You are Here : Home / USA News

എഡ്‌മണ്ടന്‍ സെന്റ്‌ അല്‍ഫോന്‍സാ ഇടവകയില്‍ ദുക്‌റാന തിരുനാള്‍ ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 18, 2014 04:11 hrs UTC


    

എഡ്‌മണ്ടന്‍, കാനഡ: എഡ്‌മണ്ടന്‍ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയില്‍ വി. തോമാശ്ശീഹായുടെ പെരുന്നാള്‍ ആയ ദുക്‌റാന തിരുനാള്‍ ആഘോഷിച്ചു. ജൂലൈ ആറാം തീയതി വൈകുന്നേരം നാലിന്‌ ആരംഭിച്ച റാസാ കുര്‍ബാനയ്‌ക്ക്‌ ഇടവക വികാരി റവ.ഫാ.ഡോ. ജോണ്‍ കുടിയിരുപ്പില്‍ നേതൃത്വം നല്‍കി. എഡ്‌മണ്ടനിലെ വിവിധ ഇടവകകളിലെ കത്തോലിക്കാ വൈദീകരായ ഫാ. സില്‍വിച്ചന്‍, ഫാ. ജോസഫ്‌, ഫാ. വര്‍ഗീസ്‌, ഫാ. ജോബി, ഫാ. ഷിമറ്റ എന്നിവരായിരുന്നു സഹകാര്‍മികര്‍.

എഡ്‌മണ്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക്‌ റാസാ കുര്‍ബാന ആദ്യ അനുഭവമായിരുന്നു. റാസാ കുര്‍ബാനയുടെ ഭാഗമായ ശ്ശീവാ വന്ദന ശുശ്രൂഷയില്‍ ഇടവകയിലെ ഓരോ വിശ്വാസിയും ഭക്ത്യാദരവുകളോടെയാണ്‌ പങ്കെടുത്തത്‌.

ഫാ. സില്‍വിച്ചന്‍ നല്‍കിയ ദുക്‌റാന തിരുനാള്‍ സന്ദേശത്തില്‍ വി. തോമസ്‌ അപ്പസ്‌തോലനെപ്പോലെ ഓരോ വിശ്വാസിക്കും പ്രാര്‍ത്ഥനയിലൂടെ ഈശ്വരനെ നേടാന്‍ സാധിക്കുമെന്നു ഓര്‍മിപ്പിച്ചു. ഉയിര്‍ത്തെഴുന്നേറ്റ ഈശോ ശിഷ്യന്മാരെ സന്ദര്‍ശിക്കുമ്പോള്‍ ഒപ്പമില്ലാതിരുന്ന തോമാശ്ശീഹാ, താന്‍ കര്‍ത്താവിനെ കണ്ട്‌, അവന്റെ ആണിപഴുതുകളില്‍ വിരല്‍ ഇട്ടാല്‍ മാത്രമേ വിശ്വസിക്കൂ എന്ന്‌ വാശിയോടെ പറയുന്നത്‌, കര്‍ത്താവിനെ കാണാന്‍ സാധിക്കാത്തതിലുള്ള ഇച്ഛാഭംഗവും വിഷമവുംകൊണ്ടാണെന്ന്‌ പറഞ്ഞ സില്‍വിച്ചന്‍ നമുക്കും അതേ വാശിയുണ്ടെങ്കില്‍ തീര്‍ച്ചയായും നമ്മുടെ വിശ്വാസ ജീവിതത്തിലൂടെ ഈശോയെ നേടാന്‍ സാധിക്കും എന്നും ഓര്‍മ്മിപ്പിച്ചു. കുടുംബങ്ങളിലും കൂട്ടായ്‌മകളിലുമുള്ള പ്രാര്‍ത്ഥനകള്‍ ഓരോ വിശ്വാസിയേയും ആ നേട്ടത്തിലേക്കാണ്‌ നയിക്കുന്നതെന്നും ഫാ. സില്‍വിച്ചന്‍ സൂചിപ്പിച്ചു.

വചനശുശ്രൂഷയ്‌ക്കുശേഷം നടന്ന ആഘോഷമായ വിരിപ്പുചുംബന ശുശ്രൂഷ വിശ്വാസികള്‍ക്ക്‌ പുതുമയുള്ള അനുഭവമായിരുന്നു. റാസാ കുര്‍ബാനയുടെ കാതല്‍ഭാഗമായ വിരിപ്പുചുംബനം കര്‍ത്താവിന്റെ കബറിടത്തെക്കുറിച്ചുള്ള ഓര്‍മ്മയാണ്‌. വിശ്വാസികള്‍ക്ക്‌ അത്‌ ഹൃദയസ്‌പര്‍ശിയായ ഒരു അനുഭവമായിരുന്നു. വിശ്വാസികളില്‍ പലരും കണ്ണീരോടെയാണ്‌ ആ അനുഭവം സ്വീകരിച്ചതും അതില്‍ പങ്കാളികളായതും.

തുടര്‍ന്ന്‌ ആഘോഷമായ ദിവ്യബലിയും ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും നടന്നു. തോമാശ്ശീഹായുടെ രൂപം എഴുന്നള്ളിച്ചുള്ള പ്രദക്ഷിണത്തിനുശേഷം രൂപംമുത്തലോടുകൂടിയാണ്‌ തിരുകര്‍മ്മങ്ങള്‍ അവസാനിച്ചത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.