You are Here : Home / USA News

മലയാളികളുടെ കൂട്ടായ്‌മ തെളിയിച്ച യോങ്കേഴ്‌സിലെ പിക്‌നിക്ക്‌ ആഘോഷം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 07, 2013 10:25 hrs UTC

ന്യൂയോര്‍ക്ക്‌: യോങ്കേഴ്‌സിലെ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി (ഐ.എ.എം.സി.വൈ) ഓഗസ്റ്റ്‌ മൂന്നാം തീയതി ശനിയാഴ്‌ച രാവിലെ 11 മണിക്ക്‌ ടിബറ്റ്‌സ്‌ ബ്രൂക്ക്‌ പാര്‍ക്കില്‍ വെച്ച്‌ നടത്തിയ പിക്‌നിക്ക്‌ എന്തുകൊണ്ടും ശ്രദ്ധേയമായിരുന്നു. സംഘടനാ ഭാരവാഹികളുടെ മനോശക്തിയെ പരീക്ഷിക്കുവാനെന്നവണ്ണം അന്നേദിവസം യോങ്കേഴ്‌സ്‌ ഏരിയയില്‍ മഴ ഉണ്ടാവില്ലെന്ന്‌ കാലാവസ്ഥാ നിരീക്ഷകര്‍ രണ്ടു ദിവസം മുമ്പ്‌ പ്രവചിച്ചിരുന്നു എങ്കില്‍ പോലും അന്നേദിവസം രാവിലെ മഴയെത്തി. ചുരുക്കം ചില ഭാരവാഹികളെങ്കിലും പിക്‌നിക്ക്‌ മാറ്റിവെച്ചാലോ എന്നു പറഞ്ഞിട്ടുകൂടി സംഘടനയുടെ നേതൃത്വം യാതൊരു കാരണവശാലം പിക്‌നിക്ക്‌ മാറ്റിവെയ്‌ക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നു. എന്നുതന്നെയല്ല, മഴയെ തടഞ്ഞുനിര്‍ത്താന്‍ വിശാലമായ പടുത കൊണ്ടുവന്ന്‌ പിക്‌നിക്ക്‌ ഏരിയ മറച്ചു എന്നുള്ളത്‌ കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചു.

 

 

മുന്‍ തീരുമാനമനുസരിച്ച്‌ കൃത്യസയമത്തുതന്നെ പിക്‌നിക്ക്‌ ഉദ്‌ഘാടനം ചെയ്യാന്‍ യോങ്കേഴ്‌സിലെ പാര്‍ക്ക്‌സ്‌ ആന്‍ഡ്‌ റിക്രിയേഷന്‍ കമ്മീഷണര്‍ ഇവെറ്റ്‌ ഹാര്‍ട്ട്‌സ്‌ ഫീല്‍ഡ്‌ എത്തിച്ചേര്‍ന്നിരുന്നു. പ്രസിഡന്റ്‌ തോമസ്‌ കൂവള്ളൂര്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ വന്ന വിശിഷ്‌ടാതിഥികളെ പരിചയപ്പെടുത്തി. ഇത്തരത്തില്‍ വളരെ ആസൂത്രിതമായി പിക്‌നിക്ക്‌ ഓര്‍ഗനൈസ്‌ ചെയ്‌ത ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി പ്രസിഡന്റ്‌ തോമസ്‌ കൂവള്ളൂരിനേയും, സഹപ്രവര്‍ത്തകരേയും കമ്മീഷണര്‍ അനുമോദിച്ചു.ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ അസംബ്ലി മെമ്പറും ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റിയുടെ അടുത്ത സുഹൃത്തുമായ ഷെല്ലി മേയര്‍, യോങ്കേഴ്‌സ്‌ സിറ്റി കൗണ്‍സില്‍ മജോറിറ്റി ലീഡര്‍ വില്‍സണ്‍ ടെറേറോ, കൗണ്‍സില്‍ മെമ്പര്‍ ക്രിസ്റ്റഫര്‍ ജോണ്‍സണ്‍ എന്നിവര്‍ യോങ്കേഴ്‌സ്‌ സിറ്റി മേയറെ പ്രതിനിധീകരിച്ച്‌ എത്തുകയും ആശംസകള്‍ അറിയിക്കുകയും ചെയ്‌തു. സ്‌കൂള്‍ അവധിയായിരുന്നതിനാല്‍ നിരവധി സ്‌കൂള്‍ കുട്ടികളും അവരുടെ മാതാപിതാക്കളും ജാതി മത ഭേദമെന്യേ എത്തിച്ചേര്‍ന്നിരുന്നു.

