ട് എടുത്തതായി പറഞ്ഞു. 
 
കാലിഫോര്‍ണിയയിലെ യൂണിവേഴ്സിറ്റി ഓഫ് സാന്താ ബാര്‍ബറയില്‍ നിന്നാണ് അലക്സ് കമ്പ്യുട്ടര്‍ സയന്‍സ് ബിരുദം നേടിയത്. ഷോബിന്‍ ജോര്‍ജ് ടൗണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു ഗ്രാജ്വേറ്റ് ചെയ്തശേഷം എം.ഐ.ടിയില്‍ ചേര്‍ന്നു.
 
ലൈവ്ലിയുടെ പ്രവര്‍ത്തനമെല്ലാം ഓണ്‍ലൈന്‍ വഴിയാണ്. കടലാസ് ഒന്നുമില്ല. ബാങ്ക് അക്കൗണ്ടില്‍ നിന്നു നേരിട്ട് തുക ലൈവ്ലിയിലേക്കു മാറ്റുകയാണ് ചെയ്യുന്നത്. അടക്കുന്ന തുക രണ്ടര ലക്ഷം ഡോളര്‍ വരെ ഇന്‍ഷുവേര്‍ഡ് ആണ്.
 
50 സ്റ്റേറ്റിലും യു.എസ് ടെറിട്ടറിയിലും നിന്നുള്ളവര്‍ ലൈവ്ലിയില്‍ അക്കൗണ്ട് എടുത്തിട്ടുണ്ട്. തുടക്കത്തില്‍ ഏറെ വിഷമതകള്‍ നേരിട്ടുവെന്നു ഷോബിന്‍ പറഞ്ഞു. തങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഒരു ബാങ്കിനെ കണ്ടെത്തുകയായിരുന്നു ആദ്യത്തേത്. കമ്പനി തുടങ്ങാനുള്ള പ്രാഥമിക മുതല്‍മുടക്ക് കണ്ടെത്തുകയായുരുന്നു മറ്റൊന്ന്. യോഗ്യരായ എന്‍ജിനീയര്‍മാരെ ജോലിക്ക് കിട്ടുക എന്നതും വെല്ലുവിളി ആയിരുന്നു. എന്തായാലും അവയെ എല്ലാം അതിജീവിക്കാനായി.
 
തങ്ങളുടെ വ്യക്തിപരമായ നേട്ടങ്ങളേക്കാളുപരി അമേരിക്കക്കാര്‍ക്ക് ഹെല്ത്ത് കെയര്‍ ചെലവ് നേരിടുന്നതിനു സഹായിക്കുന്ന സ്ഥാപനം എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നു ഇരുവരും പറയുന്നു. ഭാവിയിലേക്ക് കരുതിവെയ്ക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് മറ്റൊന്ന്. സേവന പ്രവര്‍ത്തനം ആയാമു ഇരുവരും ഈ മേഖലയെ കാണുന്നത്
 
അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഈ രംഗത്തും കമ്പനിക്കും വലിയ സാധ്യതകള്‍ ഇരുവരും വിലയിരുത്തുന്നു.
 
ഷോബിന്റെ ഭാര്യ ജസിക്ക തച്ചേട്ട്‌ . മക്കള്‍: ജോനഥന്‍ (4) സാറാ (8 മാസം) അമ്മ സലോമി. ഏക സഹോദരി ഷാരന്‍ ഡോക്ടറാണ്.
 
എടമ്പാടം കുടുംബാംഗമായ അല്കസിന്റെ ഭാര്യ ജനിറ്റ കുമ്പുക്കല്‍. മകള്‍ അലിവിയക്കു ഒരാഴ്ച പ്രായം. ചാണ്ടി സിറിയക്ക് എടമ്പാടത്തിന്റെയും ലീലാമ്മയുടെയും പുത്രനാണ്. സഹോദരി ലിന്‍ഡാ റെഡ്ഡി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.