You are Here : Home / USA News

ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ന്യൂജഴ്സിയുടെ ഉദ്ഘാടന സമ്മേളനം ഒക്ടോബര്‍ നാലിന്

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, September 30, 2014 11:50 hrs UTC


ന്യൂജഴ്സി . ന്യൂജഴ്സിയിലെ ഇന്ത്യന്‍ സമൂഹത്തെ ആവേശ ഭരിതരാക്കി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ന്യൂജഴ്സി എന്ന സാംസ്കാരിക സംഘടന, ഒക്ടോബര്‍ 4 ശനിയാഴ്ച, ന്യൂജഴ്സി റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട സദസിനു മുമ്പാകെ ഉദ്ഘാടനം ചെയ്യുന്നു. ശനിയാഴ്ച വൈകുന്നേരം ആറു മുതല്‍ 11 വരെ ചേരുന്ന സമ്മേളനത്തില്‍ ന്യുജഴ്സി, ന്യുയോര്‍ക്ക് മേഖലകളില്‍ നിന്നു പ്രത്യേകം ക്ഷണിക്കപ്പെടുന്ന, സാംസ്കാരിക സംഘടനാ, സാമുദായിക നേതാക്കള്‍, പ്രഫഷണല്‍, മീഡിയാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. ട്രൈസ്റ്റേറ്റ് ഏരിയായിലെ സാമൂഹിക, സാംസ്കാരിക, സംഘടനാ, മതനേതാക്കളുടെ ഒരു പരിഛേദമാകും സമ്മേളനത്തില്‍ പങ്കെടുക്കുക.

ന്യൂജഴ്സിയിലെ  എല്ലാ ഇന്ത്യക്കാരെയും ഒരു കുടക്കീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യബോധത്തോടെ, സംഘടനാശക്തി ഏതെങ്കിലും ഒരു വിഭാഗത്തിന്‍േറതല്ല, എല്ലാ ഇന്ത്യക്കാര്‍ക്കും ഒരു പോലെ പ്രാപ്യമാണ് എന്നു വിളിച്ചോതിയാണ് രൂപമെടുക്കുന്നത്. 'നാട്ടുകാരും കൂട്ടുകാരും"   എന്ന മുദ്രാവാക്യവുമായി, അമേരിക്കയിലെ പ്രഫഷണല്‍, സാംസ്കാരിക സംഘടനകളിലും മാധ്യമ പ്രസ്ഥാനങ്ങളിലും മികവ് തെളിയിച്ച ഒരുപറ്റം യുവ  നേതാക്കളാണ് ഈ പുതിയ സംഘടനയ്ക്ക് പിന്നില്‍ അണിനിരക്കുക.

വിവിധ കഴിവുകളും വ്യത്യസ്ത കാഴ്ചപ്പാടുകളുമുളള, വേറിട്ട പശ്ചാത്തലങ്ങളില്‍ നിന്നു വരുന്ന, വിജയം മാത്രം ലക്ഷ്യമിടുന്ന ഇന്ത്യയിലും അമേരിക്കയിലും വിവിധ സംഘടനകളെ ധീരമായി നയിച്ച് ജനസമ്മതി നേടിയവരാണ്   പിന്നണിയില്‍ നിന്ന് നയിക്കുന്നത്.

അസോസിയേഷന്‍െറ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ താഴെ പറയുന്നവരും ഉള്‍പ്പെടുന്നു.

ജേക്കബ് കുര്യാക്കോസ്, ജയ്സണ്‍ അലക്സ്, പ്രകാശ് കരോട്ട്, ഡോ. ഷോണ്‍ ഡേവിസ്, റെജി ജോര്‍ജ്, റെജി മോന്‍ എബ്രഹാം, ജോസ് വിളയില്‍, ജയ പ്രകാശ് (ജെപി) അലക്സ് മാത്യു, സോഫി വില്‍സണ്‍, സജി കീക്കാടന്‍, ജെയിംസ് തൂങ്കുഴി, സജി മാത്യു, പ്രഭു കുമാര്‍, വര്‍ഗീസ് മഞ്ചേരി.

ന്യുജഴ്സിയിലെ ഇന്ത്യന്‍ വംശജരുടെ സംഘടനയെന്ന നിലയില്‍ ആശയങ്ങള്‍ പങ്കുവയ്ക്കുക. സാമ്പത്തികമായും പ്രൊഫഷണലായും അര്‍ഹതപ്പെട്ട അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന് സഹായ ഹസ്തം നീട്ടുക തുടങ്ങിയവ സംഘടന ലക്ഷ്യമിടുന്നു.

ഇന്ത്യന്‍ സാംസ്കാരവും പാരമ്പര്യവും പ്രോത്സാഹിപ്പിക്കുന്ന സംഘടന അതേ സമയം തന്നെ അമേരിക്കന്‍ പൌരനെന്ന നിലയിലുളള ഉത്തരവാദിത്വവും പ്രധാന കടമയായി നിറവേറ്റാന്‍ പ്രോത്സാഹനം നല്‍കും.

ന്യുജഴ്സിയിലെ ഇന്ത്യന്‍ സമൂഹത്തെ ഒന്നിപ്പിക്കുക, അമേരിക്കന്‍ പൊതുധാരയില്‍ അംഗീകരിക്കപ്പെടുന്നതിന് ഇന്ത്യന്‍ യുവതയ്ക്ക് മികച്ചൊരു പ്ലാറ്റ് ഫോം ഒരുക്കിക്കൊടുക്കുക, ഇന്തോ- അമേരിക്കന്‍ ബന്ധത്തെ പ്രോത്സാഹിപ്പിക്കുക, സംഘടനയിലെ അംഗങ്ങള്‍ക്ക് സമയബന്ധിതമായി ഒന്നിച്ച് ചേരുന്നതിന് സൌകര്യമൊരുക്കുക, അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ സംബന്ധിച്ച് പ്രധാനവും പരിഗണനയര്‍ഹിക്കുന്നതുമായ വിഷയങ്ങളില്‍ അംഗങ്ങള്‍ക്ക് അവബോധം ഉണ്ടാക്കുക, ന്യുജഴ്സിയിലെ ഇന്ത്യന്‍ സമൂഹത്തിലെ പ്രൊഫഷണല്‍, കള്‍ച്ചറല്‍, സോഷ്യല്‍ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക, അമേരിക്കയിലെയും കാനഡയിലെയും ഇന്ത്യയിലെയും സമാനസ്വഭാവമുളള സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കുക, ജന്മനാടുമായി ബന്ധം കാത്തുസൂക്ഷിക്കുക, നാടുമായി ചേര്‍ന്ന് പരസ്പരം   പ്രയോജനപ്പെടുന്ന പ്രോഗ്രാമുകളിലും പ്രവര്‍ത്തനങ്ങളിലും പങ്കാളിയാകുക, അമേരിക്കന്‍ ജീവിതത്തില്‍ സഹായം ആവശ്യമുളള സംഘടനാ അംഗങ്ങള്‍ക്കോ, അമേരിക്കയിലെ മറ്റ് ഇന്ത്യക്കാര്‍ക്കോ, താല്‍കാലിക സഹായം നല്‍കുക, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും ദുരന്തങ്ങളെ നേരിടുന്നവരുമായ ആളുകള്‍ക്കായി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, അമേരിക്കയിലും ഇന്ത്യയിലുമുളള ഗവണ്‍മെന്റ്, ഗവണ്‍മെന്റിതര അസോസിയേഷനുകള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കുക എന്നിവയാണ് സംഘടന ലക്ഷ്യമിടുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.