 

 

 

സമീപ പ്രദേശത്തെ ഏറ്റവും വലിയ സംഘടനയായ വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷനില്‍ നിന്നും പ്രസിഡന്റ്‌ ജോയി ഇട്ടന്റെ നേതൃത്വത്തില്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍, സുരേന്ദ്രന്‍ നായര്‍ എന്നിവരും കേരളാ ക്രിസ്‌ത്യന്‍ അഡല്‍ട്ട്‌ ഹോമിനെ പ്രതിനിധീകരിച്ച്‌ രാജു ഏബ്രഹാം, ജസ്റ്റീസ്‌ ഫോര്‍ ഓള്‍ എന്ന നാഷണല്‍ സംഘടനയുടെ ഡയറക്‌ടര്‍മാരായ രവീന്ദ്രന്‍ നാരായണന്‍, എലിസബത്ത്‌ ഫിലിപ്പ്‌, ഫിലിപ്പ്‌ തോമസ്‌ എന്നിവരും, അതേ സംഘടനയിലെ പ്രവര്‍ത്തകരായ മറിയം അക്തര്‍, കുല്‍വന്ത്‌ കൗര്‍ എന്നിവരും കൈരളി ടിവിയുടെ ഡയറക്‌ടര്‍ ജോസ്‌ കാടാപുറം, സമൂഹത്തില്‍ അറിയപ്പെടുന്ന നേതാക്കളായ ക്യാപ്‌റ്റന്‍ സണ്ണി, സോണി വടക്കേല്‍ തുടങ്ങി നിരവധി വ്യക്തികള്‍ പങ്കെടുത്ത പിക്‌നിക്ക്‌ മറ്റ്‌ സംഘടനകള്‍ക്ക്‌ മാതൃകയാണ്‌. കേരളത്തിലെ അറിയപ്പെടുന്ന കേറ്ററിംഗുകാരായ അലങ്കാര്‍ കേറ്ററിംഗിന്റെ നേതൃത്വത്തിലായിരുന്നു ബാര്‍ബിക്യൂ ഒരുക്കിയിരുന്നത്‌. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അവരുടെ പ്രായം അനുസരിച്ചുള്ള നിരവധി മത്സരങ്ങളും ഉണ്ടായിരുന്നു. പ്രസിഡന്റ്‌ തോമസ്‌ കൂവള്ളൂര്‍, വൈസ്‌ പ്രസിഡന്റ്‌ ഷാജി തോമസ്‌, സെക്രട്ടറി ഇട്ടന്‍ ജോര്‍ജ്‌, ഫൊക്കാനാ നാഷണല്‍ കമ്മിറ്റി അംഗം എം.കെ. മാത്യൂസ്‌, തോമസ്‌ ചാവറ, ഗോപാലകൃഷ്‌ണന്‍ നായര്‍, കുര്യാക്കോസ്‌ കറുകപ്പള്ളി, ജോയി ഫിലിപ്പ്‌ പുളിയനാല്‍, അന്നമ്മ ഫിലിപ്പ്‌, ജോര്‍ജ്‌ ഉമ്മന്‍ എന്നിവര്‍ പിക്‌നിക്കിന്‌ നേതൃത്വം നല്‍കി. നാല്‍പ്പതോളം പേര്‍ക്ക്‌ വിവിധ മത്സരങ്ങളില്‍ ജയിച്ചതിന്‌ ട്രോഫികള്‍ നല്‍കുകയുണ്ടായി. തോമസ്‌ കൂവള്ളൂര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.